കാറ്റു പറഞ്ഞതും
കടലു പറഞ്ഞതും
കാലം പറഞ്ഞതും പൊള്ളാണേ..
കാലം പറഞ്ഞതും പൊള്ളാണേ..
പത്തു വർഷങ്ങൾക്കു മുൻപാണെന്നു തോന്നുന്നു കലാകൌമുദി പുറത്തിറങ്ങിയത് ഒരു സുന്ദരമായ ചിത്രവുമായിട്ടായിരുന്നു. പുറംചട്ട മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഒരു ഭീമൻ ഞണ്ടിന്റെ ചിത്രമാണത്. ചുവന്ന പശ്ചാത്തലത്തിൽ ചുവന്ന ഞണ്ടിന്റെ ചിത്രം. എന്തായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത ? ശ്രദ്ധിച്ചാൽ കാണാവുന്ന തരത്തിൽ മാത്രം കാണാവുന്ന ഒന്ന്. മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ഞണ്ടിനെ താഴേക്കു വലിക്കുന്ന മറ്റൊരു ഞണ്ട്…!!. കവർ സ്റ്റോറിയായി ഒരു കഥയുമുണ്ടായിരുന്നു. കഥ ഇങ്ങനെയാണ്.
(കഥ പറയാനുള്ള എന്റെ പരിമിതമായ കഴിവ് ചിലപ്പോൾ കല്ലുകടിയായേക്കാം; ക്ഷമിക്കണം)
ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ജൈവ സമ്പത്തുക്കളുടെ ഒരു പ്രദർശനം നടക്കുന്നു. മറ്റു പല രാജ്യങ്ങൾക്കൊപ്പം ഇൻഡ്യയിൽ നിന്നും കേരളവും പങ്കെടുക്കുന്നു. ഇൻഡ്യയുടെ പവലിയനിൽ കേരളം പ്രദർശിപ്പിച്ചിരിക്കുന്നത് കുറേ ഞണ്ടുകളാണ്. ഒരു കുട്ടയിൽ കൂട്ടിയിട്ടിരിക്കുന്ന കുറേയധികം ഞണ്ടുകൾ. അടച്ചുറപ്പില്ലാതെ തുറന്നിട്ടിരിക്കുന്ന ഞണ്ടുകളെ കണ്ടിട്ട് വിദേശരാജ്യങ്ങളിൽ നിന്നും വന്ന സന്ദർശകക്ക് സംശയം ;
ഇങ്ങനെ തുറന്നിട്ടാൽ ഞണ്ടുകൾ എങ്ങോട്ടെങ്കിലും ഓടിപ്പോവില്ലെ ?
സ്റ്റാളിലെ മലയാളിയായ ബാബുവിന്റെ മറുപടി ഇങ്ങനെ;
ഓ . അങ്ങനൊന്നും പോകത്തില്ല സാറേ. ഇതൊക്കെ ആലപ്പുഴയിൽ നിന്നും കൊണ്ടുവന്ന ഞണ്ടുകളാ.. അഥവാ ഏതെങ്കിലുമൊരെണ്ണം അങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ചാൽ ബാക്കി എല്ലാം കൂടെ അതിന്റെ കാലു വലിച്ച് താഴെ ഇട്ടോളും.
മലയാളിയുടെ സ്വതസിദ്ധമായ പാലം വലിയുടെ കഥ പറയാനാണ് ഇക്കഥ ( വിജു വി. നായരോ ടി.എൻ ഗോപകുമാറോ ആണെന്നു തോനുന്നു.) ലേഖകൻ പറഞ്ഞു വയ്ക്കുന്നത്.
ഇതിവിടെ പറയാൻ കാരണം ഈ അടുത്ത കാലത്ത് ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടു വരുന്ന ചില പ്രവണതളെ സൂചിപ്പിക്കാനാണ്.
കേരളം ഇൻഡ്യൻ ക്രിക്കറ്റിൽ രഞ്ജി ട്രോഫിക്കപ്പുറം കാണാതിരുന്ന കാലത്തു നിന്നാണ് ശ്രീശാന്ത് എന്നൊരു പയ്യൻ ഇൻഡ്യൻ ക്രിക്കറ്റിൽ സാന്നിധ്യമറിയിക്കുന്നത്. (എബി കുരുവിളയെയും ടിനു യോഹന്നാനെയും മറക്കുന്നില്ല ). എന്തൊക്കെ കുറവുകളുണ്ടെങ്കിലും ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ മലയാളിയാകാൻ ശ്രീശാന്തിനു കഴിഞ്ഞു. ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി ശ്രീശാന്തിന്. എന്നാൽ ശ്രീശാന്ത് ഡിസ്കോകളിൽ ആടിപ്പാടി നൃത്തം വയ്ക്കുന്നു, പരസ്യ ചിത്രങ്ങളിൽ കോമാളി വേഷം കെട്ടുന്നു, അവൻ കളിച്ചാൽ ടീമിന്റെ കാര്യം പോക്കാണ് എന്ന രീതിയിൽ അദ്ദേഹത്തെ താറടിച്ചു കാണിക്കാനാണ് പലപ്പോഴും സ്വന്തം നാട്ടുകാരായ നമ്മൾ മലയാളികൾ സമയം ചിലവാക്കിയിരുന്നത്. ഏറ്റവും വലിയ ആരോപണം കളിക്കളത്തിൽ മര്യാദവിട്ടു പെരുമാറുന്നു എന്നതാണ്. ഒരു പക്ഷേ അത് ശരിയുമാകാം. പക്ഷേ നിങ്ങളറിയുന്ന എത്ര കളിക്കാരുണ്ട് പതിവിലേറെ മാന്യന്മാരായി കളിക്കളത്തിൽ പെരുമാറുന്നവർ ? അല്ലെങ്കിൽ തന്നെ കളി ഒരു യുദ്ധമാകുമ്പോൾ അഗ്രസ്സീവായി പെരുമാറുന്നതിൽ എന്താണ് തെറ്റ് ?
നിങ്ങൾ കാണുന്ന സെബ്രിറ്റികളെല്ലാം മാന്യതയുടെ ഉത്തമ മാതൃകകളാകണം എന്ന് ആഗ്രഹിക്കുന്നത് നിങ്ങളുടെ അത്യാഗ്രഹത്തിന്റെ ഭാഗമല്ലേ ? സ്വതസിദ്ധമായ സ്വഭാവവിശേഷങ്ങൾ അഴിച്ചു വച്ചുകൊണ്ടാകണം സമൂഹത്തിന്റെ മുമ്പിൽ അവതരിക്കാൻ എന്നാവശ്യപ്പെടുന്നത് നിങ്ങളുടെ ദുരഭിമാനത്തിന്റെ ഭാഗമല്ലേ ? ഇരുപതോ ഇരുപത്തിരണ്ടോ വയസ്സായ ഒരു പയ്യൻ നാല്പതു വയസ്സായവനെപ്പോലെ പെരുമാറണം എന്നു പറയുന്നത് എന്തു വിശേഷസ്വഭാവത്തിന്റെ ഭാഗമാണ് ? തന്നെ സഹായിക്കാൻ ബാധ്യസ്ഥരായവർ അതു ചെയ്യാതെ വരുമ്പോൾ അവരോട് അവഗണാപൂർവ്വം പെരുമാറുന്നത് സ്വാഭാവിക പ്രതികരണത്തിന്റെ ഭാഗം മാത്രമാണ്..
ഇത്തരത്തിൽ മലയാളിയുടെ ഞണ്ട് സ്വഭാവം മറനീക്കപ്പെടുന്നത് മറ്റോരു ചെറുപ്പക്കാരന്റെ നെഞ്ചത്തോട്ടാണ്. നന്ദനം എന്ന സിനിമയിലൂടെ സിനിമാ ലോകത്തേക്ക് വന്ന പ്രിഥ്വിരാജ് എന്ന നടൻ. നന്ദനം, സ്റ്റോപ് വയലൻസ്, എന്ന ചിത്രങ്ങൾ ഏകദേശം ഒരേ കാലത്താണ് പുറത്തു വരുന്നത്. ആദ്യചിത്രമായ നന്ദനത്തിലൂടെ മലയാളത്തിന് കഴിവുള്ള ഒരു സ്വാഭാവിക നടനെ ലഭിക്കുകയായിരുന്നു. സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലെ “സാത്താൻ” എന്ന കഥാപാത്രം ആ ചെറുപ്പക്കാരൻ എഴുതിത്തള്ളാവുന്നവനല്ല എന്നും തെളിയിച്ചു. ഇക്കാലത്തു തന്നെയാണ് “ഫെഫ്ക”യും “അമ്മ”യും തമ്മിലുള്ള കരാർ തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്. ഒരു പുതുമുഖനടന്റെ ഏറ്റവും വിഷമമേറിയ ഘട്ടമായി അതിനെ കാണാം. കോടിക്കണക്കിനു രൂപ മുതൽ മുടക്കുള്ള ഈ വ്യവസായത്തിൽ ചിലരുടെ ചക്കളത്തിപ്പോരിനൊപ്പമല്ല പകരം പണം മുടക്കുന്നവനൊപ്പമാണ് നില്ക്കേണ്ടതെന്നു തീരുമാനിക്കാനായത് ആ ചെറുപ്പക്കാരന്റെ ആർജ്ജവം കൊണ്ടുതന്നെയാണ്.
സൂപ്പർസ്റ്റാറുകളുടെ അലിഖിതമായ അപ്രമാദിത്വത്തിന്റെ നിഴലിലായിരുന്ന മലയാളം സിനിമാവ്യവസായം ഈ ചെറുപ്പക്കാരനുമേൽ അടിച്ചേല്പ്പിച്ചത് കടുത്ത ഭൃഷ്ടായിരുന്നു. സംവിധായകൻ വിനയന്റെ മേൽ അടിച്ചേല്പ്പിക്കപ്പെട്ട വിലക്കുകൾ അദ്ദേഹത്തിന്റെ പണിപ്പുരയിലായിരുന്ന ചിത്രത്തിൽ (സത്യം 2004) അഭിനയിച്ചുകൊണ്ടിരുന്ന പ്രിഥ്വിരാജിലേക്കും വന്നു വീണു. പ്രിഥ്വിരാജ് അഭിനയിക്കുന്ന ചിത്രങ്ങളിൽ അമ്മയുടെ അംഗങ്ങൾ ഒന്നും അഭിനയിക്കാൻ പാടില്ല എന്ന പ്രഖ്യാപിത വിലക്കും വന്നു. ഒരു പുതുമുഖനടന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. എന്നാൽ അമ്മ മല്ലികാ സുകുമാരന്റെ ഫലപ്രദമായ ഇടപെടൽ മൂലം പ്രിഥ്വിരാജ് മെല്ലെ തമിഴിലേക്ക് കളം മാറ്റിച്ചവിട്ടി. സൂപ്പർ ഹിറ്റായി മാറിയ “കനാക്കണ്ടേൻ” എന്ന ചിത്രത്തിലെ “മദൻ” എന്ന കഴുത്തറുപ്പുകാരനായ പലിശക്കാരനായി മാറ്റിനിറുത്താനാവാത്ത സാന്നിധ്യമാണ് താനെന്ന് ഒരിക്കൽ കൂടെ അരക്കിട്ടുറപ്പിക്കുകയായിരുന്നു പ്രിഥ്വിരാജ് എന്ന നടൻ. പിന്നെ “പാരിജാതം” “മൊഴി”, “അഭിയും നാനും”, “ശത്തം പോടാതെ”, “രാവൺ” എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ. ഒടുവിൽ തന്നെ ഒഴിവാക്കിയ മലയാളം തമ്പുരാക്കന്മാർക്കൊപ്പം “താന്തോന്നി” യായി മലയാളത്തിൽ നിലയുറപ്പിക്കുകയും ചെയ്തു. ഇപ്പോൾ “ആഗസ്റ്റ് സിനിമ” എന്ന പേരിൽ സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി താനിവിടെ നില്ക്കാൻ തന്നെ തീരുമാനിച്ചു എന്ന് പ്രഖ്യാപിക്കുന്നു ഈ ചെറുപ്പക്കാരൻ.
ഇനി നമ്മൾ ഒത്തൊരുമിച്ചു ചേരുന്ന ഞണ്ടുകളി തുടങ്ങുകയായി. അവൻ ധിക്കാരിയാണ് എന്നതാണ് ആദ്യത്തെ പ്രശ്നം. നേരത്തെ ചോദിച്ചതുതന്നെ ആവർത്തിക്കുന്നു. അവൻ എന്തുകൊണ്ട് ധിക്കാരി ആവാൻ പാടില്ല ? നിങ്ങൾ താലപ്പൊലിയും വെൺചാമരവുമായി കൊണ്ടു വന്ന താരമൊന്നുമല്ലല്ലോ അവൻ ? ഈ വ്യവസായത്തിൽ ആരെ കൊള്ളണമെന്നും തള്ളണമെന്നും വ്യക്തമായി വകതീവുള്ള ഒരു അചന്റെയും അമ്മയുടെയും മകന് ഇത്രയൊക്കെയേ പറ്റൂ എന്നു കരുതുന്നതല്ലേ ഭംഗി ? അവൻ ഇംഗ്ലീഷ് സംസാരിക്കുന്നു, ഗർവ്വോടെ സംസാരിക്കുന്നു എന്നൊക്കെ പഴി പറയുമ്പോൾ അവൻ ചവിട്ടി നടന്ന മുള്ളുകളെ മറന്നു പോകുന്നു. പണ്ടു തന്നെ ഒതുക്കാൻ ശ്രമിച്ചവരെ തിരിച്ച് പ്രഹരിക്കാനല്ല പകരം കൂടെ നിർത്താൻ തന്നെയാണ് ഈ ചെറുപ്പക്കാരന്റെ ശ്രമം. 2002 രണ്ടിൽ സിനിമയിലേക്ക് വന്ന് ഇത്രയും കാലത്തിനിടക്ക് എഴുപതോളം ചിത്രങ്ങൾ; അവയിൽ പലതും മികച്ച വാണിജ്യ നേട്ടം കൊയ്തത്. മലയാളത്തിന്റെ മിനിമം ഗ്യാരണ്ടി നായകനായി പ്രിഥ്വിരാജ് ഉയർന്നു വരികയാണ്. ഒരല്പം അഹങ്കാരവും ഗർവ്വും അനുവദിച്ചു കൊടുക്കേണ്ടതാണ് നമ്മൾ.