
മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.
തിരുവനന്തപുരം: 2008 അദ്ധ്യായനവര്‍ഷം മുതല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് പരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കേരളാ വിദ്യാഭാസരംഗത്തെ സുപ്രധാനമായ ഈ തീരുമാനം കൈകൊണ്ടത്. ഇന്നു വൈകുന്നേരം വിളിച്ചുകൂട്ടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭാസമന്ത്രി മന്ത്രി മന്ത്രിസഭാതീരുമാനം വിശദീകരിക്കും. മേലില്‍ പ്രീഡിഗ്രി തലത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന മെരിറ്റ് ലിസ്റ്റില്‍ നിന്നായിരിക്കും മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനം നടത്തുക എന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും അറിവായിട്ടുണ്ട്.
ഞെട്ടിയോ? ഇതൊരു സ്വപ്നമാണ്. ! ഉറുമ്പിന്റെ സ്വപ്നം.
1. എന്തിനുവേണ്ടിയാണ് ഈ പ്രവേശനപരീക്ഷകള്‍?
2. ആര്‍ക്കാണ് അതുകൊണ്ടുള്ള പ്രയോജനം?
3. നഷ്ടം ആര്‍ക്ക്?
ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. അറിവുള്ളവര്‍ക്ക് ഉത്തരം പറയാം.
ചോദ്യം രണ്ട്: പ്രയോജനം എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നവര്‍ക്കു മാത്രം.
200 കോടിയിലേറെ വരുമാനമുള്ള ഈ കച്ചവടത്തില്‍ താല്പര്യമുള്ളവര് ഏറെയാണ്. മേല്‍പ്പറഞ്ഞ കോച്ചിംഗ് ക്ലാസ്സുകള്‍ നിറുത്തിയാല്‍, പ്രീഡിഗ്രി തലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരം ഒരല്പം കൂടുവാനേ സാധ്യതയുള്ളു. ബ്രോയിലര്‍ ചിക്കന്‍പോലെ തയ്യാറാക്കപ്പടുന്ന ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ആധിക്യം അവസാനിക്കും. സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ കടന്നുവരുന്നവരുടെ, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിക്കും. നാടന്‍ കോഴിക്കറിയുടെ രുചിപോലെ.
ചോദ്യം മൂന്ന്: എന്‍ട്രന്‍സ് കോച്ചിഗ് ക്ലാസ്സുകളിലൂടെ തല്ലിപ്പഴുപ്പിച്ചെടുക്കുന്ന ഒരുകൂട്ടം വിദ്യാര്ദ്ധികള് അവരുടെ സ്വാഭാവിക കഴിവുകളിലൂടെയല്ല പരീക്ഷ ജയിക്കുന്നത്. അതൊകൊണ്ടുതന്നെ 75,000 മുതല്‍ ഒരു ലക്ഷം വരെ ഫീസ് കൊടുക്കാന്‍ കഴിവില്ലാത്ത മിടുക്കന്മാര്ക്കും മിടുക്കികള്‍ക്കും ഈ കോഴ്സുകളിലേക്ക് അഡ്മിഷന് ലഭിക്കാതെ വരുന്നു. അതുമൂലം സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രൊഫഷാണന്‍ സമൂഹത്തെയാണ് നമുക്കു കിട്ടാതെ പോകുന്നത്.!
അതോ ഇങ്ങിനെയൊക്കെ ചിന്തിക്കുന്ന ഉറുമ്പിനെന്തെങ്കിലും പ്രശ്നമുണ്ടോ? ഒരു സംശയം?