Wednesday, November 10, 2010

എൻഡൊസൾഫാൻ നിരോധിക്കുക.


ഏ കെ ആന്റണി വീണ്ടും കേരള മുഖ്യമന്ത്രി ആകുമോ?

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അഞ്ച് വർഷം ഐക്യജനാധിപത്യ മുന്നണി, അടുത്ത അഞ്ചു വർഷം ഇടതുമുന്നണി എന്ന രീതിയിലാണ് ഭരണം കൈയ്യാളുന്നത്. പ്രത്യേക സാഹചര്യങ്ങളോ അട്ടിമറികളോ ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായും കോൺഗ്രസ്സ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ മുന്നണി കേരളം ഭരിക്കുമെന്നു കരുതാം. കഴിഞ്ഞ ലോകസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ ഇരു പക്ഷവും നേടിയ വോട്ടുകൾ വച്ചുകൊണ്ട് ഇടതുപക്ഷത്തിന് വീണ്ടും കേരളം ഭരിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുണ്ട് എന്നത് കാണാതെയല്ല ഇതെഴുതുന്നത്. മാറി മാറി ഇടതും വലതും ഭരിക്കുന്ന രീതി മാത്രമാണിവിടെ കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ കണ്ടാൽ, അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി കേരളം ഭരിക്കാനാണ് സാധ്യത. അങ്ങിനെയാണെങ്കിൽ ആരാവും കേരള മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയലാർ രവി, കെ.കരുണാകരൻ, മുരളി(?) എന്നിങ്ങനെ കേരളാ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന നേതാക്കളുടെ ഒരു നീണ്ടനിര തന്നെയുണ്ട് കോൺഗ്രസ്സിൽ. ജി.കാർത്തികേയനും, കെ.വി.തോമസ്സും, മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങിയ മറ്റൊരു നിരയും കാത്തിരിപ്പുണ്ട്. ആരാവും മുഖ്യമന്ത്രി ?

കെ.പി.സി.സി. പ്രസിഡന്റ് പദം വീണ്ടും രമേശ് ചെന്നിത്തലെയെ ഏല്പ്പിച്ചു കൊടുത്തതു തന്നെ, ഡാ നീ അവിടെങ്ങാനും ഇരുന്നോ. ഇനി മറ്റേ കസേരയിലൊന്നും നോട്ടമിട്ടേക്കരുത് എന്നത് പറയാതെ പറയുകയായിരുന്നു കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ഒന്നടങ്കം. എങ്കിലും ഒരു അവസരം ഒത്തുവന്നാൽ മുഖ്യമന്ത്രി ആവില്ല എന്നൊന്നും പ്രഖ്യാപിക്കാൻ ചെന്നിത്തല തയ്യാറാവില്ല എന്നതാണ് സത്യം.
മുഖ്യമന്ത്രി താനായിരിക്കും എന്നത്  ഏതാണ്ട് ഉറപ്പിച്ചാണ് ഉമ്മൻ ചാണ്ടി നടക്കുന്നത്. ഏ.കെ ആന്റണി രാജിവച്ചു പോയപ്പോൾ മുഖ്യമന്ത്രി ആയതുകൊണ്ടും മറ്റൊരു മുഴുവൻ ടേം മുഖ്യമന്ത്രി ആകാനുള്ള സാധ്യതയും ഉമ്മൻ ചാണ്ടിക്കു തന്നെ.
അടുത്തത് വയലാർ രവിയാണ്. കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പല ഉന്നത സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ടെങ്കിലും മുഖ്യ മന്ത്രിയുടെ കസേര എല്ലാക്കാലത്തെയും അദ്ദേഹത്തിന്റെ സ്വപ്നമാണ്. കരുണാകരൻ - ആന്റണി- ഉമ്മൻ ചാണ്ടി സർക്കിളിൽ നിന്നും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നുണ്ടോ തനിക്ക് എന്ന പരിദേവനവും അദ്ദേഹത്തിനുണ്ട്.
കരുണാകരൻ - ഇനിയൊരൂഴം കൂടെ കേരള മുഖ്യമന്ത്രി ആകണമെന്ന സ്വപ്നം ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും മകൻ മുരളിയെ ഒരു നല്ല നിലയിലെത്തിക്കണമെന്ന ഒരച്ചന്റെ സ്വപ്നം സാക്ഷാല്ക്കരിക്കണമെങ്കിൽ ഒരങ്കം വെട്ടിയാണെങ്കിൽ പോലും മുഖ്യമന്ത്രിക്കസേര അദ്ദേഹത്തിനും ആഗ്രഹമില്ലാതല്ല.

ഇതുവരെ ചിത്രത്തിലില്ലാതെ മാറി നില്ക്കുന്ന സാത്വികനാണ് ശ്രീ. ഏ.കെ. ആന്റണി. കേന്ദ്രമന്ത്രി പദം അദ്ദേഹം ആസ്വദിക്കുന്നു എന്നു പറയാനാകുമോ എന്നു സംശയമാണ്. മാത്രവുമല്ല പ്രതിരോധ മന്ത്രിയായി അദ്ദേഹത്തിന്റെ പ്രകടനവും കോൺഗ്രസ്സ് വൃത്തങ്ങളിൽ അതൃപ്തി ഉളവാക്കുന്നില്ലേ എന്ന സംശയവും നിലനില്ക്കുന്നുണ്ട്. ഈ നിലയിൽ കേന്ദ്ര മന്ത്രി പദം ഉപേക്ഷിച്ച് ശ്രീ. ഏ.കെ. ആന്റണി കേരളത്തിലേക്ക് തിരികെ വന്നാൽ എന്താകും അദ്ദേഹത്തിന്റെ സ്ഥാനം ? കെ.പി.സി.സി. പ്രസിഡന്റ് ? ഹേയ് വീണ്ടും ആ പദത്തിലേക്ക് പോകാനാവില്ലാ അദ്ദേഹത്തിന്. കോൺഗ്രസ്സിന്റെ രീതി വച്ചുകൊണ്ട് ഇനി അദ്ദേഹത്തിനു പറ്റിയ പദവി പ്രധാനമന്ത്രി പദമാണ്. അതൊട്ട് സോണിയാ ഗാന്ധി സമ്മതിച്ചു കൊടുക്കുമോ ? ഇല്ല. :) പിന്നല്ലെങ്കിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് വിശ്രമജീവിതം നയിക്കാൻ ഏല്പ്പിച്ചു കൊടുക്കുന്ന കസേര ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറുടേതാണ് . അത്രക്കങ്ങു പ്രായമായോ ശ്രീ. ഏ.കെ ആന്റണിക്ക് ? ഇല്ല. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിനു പറ്റിയ കസേര കേരളാ മുഖ്യന്റേതു തന്നെയാണ്. 

ഇതിനിടയാണ് അടുത്ത കേരള മുഖ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും എന്ന ചെന്നിത്തലയുടെ പ്രസ്ഥാവനയും, അതു തീരുമാനിക്കേണ്ടത് ചെന്നിത്തല അല്ല എന്ന വയലാർ രവിയുടെ മറുപടിയും വരുന്നത്. ചെന്നിത്തല എന്തിനായിരിക്കാം അനവസരത്തിൽ അങ്ങനൊരു പ്രസ്ഥാവന ഇറക്കുന്നത് ? സ്വാഭാവികമായും കാലങ്ങളായി മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടിരിക്കുന്ന വയലാർ രവിയെ പ്രകോപിപ്പിക്കാനാണോ ? അല്ലെന്നു പറയുകയാവും ഉചിതം. ഇവിടെയാണ് ചെന്നിത്തല ആന്റണിക്കുവേണ്ടി കേരളത്തിലെ കോൺഗ്രസ്സിൽ ഒരു യുദ്ധത്തിനു കളമൊരുക്കുന്നത്. ഉമ്മൻ ചാണ്ടിയും വയലാർ രവിയും തന്നെയാണ് മുഖ്യ അങ്കം വെട്ടുകാർ. പോരു കോഴികൾ കൊത്തിപ്പറിക്കട്ടെ. അങ്കം മുറുകുമ്പോൾ സോണിയാ മാഡം ഇടപെടും. ഒത്തു തീർപ്പു സ്ഥാനാർഥിയായി പരമസത്വികൻ-അഴിമതിയുടെ കറപുരളാത്ത-അലുമിനിയം ഗ്ലാസ്സിൽ വെള്ളം കുടിക്കുന്ന-സർവ്വ സമ്മതനായ ശ്രീ. ഏ.കെ.ആന്റണി രംഗത്തു വരുന്നു. വിലപേശലിൽ ലീഡർ കരുണാകരനും എതിർപ്പുണ്ടാകാൻ സാധ്യതയില്ല. കാരണം മുരളി വിഷയത്തിൽ എല്ലാക്കാലത്തും ലീഡറുടെ പ്രിയ ശിഷ്യൻ ആന്റണി സഹായിച്ചിട്ടേയുള്ളൂ എന്ന ലീഡർക്കറിയാം. സാവകാശത്തിൽ ചെന്നിത്തലയെ മുട്ടുമടക്കിക്കാനും ആന്റണി വരുന്നതു തന്നെയാകും ലീഡർക്കു മെച്ചം. എല്ലാവരും തൃപ്തർ. :)

Sunday, November 7, 2010

ഒബാമ.


Saturday, November 6, 2010

വന്മരങ്ങൾ വീഴുമ്പോൾ- കഥകൾ: ദേവൻ.


2007 ആദ്യകാലത്താണ് ബ്ളോഗ് എന്താണെന്നറിയുന്നത്. ഓർക്കൂട്ടിൽ ഒരു സുഹൃത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ളോഗ് ലിങ്ക്‍ വഴി. പിന്നെ കുറേകാലം കഴിഞ്ഞാണ് സ്വന്തമായി ബ്ളോഗ് തുടങ്ങുന്നത്. എഴുതാൻ എന്തെങ്കിലും ഉണ്ടായിട്ടല്ല, വായിച്ച് ഇഷ്ടപ്പെട്ട പോസ്റ്റുകൾ വീണ്ടും വായിക്കാനായി കൂട്ടിവയ്ക്കാനിരിടമെന്നതായിരുന്നു സ്വന്തമായി ബ്ളോഗ് തുടങ്ങാൻ കാരണം. പിന്നാലെ ഒരുപാട് പോസ്റ്റുകൾ വായിച്ചു. ഇഷ്ടപ്പെട്ടത് പി.ഡി.എഫ് ആക്കി സൂക്ഷിച്ചു. കാലത്തെ അതിജീവിക്കുന്ന രചനകൾ ബ്ളോഗിൽ വിരളമാണെന്ന ധാരണ അന്നും ഇന്നും മാറിയിട്ടില്ല. നല്ല കഥാകാരന്മാരോ കഥാകാരികളോ ഉണ്ട്. പക്ഷേ, അവർ എഴുത്തിനെ ഗൌരവമുള്ളതായി കാണുന്നില്ല എന്നത് അവർ അവരോട് തന്നെ ചെയ്യുന്ന പാതകമാണ്. ഒരു കഥയോ കവിതയോ കൂടുതൽ വായനക്കാർ നല്ലെതെന്നു പറഞ്ഞാൽ അതോടെ എഴുത്തു നിർത്തി നിരൂപണത്തിലേക്ക് തിരിയുന്നവരും വിരളമല്ല. സ്വന്തം തട്ടകമെന്താണെന്ന് തിരിച്ചറിയാനാക്കാത്താതാണവരുടെ പ്രശ്നമെന്നേ തോന്നിയുള്ളു. പലപ്പോഴും "വലിയ എഴുത്തുകാരൻ" ആയി എന്ന അഹം ഭാവവും ആകാമെന്നു തോന്നി. ഇത്തരം മിഥ്യാധാരണകളിലൊന്നും കുടുങ്ങിപ്പോകാതെ, തനിക്കു ചെയ്യാനാവുന്നത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാരും ധാരാളം.

അക്കാലത്ത് മനസ്സിലിടം പിടിച്ച ചില കഥകൾ കൂട്ടി വച്ചതിൽ നിന്നും ചിലതെടുത്ത് വായിക്കുമ്പോൾ, "ഇതു ഞാൻ മുൻപ് വായിച്ചതാ" എന്ന തോന്നലോടെ മാറ്റിവയ്ക്കാൻ തോന്നാത്ത, വീണ്ടും വായന ആവശ്യപ്പെടുന്ന ചില കഥകളാണ് ദേവന്റേത്. ഹൃദയത്തിൽ നിന്നും ഉറവപൊട്ടി, ഒഴുകിപ്പരന്ന്, ഒരു പുഴയായ് ആർത്തലക്കുന്ന അമർത്തിപ്പിടിച്ച നിലവിളികളാണ് ദേവന്റെ കഥകൾ.പലപ്പോഴും ദേവന്റെ കഥകളെ ബ്ലോഗ് വായനക്കാർ ശരിയായ ഗൌരവത്തോടെ വായിച്ചിട്ടില്ല എന്നു തോന്നി. തമാശക്കഥകളെന്ന അലംഭാവത്തോടെ വായിച്ചു മാറ്റി വച്ചു. ഉള്ളിൽ പുകഞ്ഞു കത്തുന്ന ഉമിത്തീയായിയുമായി പുറത്തു വരുന്ന ആ കഥകളെ വെറും കൊച്ചുവർത്തമാനങ്ങളായി കണ്ടു. കമെന്റുകൾ പറയുന്നതതാണ്. ആ കഥകൾ വീണ്ടും വായിക്കപ്പെടണമെന്നും വായനക്കാർ ബ്ളോഗിലെ കുടുംബക്കൂട്ടങ്ങളായി മാത്രം ഒതുങ്ങരുതെന്നും തോന്നിയതുകൊണ്ടണ്, ദേവന്റെ കഥകളെ പിഡീഫ് ആക്കി പുനഃപ്രസിദ്ധീകരിക്കണം എന്ന തോന്നലിനു പിന്നിലുള്ള പ്രചോദനം.

വളരെയൊന്നും പരിചയക്കാരില്ലാതെ, ആരാണെന്ന് അറിയിക്കതെ ഒരിക്കൽ മാത്രം കണ്ടു പരിചയമുള്ള ദേവന്റെ ഈ മെയിൽ തപ്പിയെടുത്ത് ഒരപേക്ഷ കൊടുത്തു. "ഓ അതൊന്നും അത്ര വായിക്കപ്പെടാനുള്ള കഥകളല്ല" എന്ന അഭിപ്രായമാണ് ദേവേട്ടൻ എന്നു പലരും സ്നേഹപൂർവ്വം വിളിക്കുന്ന കഥാകാരന്റെ പ്രതികരണം..! ആവർത്തിച്ചുള്ള അഭ്യർഥനക്കവസാനം ഇഷ്ടമുള്ളതു ചെയ്തോളൂ എന്നൊരു വാക്കു കിട്ടി. പിന്നെ അതെങ്ങനെ ആകണമെന്നായി ചിന്ത. ഞാൻ പുസ്തകങ്ങൾ കൂട്ടി വയ്ക്കുന്ന പിഡീഫ് ലൈബ്രറി എന്ന സംരഭത്തിലൂടെ വായനക്കാരിലെത്തിക്കാം എന്ന ആത്മവിശ്വാസത്തോടെ ആദ്യ പണികൾ തുടങ്ങി. കഥകളുടെ തിരഞ്ഞെടുക്കലും എഡിറ്റിങ്ങും വലിയ കടമ്പയായിരുന്നു. അക്ഷരത്തെറ്റുകൾ വളരെയൊന്നുമില്ലാത്തത് അനുഗ്രഹമായി. കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ചു തരാമോ എന്ന ചാറ്റ് മെസ്സേജിന് ബ്ളോഗിലെ ഏറ്റവും പ്രസിദ്ധനായ കാർട്ടൂണിസ്റ്റ് 120 കിഗ്രാൻ എന്നു സ്വയം വിളിക്കുന്ന സജ്ജീവിന്റെ പ്രതികരണം വല്ലാത്ത ഒരനുഭവമാണ്.ഞാൻ മാത്രമല്ല ദേവന്റെ കഥകളെ വീണ്ടും വീണ്ടും വായിക്കാനിഷ്ടപ്പെടുന്നതെന്ന അറിവ് അത്ഭുതപ്പെടുത്തി. ജോലിത്തിരക്കിനിടയിലും അദ്ദേഹം ചില ചിത്രങ്ങൾ വരച്ചു തന്നു. കവർ പേജ് ചെയ്യാൻ ആരാ എന്ന ചിന്തക്ക് ഞാൻ തന്നെ എന്നതായിരുന്നു എന്റെ മനസ്സിൽ. പക്ഷേ ഈ കഥകൾക്ക് മാന്യമായ സ്ഥാനം നല്കുന്ന ഒരു കവർ പേജ് ഞാൻ ചെയ്താൽ ശരിയാവുമോ എന്ന ചിന്തയും അലട്ടി. സജ്ജീവ് തന്നെ നന്ദകുമാറിന്റെ പേരും സൂചിപ്പിച്ചു. പിന്നെ നന്ദകുമാറിനെ ഓടിച്ചിട്ടു പിടിക്കുക എന്നതായി ജോലി. നന്ദൻ തിരക്കുള്ളയാളാണ്, വല്ലപ്പോഴും ബസ്സിൽ വന്നാലായി..!. അങ്ങനെ ഒരു വരവിൽ കക്ഷിയെ വലയിട്ടു പിടിച്ച് അപേക്ഷ കൊടുത്തു. പൂർണ്ണ സമ്മത പക്ഷേ സമയം വേണം. തിരക്ക് മനസ്സിലാക്കാവുന്നതേയുള്ളു. വേണ്ടത്ര സമയം എടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ എന്നാൽ കാത്തിരിക്കൂ എന്നായി. കാത്തിരുന്നു. പകരം മനോഹരമായ പുസ്തകക്കവർ ഈ മെയിലിൽ വന്നു ..! ഇതിനിടക്ക് എന്റെ ഒരു അഭിപ്രായത്തിന്റെ തലമണ്ടക്കിട്ട് ഒരു കൊട്ടും തന്നു നന്ദൻ. :)..

ഒടുവിൽ, ദേവന്റെ കഥകൾക്ക് അതർഹിക്കുന്ന ഒരുപുറം ചട്ടയും, അകത്ത് ദേവന്റെ കഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന കാരിക്കേച്ചറുകളുമായി നിങ്ങൾക്ക് സമർപ്പിക്കുന്നു.

കഴിയുന്നത്ര വായനക്കാരിലേക്ക് ഈ പുസ്തകം അയച്ചുകൊടുക്കാൻ എല്ലാ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു. പുസ്തകം ഇവിടെനിന്നും ഡൌൺ ലോഡ് ചെയ്യാം

Wednesday, September 8, 2010

സ്റ്റോണിങ്ങ് ഒഫ് സുറയ്യ-സിനിമ.

വേട്ടയാടൽ ഒരു കലയാണ്. വ്യക്തമായ തയ്യാറെടുപ്പുകൾ വേണ്ടുന്ന മാനസികവും ശാരീരികവുമായ മുന്നൊരുക്കം വേണ്ടുന്ന കല. അതൊരു പക്ഷേ ഒരു ദിവസത്തിന്റെ, മാസത്തിന്റെ അല്ലെങ്കിൽ വർഷങ്ങളുടെ തന്നെ ശ്രദ്ധാപൂർവമായ തയ്യാറെടുപ്പുകൾ വേണ്ടി വരുന്ന കല. ഒരു വിരലിന്റെ അല്ലെങ്കിൽ നോട്ടത്തിന്റെ പിഴവുമൂലം എല്ലാം തകർന്നടിഞ്ഞേക്കാം. അതുകൊണ്ടുതന്നെ വേട്ടക്കാരന്റെ ശ്രദ്ധാപൂർവ്വമായ ഓരോ ചുവടുവയ്പ്പും മുന്നിശ്ചയപ്രകാരമാവും. പലപ്പോഴും അധികാര-ഭരണവർഗ്ഗമാവും വേട്ടയാടൽ എന്ന ഈ രസികൻ വിനോദത്തിന്റെ പ്രായോജകർ.
                        എന്നാൽ മറുവശത്ത് ഇരക്ക് , ഈ രസികൻ വിനോദം നിലനില്പിന്റെ, ഒരുപക്ഷേ ജീവൻ തന്നെ സംരക്ഷിക്കാനുള്ള സമരവും. ഏറ്റവും ഭീതിതമാകുന്നത്, ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുന്നുള്ള നിമിഷത്തിലും തന്റെ മേൽ ചാടിവീഴുന്ന വേട്ടനായുടെ ഒരു ചലനം പോലും ഇരക്ക് മുൻകൂട്ടി കാണാനാവില്ല എന്നതു തന്നെ. എല്ലാ കെട്ടുകളും മുറുകിക്കഴിയുമ്പോൾ മാത്രമേ ഇര അറിയുന്നുള്ളു തന്റെ നിസ്സഹായവസ്ഥയുടെ, ആഴമെന്താണെന്ന്. *വേട്ടയാടൽ* ഏകപക്ഷീയമായ കളിയാണ്.  കീഴടങ്ങുക അല്ലെങ്കിൽ മരിക്കുക എന്നതു മാത്രമാവും ഇരയ്ക്ക് ചെയ്യാനാവുന്നത്.
അത്തരമൊരു ഇരയുടെ കഥ പറയുകയാണ്  സൈറസ് നൌറസ്തേ സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ സ്റ്റോണിങ്ങ് ഒഫ് സുറയ്യ (Stoning of SurayaM) എന്ന സിനിമ.
                       ഫ്രെഡിയൂൺ സഹേബ്ജം എന്ന ഫ്രഞ്ച്-ഇറാനിയൻ പത്രപ്രവർത്തകൻ എഴുതിയ ഇതേപേരിലുള്ള സംഭവ  കഥയുടെ ചലചിത്രാവിഷ്കാരമാണ്  സ്റ്റോണിങ്ങ് ഒഫ് സുറയ്യ.   യാത്രക്കിടെ വാഹനം കേടായി ഇറാനിലെ ഒരു കുഗ്രാമത്തിൽ എത്തിപ്പെടുകയും അവിടെ വച്ച് യാദൃശ്ചികമായി കാണാനിടയായ സാറ എന്ന സ്ത്രീ പറഞ്ഞകഥ പുറം ലോകത്തെത്തിക്കുകയുമാണ് സഹേബ്ജാം.
                    മൂന്നു കുട്ടികളുടെ അമ്മയായ സുറയ്യയുടെ ഭർത്താവ് അലി മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നു. അന്നാട്ടിലെ നിയമപ്രകാരം(ശരിയത്ത് ?) വിവാഹിതനായ പുരുഷന് മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ മുൻഭാര്യയുടെ സമ്മതമുണ്ടാവണം. അതല്ലെങ്കിൽ ഭാര്യ ദുർന്നടപ്പുകാരിയാണെന്ന് തെളിയിക്കാനാവണം.  അലി സുറയ്യയുടെ സമ്മതം അഭ്യർഥിക്കാനായി സുഹ്രൃത്തായ മതപുരോഹിതനെ അയക്കുന്നുവെങ്കിലും സുറയ്യ അതിനു തയ്യാറാവുന്നില്ല. പിന്നെ അലിയ്ക്ക് ഒരേ ഒരു മാർഗ്ഗമേയുള്ളൂ, അവൾ പരപുരുഷ ബന്ധമുള്ളവളാണെന്നു സ്ഥാപിക്കുക. .
                   എല്ലാ കാലത്തും നിയമവും അധികാരവും വേട്ടക്കാരനോടൊപ്പമാണ്. അലിയും സുഹ്രൃത്തായ മതപുരോഹിതനും തയ്യാറാക്കുന്ന തിരക്കഥക്കൊപ്പം നീങ്ങുകയാണ് നിയമവും സമൂഹവും. തെളിവുകളും സാക്ഷികളും എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് കാണുക. നിങ്ങളുടെ സ്വത്തിനോ ജീവനോ ഒരു നഷ്ടവും ഉണ്ടാകില്ലായെന്നുറപ്പാക്കിയാൽ ഏതു കൊടിയ തെറ്റിനെയും ചൂഷണത്തെയും നിങ്ങൾ കണ്ടില്ലെന്നു നടിച്ചേക്കും. നാളെ അതേ തെറ്റ് നിങ്ങളുടെ നേരെ ആവർത്തിക്കപ്പെടുന്നതുവരെ നിങ്ങൾ നിസ്സംഗനായി എല്ലാം കണ്ടു നില്ക്കും. നിങ്ങളുടെ വലതു ചെവി മുറിഞ്ഞു താഴെ വീഴുമ്പോൾ മാത്രമേ അത്രയും നാൾ നിങ്ങൾ കൊണ്ടു നടന്ന ഇരുതല വാളിന്റെ മൂർച്ച നിങ്ങളറിയൂ.

                    ഒരു കഥ അതിന്റെ ഏറ്റവും മോശമായ ഭാഷയിൽ മാത്രം പറയാനറിയാവുന്ന ഞാൻ അതിനു മുതിരുന്നില്ല. സിനിമാ ചരിത്രത്തിലെ ഏറ്റവും മഹത്തായ സിനിമയൊന്നുമല്ല സ്റ്റോണിങ്ങ് ഒഫ് സുറയ്യ. പക്ഷേ നിങ്ങളീ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾക്കൊരു നല്ല സിനിമാ നഷ്ടമായി എന്നു നിസ്സംശയം പറയാനാവും.നിങ്ങളുടെ മനസാക്ഷിയെ വിടാതെ പിൻ തുടരുന്ന ചിലതുണ്ടാവും സ്റ്റോണിങ്ങ് ഒഫ് സുറയ്യ യിൽ.  ഈ സിനിമ കണ്ടിരിക്കുമ്പോൾ പാഷൻ ഒഫ് ക്രൈസ് എന്ന സിനിമ ഓർത്തതെന്തുകൊണ്ടാണ് ? സുറയ്യ എന്ന സാധുവായ നിരപരാധിയെ കല്ലെറിഞ്ഞു കൊല്ലുമ്പോൾ ഞാൻ ക്രിസ്തുവിനെ ഓർത്തു. ആ വലിയ മനുഷ്യന്റെ ക്രൂശുമരണത്തെ ഓർത്തു. പിന്നീടാണ് അറിയുന്നത് രണ്ടു സിനിമകളും നിർമ്മിച്ചിരിക്കുന്നത് ഒരേ ആൾ തന്നെയാണെന്നത്. !

സിനിമയുടെ രാഷ്ട്രീയം : ശീതയുദ്ധ കാലത്ത് ഹോളിവുഡ് സിനിമകളിൽ വില്ലൻ എപ്പോഴും റഷ്യക്കാരനും രക്ഷകൻ അമേരിക്കക്കാരനുമായിരുന്നു. ഇപ്പോൾ ശീതയുദ്ധമില്ല. തിന്മയുടെ അച്ചുതണ്ട് ഇറാനിലാണ്. അറബ്-മുസ്ളീം വംശജരുടെ കഥകൾക്കാവും മാർക്കറ്റ് വാല്യൂ കൂടുതൽ.



സുറയ്യയെ കല്ലെറിഞ്ഞു കൊല്ലുന്ന അവസാന ഭാഗങ്ങളിൽ ഗ്രാഫിക്സിന്റെ ആധിക്യമില്ലേ എന്ന ആശങ്ക പങ്കുവയ്ക്കുന്നു

Thursday, April 29, 2010

ഞാന്‍ ലജ്ജിക്കുന്നു

നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.

Saturday, April 10, 2010

THE ISLE

എന്താണ് പ്രണയം? ഇന്നിതേവരെ എന്റെ അറിവില്‍ പ്രണയത്തെ വസ്തുനിഷ്ഠമായി പഠിക്കുകയും അതേക്കുറിച്ചെഴുതുകയും ചെയ്തത് ഏറിക് ഫ്രോം ആണ്.പ്രണയത്തിന്റെ ഊടുവഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചത് അന്നുവരെ കാണാത്ത കാഴ്ചകളിലൂടെയാണ്.അതുകൊണ്ട്തന്നെയാണ് “ആര്‍ട്ട് ഒഫ് ലൌവിങ്ങ് “ എന്ന പുസ്തകം അലമാരയില്‍നിന്നൊഴിഞ്ഞുപോകുമ്പോഴും നമ്മുടെ മനസ്സില്‍ ചില വരകളും കുറികളും പോറലുകളും നിലനിര്‍ത്തുന്നതും.ഒരു മരുക്കാറ്റുപോലെ നിന്റെ പ്രണയിനി സകലതും തൂത്തെറിഞ്ഞു കടന്നുപോകുമ്പോഴും നിന്റെ വ്യഥകളുടെ കാഠിന്യത്തെ മറന്ന്, അവളുടെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കാനും അതല്ലാതെ അവള്‍ക്ക് മറ്റൊരു വഴിയില്ലായിരുന്നല്ലോ എന്നാശ്വസിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നു എറിക് ഫ്രോം.എന്നാല്‍ അദ്ദേഹം പറയാതെ പോയ പ്രണയമുണ്ടോ?  ഒരു പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കാണാനാകാതെപോയ പ്രണയവഴികള്‍? അതേ, ചിലതു പറയാതെ തന്നെയാണ് അദ്ദേഹം പോയതെന്നു പറയുന്നു The Isle എന്ന സിനിമ.  നിങ്ങളിനിയും ഈ ചിത്രം കണ്ടിട്ടില്ലായെങ്കില്‍ ഒരു സിനിമാ ആസ്വാദകനെന്ന നിലയില്‍ നിങ്ങള്‍‌ക്കതൊരു നഷ്ടമാണ്.

പ്രണയവും രതിയും പരസ്പരപൂരകമായ ഒരു യുദ്ധതന്ത്രമാണിവിടെ. ഇഷ്ടപ്പെടുന്നവനെ വരുതിയിലാക്കാനുള്ള യുദ്ധത്തില്‍ എടുത്തുപയോഗിക്കാവുന്ന എറ്റവും മികച്ച ആയുധങ്ങള്‍.പ്രണയയും രതിയും ആയുധങ്ങളാവുമോ എന്ന ചോദ്യം പ്രസക്തം. ജീവിതം സുന്ദരമായ ചില കാഴ്ചകള്‍ മാത്രമല്ലെന്നും യുദ്ധവും പിടിച്ചെടുക്കലും കീഴടങ്ങലും എല്ലാം ചേര്‍ന്നതു തന്നെയാണെന്ന് പറയുന്നു സംവിധായകന്‍ കി ഡുക് കിം.

മൃഗങ്ങളോടും പക്ഷികളോടും കാണിക്കുന്ന ക്രൂരതയെ സ്ക്രീനില്‍ കാണിക്കുക വഴി, പരക്കെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ സംവിധായകന്,അതൊക്കെ സ്പെഷ്യല്‍ ഇഫക്റ്റുകളുടെ സഹായത്താല്‍ കാണിക്കുന്നതല്ലേ എന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് സംവിധായകന്‍ പറയുന്നത്, അതൊക്കെ പച്ചയായ ജീവിതമെന്നു തന്നെയാണ്. രതിപോലും ഒട്ടും കലര്‍പ്പില്ലാതെ കാണിക്കുന്നതും താന്‍ ചെയ്യുന്നതൊന്നും വെറും ഗിമിക്കുകളല്ലെന്നും ജീവിതം പരുക്കനായ ചില സത്യങ്ങളുടെ ആകെത്തുകയാണെന്നുമുള്ള വിളിച്ച് കൂവല്‍ തന്നെ.

താന്‍ സ്നേഹിക്കുന്ന പുരുഷന്‍ തന്നെ മാത്രം സ്നേഹിക്കണമെന്ന ആഗ്രഹം ചില സ്ത്രീകള്‍ക്കുണ്ടാകാം. അവന്റെ അമ്മ, സഹോദരി, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിങ്ങനെ അവനെ ചുറ്റിപ്പറ്റിനില്‍ക്കുന്ന സമൂഹം മുഴുവന്‍ തന്നിലേക്കൊഴുകേണ്ട സ്നേഹം പങ്കുവയ്ക്കുവാനായി കടന്നുവരുന്നവരാണെന്ന ചിന്ത.അവളതൊരിക്കലും അനുവദിച്ചുകൊടുക്കാറില്ല.പ്രായോഗികമായി വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഈ മനോഭാവം(Possessiveness) പുരുഷന് പലപ്പോഴും ജീവിതം നരകതുല്യമാക്കും.കുട്ടമണിയുടെ “വേരുവെട്ടി‍” പോസ്റ്റ് ഓര്‍ക്കുന്നു.ഈ ചിത്രത്തില്‍ പൊസ്സസ്സീവ്നെസ്സിന്റെ മൂര്‍ദ്ധന്യമായ അവസ്ഥയെയാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് (Distructive Possesiveness). തന്നെ സ്നേഹിക്കാത്തതൊന്നും നിലനില്‍ക്കണ്ടാ എന്ന അവസ്ഥ. തന്റെ പുരുഷന്റെ സ്നേഹം പങ്കുവയ്ക്കപ്പെടാവുന്ന എല്ലാ സാധ്യതകളേയും നശിപ്പിക്കുകയാണ് തന്ത്രം. അത് പക്ഷിയോ മൃഗമോ മത്സ്യമോ മനുഷ്യനോ എന്നില്ല, എന്തിനേയും ഏതിനെയും അവള്‍ തകര്‍ത്തെറിയും. ഒരു സ്ത്രീയുടെ ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള അവസ്ഥയും അതു തന്നെ. എങ്കില്‍ താന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ “ഞാന്‍ നിന്റെ പുരുഷനല്ല, എനിക്കിഷ്ടമുള്ളപ്പോള്‍ നിന്നെവിട്ടു പോകാനുള്ള അവകാശമെനിക്കുണ്ട്” എന്ന് പ്രഖ്യാപിക്കുന്നതോടെ അവള്‍ സ്വയം കീഴടങ്ങി മരണത്തിലേക്കു നടക്കുന്നു. ഇവിടെ അവകാശം സ്ഥാപിക്കലല്ല, പകരം സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം മാത്രമാണുള്ളത്. മറ്റൊന്നിനും പകരം വയ്ക്കാനാവില്ലെന്നവള്‍ വിശ്വസിക്കുന്ന സ്നേഹം. 
സിനിമയുടെ ചില ഘട്ടങ്ങളില്‍ രതിയെ വളരെ വിദഗ്ദമായി ഉപയോഗിക്കുന്നുണ്ട് സംവിധായകന്‍. ഒരവസരത്തില്‍ അവള്‍ക്കത് അവന്റെ വേദന മറക്കാനുള്ള മരുന്നാണെങ്കില്‍, മറ്റൊരവസരത്തില്‍ അത് സ്വയം സമര്‍പ്പണമാവുന്നു.കീഴടങ്ങലിന്റേതായ അവാച്യമായ അനുഭൂതിയും അവളനുഭവിക്കുന്നു. രതി പുരുഷന്റെ ആശയടക്കലല്ല, പകരം സ്ത്രീയുടെ പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആയുധമാകുന്നു.

ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തില്‍ നടീ നടന്മാര്‍, സംവിധായകന്‍,സംഗീതസംവിധായകന്‍,ഛായാഗ്രാഹകന്‍ എന്നിങ്ങനെ ആരും സിനിമയുടെ സംവേദനത്തെ മുറിപ്പെടുത്തുന്നില്ലായെന്നതാണ്. കഥാപാത്രങ്ങള്‍ പ്രകൃതിയെപ്പോലെ, കാറ്റുപോലെ, മഞ്ഞുപോലെ, കായല്‍ പോലെ, ചങ്ങാടങ്ങള്‍ പോലെ സിനിമയിലേക്കലിഞ്ഞു ചേരുന്നു.

Saturday, March 20, 2010

നയന്‍ ഡെഡ്.(NINE DEAD)


മരണത്തിനെത്ര ഭാവങ്ങളുണ്ട് ? മരണം വെറും പത്തു മിനിട്ടില്‍ നിങ്ങളെത്തേടിയെത്തുമെങ്കില്‍ നിങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും എന്തായിരിക്കാം ? നിങ്ങളുടെ അനാസ്ഥ മറ്റൊരു നിരപരാധിയുടെ മരണത്തിനു കാരണമായെങ്കില്‍ ആ തെറ്റിന്റെ പേരില്‍ നിങ്ങള്‍ മരണശിക്ഷക്ക് അര്‍ഹനാണോ? സ്വന്തം തെറ്റു തിരിച്ചറിയുകയും നിങ്ങളുടെ തെറ്റ് മരണത്തിനര്‍ഹമാണെന്നു ബോധ്യപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ സ്വമേധയാ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുമോ? അര്‍ഹമായ മരണത്തെ നിങ്ങള്‍ ആത്മധൈര്യത്തോടെ നേരിടുമോ അതോ സകല തെറ്റുകളും ഏറ്റുപറഞ്ഞ് ജീവിതത്തിനു വേണ്ടി കെഞ്ചുമോ? 
ചോദ്യങ്ങളെല്ലാം ചോദിക്കുന്നത് നയന്‍ ഡെഡ് എന്ന സിനിമയാണ്. 

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ വളരെ നിസ്സാരമെന്നു തള്ളിക്കളഞ്ഞ നിങ്ങളുടെ തെറ്റുകള്‍, നിങ്ങളുടെ നിരപരാധിത്വം ബോധിപ്പിക്കാനാവാതെ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കുറ്റത്തെ മറ്റൊരു നിരപരാധിയില്‍ ചര്‍ത്തുമ്പോള്‍,അത് ഒരു നിരപരാധിയുടെ ജീവന്റെ വിലയെടുക്കുമ്പോള്‍ നിങ്ങള്‍ മരണാര്‍ഹനാണോ? ആണെന്നോ അല്ലെന്നോ പറയുന്നില്ല സിനിമ. പക്ഷേ ഒരായിരം ചോദ്യങ്ങള്‍‌കൊണ്ട് നിങ്ങളുടെ ഉറക്കം കെടുത്തുകതന്നെയാണ്‌.

ഉറപ്പാക്കപ്പെട്ട മരണത്തെ, പത്തുമിനിട്ടിനുള്ളില്‍ ഒരു വെടുയുണ്ടയുടെ രൂപത്തില്‍ ഒന്‍പതു പേരില്‍ ഒരാളെ തേടിവരുമെന്നുറപ്പാക്കുമ്പോഴും, നിങ്ങള്‍ ചെയ്തുപോയ മാപ്പര്‍ഹിക്കാത്ത  തെറ്റിനെ ഏറ്റുപറയാന്‍ നിങ്ങള്‍ തയ്യാറാവുമോ? തെറ്റുകള്‍ കാഠിന്യം അവയുടെ സാഹചര്യത്തിനൊത്ത് ആപേക്ഷികമാണെങ്കിലും, താരതമ്യേനെ കുറഞ്ഞ ശിക്ഷയര്‍ഹിക്കുന്ന തെറ്റു ചെയ്തവരാകും അതാദ്യം ഏറ്റു പറയുക. മരണം അര്‍ഹിക്കുന്ന, യാതൊരു ദയയും അര്‍ഹിക്കാത്ത തെറ്റാണ് നിങ്ങള്‍ ചെയ്തുകൂട്ടിയതെന്ന് പൂര്‍ണ്ണബോധ്യമുള്ളപ്പോഴും മരണത്തിന്റെ വെടുയുണ്ട നിങ്ങളുടെ നെറ്റി തുളക്കുന്നതുവരെ അതു മറച്ചു പിടിക്കാനാവും പലപ്പോഴും ശ്രമിക്കുക. ക്രൂരനായ വിധിന്യായക്കാരന്‍ നിങ്ങളുടെ ജീവനെടുക്കുമെന്നുറപ്പാക്കിയാന്‍ നിങ്ങള്‍ക്ക് രണ്ടു വഴികളേയുള്ളു. സമസ്താപരാധം ഏറ്റുപറഞ്ഞ് കാലില്‍ വീണ് ജീവനുവേണ്ടി കേഴുക. അതുമല്ലെങ്കില്‍ എന്റെ ജീവനെരക്ഷിക്കാനായി ഞാന്‍ നിന്റെ മുന്‍പില്‍ കേഴുന്നതുകണ്ട് രസിക്കാന്‍ നിന്നെ അനുവദിക്കില്ല എന്നുറക്കെപ്പറഞ്ഞ് ചിരിച്ചുകൊണ്ട് മരിക്കുക.

നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു തീക്കൊള്ളി, ആയിരക്കണക്കിനു ബാലികാബാലന്മാരെ ചുട്ടുകൊന്ന ഒരു അഗ്നിയാഗത്തിനു തുടക്കമായെങ്കില്‍, അതൊരു കൈയ്യബദ്ധമായിരുന്നു എന്നു പറഞ്ഞ് ഒഴിയാനാവും നിങ്ങള്‍ ശ്രമിക്കുക. തീവ്ര വികാരങ്ങളുടെ, മനസ്സിനെ മദിക്കുന്ന, നിങ്ങളുടെ ഉറക്കം കെടുത്തുന്ന ആയിരമായിരം ചോദ്യങ്ങള്‍‌കൊണ്ട് നിങ്ങളെ തീച്ചൂളയിലേക്കു വലിച്ചെറിയാനാണ് ഈ ചിത്രം തിയറ്ററുകളിലേക്കു വരുന്നത്. കണ്ണുകള്‍ തുറന്ന്, കാതുകള്‍ വട്ടം പിടിച്ച്, ശ്രദ്ധാപൂര്‍വ്വം കാണാന്‍, വളരെക്കാലത്തിനു ശേഷം ഇതാ നിങ്ങള്‍ക്കൊരു മനോഹരമായ ചലച്ചിത്രം. നിങ്ങളിനി ഒന്നിനെയും അവഗണിക്കില്ല. ഒരു തെറ്റിനെയും നിസ്സാരവല്‍‌ക്കരിക്കില്ല. കാരണം, അതൊരുപക്ഷേ മറ്റൊരാളുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയാലോ? 


പാട്രിക് വെഗെ മഹോണിയുടെ തിരക്കഥയില്‍ ക്രിസ് ഷാഡ്‌ലി സംവിധാനം ചെയ്ത ഈ ചിത്രം (2010 മര്‍ച് 9) മനോഹരമായ ഒരഭ്രകാവ്യമാണ്.(അവതാറിന്റെ ആരാധകര്‍ ക്ഷമിക്കുക). പത്തു മിനിട്ടിന്റെ ഇടവേളകളില്‍ ഒരാള്‍ വധിക്കപ്പെടുമ്പോള്‍ ടിക്..ടീക്.. എന്നി മിടിക്കുന്ന ക്ലോക്കിന്റെ ശബ്ദം നിങ്ങളുടെ ഹൃദയതാളെത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നുവെങ്കില്‍ സിനിമയുടെ സംഗീത സംവിധായകന്‍ ഡാനി ലക്സിനോട് നന്ദി പറയാം.  


സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളോട്, ഈ ചിത്രം കഴിയുമെങ്കില്‍ തിയറ്ററില്‍ ചെന്ന് കാണുക. ഒരിക്കലും നിങ്ങളുടെ പണം നഷ്ടപ്പെട്ടു എന്നതോന്നലുണ്ടാവില്ല. മാത്രമല്ല, നിങ്ങള്‍ ചിലവാക്കിയ പണം അര്‍ഹിക്കുന്നുണ്ട് ഈ സിനിമ. 

സമീപഭാവിയില്‍ ഓസ്കാറിന്റെയോ കാനിന്റെയോ പുരസ്കാര വേളയില്‍ മെലീസ ജോന്‍ ഹര്‍ട്ട് എന്ന പേര് മികച്ച നടിയായി തിരങ്ങെടുക്കപ്പെടുന്നുവെങ്കില്‍ ഓര്‍ക്കുക, അവരത് അര്‍ഹിക്കുന്നുണ്ട്.