Wednesday, December 19, 2007

മെഡി:-എഞ്ചി‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.


മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.

തിരുവനന്തപുരം: 2008 അദ്ധ്യായനവര്‍ഷം മുതല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ കേരളാ വിദ്യാഭാസരംഗത്തെ സുപ്രധാനമായ ഈ തീരുമാനം കൈകൊണ്ടത്‌. ഇന്നു വൈകുന്നേരം വിളിച്ചുകൂട്ടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭാസമന്ത്രി മന്ത്രി മന്ത്രിസഭാതീരുമാനം വിശദീകരിക്കും. മേലില്‍ പ്രീഡിഗ്രി തലത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന മെരിറ്റ്‌ ലിസ്റ്റില്‍ നിന്നായിരിക്കും മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനം നടത്തുക എന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും അറിവായിട്ടുണ്ട്‌.

ഞെട്ടിയോ? ഇതൊരു സ്വപ്നമാണ്‌. ! ഉറുമ്പിന്റെ സ്വപ്നം.
1. എന്തിനുവേണ്ടിയാണ്‌ ഈ പ്രവേശനപരീക്ഷകള്‍?
2. ആര്‍ക്കാണ്‌ അതുകൊണ്ടുള്ള പ്രയോജനം?
3. നഷ്ടം ആര്‍ക്ക്‌?

ഒന്നാമത്തെ ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടില്ല. അറിവുള്ളവര്‍ക്ക്‌ ഉത്തരം പറയാം.

ചോദ്യം രണ്ട്‌: പ്രയോജനം എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ ക്ലാസ്സുകള്‍ നടത്തുന്നവര്‍ക്കു മാത്രം.
200 കോടിയിലേറെ വരുമാനമുള്ള ഈ കച്ചവടത്തില്‍ താല്‍പര്യമുള്ളവര്‍ ഏറെയാണ്‌. മേല്‍പ്പറഞ്ഞ കോച്ചിംഗ്‌ ക്ലാസ്സുകള്‍ നിറുത്തിയാല്‍, പ്രീഡിഗ്രി തലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരം ഒരല്‍പം കൂടുവാനേ സാധ്യതയുള്ളു. ബ്രോയിലര്‍ ചിക്കന്‍പോലെ തയ്യാറാക്കപ്പടുന്ന ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ആധിക്യം അവസാനിക്കും. സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ കടന്നുവരുന്നവരുടെ, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിക്കും. നാടന്‍ കോഴിക്കറിയുടെ രുചിപോലെ.

ചോദ്യം മൂന്ന്: എന്‍ട്രന്‍സ്‌ കോച്ചിഗ്‌ ക്ലാസ്സുകളിലൂടെ തല്ലിപ്പഴുപ്പിച്ചെടുക്കുന്ന ഒരുകൂട്ടം വിദ്യാര്‍ദ്ധികള്‍ അവരുടെ സ്വാഭാവിക കഴിവുകളിലൂടെയല്ല പരീക്ഷ ജയിക്കുന്നത്‌. അതൊകൊണ്ടുതന്നെ 75,000 മുതല്‍ ഒരു ലക്ഷം വരെ ഫീസ്‌ കൊടുക്കാന്‍ കഴിവില്ലാത്ത മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഈ കോഴ്സുകളിലേക്ക്‌ അഡ്മിഷന്‍ ലഭിക്കാതെ വരുന്നു. അതുമൂലം സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രൊഫഷാണന്‍ സമൂഹത്തെയാണ്‌ നമുക്കു കിട്ടാതെ പോകുന്നത്‌.!

അതോ ഇങ്ങിനെയൊക്കെ ചിന്തിക്കുന്ന ഉറുമ്പിനെന്തെങ്കിലും പ്രശ്നമുണ്ടോ? ഒരു സംശയം?

Saturday, December 15, 2007

ക്രിസ്തുമസ്


Friday, December 14, 2007

ബ്ലോഗും പ്രേം നസീറും പിന്നെ എം.കെ.ഹരികുമാറും



"മലയാളികള്‍ കാഴ്ചകളില്‍ ഭ്രമിക്കുന്നവരാണ്‌." ജ്വലിക്കുന്ന സൂര്യനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനെക്കാളേറെ, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടത്തില്‍ ഭ്രമിച്ചുപോവുകയും അതേക്കുറിച്ച്‌ നെടുനീളന്‍ കവിതകളോ നോവലുകളോ, അക്കാദമിക് ഗ്രന്‌ഥങ്ങളോ രചിക്കും മലയാളി. ഈ തിളക്കം നൈമിഷികമല്ലേ എന്നു സംശയം കൂറിയാല്‍, അവനെ വ്യക്തിഹത്യ ചെയ്ത്‌ കാലത്തിന്‍റ്റെ ഇരുളറയിലടക്കാനും മറക്കില്ല. ഇക്കാരണം കൊണ്ടുതന്നെയാണ്‌ എക്കാലവും നമ്മുടെ രാജ്യത്തിന്റെ അഭിമാനസ്തംഭമാകേണ്ട "അഗ്നിചിറകുകള്‍" വായിക്കാതെ പോകുന്നതും, "നളിനി ജമീലയുടെ ആത്മകഥ" ബെസ്റ്റ് സെല്ലറാകുന്നതും.

ആയിരത്തോളം കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ ജഗതി ശ്രീകുമാറിനെ അംഗീകരിക്കാന്‍ മടിക്കുന്നതും, ഒരേ ഒരു ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രേംജിക്ക്‌ അവാര്‍ഡ് കൊടുക്കുന്നതും ഇതേ മനോഭാവം കൊണ്ടുതന്നെ. പ്രേംജി നല്ല നടനല്ല എന്നു കരുതുന്നില്ല. അനിതര സാധാരണമായ കഴിവുള്ളയാള്‍ക്കേ, പിറവിയിലെ ഈച്ചരവാര്യരെ അഭിനയിച്ചു നന്നാക്കാനാവൂ. എന്നാല്‍ "ഉദയാനാണു താരം" എന്ന ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ ജഗതിക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. ശ്രീനീവാസനെ നവരസങ്ങള്‍ പരിശീലിപ്പിക്കുന്ന ഒരൊറ്റ രംഗം മതി ആ അതുല്യ പ്രതിഭയുടെ മാറ്റുരക്കാന്‍. എന്നിട്ടും ജഗതി ഇന്നും നമുക്ക്‌ "സഹ" !.

ഈയൊരു കാഴ്ചപ്പാടില്‍ തന്നെയാണ്‌ ശ്രീ. എം.കെ.ഹരികുമാറിന്റെ "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്‍" എന്ന കുറിപ്പിനെയും കാണാന്‍. ഒരു നടന്‍ അവന്റെ കഴിവുതെളിയിക്കേണ്ടത്‌ നടന വൈഭവത്തിലൂടെ തന്നെയാകണം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഭരത്‌ ഗോപി, അടൂര്‍ ഭാസി, തിക്കുറിശ്ശി, കരമന, സത്യന്‍, പ്രേംജി, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഇടയില്‍ നിന്നും പ്രേം നസീറിനെ മാറ്റി നിറുത്തുന്നതെന്താണ്‌? അഭിനയത്തികവില്‍ ഇവരോടൊപ്പമോ അതിനു മുകളിലോ ശേഷിയുള്ളയാളണോ അദ്ദേഹം? അല്ലെങ്കില്‍ എന്തുകൊണ്ട്‌? ഈ ചോദ്യങ്ങള്‍ക്കെല്ലാം, ലളിതമായ ഒരുത്തരമുണ്ട്‌. ഇപ്പറഞ്ഞവരാരും ഒരു നടന്‍ എന്നതിനപ്പുറം വളര്‍ന്ന്‌ ഒരു പ്രസ്ഥാനമായി തീര്‍ന്നിട്ടില്ല. തമിഴില്‍ എം.ജി.ആര്‍., രജനീകാന്ത്, കന്നഡത്തില്‍ രാജ്‌കുമാര്‍, ഹിന്ദിയില്‍ ബച്ചന്‍, മലയാളത്തില്‍ പ്രേം നസീര്‍. അതേ, പ്രേം നസീര്‍ മാത്രം.

ഇനിയാണ്‌, മലയാളിയുടെ അക്കാദമിക് പൊങ്ങച്ചം തലപൊക്കുന്നത്‌. ഒരു ജീവിത കാലം മുഴുവന്‍ മലായാളിയുടെ നായക സങ്കല്‍പങ്ങളില്‍ നിറഞ്ഞു നിന്ന പ്രേം നസീര്‍ നടനേയല്ല!, വെറും ചവര്‍. ജഗതി ശ്രീകുമാറാണോ, മാള അരവിന്ദനാണോ, വലിയ നടന്‍? അഭിനയകലയുടെ സൂഷ്മ വിശകലനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ കുതിരവട്ടം പപ്പുവാണ്‌ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍. പാളിപ്പോയ, അതുമല്ലെങ്കില്‍ ജീവിതത്തോടൊട്ടിനില്ക്കാത്ത എത്ര കഥാപാത്രങ്ങളുണ്ട് പപ്പുവിന്റെതായി?

ശ്രീ എം. കെ. ഹരികുമാറിന്റെ കുറിപ്പില്‍ അദ്ദേഹം വളര സൂക്ഷിച്ചാണ്‌ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ എന്നു കാണാതെ പോകുന്നത്‌ വായനക്കാരന്റെ തെറ്റാണ്‌. അദ്ദേഹം പറയുന്നത്‌ എക്കാലത്തെയും "വലിയ" നടനെക്കുറിച്ചാണ്‌. "മികച്ച" നടനെക്കുറിച്ചല്ല. ആ അര്‍ഥത്തില്‍, പ്രേം നസീര്‍ എന്ന പ്രസ്ഥാനം തന്നെയാണ്‌ "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്‍"

Sunday, November 25, 2007

ദേവന്‌, ദത്തനും, ജിം റീവ്‌സ്‌.


Tuesday, November 20, 2007

ശബ്ദസൗന്ദര്യത്തിന്റെ അവസാന വാക്ക്‌.

ഞാന്‍ ഇന്നുവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും നല്ല ശബ്ദത്തിനുടമയായ പാട്ടുകാരിയാണ്‌ സല്‍മ ആഖാ.
അവരുടെ മികച്ച പാട്ടുകളിലൊന്ന്.!!


Thursday, November 8, 2007

നാലു പെണ്ണുങ്ങള്‍.

നാലു പെണ്ണുങ്ങള്‍.
അടുത്തകാലത്തെ മലയാള സിനിമകളുടെ പ്രധാന പരസ്യ വാചകമാണ്‌ "സ്ത്രീഹൃദയങ്ങള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ" എന്ന വരികള്‍. ഈ വാചകം കൊണ്ട്‌ പരസ്യ ദാദാവ്‌ കാണുന്നത്‌ സ്ത്രീകളെ തിയറ്ററിലെത്തിക്കുക എന്നതാണെന്നു പറയുന്നത്‌ നിസ്സാരവല്‍ക്കരണമായി മാറും. ഒരു സ്ത്രീ എന്നാല്‍ അമ്മ, സഹോദരി,മകള്‍ എന്നിവയാണ്‌.ഒരു സ്ത്രീ സിനിമ കാണാന്‍ പോകുന്നു എന്നാല്‍, ഭര്‍ത്താവ്‌, സഹോദരന്‍, അച്ചന്‍,മക്കള്‍ എന്നിവരടങ്ങുന്ന ഒരു ചെറിയ സമൂഹം മുഴുവനായി തിയറ്ററിലേക്കെത്തുന്നു എന്നാണ്‌. നിര്‍ഭാഗ്യമെന്നുപറയട്ടെ, മേല്‍പ്പറഞ്ഞ പരസ്യവാചകത്തോടെ പുറത്തിറങ്ങുന്ന മലയാളസിനിമകള്‍ പലതും കുടുംബം ഒന്നായി കാണാന്‍ പറ്റാത്ത തരത്തില്‍ അശ്ലീലത്തിന്റെ അതിപ്രസരം നിറഞ്ഞവയാണ്‌. മാറുമറക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത നമ്മുടെ സ്ത്രീകള്‍, അതു മറയ്ക്കാതിരിക്കാനുള്ള അവകാശസമരത്തിലാണിപ്പോള്‍. സ്ത്രീയെ ഒരു കച്ചവടച്ചരക്കാക്കുന്നതില്‍ മലയാള സിനിമയിലെ വസ്ത്രാലങ്കാരം അത്രമേല്‍ വിജയിച്ചിരിക്കുന്നു.

ഏന്നാല്‍ മേല്‍പ്പറഞ്ഞ പരസ്യവാചകത്തോടെ പുറത്തിറക്കാന്‍ പറ്റിയ ഒരു ചലചിത്രമാണ്‌ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത "നാലു പെണ്ണുങ്ങള്‍." സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം എന്നീ അര്‍ഥരഹിത മുദ്രാവാക്യങ്ങളുടെ തേരിലേറി നടക്കുന്ന നമ്മുടെ സ്ത്രീകള്‍ നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്‌ "നാലു പെണ്ണുങ്ങള്‍." ഒരു പക്ഷേ അത്യാവശ്യം ഉണ്ടായിരിക്കേണ്ട അഭിമാനബോധം., സ്വത്വം എന്നിവ ഉണ്ടാകാനെങ്കിലും. തകഴിയുടെ നാലു ചെറുകഥകളാണ്‌ ഈ സിനിമക്കാധാരമകുന്നത്‌. ആവശ്യമില്ലെന്നു തോന്നിയിട്ടോ, ആതുമല്ലെങ്കില്‍ തന്റെ സിനിമയുടെ പ്രേക്ഷകരെക്കുറിച്ചുള്ള അഭിമാനബോധമോകൊണ്ടാവാം, അടൂര്‍ മേല്‍പ്പറഞ്ഞ പരസ്യവാചത്തിന്റെ കൂട്ടുപിടിക്കുന്നില്ല. ഭാഗ്യം, തെറ്റിധരിക്കതെ കഴിഞ്ഞു.

കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ അടൂര്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിരിക്കുന്നുവെന്നതും, പ്രസ്തുത ലക്ഷ്യത്തില്‍ അദ്ദേഹം അസാമാന്യമായ വിജയം കണ്ടെത്തിയിരിക്കുന്നൂവന്നതും ശ്ലാഘനീയം തന്നെ.
സ്ത്രീ അവളുടെ സ്വത്വവും അഭിമാനബോധവും ഉയര്‍ത്തിപ്പിടിക്കേണ്ടത്‌ കിടപ്പുമുറിയിലെ തലവേദനകളിലൂടെയോ, മഹിളാസമാജത്തിലെ അംഗത്വത്തിലൂടെയോ അല്ല, അവളുടെ തന്നെ ചിന്തകളുടെയും, ആഗ്രഹങ്ങളുടെയും സ്തൈര്യത്തിലൂടെയും, സ്വയം ഒരമ്മ, മകള്‍, സഹോദരി, ഭാര്യ എന്നിങ്ങനെ, മറ്റാര്‍ക്കും പകരം വയ്കാനാവാത്ത അവകാശങ്ങളുടെ സ്ഥിരീകരണത്തിലൂടെയുമാണെന്നും "നാലു പെണ്ണുങ്ങള്‍." നമുക്കു കാണിച്ചുതരുന്നു.

നാലു കഥയും ചേര്‍ത്ത്‌ ഒന്നാക്കി, തകഴിയുടെ പാത്രസൃഷ്ടിയെ അവിയലാക്കതെ ഓരോ കഥയും വെവ്വേറെ പറഞ്ഞ്‌ സിനിമ എന്ന മാധ്യമത്തോടും ഒപ്പം തകഴിയോടും നീതി പുലര്‍ത്തുന്നു സംവിധായകന്‍. തകഴി നമ്മോടു പറഞ്ഞ കഥ ദൃശ്യ ബിംബങ്ങളാക്കി അവതരിപ്പിക്കുന്നതിലൂടെ അടൂര്‍ നമുക്കു "കഥ കാണിച്ചുതരികയാണ്‌" കലര്‍പ്പുകളില്ലതെ.


1. കടവരാന്തയിലെ അന്തിയുറക്കം.
സ്ത്രീ, അവളുടെ നഷ്ടപ്പെട്ട, അല്ലെങ്കില്‍ സഷ്ടപ്പെടുത്തിയ അവകാശങ്ങള്‍ക്കുവേണ്ടിയാണ്‌ ഇന്നു സമരം ചെയ്യുന്നത്‌. അതുമല്ലെങ്കില്‍, ഇല്ലത്ത അവകാശങ്ങളുടെ മിഥ്യാലോകത്താണ്‌ ഇന്നത്തെ വനിത.
ഈ കഥയിലെ നായിക കുഞ്ഞുപെണ്ണ്‌ ഒരു സാധാരണ സ്ത്രീയാണ്‌. ഉറങ്ങാന്‍ വീടില്ലത്ത, അച്ച്നാരെന്നറിയാത്ത, വെറും സാധാരണ സ്ത്രീ. വിവാഹഭ്യര്‍ധന നടത്തുന്ന യോഗ്യനായ പുരുഷനോട്‌ "ച്ഛീ" എന്നാട്ടുന്നു അവള്‍. പുരുഷന്‍ അവള്‍ക്ക്‌ ഒരു പരിധി വരെ, തണലാണ്‌. അവളുടെ സ്വത്വം തിരിച്ചറിയാന്‍ പ്രാപ്തയാകുന്ന വിളക്കുമരം. ആ തണലില്‍, ഇത്തിരിവെട്ടത്തില്‍, അവള്‍, അവളെതന്നെ തിരിച്ചറിയുന്നു. അന്നുവരെ സ്വന്തം കാലിലെ പെരുവിരല്‍ നോക്കി നടന്ന അവള്‍, ആകാശത്തെ, ഭൂമിയെയും, അഭിമാനത്തോടെ നോക്കിക്കാണുന്നു. ഒരല്‍പ്പം അഹങ്കാരത്തോടെയും. "ഏന്നിക്കെരാളുണ്ട്‌" എന്നു പറയുന്ന കുഞ്ഞുപെണ്ണിന്റെ അഭിമാനബോധം, ആണ്‍തുണയുള്ളവള്‍ എന്ന സങ്കല്‍പത്തിന്റെ ശക്തിയാണ്‌.
സൗന്ദര്യം നഷ്ടപ്പെട്ടു പോകുമെന്നും, അതു നഷ്ടപ്പെട്ടാല്‍ സ്വന്തം ഭര്‍ത്താവുപോലും തന്നെ ഉപേക്ഷിച്ചുപോയി, മറ്റൊരുവളുമായി അന്തിയുറങ്ങിക്കളയും എന്ന മിഥ്യാധാരണയില്‍ സ്വന്തം കുഞ്ഞിനു മുലകൊടുക്കാന്‍ വിസമ്മതിക്കുന്ന ഇന്നത്തെ സ്ത്രീ ജനങ്ങള്‍ക്കുള്ള മറുപടിയാണ്‌ കുഞ്ഞുപെണ്ണ്‌. "വെയിലത്തു പണിയെടുത്താല്‍ കറുത്തുപോകില്ലേ" എന്ന ചോദ്യത്തിന്‌, "കറുത്തോട്ടെ" എന്നു നിസ്സരമായി പറയുന്നു അവള്‍. വിദ്യാഭ്യാസത്തിനു ചിലവിനുള്ള വരുമാനത്തെക്കുറിച്ചു " Dont You Feel Shame " എന്നു സായിപ്പിനെക്കൊണ്ടുചോദിപ്പിക്കുന്നില്ല അവള്‍.കുഞ്ഞുപെണ്ണ്‌ ഭര്‍ത്താവിനൊപ്പം ജോലി ചെയ്ത്‌ ഒരുമിച്ചു കണ്ട കിനാവുകളിലേക്കു സ്വരൂക്കൂട്ടിവയ്ക്കുന്നു. അതില്‍ അഭിമാനം കൊള്ളുന്നു.
തങ്ങള്‍ വിവാഹിതരാണ്‌ എന്ന അവകാശം(ഒരുമിച്ച്‌ അന്തിയുറങ്ങാനുള്ള അവകാശം) സ്ഥാപിച്ചെടുക്കുവാന്‍ മുന്‍ കൈയ്യെടുക്കുന്നതും അവള്‍ തന്നെ.താന്‍ ഒരു വേശ്യയല്ല എന്നു സ്ഥപിച്ചെടുക്കേണ്ട ഗതികേട്‌, ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍പോലും, അവളുടെ ബാധ്യതയാകുന്നു എന്നത്‌ സ്ത്രീക്ക്‌, കെട്ടുകള്‍ പൊട്ടിച്ചെറിയാനുള്ള ആദ്യത്തെ പച്ചക്കൊടിയാണ്‌.


2. കന്യക.
സ്ത്രീ ഏറ്റവും നീചമായി അവഹേളിക്കപ്പെടുന്നത്‌ ഭര്‍ത്താവിന്‌ അവളുടെ ശരീരത്തില്‍ താല്‍പര്യമില്ല എന്നു തോന്നുന്നിടത്താണ്‌.ഈ കഥയില്‍ അങ്ങിനൊരു ഭര്‍താവിനെ നിരാകരിക്കുന്നതിലൂടെ "കല്യാണം നടന്നിട്ടില്ല" എന്നു പറയുന്നതിലൂടെ സ്ത്രീ അവളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ഭര്‍ത്താവിന്‌ തന്റെ ശരീരത്തില്‍ താല്‍പര്യവില്ല എന്നത്‌ സ്വന്തം അമ്മയോടുപോലും തുറന്നു പറയാനാവാത്ത സത്യം തന്നെയാണ്‌.
"He is not capable " എന്നു പറയുന്ന ഇന്നത്തെ സ്ത്രീയല്ല നായിക.
മദ്യപിക്കാത്ത, മുറുക്കാത്ത, എന്തിനേറെ, ഒരു ബീഡി പോലും വലിക്കത്ത, ഉത്തമനും, യോഗ്യനുമായ കച്ചവടം നടത്താനും, ഉണ്ണാനും മാത്രമറിയാവുന്നവരായി മക്കളെ വളര്‍ത്തുന്ന മാതപിതാക്കള്‍ക്ക്‌ ഒരു മുന്നറിയ്പ്പുകൂടെയാണ്‌ ഈ കഥ.

3. ചിന്നുവമ്മ
തുറന്നു പറഞ്ഞ ഒരു വാക്ക്‌, സ്വാതന്ത്ര്യത്തോടെ ഒരു നോട്ടം, ഇത്രമാത്രം മതി പുരുഷന്‌, സ്ത്രീ വളരെ അനായായാസം വഴങ്ങുന്ന ഒരു ഭോഗവസ്തുവായി കാണാന്‍. പലപ്പോഴും അവന്‍ ഒരു സഹായിയുടെയോ, ഉപദേശകന്റെയോ റോളിലാവും പ്രത്യക്ഷപ്പെടുക. തിരശ്ശീലക്കു പിന്നില്‍ അയാള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കഥപാത്രങ്ങളെയും തിരക്കഥയുടെ പൂര്‍ണരൂപവും മനസ്സിലായി വരുമ്പോഴേക്കും സ്ത്രീ പലപ്പോഴും ഒഴിവാക്കാനാവാത്ത തരം നിസ്സഹായതയില്‍ പെട്ടുപോകും. സിന്ധുവെന്ന ചിന്നുവമ്മയുടെ ബാല്യകാല സുഹൃത്തായി വരുന്ന നാറാപിള്ളയും ഇതേ തിരക്കഥയുമായായിത്തന്നെയാണ്‌ വരുന്നത്‌.കുട്ടികളില്ലാത്ത ചിന്നുവമ്മയുടെ ദുഃഖത്തെതന്നെയണ്‌ നാറാപിള്ള ആയുധമാക്കുന്നത്‌. അന്നാലിവിടെ ആത്മാഭിമാനം മറ്റ്‌ എന്തിനെക്കാളും വലുതെന്ന പ്രഖ്യാപിക്കുന്നു ചിന്നുവമ്മ സ്ത്രീ സ്വത്വത്തിന്റെ, അഭിമാനബോധത്തിന്റെ മൂര്‍ത്തരൂപമായി മാറുന്നു.
മഞ്ച്ജു പിള്ള എന്ന നടിയുടെ ഏറ്റവും നല്ല കഥാപാത്രമാണ്‌ ചിന്നുവമ്മ. അതിശയകരമായ മെയ്‌വഴക്കത്തോടെയാണ്‌ ഈ നടി കഥാപാത്രത്തോട്‌ നീതിപുലര്‍ത്തുന്നത്‌.
സ്ഥിരം സ്ത്രീലമ്പടന്റെ ഇമേജ്‌ വിട്ടുപോകിന്നില്ല മുകേഷിന്റെ നാറാപിള്ള. അനുഗൃഹീതനായ ആ നടന്‌ എന്നാണാവോ ശാപമോക്ഷം കിട്ടുന്നത്‌? അടൂരിന്റെ സിനിമയില്‍ നിന്നും അദ്ദേഹം ഒരുപാട്‌ പ്രതീക്ഷിച്ചിട്ടുണ്ടാകും. പതിവുപോലെ അടുത്ത പടത്തിലെ ഒരു പ്രധാന വേഷത്തിനായി പരീക്ഷിച്ചു നോക്കിയതാവാം അടൂര്‍ മുകേഷിനെ.

4. നിത്യകന്യക.
കാമാക്ഷിയുടെയും സുഭദ്രയുടെയും വ്യക്തിത്വങ്ങളിലേക്കുള്ള നടപ്പാതയാണ്‌ ഇക്കഥ. ഭര്‍ത്താവിന്റെ സ്പര്‍ശനത്തിന്റെ ഓര്‍മ്മകള്‍ സുഭദ്രക്കു ഭക്ഷണം വേണ്ടാതാക്കുന്നതെങ്കില്‍, കാമാക്ഷി, എരിഞ്ഞു തീരുന്ന മണ്ണെണ്ണ വിളക്കാണ്‌. ഒരിടവേള ചഞ്ചലപ്പെട്ടുപോകുന്നുവെന്ന സ്ത്രീസഹജമായ ദൗര്‍ബല്യത്തെ നിശ്ചയദാര്‍ഡ്യത്തോടെ എതിരിടുന്നു കാമാക്ഷി. തനിക്കാലോചിച്ചുവന്ന കല്യാണം വരന്‌ അനുജത്തിയെ മതിയെന്ന ഏകപക്ഷീയമായ തിരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെടുന്നു. "ആയാള്‍ ഒരു പോഴനാണ്‌" എന്ന അഭിപ്രായത്തോടെ കാമക്ഷി അവളുടെ നഷ്ടങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.സ്ത്രീ മനസ്സിനെ എത്രമാത്രം തനിക്കുമനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു കഥാകാരന്‍ നമുക്കു കാണിച്ചു തരുന്നു ഇതിലൂടെ.

അടൂരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമാണ്‌ "നാലു പെണ്ണുങ്ങള്‍."
തികഞ്ഞ കരുതലോടെയാണ്‌ ഐസക്‌ തോമസ്‌ കോട്ടുകാപ്പള്ളി ഇതിലെ സംഗീതം ഒരുക്കിയിരിക്കുന്നത്‌. നന്ദിതാദാസ്‌, ഗീതു മോഹന്‍ ദാസ്‌, പത്മപ്രിയ, മഞ്ചുപിള്ള എന്നിവര്‍ നന്നായി. കെ.പി.എ.സി. ലളിത പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

Tuesday, October 30, 2007

"മലയാളം ഇന്നലെ ഇന്ന്‌"

സിബുവിന്‍റെ ബ്ലോഗില്‍ തന്ന അറിയിപ്പനുസരിച്ച് വി.ജെ.റ്റി ഹാളില്‍ നടക്കുന്ന "മലയാളം ഇന്നലെ ഇന്ന്‌" എക്സിബിഷന്‍ കണ്ടു.
പൊതുവെ പറഞ്ഞാല്‍ നിരാശാജനകമായിരുന്നു. എങ്കിലും മലയാളത്തിന്‍റെ നന്മക്കും വളര്‍ച്ചക്കുമായി കുറെയെങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം.

മലയാളത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെയും പുരാവസ്തു വകുപ്പിന്‍റെയും പവലിയനുകളില്‍ വളരെ ഭംഗിയായി പ്രദര്‍ശിപ്പിച്ചിരുന്നു. ദ്രാവിഡിയന്‍ സംസ്കാരത്തെയും വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയുടെയും പ്രദര്‍ശനം കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ നന്നായി വിവരിച്ചിരുന്നു. മലയാളമനോരമ, കേരളകൌമുദി, മാതൃഭൂമി, സ്വദേശഭിമാനി എന്നിവയുടെ ആദ്യകാല ലക്കങ്ങള്‍ കൌതുകമുണര്‍ത്തി.

മലയാള ഭാഷയുടെ മഹാരഥന്‍മാരുടെ ചിത്രങ്ങളും കൈയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനവും നന്നായി.

സൈബര്‍ മലയാളം
മറ്റെവിടെയും പുതുതായി ഒന്നും നടക്കുന്നില്ല എന്നു തോന്നും ആ പവലിയന്‍ കണ്ടാല്‍.
ആകെ ഒരാശ്വാസം സി-ഡാക്കിന്‍റെതാണ്.
സൌജന്യമായി വിതരണം ചെയ്ത സി.ഡി. യിലെ ഉള്ളടക്കം താഴെ.

200 മലയാളം ട്രൂ ടൈപ് ഫോണ്ടുകള്‍
150 യൂണീകോഡ് ഫോണ്ടുകള്‍
ഭാരതീയം ഓപ്പണ്‍ ഓഫീസ് (മലയാളം)
മലയാളം ഓ.സി.ആര്‍
മലയാളം സ്പെല്‍ ചെക്കര്‍.
മലയാളം - ഇംഗ്ളീഷ് , ഇംഗ്ളീഷ് - മലയാളംഡിക്ഷ്ണറി
മലയാളം ടെക്സ്റ്റ് എഡിറ്റര്‍
മലയാളം - ഇംഗ്ളീഷ് ട്യൂട്ടര്‍ പാക്കേജ്.
മലയാളം ടെക്സ്റ്റ് റ്റു സ്പീച്ച്
മലയാളം ഡറ്റബേസ് സോര്‍ട്ടര്‍
മലയാളം റ്റൈപ്പിങ്ങ് ട്യൂട്ടര്‍
മൈക്രോസോഫ്റ്റ് എക്സല്‍ റ്റൂള്‍സ് (മലയാളം)
മലയാളം റ്റൈപ്പിങ്ങ് സഹായി.

എല്ലാ മലയാളം പാക്കേജുകളും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലാണെന്നു കരുതുന്നു.
മുഴുവന്‍ പരിശോധിച്ചു നോക്കിയിട്ടില്ല.
സി-ഡാക്കിലെ സുമേഷ് വളരെ നല്ല രീതിയില്‍ വിവരിച്ചു തന്നു
സ്പെല്‍ ചെക്കര്‍ ഓ.സി.ആര്‍ എന്നിവ ശൈശവ ദശ പിന്നിടുന്നതേ ഉള്ളൂ എന്ന സത്യം മറച്ചുവയ്ക്കുന്നില്ല സുമേഷ്.

ദുഖഃകരമായി തോന്നിയത് മറ്റ് സോഫ്റ്റുവേര്‍ നിര്‍മ്മാതാക്കളുടെ അസാന്നിധ്യമാണ്.

Friday, September 7, 2007

കുറുമാനെ തൂക്കിക്കൊല്ലണം.!

വളരെ(കു)പ്രസിദ്ധമായ ഒരു പോസ്റ്റും അതിലേക്കു പ്രവഹിക്കുന്ന കമെന്റും വായിച്ചിട്ട് ഉറുമ്പിനു തോന്നിയ പ്രതികരണമാണിത്.

കുറുമാനെ തൂക്കിക്കൊല്ലണം.!

വളരെയധികം പ്രശസ്തി പിടിച്ചു പറ്റുകയും?( പുസ്തകത്തിന്‍റ്റെ നിലവാരത്തെക്കുറിച്ച് ന്യൂസ് സ്റ്റാന്റുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരാനിരിക്കുന്നതേയുള്ളു) ആരാധകപ്രവാഹത്തിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ അച്ചടിച്ച് പുസ്തകമായി ഇറക്കുകയും ചെയ്ത "എന്റെ യൂറോപ്പു സ്വപ്നങ്ങള്‍" എന്ന ബ്ളോസ്തകം(ബ്ളോഗ് പുസ്തകം) എഴുതിയ,

കുറുമാന്‍ എന്ന രാഗേഷ് കുറുമാനെ തൂക്കിക്കൊല്ലണം.!

അതിനു മുന്‍പൊരു കഥ പറയാം.

പണ്ടു പണ്ടാണ്, ഏതാണ്ട് സീതയുടെ കാലത്തോളം പഴക്കം വരുന്ന കഥ.
പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ സ്ഥലം.

കന്യകയായൊരു പെണ്ണ്.

സ്ഥിരം സഹയാത്രികനുമായി പ്രണയത്തിലായി. അവനവളെ ചതിച്ചു.
നാല്പതോളം ദിവസം, പരശുരാമന്‍ മഴുവെറിയാന്‍ കയറിനിന്ന സ്ഥലം മുതല്‍
മഴു ചെന്നു വീണ സ്ഥലം വരെ പല കൈകള്‍ മറിഞ്ഞ് കന്യക യാത്ര തുടര്‍ന്നു.
നൂറോളം സുന്ദരന്‍മാര്‍, ദ്വരപാലകന്‍മാര്‍ മുതല്‍ രാജകുമാരന്‍മാര്‍ വരെ കന്യകയെ പരിണയിച്ചു.
അപ്പോഴും അവള്‍ കന്യകയായിത്തന്നെ തുടര്‍ന്നു.
പട്ടും പൊന്നുമായി കന്യക യാത്ര തുടര്‍ന്നു.
അസ്ഥാനത്ത് എന്തോ അസ്കിത തോന്നിയപ്പോള്‍ കന്യക വീട്ടിലേക്കു മടങ്ങി.
ഇക്കണ്ട നാല്പതു ദിവസം എവിടായിരുന്നു എന്ന ചോദ്യത്തിന്, നൂറുപേര്‍ പറ്റിച്ചു എന്ന ഉത്തരം.!

കഥ കേട്ട ഒരു വിഢിക്കൊരു സംശയം,
"തള്ളേ, ദെന്തരു കത? തിരോന്തോരം ബസ്റ്റാപ്പീ നിന്നപ്പം അപ്പിക്കു ഓടിക്കളയാമ്പറ്റൂലായിരുന്നാ അപ്പീ?"
"എന്തോരം മനുഷമ്മാര്‍ വരുന്ന സ്ഥലമാ, അപ്പിക്കു ഒച്ച വച്ച് ആളെക്കൂട്ടാമ്പറ്റൂലാരുന്നാ......?"
കന്യക ഉത്തരം പറഞ്ഞില്ല.
ഉത്തരം പറഞ്ഞത് സ്ഥലത്തെ പ്രമാണിമാരായിരുന്നു.ആ വിഢിയെ പിന്നാരും കണ്ടില്ല.!

കുറുമാനെ തൂക്കിക്കൊല്ലണം........!!

ചാറ്റും മെയിലും മെയിലിനു മെയിലും, തുടര്‍ ഫോണ്‍ വിളികളുമായി ഒരു പെണ്ണു സല്‍ക്കരിച്ചപ്പോള്‍,
"എടീ പെണ്ണേ, ഇതിനെക്കാള്‍ നന്നായി പഞ്ചാരയടിക്കാനും, പറയുന്നതിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാനും കഴിവുള്ള സ്വയമ്പന്‍ സാധനം വീട്ടിലിരിപ്പുണ്ടെന്നു പറയാതെ,
ദിവസം ഇരുപത്തഞ്ച് മെയിലും, നാല്‍പത്തഞ്ചു ഫോണ്‍ കാളും പിന്നതിനു മറുപടിയും പറഞ്ഞ്, സമയനഷ്ടവും മാനഹാനിയും വരുത്തിവച്ച, രാകേഷ് കുറുമാനെ,
സകലമാന പുരുഷപ്രജകളുടെയും ആത്മാഭിമാനത്തിനുവേണ്ടി,
മരണം വരെ തൂക്കിക്കൊല്ലണം..!

ചാറ്റാന്‍ വരുന്ന ഫിലീപ്പീനി പെമ്പിള്ളാരുടെ സ്വഭാവമാണ്‌ ഇവിടെ കണ്ടത്.
ആദ്യം പഞ്ചാര, പിന്നെ പരിഭവം. ഒട്ടൊന്നു മൂത്തെന്നു തോന്നിയാല്‍
അനിയനെ പഠിപ്പിക്കാന്‍,
അമ്മയുടെ ആശുപത്രി ചിലവിന്,
പിന്നെ അവളുടെ കീറിപ്പോയ പാവാടക്ക്,
എല്ലാത്തിനും സഹായം വേണം.
ഞാനാണെങ്കില്‍ ആവശ്യം കേട്ടു കഴിഞ്ഞാല്‍ ഉടന്‍ മറുചോദ്യം ചോദിക്കും "വല്ലതും നടക്കുമോ" എന്ന്. അതോടെ തീരും ആവശ്യങ്ങളെല്ലാം.
കുറുമാന്‍ അങ്ങിനെ ചോദിച്ചോ എന്നതറിയില്ല.
അല്ലെങ്കില്‍പിന്നെ ദുബായില്‍ കിട്ടാത്തതാണോ ചാറ്റി കിട്ടാന്‍ പോണത്?
സന്ദര്‍ഭവശാല്‍ ഇവിടെ ആവശ്യം അനിയനൊരു വിസയാണ്‌....!

ഇന്നേവരെ കണ്ടിട്ടില്ലാത്ത, കാണുമെന്നു വിശ്വാസമില്ലാത്ത,
അല്ലെങ്കില്‍ കാണണമെന്നു താല്‍പര്യമില്ലാത്ത കുറുമാനോട് ഒരു ചോദ്യം,

താങ്കള്‍ക്കു ലജ്ജ തോന്നുന്നില്ലേ, ഇതിനൊക്കെ മറുപടി പറയാനും, ക്ഷമ ചോദിക്കാനും?
അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത്തരം സംഗതികളെ തള്ളിക്കളയാതെ ഉത്തരം പറയാന്‍ നിന്ന താങ്കളെ, തൂക്കിക്കൊല്ലണം.....

Tuesday, September 4, 2007

തൊഴില്‍




തൊഴില്‍ മടുത്തപ്പോള്‍ വിഷ്ണുവും ശിവനും പരസ്പരം തൊഴില്‍ വച്ചു മാറി. രണ്ടാളും തൃപ്തരായി.


മൂന്നേ മൂന്നു ദിവസം. പിന്നവര്‍ കണ്ടാല്‍ മിണ്ടാതായി..

Monday, September 3, 2007

ചിലന്തി.

ഭോഗാലസ്യത്തില്‍ മയങ്ങിയ അവനെ അവള്‍ കൊന്നു തിന്നു.

Saturday, August 25, 2007

ഞാന്‍ അഛനായേ...!!!

പ്രിയ ബ്ളോഗാക്കളെ, ഇന്നു (രണ്ടായിരത്തി ഏഴാമാണ്ട്‌ ആഗസ്റ്റ് ഇരുപത്തി അഞ്ചാം തിയതി) രാവിലെ എട്ടു ഇരുപത്തി മൂന്നിന്‌,
ഉറുമ്പ് എന്ന പേരില്‍ ബ്ലോഗില്‍ വസിക്കുന്ന...ആന്റണി ബോബന്‍(36) എന്ന ഞാന്‍,
ഒരു ആണ്‍കുഞിന്റെ പിതാവായ വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

ഇക്കാര്യത്തില്‍ എന്നെ ആരും സഹായിച്ചിട്ടില്ല എന്നും അതിനാല്‍ ആര്‍ക്കും നന്ദി പറയേണ്ടതില്ലാ എന്നും ബൂലോകസമക്ഷം ബോധിപ്പിച്ചികൊള്ളുന്നു.

എത്രയും പെട്ടെന്നു നാട്ടില്‍ പോണം. വിട്ടില്ലെങ്കില്‍ ബെംഗാളിയെ ഞാന്‍ തട്ടും.
എന്നാല്‍ പിന്നെ ബാക്കി നാട്ടിലെത്തിയിട്ട്‌:)

Thursday, August 16, 2007

എന്തേ ഞാന്‍ ഇന്നും വൈകി?

എനിക്കയാളോടു പ്രണയമുണ്ടോ?ഇല്ല,
നീ പറഞ്ഞപോലെ, പ്രണയം മാംസാനുരാഗമാണങ്കില്‍ ഇല്ല തന്നെ.

രാഹുല്‍ ഇന്നും ചോദിച്ചു എന്തെ താമസിച്ചൂവെന്ന്‌ ?
ഞാനെന്താ പറയേണ്ടത്‌.?

അയാള്‍ക്കെന്താ ഒന്നുനേരത്തെ വന്നാല്‍?

ഇന്നു നീ പറഞ്ഞപോലെ ഞാന്‍ അയാളെ പ്രേമിക്കുന്നുണ്ടോ?

ഡാ ,എനിക്കൊരു സംശയം
വിവാഹത്തിനു മുന്പ്‌ പ്രണയം ഉണ്ടാകുമെങ്കില്‍
അതിനുശേഷം ഒരാളോടു പ്രണയം തോന്നിക്കൂടെ?

പലപ്പോഴും അയാളെ കാണാനായി മാത്രം ഞാന്‍ ഓഫീസില്‍ നേരം വൈകി എത്തുന്നു.

അയാള്‍ക്കെന്താ ഒന്നുനേരത്തെ വന്നാല്‍?

ഒരു പക്ഷെ അയ്യാള്‍ എന്നെ ഒഴിവാക്കുന്നതാവുമോ?
ഒരിക്കലും സംസാരിച്ചിട്ടില്ലത്ത അയ്യാള്‍ക്കുവേണ്ടി ഇന്നു ഞാന്‍...

വീട്ടിലെത്തുമ്പോള്‍, രാഹുല്‍ പതിവിലും നേരത്തെ എത്തിയിരിക്കുന്നു.
മോനും ചോദിച്ചു എന്താ മമ്മി താമസിച്ചതെന്ന്‌, കള്ളം പറയാതിരിക്കനായി നിശബ്ദത പാലിച്ചു.

നിന്റെ വിശകലനത്തില്‍ മതിയാവാത്ത രതിയാണോ പരസ്ത്രീ/പരപുരുഷ ഗമനത്തിനിടയാക്കുന്നത്‌?അല്ല,
രാഹുല്‍ എന്നെ സ്നേഹിക്കുന്നുന്നപോലെ ഒരാള്‍ക്കും എന്നെ സ്നേഹിക്കാനാവില്ല.
എന്നിട്ടുമെന്തിനാ ഞാന്‍ അയാളെ കാത്തു മണിക്കൂറുകളോളം നിന്നത്‌?

Friday, July 20, 2007

നിഴല്‍കൂത്ത്.......shadow kill..?

ഇതൊരു സംശയം തീര്‍ക്കാനുള്ള കുറിപ്പാണ്. ഈയിടെ Malayalam Blog Aggregator @ chintha.com വായിക്കുന്നതിനിടയില്‍ കണ്ട ഒരു പരസ്യമാണ് സംശയത്തീനാധാരം.
Malayalam Blog Aggregator @ chintha.com -ല്‍ amazon.com-ന്റെ പരസ്യം.
ശ്രീ. അടൂര്‍ ഗോപാലക്രിഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍കൂത്ത് എന്ന സിനിമയുടെ cd/dvd version shadow kill എന്ന പേരില്‍. നിഴല്‍കൂത്ത് എന്നത് ഒരു കലാരൂപം ആണെന്നതാണ് എന്റെ വിശ്വാസം. അതിനെ വിവര്‍ത്തനം ചെയ്യതിരിക്കുന്നതോ shadow kill എന്നും....ചക്കക്ക് കൊക്ക് എന്ന പോലെ. ഞാന്‍ ഇതെക്കുറിച്ച് ഒരു മെയില്‍ amazon.com‌-ലേക്ക് അയച്ചിരുന്നു. അവര്‍ എനിക്കയച്ച മറുപടി വ്യക്തമല്ലായെന്നു മാത്രമല്ല ഈ പരസ്യം തുടരുന്നതായും കാണുന്നു.
പ്രിയ ബ്ലൊഗര്‍മാര്‍ ഈ വിഷയത്തില്‍ ശ്രദ്ദിക്കും എന്നു കരുതുന്നു..
ഇനി എന്റെ ധാരണ തെറ്റാണെങ്കില്‍ തിരുത്തും പ്രതീക്ഷിക്കുന്നു.

Thursday, July 19, 2007

കേര‍ളാ സാഹിത്യ അക്കദമിയുടെ പ്രവാസി സാഹിത്യ പുരസ്കാരം ഷാര്‍ജയില്‍.

കേര‍ളാ സാഹിത്യ അക്കദമിയുടെ പ്രവാസി സാഹിത്യ പുരസ്കാരം ഷാര്‍ജയില്‍ സ്പൈസി ലാന്‍ഡു റെസ്റ്റോറന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ജൂലൈ ഇരുപത് വെള്ളിയാഴ്ച) രാത്രി എട്ടു മണിക്ക് നടക്കുന്ന യോഗത്തില്‍ വച്ച് നല്‍കുന്നു.........ഇതൊരു ആധികാരികമായ അറിയിപ്പല്ല.............ഷാര്‍ജ കിംഗ് ഫൈസല്‍ റോഡിലാണ് സ്പൈസി ലാന്‍ഡു റെസ്റ്റോറന്റ്റ്. കൂടുതല്‍ വിവരങള്‍ ലഭ്യമല്ല.........കിട്ടുമ്പോള്‍ ഇവിടെ വന്നു കൂവാം.....................

Thursday, July 5, 2007

വരമൊഴി..കവര്‍ ഡിസൈന്‍...കമന്റ്റുകള്‍ക്കു മറുപടി.

ഇന്നു ബ്ലോഗ് എഴുതാന്‍ എന്തരടേയ് ഒരു വിഷയം എന്നോര്‍ത്തിരിക്കമ്പോഴാ നമ്മുടെ ബ്ലോഗിന്റെ പുറത്ത് ബൂലോകരെല്ലാം കമന്റ്റിയിരിക്കുന്നതു കണ്ടത്। എന്നാപ്പിന്നെ എല്ലാര്‍ക്കും കൂടെ ഒരു മറുപടി....ഈ കവര്‍ ചെയ്യുമ്പോള്‍ ഒന്നു മാത്രമെ ഉദ്ദേശം ഉണ്ടായിരുന്നുള്ളു.... അറബീ പയ്യന്മാര്‍ ചോദിക്കും പോലെ " ഇന്ത മലബാറി॥?" എന്നാരും ചോദിക്കരുത്।(സുഡാനി ആണോ എന്നു പലര്‍ക്കും സംശയം. പലരുടെയും മോണിറ്റര്‍ തീരെ തെളിച്ച്മില്ലാത്തത്കൊണ്ട് നേരെ കാണാന്‍ പറ്റിയില്ലെങ്കിലോ എന്നു കരുതി ബ്ലോഗിലും പടം ഇട്ടില്ല.)എതു വമ്പന്മാരുടെ കൂട്ടത്തിലിരുന്നാലും ഇതൊരു മലയാളം പൊത്തകമാണെന്നു ഏതു കണ്ണുപൊട്ടനും (ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല.) പറയണം. കണിക്കൊന്നയും തെങിന്‍ തലപ്പുകളും കൊണ്‍ട് അതല്ലതെ മറ്റു ദുരുദ്ദ്യേശ്യം ഒന്നും ഇല്ല. സപ്തവര്‍ണങള്‍........അതു മരമല്ല.....തെറ്റിധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. മലയാളതിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയുംകൂടെ പ്രതീകമാണു കണിക്കൊന്ന.പിന്നെ തെങു നമ്മുടെ ഉറവ വറ്റാത്ത സമ്പത്തിന്റെയും ആഡ്ഡ്യത്വത്തിന്റെയും.ഈ കവര്‍ കാണുന്നൊരാള്‍ റ്റൈറ്റില്‍ വായിക്കതെ തന്നെ ഇതൊരു മലയാളം പുസ്തകമാണെന്നു പറയുമെങ്കില്‍ എന്റെ ശ്രമം സഫലമായി.പിന്നെ കരീം മാഷിനോട്........ആഭിപ്രായപ്പെട്ടതുപൊലെ ബക് ഗ്രൗണ്ട് കളര്‍ മാറ്റി നോക്കി...... പക്ഷെ പണ്ടു അപ്പനെ പറ്റിക്കാന്‍ ഇടുപ്പിന്‍ താഴ്ത്തി വച്ചിട്ടും ഉന്തി നിന്ന ഓ.സി.ആറിന്റെ കുപ്പി പോലെ നീല പശ്ചാത്തലതില്‍ മഞ പൂക്കള്‍ ഉന്തി നില്‍കൂന്നതു കാരണം ആ ശ്രമം ഇവിടെ പോസ്റ്റു ചെയ്യുന്നില്ല.കമന്റു ചെയ്ത എല്ല ബൂലൊകര്‍ക്കും നന്ദി. ഏതു തരത്തിലുള്ള മാറ്റത്തിനും ഞാന്‍ തയ്യാര്‍.....

ടൈജസ്റ്റ് ടീമിനോട്......... ഫോട്ടോഷോപ്പ് ലെയെര്‍ഡ് ഫയല്‍ നാളെ അയക്കാം.......ആപ്പീസിലെ യന്ത്രത്തില്‍ കളിച്ചതാ..........

Wednesday, July 4, 2007

വരമൊഴിക്കു ഒരു കവര്‍ ഡിസൈന്‍..


സ്വതന്ത്ര മലയാളം വരമൊഴി എന്ന പേര്‍ വല്ലാതെ നീണ്ടുപോയില്ലെ എന്ന സംശയം കാരണം ടൈറ്റില്‍ "വരമൊഴി" എന്നു മാത്രം ചേര്‍ത്തു......സബ് ടൈറ്റിലായി "തിരഞെടുത്ത മലയാളം ബ്ലോഗുകള്‍" എന്നും ചേര്‍ത്തിരിക്കുന്നു.എല്ലാ ബൂലോകരുടെയും പാരകള്‍ സവിനയം ക്ഷണിക്കുന്നു.... എന്നാലും സമ്മാനം എനിക്കുതന്നെ തരണേ......

Tuesday, July 3, 2007

ചരമദിനത്തില്‍ അനുമോദനയോഗം.........!!

എന്റെ ബ്ലൊഗു തമ്പുരാനേ........ഈ നാട്ടില്‍ ഒരു അനുമോദനയോഗം നടത്താന്‍ എന്തെല്ലം കഷ്ടപ്പാടാ.........
നല്ലൊരു‍ ദിവസം ഒത്തുകിട്ടുന്നതാണു ഏറ്റവും വിഷമം.....ഇവിടെ ഒരു മാത്രുക...............
ഇക്കഴിഞ ജൂണ്‍ മുപ്പതിന്റെ മാത്രുഭൂമി പത്രവാര്‍ത്തയാണു ഈ കുറിപ്പിനാധാരം......
അനുമോദിച്ചു.
ചാത്തന്നൂര്‍: ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചരമദിനത്തില്‍ മതിപ്പുള്ളി വടക്കേക്കര കോണ്‍ഗ്രസ്സ് യൂണിറ്റിന്റെ നേത്രുത്വതില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വടക്കേക്കരയില്‍നിന്നു വിജയിച്ച പതിനെട്ടു വിദ്യാര്‍ധികളെ പാരിതോഷികം നല്‍കി അനുമോദിച്ചു.

Monday, July 2, 2007

ഒന്നും വായിക്കാന്‍ കിട്ടിയില്ല............

ഇന്നു വായിക്കന്‍ കൊള്ളാവുന്ന ബ്ലൊഗ് ഒന്നും കണ്ടില്ല................ഡാലിയുടെ കുറിപ്പു കണ്ടില്ലാ എന്നു നടിക്കുന്നില്ല.............

Sunday, July 1, 2007

സി.പി.എമ്മിന്റെ ഭാവി..! ....മറുപടി.......

പ്രിയ സുഹ്രുത്തെ,തങ്കളുടെ കുറിപ്പിന്റെ പ്രസക്തിയെക്കുറിച്ചൊ, ഉദ്ദേശശുദ്ദിയെക്കുറിച്ചൊ സംശയമില്ല............എന്നാല്‍ താങ്കള്‍ വസ്തുത്കളില്‍ നിന്നും മാറി സന്‍ജ്ജരിക്കുന്നു എന്നാണു തോന്നുന്നത്। പരീക്ഷ തടസ്സപ്പെടുത്താന്‍ ശ്രമിച്ച എസ്।എഫ്।ഐ. കാരെ രക്ഷിതാക്കള്‍ തടഞു...........ആരുടെ രക്ഷിതാക്കള്‍ ? സ്വശ്രയദന്ദെല്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികളുടെ രക്ഷിതാക്കള്‍....ഇവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രക്ഷിതാക്കളും മകനൊ മകളൊ ഈ പരീക്ഷാ പ്രഹസനം കഴിഞു നാലൊ അഞ്ചോ ലക്ഷം കെട്ടിട ഫണ്ടു കൊടുക്കാന്‍ തയ്യാറുള്ളവരായിരുന്നില്ലെ എന്നു ചോദിച്ചാല്‍ സുഹ്രുതു‍ എന്തുത്തരം പറയുമൊ ആവൊ......ഇവിടെ പകച്ചു നില്‍ക്കുന്നതു പ്രസ്താനം അല്ല. മേല്‍പ്പറഞ രക്ഷിതാക്കള്‍ തന്നെയണു..........എന്തും സഹിച്ചു മകളെയൊ മകനെയൊ വെള്ള കോട്ടിടുവിക്കാന്‍ തുനിഞിറങുന്ന രക്ഷിതാക്കള്‍. ഇനി സി.പി.എം എന്ന പാര്‍ട്ടിയുടെ കാര്യം.......ചര്‍ച ചെയ്യപ്പെടുവാന്‍ പോലും അര്‍ഹമല്ലാത തരതില്‍ അതു നശിചുകൊണ്ടിരിക്കുക്കയാണു. സുര്‍ജിത് സിങിന്റെ കാലം തൊട്ടെ അതു ജനങള്‍ക്കു പ്രയൊജനം ചെയ്യാത്ത ഒരു കൂട്ടം പിണിയാളുകളുടെ കൈകളിലായിക്കഴിഞു. ഇനി അതു നന്നാക്കാന്‍ കുറെക്കലം പിടിക്കും.......തല്‍കാലം അതു മറക്കുക......താങ്കളുടെ മകനെ കൈകൂലി വാങുന്ന കൊളെജില്‍ ചേര്‍ക്കില്ല എന്നു തീരുമാനിക്കുക..................ആവുമൊ താങ്കള്‍‍ക്ക്..............?

Friday, June 29, 2007

ഉറുമ്പ്‌ കടി.

ഇന്നലെ കണ്ടതും ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും നാളെ കാണാനുള്ളതുമായ എല്ലാ ബ്ലോഗുകളിലേക്കും ഒരു ചൂണ്ടുവിരല്‍................ഉറുമ്പ്‌ കടി...............




ഇന്നത്തെ മികച്ച പോസ്റ്റ്‌. ശൈത്യകാലത്തെ മുന്തിരിവള്ളികള്‍

http://kalluslate.blogspot.com/2007/06/blog-post_28.html

ഇന്നത്തെ മികച്ച പോസ്റ്റ്‌. ചില നേരങ്ങളില്‍..
http://deshadanom.blogspot.com/2007/06/blog-post.html

ഇന്നത്തെ മികച്ച പോസ്റ്റ്‌. ജോസുകുട്ടിയുടെ സ്വന്തം നിമ്മി !
http://berlythomas.blogspot.com/2007/07/blog-post.html

ഇന്നത്തെ മികച്ച പോസ്റ്റ്‌। വരാനുള്ളത് വഴിയില്‍ തങ്ങുമൊ ?
http://karumbankurumbukal.blogspot.com/2007/07/blog-post_03.html
ഇന്നത്തെ മികച്ച പോസ്റ്റ്‌। ഇറോം ഷര്‍മ്മിള ചാനു - ചെറുത്ത് നില്പിന്റെ സ്ത്രീരൂപം.
http://achinthyam.blogspot.com/2007/07/blog-post.html
ഇന്നത്തെ മികച്ച പോസ്റ്റ്‌। 15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം,
http://devamazha1.blogspot.com/atom.xml
http://devamazha1.blogspot.com/2007/07/15.html