Sunday, December 13, 2009

ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1

മാത്തുക്കുട്ടിച്ചായൻ നല്ലവനാണ്. ലളിത ജീവിതം. ഏകപത്നീവ്രതം, ദൈവഭയമുള്ളവൻ. സാമൂഹക്ഷേമ തല്പരൻ. പോരെങ്കിൽ അടക്കാകച്ചവടക്കാരനും. കഠിനാധ്വാനി. ആറാംതരത്തിൽ പഠിപ്പു നിറുത്തിയതിൽ പിന്നെ അന്നുമുതലിന്നുവരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള അടയ്ക്കാ കർഷകരുടെ കാണപ്പെട്ട ദൈവം. കഷടപ്പെട്ടു നാലുകാശുണ്ടാക്കുന്നതിന്റെ വിഹിതം കൃത്യമായി പള്ളിയിലെത്തിക്കുന്ന സത്യകൃസ്ത്യാനി. ആകെയുള്ളൊരു ദുശീലം അത്താഴത്തിനുമുൻപ് രണ്ട് ബോഞ്ച്ചിഗ്ലാസ്സ് (നാരങ്ങാവെള്ളം കുടിക്കാനുപയോഗിക്കുന്ന വലിയ കണ്ണാടി ഗ്ലാസ്) നിറയെ വിദേശമദ്യം കഴിക്കുമെന്നുള്ളതാണ്.. അതിപ്പോ സത്യകൃസ്ത്യാനിയായ നിലക്ക് കർത്താവ്‌ അനുവദിച്ചിട്ടുള്ളതാണെന്ന ന്യായവും ഉണ്ട്.
അങ്ങിനുള്ള സത്യകൃസ്ത്യാനിയും ദൈവ ഭക്തനുമായ മാത്തുക്കുട്ടിച്ചായനാണ് കുന്നംകുളത്തെ പൊതുനിരത്തിൽക്കൂടി നാലാളുകാണേ പള്ളികളായ പള്ളികളുടെയെല്ലാം തമ്പുരാനായ അഭിവന്ദ്യ പിതാവിനെ തെറിയും വിളിച്ച്കൊണ്ട് നടന്നുപോകുന്നത്. ഇടക്ക് കഥാപ്രസംഗത്തിനിടക്ക് പാട്ടുപോലെ :“എന്തതിശയമേ ദൈവത്തിൻ സ്ണേഹം എത്ര മനോഹരമേ” എന്നു കൂട്ടിച്ചേർക്കുന്നുമുണ്ട്. സംഗതി പിതാവിനെയാണ് തെറിപറയുന്നതെങ്കിലും കൂടെ ചേർത്തിരിക്കുന്ന പാട്ടിന്റെ കാര്യത്തിൽ അച്ചായനിതുവരെ കർത്താവായ തമ്പുരാനോട് കെറുവൊന്നുമില്ല എന്നത് നിശ്ചയം. നാട്ടുക്കർക്കു മുഴുവൻ ബഹുമാന്യനായ മാത്തുക്കുട്ടിച്ചായന്റെ രൂപാന്തരത്തിന്റെ കാര്യകാരണങ്ങളീലേക്ക് പോകണമെങ്കിൽ നമ്മൾ കുറച്ചധികം കാലം പുറകോട്ട് പോകേണ്ടിവരും. ഏറെയൊന്നുമില്ല കൂടിയാൽ ഒരു അഞ്ചോ ആറോ കൊല്ലം.

പിണ്ടിപ്പെരുന്നാളിന് മൂന്നു ദിവസം മുൻപാണ്  കപ്യാരച്ചനും പാറേലെ ഔതക്കുട്ടിയും വിവരം പറയുന്നത്. തിരുമേനിക്ക് മാത്തുക്കുട്ടിയെ ഒന്നു കാണണം. സേവ്യറച്ചൻ വഴി അറിയിച്ചതാണ്. പെരുന്നാളിന്റന്ന് തിരുമേനി വരുന്നുണ്ട്. ഭവന സന്ദർനവും ഉണ്ടാകും. അതു പുതിയ കാര്യമല്ല. ഇടവകയിലെ ഏസി പിടിപ്പിച്ച മുറികളുള്ള വീടുകളിൽ നസ്രാണികളൂടേതായി മാത്തുക്കുട്ടിയുടെ വീടേയുള്ളു. തിരുമേനിക്ക് വിശ്രമിക്കാൻ പറ്റിയ മറ്റേത് വീടാണ് ഇടവകയിൽ ?. പക്ഷേ മുന്നേകൂട്ടി അറിയിച്ചുകൊണ്ടുള്ള ഈ വരവ് സാധാരണമല്ല. മാത്തുക്കുട്ടിച്ചായന് ആധിയായി. ആധി മാറാൻ ഗ്ഗ്ലാസ്സ്  രണ്ടെന്നത് മൂന്നാക്കിയിട്ടും ആധി മാറിയില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു പറഞ്ഞതുപോലെ പിണ്ടിപ്പെരുന്നാളു വന്നു. കൂടെ തിരുമേനിയും. പെരുന്നാളുകൂടലും മറ്റു പലവകകളും കഴിഞ്ഞ് ഉച്ചയോടെ തന്നെ തിരുമേനിയും കൂടെ പത്തുപന്ത്രണ്ട് ചെമ്മാച്ചമ്മാരും മാത്തുക്കുട്ടിയുടെ വീട്ടിലെത്തി. കൂടെ പൊന്തക്കാന ഇടവകയിലെ മണിപ്പൂരച്ചനുണ്ടായിരുന്നതുകെണ്ടാണോ എന്തോ മാത്തുക്കുട്ടീച്ചായന്റെ ഭാര്യ കൊച്ചുത്രേസ്യ വെളിയിലേക്കു വന്നില്ല. മണിപ്പൂരച്ചൻ പണ്ട് ഇടവകയിലിരുന്നതാണ്. വന്നകാലം തൊട്ട്  പോകുന്നതു വരെ അച്ചൻ എല്ലാ ശനിയാഴ്ചകളിലും കൊച്ചുത്രേസ്യയെ വേദോപദേശം നൽകാനായി വീട്ടിലെത്തിയിരുന്നു. വേദോപദേശത്തിന്റെ അസ്കിത അറിഞ്ഞതുമുതൽ  അച്ചൻ ഇടവകയിൽ നിന്നും പോകുന്നതുവരെ  മാത്തുക്കുട്ടിച്ചായന് ഉറക്കമില്ലാത്ത നാളുകളായിരുന്നു. അച്ചനെ ഇടവകയിൽനിന്നും മാറ്റിയ വകയിൽ അടക്കാകച്ചവടത്തിൽനിന്നും ഉണ്ടായ കുറേ പണം ഒഴുകിപ്പോയി.

വിഭവ സമൃദ്ധമായ ഊണും ഒരൊന്നര ഉറക്കവും കഴിഞ്ഞാണ്  തിരുമേനിയുടെ വക ചരിത്രം തിരുത്തിക്കുറിച്ച ചോദ്യമുണ്ടായത്. അതുകേൾക്കാൻ തൽക്കാലം ചെമ്മാച്ചന്മാരോ മാത്തുകുട്ടിയുടെ വാമഭാഗം കൊച്ചുത്രേസ്യയോ ഉണ്ടാകില്ലെന്നുറപ്പുവരുത്തുയിരുന്നു തിരുമേനി. മറുത്തൊന്നും പറയാനാവില്ല. ആവശ്യപ്പെടുന്നത് തിരുമേനിയാണ്. കർത്താവായ തമ്പുരാന്റെ കാണപ്പെട്ട പ്രതിരൂപം. എന്നാലും ഒട്ടൊന്ന് ആലോച്ചിച്ചു മറുപടി പറയേണ്ടിയിരുന്നതാണ്. പക്ഷേ കഴിഞ്ഞില്ല. സമ്മതിച്ചു. കാശുകുറേ ഇറങ്ങുന്നതാണ്. കോളേജെന്നൊക്കെ പറഞ്ഞാൽ ഒന്നും രണ്ടും ലക്ഷത്തിൽ തീരില്ല. നൂറുകണക്കിനു ലക്ഷങ്ങൾ ചേരണം. താൻ കൂട്ടിയാൽ കൂടുമോ. ആയിരിക്കും. ന്നാലും വാക്കു പറയേണ്ടിയിരുന്നില്ല. അടക്കാ കച്ചവടം പോലെയല്ല എഞ്ചിനിയറിംഗ് കോളേജും മെഡിക്കൽ കോളേജും തുടങ്ങുന്നത്. ആറാം ക്ലാസ്സിൽ നിറുത്തിയ തനിക്ക് സംഗതിയെക്കുറിച്ച് തീരെ വശമില്ല. പക്ഷേ തിരുമേനി പറയുന്നതങ്ങനെയല്ല. ഉള്ളതിറക്കിയാൽ മതി. വിലയും നിലയും മാറും. ഇപ്പോഴുള്ളതിന്റെ നൂറിരട്ടി ബഹുമാനം വരും നാട്ടുകാർക്ക്. മാത്രവുമല്ല നമ്മുടെ നാട്ടിൽ നമ്മുടെ ക്ടാങ്ങക്ക് പഠിക്കാൻ നമ്മുടെ സ്വന്തം കോളേജ്..! അതും നിർമ്മല മാതാവിന്റെ പേരിൽ. സംഗതി കേൾക്കാനൊരു സുഖമൊക്കെയുണ്ട്. പക്ഷേ പണം ? അതിനും തിരുമേനി ചില വഴികളൊക്കെ കണ്ടിട്ടുണ്ട്. അമേരിക്കയിലുള്ള ചിലരൊക്കെ സഹായിക്കും. പിന്നെ അരമന വക ചില്ലറ വേറെ. കോളേജ് അനുവദിക്കലും മറ്റുകാര്യങ്ങളും കൈകാര്യം ചെയ്യാൻ തിരുവനന്തപുരത്ത് ജോസഫച്ചൻ മിടുക്കനാണെന്നാണ് പറഞ്ഞത്. മാത്രമല്ല നമ്മൂടെ ആളുതന്നെയല്ലേ മുഖ്യനും. കാറ്റൊള്ളപ്പോ തൂറ്റണമെന്നല്ലേ പഴമൊഴി. മറുത്തൊന്നും ചിന്തിച്ചില്ല. കാറൊന്നു മാറ്റാൻ തീരുമാനിച്ച് മാത്തുക്കുട്ടിച്ചായൻ സുഖമായി ഉറങ്ങി.

എടുപിടിപോലെയാണ് കാര്യങ്ങൾ നീങ്ങിയത്. വർഷത്തോട് വർഷം തികഞ്ഞപ്പോൾ പള്ളീവക സ്ഥലത്തിന്റെ വടക്കു മാറി പുത്തനൊരു കോളേജു വന്നു. മാത്തുക്കുട്ടിച്ചായന്റെ കാലംചെയ്തുപോയ പിതാവ് പൊറിഞ്ചു വറുഗീസിന്റെ പൂർണ്ണകായ ഛായ ചിത്രം പ്രവേശനഹാളിൽ തൂക്കിയ പുത്തൽ കെട്ടിടത്തിൽ നിർമ്മല ഹൃദയാ കോളേജ് ഒഫ് എഞ്ചിനിയറിംഗ് പ്രവർത്തിച്ചു തുടങ്ങി. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് വിവരവും വിദ്യാഭ്യാസവുമുള്ള അച്ചന്മാരായതിൽ മാത്തുക്കുട്ടിച്ചായനു തീരെ എതിർപ്പില്ല. ചെയർമാൻ സ്ഥാനത്ത്  മാത്തുക്കുട്ടിച്ചായൻ തന്നെ. പക്ഷേ കോളേജിൽ തനിക്കനുവദിച്ച മുറിയിൽ വച്ചിരുന്ന ബോർഡിൽ എഴുതിയിരുന്ന പേര് കണ്ടപ്പോൾ  ഒരു ശങ്ക തോന്നാതിരുന്നില്ല. “മാത്യു ഫ്രാൻസിസ് വർഗ്ഗീസ്.“ അതാരാപ്പാ ഇത് എന്നു ചോദിക്കാനാഞ്ഞതാണ് , പിന്നെ വിട്ടു. നമക്കറിയാത്ത കാര്യങ്ങളെന്തിനു ചോദിച്ച് വഷളാക്കണം.

ആദ്യത്തെ വർഷത്തെ ക്ലാസ്സുകൾ കഴിഞ്ഞ് അടുത്ത വർഷത്തെ അഡ്മിഷൻ തുടങ്ങിയപ്പോഴാണ് അച്ചന്മ്മാർ കാര്യം പറഞ്ഞത്. തീരെ കുട്ടികളില്ല. 40 ലക്ഷത്തിൽ തുടങ്ങിയതാണ് , താണു താണ് പതിനാലു ലക്ഷത്തിലെത്തിയിട്ടും കുട്ടികളില്ല. ഇക്കണക്കിനു പോയാൽ അടുത്തവർഷം കൂടുമ്പോൾ തുടങ്ങിയതുപോലെത്തന്നെ കോളേജ് പൂട്ടേണ്ടിവരും.നമ്മൂടെ നാട്ടിലെ ക്ടാങ്ങക്കു പഠിക്കാനാണു കോളേജ് തുടങ്ങിയതെങ്കിലും പിള്ളാരെല്ലാം പഠികുന്നതങ്ങ് ബാംഗ്ലൂരിലും മണിപ്പാലിലുമാണ്. ആവലാതി കൂടിയപ്പോൾ തിരുമേനിയെ കാണാൻ തന്നെ തീരുമാനിച്ചു. അഡ്മിനിസ്ട്രേറ്റരച്ചനും പ്രിൻസിപ്പാളച്ചനും കൂടെ ഉണ്ടായിരുന്നു തിരുമേനിയെ കാണുമ്പോൾ. തന്റെയീ പാരവശ്യമൊന്നും തീരെ ഏശിയ ഭാവമില്ല തിരുമേനിക്ക്. എല്ലാം ഒരു സാ‍ മട്ട്. ആകെ ഒരു പരിഹാരമേയുള്ളു. കോട്ടയത്തിനു പോകണം. പത്രം നടത്തുന്ന കുര്യാച്ചനെ കാണണം. കത്തും തന്നു തിരുമേനി. എന്തായാലും ഇവ്ട വരെ വന്നതല്ലേ ഒരു മുത്തവും കൊടുത്തു മോതിരത്തേലോട്ട്.


കോട്ടയത്ത് പത്രമാപ്പീസിലോട്ട് ചെല്ലുമ്പോൾ കുര്യാച്ചൻ ബംഗ്ലാവിലുണ്ടെന്നാണ് പറഞ്ഞത്. കുര്യാച്ചനെക്കണ്ടു കത്തും കൊടുത്തു. കുര്യച്ചൻ ഫോണെടുത്തു വിളിച്ചത് ചീഫ് എഡിറ്റർ ജേക്കബിനെ. കാര്യം ചെറിയരീതിയിൽ കുര്യച്ചൻ തന്നെ പറഞ്ഞു. അരമണിക്കൂറിനകം കുര്യച്ചന്റെ വനിതാ മാഗസീനിന്റെ റിപ്പോർട്ടൽ ജോൺ തുമ്പക്കാവിലും ജേക്കബും കൂടെ ഹാജരായി. ജോൺ തുമ്പക്കാവിൽ കൈയ്യിലിരുന്ന ഫയൽ കുര്യച്ചനെ ഏൽ‌പ്പിച്ചു. അത് കുര്യച്ചൻ മാത്തുക്കുട്ടിച്ചായനേയും.
അതിലെ ലേഖനത്തിന്റെ തലക്കെട്ടിതായിരുന്നു. “മറുനാട്ടിൽ പഠിക്കുന്ന മലയാളി പെൺക്കുട്ടികൾ വഴിതെറ്റുന്നു.ബാംഗ്ലൂർ ബസ്സിലെ രതി നാടകങ്ങൾ. പരമ്പര.


വല്ലാതെ നീളം കൂടിയതിനാൽ  നില്പനടിക്കാൻ വയ്യ, എത്രയും പെട്ടെന്നു തീർക്കാം. രണ്ടല്ലെങ്കിൽ മൂന്നിൽ.

17 അഭിപ്രായ(ങ്ങള്‍):

Sunnikuttan said...

varatte,,,, varatte,,, baakki koodi

Anil cheleri kumaran said...

കൊള്ളാം കൊള്ളാം. ഉടനെ ബാക്കി എഴുത്.

santhosheditor said...

ഉറുമ്പേ...
വല്ലാതെ നീളം കൂടിപ്പോയെങ്കിലും
എനിക്ക്‌ ഇഷ്ടപ്പെട്ടു.

പക്ഷേ കമന്റുകള്‍ കണ്ടപ്പോള്‍ ഒരു സംശയം.
കഥ ഇനിയും ഉണ്ടോയെന്ന്‌....
എനിക്ക്‌ മുന്നേ വായിച്ചവര്‍ക്ക്‌ മനസിലാകാത്തതാണോ
അതോ എനിക്ക്‌ മനസിലാകത്തതാണോ എന്നറിയില്ല.

വീ.കെ.ബാല said...

"വല്ലാതെ നീളം കൂടിയതിനാൽ നില്പനടിക്കാൻ വയ്യ, എത്രയും പെട്ടെന്നു തീർക്കാം. രണ്ടല്ലെങ്കിൽ മൂന്നിൽ."
ഉറുമ്പേ ആളെ കൺഫ്യൂസാക്കരുത്, മുകളിൽ പറഞ്ഞത് കള്ളാണോ കഥ ആണോ എന്ന് ആളുകൾക്ക് എനിക്കും സംശയം. ബംഗലരു ബസ്സ് യാത്രയും ലൌ ജിഹാദുമായി എന്താ ബന്ധം അത് സാധനം വേറേ അല്ല്യോ ? അതോ രതിസുഖസാരേ.......

ഉറുമ്പ്‌ /ANT said...

സണ്ണിക്കുട്ടാ, ഒരുപാടായല്ലോ കണ്ടിട്ട്. നന്ദി വനതിന്.
കുമാരൻ ബാക്കി ഉടൻ വരുന്നതായിരിക്കും.
സന്തോഷ്,
ഒറ്റ എപ്പിസോഡിൽ തീർക്കണമെന്നുതന്നെ കരുതിയതാണ്. പക്ഷേ എഴുതിവന്നപ്പോൾ കയ്യിൽനിന്നും വിടുപോയി. ഇനിയിത് ഒരു മൂന്ന് എപ്പിസോഡെങ്കിലും ഇല്ലാതെ തീരില്ല. അത്രയിൽ തീർന്നാൽ വയിക്കുന്നവർ രക്ഷപെട്ടു എന്നു പറയാം. :
നന്ദി വായനക്ക്.

ഉറുമ്പ്‌ /ANT said...

ബാലയണ്ണാ കഥയിൽ ചോദ്യമില്ല. ഒന്നു ധ്വനിപ്പിച്ചതാ.
ചക്കയും ചുക്കും തമ്മിൽ ബന്ധമുണ്ടോ എന്നു ചോദിക്കുന്നതുപോലെയായി ഇത്. അമൈതി. മൂന്നാമത്തെ ലാർജ്ജിന് സംഗതി ശരിയാക്കാം.

എറക്കാടൻ / Erakkadan said...

ബാക്കി കൂടി വേഗം എഴുതൂ

poor-me/പാവം-ഞാന്‍ said...

പ്പ്വാരട്ടെ അണ്ണാ

സുനില്‍ കെ. ചെറിയാന്‍ said...

മുട്ടത്തു വര്‍ക്കി മരിച്ചിട്ടില്ല!

sunil panikker said...

അടുത്ത എപ്പിഡോസ്‌ പോരട്ടെ,
എന്നിട്ട്‌ ബാക്കി തീരുമാനിക്കാം..

കുളക്കടക്കാലം said...

മണിപ്പൂരച്ചന്റെ വേദോപദേശത്തിന്റെ ആഴ്ചമുറമുതല്‍,അടക്കാകച്ചവടത്തില്‍ ഉണ്ടായ പണത്തിന്റെ ചോര്‍ച്ച അടക്കം, കോട്ടയത്തുപോകാന്‍ വന്നുപോയതുകൊണ്ട് തിരുമേനിയുടെ മോതിരത്തില്‍ കൊടുത്ത മുത്തം വരെ പദാനുപദം എന്റെ വികാരങ്ങളെ താങ്കള്‍ വൃണപ്പെടുത്തുന്നതാണെന്ന് ഖേദപൂര്‍വം അറിയിക്കട്ടെ.മാത്രമല്ല തുടര്‍പ്രസ്താവനക്കായി താങ്കള്‍ ഉദ്ദേശിക്കുന്നവ പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ഞാന്‍ ഊഹിക്കുന്നു.ഇത് അത്യന്തം അപലപനീയമാണ്......!!??

ചിന്തകന്‍ said...

അതെന്താ ഉറുമ്പേ ഞമ്മടെ പൈശ ബാംഗലൂരുകാരും കര്‍ണാടക്കാരും കൊണ്ട് പോണുന്നു പറഞ്ഞിട്ടല്ലെ...ഞമ്മള്‍ ങ്ങനെ ഒരു പരുപാടി ഞമ്മടെ നാട്ടി തന്നെ തൊടങ്ങിയത്... മാത്തുകൂട്ടിച്ചായന്‍ പിന്നെ സഹിക്ക്യോ... ഏതായാലും ബാക്കികൂടി ഭരട്ടെ..

കുളക്കട പറഞ്ഞപോലെ ങ്ങള്‍ പത്രത്ത്മ്മ തൊട്ട് കളിക്ക്യണ്ട..!!!

വിചാരം said...

വരട്ടെ വരട്ടെ ... രണ്ടിലൊതുക്കുക മൂന്നായാല്‍ പിന്നെയത് പൈങ്കിളിയാവും ... എല്ലാവര്‍ക്കും സുഖല്ലേ ?

Sameer Thikkodi said...

dear Antony.... will read later have some bc schedule in office...

thanks

Sabu Kottotty said...

ഇതു സംഭവമാകും...
വരട്ടെ ബാക്കികൂടിവരട്ടെ...
ഒന്നില്‍ തീര്‍ന്നില്ലെങ്കില്‍ മൂന്നിലെന്നാ, അല്ലെങ്കിലഞ്ചില്‍. ഏതായാലും “സംഗതി” കൂടുതലുണ്ട്, ഇതിന്റെ കെട്ടിറങ്ങുന്നതിനു മുമ്പ് അടുത്തതു വരുമല്ലോ ല്ലേ...?

ചന്തു said...

ബാംഗ്ലൂര്‍ സേഫ് അല്ല എന്ന് ധ്വനിപ്പിച്ചിട്ടും രക്ഷയില്ലാതായപ്പോള്‍ അച്ചന്മാര്‍ ലൌ ജിഹാദ് എടുത്തിട്ടെന്നാകും. ഇത്ര സിമ്പിള്‍ ആയി പറഞ്ഞാല്‍ പോരെ കാര്യം!

പകല്‍കിനാവന്‍ | daYdreaMer said...

അരമനയും
പട്ടക്കാരും
കോളേജും
ആശുപത്രീം
ബിസിനസ്സും
എല്ലാം
നീണാള്‍
വാഴട്ടെ..

ബാക്കി
കൂടി.. :)

Post a Comment