Sunday, June 28, 2009

ബ്ലോഗിങ്ങിന്റെ രണ്ടു വർഷം.

2007 ജൂൺ 29 നാൺ ഞാൻ ആദ്യമായി എന്റെ സ്വന്തം ബ്ലോഗു തുടങ്ങുന്നതും അതിൽ ഒരു പോസ്റ്റ് ഇടുന്നതും. അതിനു ഏതാനും മാസങ്ങൾക്കുമുൻപ് ഓർക്കൂട്ടിൽ ഒരു സുഹ്രുത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ലോഗിലേക്കുള്ള ലിങ്കുവഴിയാണ് ഇങ്ങനൊരു സംഭവം ഉണ്ടെന്നുതന്നെ അറിയുന്നത്. അതുവഴി പിന്നെ ഒരു യാത്രയായിരുന്നു. മലയാളം യൂണികോഡിന്റെ വികസത്തിൽ സ്തുത്യർഹമാ‍യ പങ്കുവഹിച്ച പലരുടെയും ബ്ലോഗുകൾ (ആരുടെയും പേരെടുത്തുപറയുന്നില്ല.) കണ്ടു. ആരുടെയെങ്കിലും ബ്ലോഗിൽ കമെന്റിടുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്.എനിക്കു ബൂലോകം പരിചയപ്പെടാൻ കാരണമായ ആ സുഹ്രുത്തിനും, പിന്നെ എന്റെ ബ്ലോഗുവായനക്കു പ്രചോദനമായ വിശാലനും നന്ദി.വിശാലന്റെ ബ്ലോഗുവഴി മറ്റുപലരുടെയും ബ്ലോഗു കണ്ടു. പിന്നെ ചിന്ത എന്ന അഗ്രിഗേറ്റർ പരിചയപ്പെട്ടു. അങ്ങിനെ പലരുടെയും ബ്ലോഗുകൾ വായിച്ചതിനു ശേഷമാണ്, രണ്ടു വർഷം മുൻപ്‌ ഇതേ ദിവസം ഉറുമ്പ് എന്നപേരിൽ ബ്ലോഗു തുടങ്ങുന്നത്.
വായനാസുഖം തരുന്ന ഒട്ടേറെ രചനകൾ ഉണ്ടായിരുന്നതിനാൽ, അതു മുഴുവൻ കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടു മനസ്സിലാക്കി, മുഴുവൻ ബ്ലോഗും വായിച്ച്, അതിൽനിന്നും എനിക്കിഷ്ടപ്പെട്ടതു തിരഞ്ഞെടുത്തു മറ്റുള്ളവർക്കു പങ്കുവയ്ക്കുക എന്ന ഉദ്ദേശമായിരുന്നു “ഉറുമ്പുകടികൾ” എന്ന ബ്ലോഗ് തുടങ്ങാൻ കാരണം. പക്ഷേ ദിവസവും പോസ്റ്റുചെയ്യപ്പെടുന്ന എല്ലാ ബ്ലോഗും വായിച്ച് ഒരു തിരഞ്ഞെടുപ്പു നടത്തുക എന്നത്, എന്നെപ്പോലെ ദിവസം പന്ത്രണ്ട് മണിക്കൂറിലേറെ പണിയെടുക്കുന്ന ഒരാൾക്ക് കഴിയുന്നതല്ല എന്നുവന്നപ്പോൾ, തിരഞ്ഞെടുപ്പു നിർത്തിയെങ്കിലും എനിക്കു പറയാനുള്ളതു പറയാനായി ബ്ലോഗു നിലനിർത്തി.

ഇതിനിടയിൽ ഒരുപാടു അങ്കങ്ങൾ കണ്ടു. സദുദ്ദേശപരമായി ഉപയോഗിക്കാനായി “ബ്ലോഗർ.കോം” തരുന്ന സൌജന്യമായ സേവനത്തെ മറ്റൊരുവന്റെ വ്യക്തിഹത്യക്കു മാത്രമായി ഉപയോഗിക്കുന്നതും കണ്ടു. പല കൂട്ടായ്മകളും രൂപംകൊള്ളുന്നത് കണ്ടു. എനിക്കെന്തോ അത്തരം കൂട്ടയ്മകളിൽ പങ്കുചേരാൻ തോന്നിയില്ല. ഒരു സ്വതന്ത്ര മാധ്യമം എന്ന നിലയിൽ നിന്നും,അതിലൊരു കൂട്ടായ്മ മറ്റൊരു ചേരിതിരിവിനു കാരണമാകും എന്ന തോന്നൽകൊണ്ടുതന്നെ. അതുകൊണ്ടുണ്ടാകാവുന്ന പക്ഷപാതം എനിക്കുണ്ടാകരുതെന്നും വിശ്വസിച്ചു.അതു നന്നായെന്നു പിന്നെ മനസ്സിലായി. ഈ മാധ്യമം മലയാളത്തിന്റെ മുഴുവൻ പിത്രുത്വം ഏറ്റെടുക്കാൻ കെൽ‌പ്പുള്ളതാണെന്നും, താങ്കളുടെ രചനകൾ ലോകോത്തരങ്ങളാണെന്നും, പ്രിന്റു മീഡിയ തങ്ങളെ മന:പൂർവ്വം അവഗണിക്കുകയാണെന്നുമുള്ള രോധനങ്ങളും, പ്രിന്റു മീഡിയയോടുള്ള പുശ്ചവും എല്ലാം കണ്ടു. ഇതിൽ ഒരാൾ പറഞ്ഞത്,മരം നശിപ്പിച്ചാണ് പേപ്പർ ഉണ്ടാക്കുന്നതെന്നും ആ പേപ്പറിൽ പ്രിന്റു ചെയ്യുന്ന ഒന്നിനെയും തനിക്കു മതിക്കാനാവില്ലെന്നുമാണ്. മനം മടുപ്പിക്കുന്ന തരത്തിലുള്ള സംഘം ചേർന്ന ആക്രമണങ്ങളും, മറ്റുള്ളവരുടെ സ്വകാര്യതയെ തുരന്നെടുത്ത്, ഭീഷണിപ്പെടുത്തലും കണ്ടു. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നു പരാതിപറഞ്ഞവർ തന്നെ തങ്ങളുടെ കിച്ചൻ‌ ക്യാബിനറ്റിനപ്പുറമുള്ളവരുടെ രചനകളെ കണ്ടില്ലെന്നു നടിച്ചു. മറ്റുള്ളവർ എന്റെ ബ്ലോഗിൽ കമെന്റിടണമെന്നും, അതു ഞാനർഹിക്കുന്നു എന്നഹങ്കരിക്കുകയും,അതേ സമയം ആ കമെന്റിട്ട ബ്ലോഗറുടെ ബ്ലോഗിൽ പോയി ഒന്നു നോക്കാനോ, അതിലൊരു കമെന്റിടുവാനോ തയ്യാറാകാത്ത ഒരു വരേണ്യവർഗ്ഗം ബ്ലോഗിൽ ഉടലെടുത്തു. എന്തിനാ അങ്ങനെ കമെന്റിടുന്നത് എന്നു ചോദിച്ചാൽ, ഒരു സിമ്പിളായ ഉത്തരം, എന്റെ ബ്ലോഗ് മറ്റുള്ളവർ വായിക്കണമെന്നും അതിൽ നാലു തെറിയാണെങ്കിലും കമെന്റായി വരണം എന്ന എന്റെ ആഗ്രഹം തന്നെ. ആ ആഗ്രഹം ബ്ലോഗു ചെയ്യുന്ന എല്ലാവർക്കുമുണ്ടാകും എന്നതാണ് എന്റെ വിശ്വാസം.

കുറ്റം പറയൽ മാത്രമായോ ?

ബ്ലോഗിന്റെ അനുഗ്രഹമായി പലതും കിട്ടി. കേരളഫാർമർ, അങ്കിൾ, എന്നിങ്ങനെ ആത്മാർഥതയുള്ള ചില മുതിർന്നവരെ നേരിട്ടു പരിചയപ്പെടാനുള്ള അവസരം. ഇത്രയും ഒരു മനുഷ്യനു ലളിതമായി മറ്റുള്ളവരോടു പ്രതികരിക്കുവാനാകുമോ എന്ന് അതിശയം തോന്നിപ്പികുന്ന വിശാലമനസ്കൻ എന്ന വലിയ മനുഷ്യനെ പരിചയപ്പെടാനുള്ള അവസരം. എന്തും ഏതും കാര്യകാരണസഹിതം വിശദീകരിച്ചുതരുന്ന ദേവേട്ടനെ പരിചയപ്പെട്ടത്‌, കൊടുങ്കാടിളകി വന്നാലും കുലുങ്ങാതിരിക്കൻ കഴിയും എന്ന കാണിച്ചുതന്ന കുറുമാനെ നേരിൽകാണാനായത്‌, അങ്ങിനെ പലതും.

പിന്നെ ഏറ്റവും മികച്ചതായി കിട്ടിയത്‌, ചില രചനകളാണ്. അതും സൌജന്യമായി. ഡാലി, ദേവൻ, നെടുമങ്ങാടൻ,കുറുമാൻ, വിശാലമനസ്കൻ, ബ്രിഡ്ജുവിഹാരം മനു, അരവിന്ദൻ, മേരി ലില്ലി, എന്നിങ്ങനെ എണ്ണം പറഞ്ഞ എഴുത്തുകാർ, ബെർളി തോമസ് എന്ന മഹാസംഭവം, ഹരി എന്ന സിനിമാക്കാരൻ, ഐടി അഡ്മിൻ എന്നുവേണ്ട, പുസ്തകങ്ങളുടെ ലോകത്തിൽനിന്നും വിട്ടുനിൽക്കേണ്ടി വരുന്ന മലയാളിക്കു വിരുന്നു തരുന്ന ഒരുപാടുപേർ. എല്ലാപേരെയും പേരെടുത്തു പറയാൻ ഇന്നു മുഴുവൻ ടൈപ്പുചെയ്യേണ്ടിവരുമെന്നതിനാൽ ലിസ്റ്റു പൂർത്തിയാക്കുന്നില്ല.

ഈ ബൂലോകത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയ എല്ലാ സുഹ്രുത്തുകൾക്കും നന്ദിപറയേണ്ടി വരുമ്പോൾ എന്റെ മനസ്സിലെന്തോ ഒരു വിങ്ങൽ. പ്രത്യേകിച്ച്, ഈ കാലയളവിൽത്തന്നെയാണ് എനിക്കെന്റെ കുഞ്ഞു പിറന്നതും അത്‌ ബൂലോകം മുഴുവനറിയിക്കുമ്പോഴും,നിങ്ങളുടെ ആശംസകൾ വായിച്ചപ്പോഴും മനസ്സുനിറഞ്ഞിരുന്നു. എന്റെ മകൻ ആദിത്തിന് രണ്ടു വയസ്സു തികയാറായി. എന്റെ ബ്ലോഗിനു രണ്ടു വയസ്സു തികഞ്ഞു.

ഈ കുടുംബത്തിൽ ഞാനും ഒരം‌ഗമാണെന്ന തിരിച്ചറിവിൽ അഭിമാനിച്ചുകൊണ്ട്.
ഉറുമ്പ്.

Thursday, June 25, 2009

എ.കെ. ആന്റണി-അഭിനവ തുക്ലക്-രണ്ട്.

ചാരായനിരോധനത്തിൽ ശ്രീ. ഏ.കെ. ആന്റ്ണിയുടെ സ്വപ്നങ്ങളും അതിന്റെ വികാസപരിണാമവും ഇതിനു മുൻപിലത്തെ പോസ്റ്റിൽ ചർച്ചചെയ്തിരുന്നു. അടുത്തത് സ്വാശ്രയ കോളേജുകളാണ്.
ഉദ്ദേശലക്ഷ്യങ്ങൾ-
1. കേരളത്തിലെ കുട്ടികൾക്ക് എഞ്ചിനിയറിഗിനോ മെഡിസിനോ മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കോ അന്യസംസ്ഥാനത്തു പോകാതെ കേരളത്തിൽത്തന്നെ പഠിക്കാൻ കഴിയുമാറ്, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക.
2. നമ്മുടെ കുട്ടികൾ അന്യസംസ്ഥാനത്തു പഠിക്കുന്നതുവഴി ഒഴുകിപ്പോകുന്ന കോടിക്കണക്കിനു രൂപ കേരളത്തിൽതന്നെ ഉത്പാദനക്ഷമമായി വിനിയോഗിക്കുക.
3. അന്യസംഥാനത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾ റാഗിംഗ് പോലുള്ള പീഠനങ്ങൾക്കു വിധേയരാകുന്നത് ഒഴിവാക്കുക.
4. നമ്മുടെ കുട്ടികൾ ദൂരദേശത്തുപഠിക്കുന്നതുമൂലം മാതാപിതാക്കൾക്കുള്ള ഉത്കണ്ഠ ഇല്ലാതാക്കുക.

മേൽ‌പ്പറഞ്ഞ കാര്യങ്ങൾ ഭംഗിയായി നടപ്പാക്കണമെങ്കിൽ വേണ്ടത്ര പ്രൊഫഷണൽ കോളേജുകൾ കേരളത്തിൽത്തന്നെ ഉണ്ടാകണം. റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുന്ന നമ്മുടെ സംസ്ഥാനത്തിന് കൂടുതൽ പ്രൊഫഷനൽ കോളേജുകൾ തുടങ്ങാനുള്ള ശേഷിയില്ല. എന്നാൽ സ്വകാര്യ മാനേജുമെന്റിൻ‌കീഴിൽ ഉയർന്ന ഫീസ് കൊടുത്തു പഠിക്കാൻ കെൽ‌പ്പുള്ളവർക്കായി സ്വാശ്രയകോളേജുകൾ തുടങ്ങുമ്പോൾ, മിടുക്കന്മാരായ വിദ്യാർഥികൾക്ക് കഴിവുണ്ടായിട്ടും സാമ്പത്തിക പരാധീനതമൂലം പഠിക്കാൻ കഴിയാത്ത അവസ്ഥ ഒഴിവാക്കണം. അതിനായി സ്വാശ്രയ കോളേജുകൾ തുടങ്ങാൻ അനുവാദം നൽകുമ്പോൾ അൻപതുശതമാനം സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ നടത്തണം. ബാക്കി അൻപതുശതമാനം മാനേജുമെന്റിന്റെ ഇഷ്ടപ്രകാരമുള്ളവർക്കു കൊടുക്കാം, അതും നിശ്ചിതയോഗ്യതയുള്ളാവർക്കുമാത്രം. മാത്രമല്ല, ഇനിമുതൽ കാശുള്ള മലയാളികൾ പ്രൊഫഷണൽ കോളേജുതുടങ്ങാൻ മണിപ്പാലിലോ മൈസൂറിലോ പോകില്ല. കോടികളുടെ ഇൻ‌വെസ്റ്റ്മെന്റാണ് കേരളത്തിൽ വരിക.
ഇത്രയും കാര്യങ്ങളിൽ ശ്രീ. ആന്റണിയുടെ ഉദ്ദേശശുദ്ധി പ്രശംസനീയമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഭരണാധികാരിയുടെ മുഖം. ഇനിമുതൽ മണിപ്പാലിലോ മൈസൂറിലോ പോയി ലക്ഷങ്ങൾ കോഴകൊടുത്ത് സീറ്റുനേടണ്ട. മക്കൾ അന്യദേശത്തു പഠിക്കാൻ പോയി വഴിതെറ്റില്ല. മലയാളിയുടെ പണം നമ്മുടെ നാട്ടിൽത്തന്നെ നിന്നുകറങ്ങും. നമ്മുടെ പണംകൊണ്ട് പള്ളവീർപ്പിക്കാൻ ഇനി ഗോസായിമാർക്കാവില്ല. അതിലേറെ ഏറ്റവും മഹത്തായ കാര്യം, രണ്ടു സ്വാശ്രയ കോളേജുകൾ തുടങ്ങുമ്പോൾ ഫലത്തിൽ ഒരു കോളേജ് സർക്കാരിനു സ്വന്തം..! ആ സീറ്റെല്ലാം പാവപ്പെട്ടവന്റെ കുട്ടികൾക്കു പഠിക്കാനായി..! ഓർക്കുമ്പോൾത്തന്നെ രോമാഞ്ചം വരുന്നു. ഇത്രയും പൊതുജനസ്നേഹമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ളവർ ചുരുക്കം. അങ്ങിനെ നമ്മുടെ നാട്ടിലും സ്വാശ്രയ കോളേജുകൾ ആരംഭിച്ചു. എല്ലാം ഭംഗിയായി. ഇനിയാർക്കുവേണം ബാംഗ്ലൂരും മണിപ്പാലും. കോട്ടത്തുകാരന് കോട്ടയത്തുതന്നെ എഞ്ചിനിയറിങ് പഠിക്കാം, തിരുവനന്തപുരത്തുകാരന് തിരുവനന്തപുരത്തും.

പക്ഷേ കാര്യങ്ങൾ നടപ്പിലാക്കി വന്നപ്പോഴാണ് എന്തെക്കെയോ എവിടെക്കെയോ കുഴപ്പങ്ങൾ. എഞ്ചിനിയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും അഡ്മിഷൻ തേടിച്ചെന്ന ഉയർന്ന മെറിറ്റുകാരനും സീറ്റില്ല. എന്താ കാരണം? ആർക്കുമറിയില്ല.

പൊതുജനം ചോദിച്ചതൊന്നുമാത്രം, അമ്പതുശതമാനം സീറ്റ് മെരിറ്റിലല്ലേ?
അച്ചന്മാരുടെ മറുപടി “ഏതു മെറിറ്റ്, എന്തു മെറിറ്റ് ? “
അപ്പോ കോളെജ് തുടങ്ങുമ്പോൾ പറഞ്ഞതോ ?
ആരു പറഞ്ഞു, എന്തു പറഞ്ഞു ? ആരോടു പറഞ്ഞു ?
അന്തോണിച്ചൻ പറഞ്ഞ അമ്പതു ശതമാനം ?
അന്തോണിച്ചൻ അങ്ങിനെ പറഞ്ഞോ, ഞങ്ങൾക്കറിയില്ല.
“കോടതിയിൽ പോകും” - ജനം
പൊയ്ക്കോ, അതിനു ഞങ്ങളെന്തു ചെയ്യണം ? അല്ലെങ്കിൽത്തന്നെ അതിനു നിങ്ങളുടെ കൈയ്യിൽ തെളിവുണ്ടോ?

ഇല്ല. ഒരു തെളിവും ഇല്ല. വട്ടപ്പൂജ്യം. കോടതിയിൽ പോയാൽ കോടതിച്ചിലവ് നഷ്ടം.

അന്തോണിച്ചൻ കോളെജിന് അനുമതികൊടുക്കുമ്പോൾ പറഞ്ഞ അമ്പതുശതമാനത്തിന്റെ കാര്യം നാലണയുടെ വെള്ളക്കടലാസിൽ‌പോലും എഴുതിവാങ്ങിയിട്ടില്ല.
ഞങ്ങളുടെ പണംകൊണ്ട് ഞങ്ങൾ ഉണ്ടാക്കിയ കോളെജിൽ ഞങ്ങൾക്കിഷ്ടമുള്ളവരെ പഠിപ്പിക്കും, അതിൽ സർക്കാരിനോ, എച്ചിൽതെണ്ടികളായ ജനത്തിനോ ഒരു കാര്യവുമില്ല. പിന്നെ മെറിറ്റ്. അതിനു ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളപോലെ ഒരു പ്രവേശനപ്പരീക്ഷ നടത്തും. അതിൽനിന്നും ഞങ്ങൾ ഇഷ്ടമുള്ളവരെ (മടിശ്ശീലയുടെ കനം) പഠിപ്പിക്കും. വേണേൽ നിങ്ങൾ കോടതിയിൽ പൊയ്ക്കോ, ഞങ്ങൾക്കു മൈ.. അല്ല. പുല്ലാ....

ഒന്നാലോചിച്ചു നോക്കൂ, കേരളത്തിലെന്നല്ല, ഇൻഡ്യയിൽത്തന്നെ മറ്റേതൊരു ഭരണാധികാരി ഇത്തരം ഒരു നടപടി സ്വീകരിച്ചാലും കോടികളുടെ അഴിമതി ആരോപണം വരും. പക്ഷേ ആന്തപ്പൻ കക്കൂല..കട്ടവനു കൂട്ടുനിൽക്കുമോ? അതിപ്പൊ പറയാൻ പറ്റില്ല. തത്വത്തിനായി ആന്റണി കട്ടിട്ടില്ലാ എന്നു പറഞ്ഞാലും ഇവിടെ കോടികൾ മറിയുന്ന അഴിമതി നടന്നിട്ടുണ്ട്. പക്ഷേ ആര് ? എന്റെ ചൂണ്ടുവിരൽ കുഞ്ഞൂഞ്ഞിന്റെ നേരെ നീണ്ടാൽ തെറ്റുണ്ടാവുമോ. അതൊരു ശിഖണ്ഠിയെ മുൻപിൽനിർത്തിയുള്ള യുദ്ധമായിരുന്നോ ? അല്ലെന്നു പറയുന്നവർ കാരണം കൂടെ പറയണം.
കേരളത്തിലെ വിദ്യാഭ്യാസമേഖലയെ തകിടം മറിച്ച ആ പരിഷ്കാരത്തിന് പ്രതിഫലം പറ്റിയതാരൊക്കെ. അന്തോണിച്ചന്റെ കൈകൾ നമ്മൾ ഘോഷിക്കുന്നതുപോലെ സംശുദ്ധമാണോ. അതോ നസ്രാണി മുഖ്യൻ നസ്രാണികൾക്കു ചെയ്തുകൊടുത്ത സൌജന്യമോ. ആരുത്തരം പറയും ?

വീണ്ടും ദാ കുഞ്ഞൂഞ്ഞ് വിമോചനസമരത്തിനു പച്ചക്കൊടി കാണിച്ചിരിക്കുന്നു............എന്തു മനസ്സിലാക്കണം പൊതുജനം എന്ന കഴുതകൾ ?

Saturday, June 20, 2009

എ.കെ. ആന്റണി-അഭിനവ തുക്ലക്-ഒന്ന്.

കേരളത്തിലെ ഏറ്റവും സംശുദ്ധനായ രഷ്ട്രീയക്കാരനായാണ് ശ്രീ. എ.കെ. ആന്റണി വാഴ്ത്തപ്പെടുന്നത്‌. അദ്ദേഹം എത്രമാത്രം സംശുദ്ധനാണെന്നോ, അദ്ദേഹത്തെക്കാൾ സംശുദ്ധനായ രാഷ്ട്രീയക്കാർ ഉണ്ടോ എന്നോ വിശകലനം ചെയ്യുകയല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില ഭരണ പരിഷ്കാരങ്ങളെ വിശകലനം ചെയ്യുകയാണിവിടെ.
ഒരു ഭരണാധികാരി നടപ്പിലാക്കുന്ന ചില പരിഷ്കാരങ്ങൾ സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും. അതുപോലൊന്നാണ് ശ്രീ. ആന്റെണി നടപ്പാക്കിയ ചാരായ നിരോധനം. വളരെ പ്രശംസ പിടിച്ചുപറ്റിയ ഒരു പരിഷ്കാരമാണത്‌. ഇലക്ഷനോടനുബന്ധിച്ച് കാട്ടിക്കൂട്ടിയ ഒരു രാഷ്ട്രീയ നാടകം എന്ന് അതിനെ വിലയുരുത്തിയവരും ധാരാളം. പക്ഷേ, ആ പരിഷ്കാരം ഒന്നുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ പാർട്ടിക്ക് പ്രത്യേക ഗുണമുണ്ടായില്ല. അഥവാ ഗുണമുണ്ടായെങ്കിൽ ഒരു പ്രതികൂലസാഹചര്യത്തിൽ ഇലക്‌ഷൻ ജയിക്കുവാനുള്ളത്ര ഗുണമുണ്ടായില്ല. ആന്റണിക്ക് വ്യക്തിപരമായി തന്റെ ജനകീയ ഇമേജ് മെച്ചപ്പെടുത്തുവാനായെങ്കിലും അതിനടുത്തുവന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അന്നേവരെ ഇല്ലാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ് രാഷ്ട്രീയമായി ആന്റണിയുടെ പാർട്ടിക്ക് പ്രയോജനം ചെയ്തില്ല എന്നു പറഞ്ഞത്‌.
ഇനി മറ്റൊരു കോണിലൂടെ നോക്കിയാൽ, അദ്ദേഹം ചാരായം നിരോധിക്കുമ്പോൾ പറഞ്ഞത്, മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമത്തിൽ കുറച്ചുകൊണ്ടു വന്ന് കേരളത്തിൽ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് ചാരായനിരോധനമെന്നാണ്. അതിനായി ഇൻഡ്യൻ നിർമ്മിത വിദേശമദ്യത്തിന്റെ മേലുള്ള നികുതി ഇരുന്നൂറ് ശതമാനംകണ്ട് വർദ്ധിപ്പിക്കുകയും ചെയ്തു. നൂറ്റി ഇരുപത് രൂപ ദിവസക്കൂലി വാങ്ങുന്ന സാധാരണ തൊഴിലാളി, താങ്ങാനാവാത്ത വിലകൊടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ മദ്യം ഉപേക്ഷിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അടിസ്ഥാനവർഗ്ഗ തൊഴിലാളികളെക്കുറിച്ചുള്ള ആ ധാരണ തെറ്റിയോ ? ഇനി ഇൻഡ്യൻ നിർമ്മിത വിദേശമദ്യം മാത്രം ഉപയോഗിക്കുന്നവരാകട്ടെ മദ്യവില വാനോളം ഉയരുമ്പോൾ മദ്യപാനം നിർത്തുമോ?
ഈ രണ്ടു കാര്യങ്ങളിലും അദ്ദേഹത്തിനു തെറ്റുപറ്റി എന്നാണ് പിൻ‌കാല ചരിത്രം വ്യക്തമാക്കുന്നത്. മദ്യപാനം ശീലമാക്കിയ ഒരുവൻ മരണഭയം ഒഴികെയുള്ള മറ്റൊരു സാഹചര്യത്തിലും ആ ശീലം ഉപേക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം. ‌- വൈകുന്നേരങ്ങളിൽ മാത്രം രണ്ടു പെഗ്ഗടിച്ച് വീട്ടിൽ പോകുന്ന പാന്റ്സിട്ട മദ്യപാനിയുടെ കാര്യമല്ല പറയുന്നത്. രാവിലെ മുതൽ വൈകിട്ടുവരെ ചുമടെടുത്തും, കടലിൽ പോയും, കൈക്കോട്ടെടുത്തും നൂറോ നൂറ്റമ്പതോ രൂപ ദിവസക്കൂലി വാങ്ങുന്നവരെക്കുറിച്ചാണ്. - അത്തരം മദ്യപാനിയുടെ മദ്യപാനം അവന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുള്ളതാണ്. ചെയ്യുന്ന തൊഴിലിന്റെ കാഠിന്യത്തെ പ്രതിരോധിക്കാനുള്ള അവന്റെ ആശ്വാസമാണ്. ഒരു കള്ള്-ചാരായം കുടിയനു മാത്രം മനസ്സിലാകുന്ന മനശാസ്ത്രം. വയറുനിറയെ കുടിച്ച്‌ വഴിയേപോകുന്ന തല്ലിനെ ചെകിടുകൊണ്ടുതടയുന്നവരെയും ഒഴിവാക്കാം.

എന്റെ അനുഭവത്തിൽ നിന്നുള്ള ഒരുദാഹരണം ഇവിടെ സൂചിപ്പിക്കാം.
ട്രേഡ് യൂണിയൻ തൊഴിലാളി ആണു മില്ലു-രായൻ എന്നു വിളിക്കുന്ന രാജൻ. രാജന്റെ ഭാര്യ രമണി. കുഞ്ഞുങ്ങൾ രണ്ട്.
രാജൻ മദ്യപാനിയാണ്. ദിവസവും ജോലി കഴിഞ്ഞാൽ നേരെ ഷാപ്പിലേക്ക്‌. കിട്ടിയ നൂറ്റീ ഇരുപതു രൂപാ ശമ്പളത്തിൽ നാല്പതു രൂപ ചാരയത്തിന്, പത്തുരൂപ അനുസാരികളും വണ്ടിക്കൂലിയും. അമ്പതുരൂപ രമണിക്ക്‌. ബാക്കി ഇരുപത് നാളെ ചായ, ബീഡി, സിഗററ്റ്‌ മുതലായ അനാമത്തു ചിലവുകൾക്ക്. ഇതാണ് രാജന്റെ ബഡ്ജറ്റ് പ്ലാനിംഗ്.
രമണിക്കു കുട്ടികളുടെ അച്ചനോട് സ്നേഹമൊക്കെയുണ്ടെങ്കിലും ജോലി ചെയ്തു കിട്ടുന്ന നൂറ്റി ഇരുപതിൽ, എഴുപതും കുടിച്ചു കളയുന്നതിൽ അമർഷം. പണ്ടാരക്കാലന്റെ മണ്ടമറിയാൻ നാട്ടുകാരു കേൾക്കെയും രാജൻ കേൾക്കാതെയും പ്രാകുന്നു.
അപ്പോഴാണ് ശ്രീ. എകെ.ആന്റണി കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവരുന്നതും, വിദേശമദ്യവില കൂട്ടുന്നതും. ചാരായനിരോധനം നടപ്പിലാക്കിയ അന്നുതന്നെ രമണി ആന്റണിക്കുവേണ്ടി പ്രാർഥിച്ചു. അദ്ദേഹത്തിന്റെ ആയുരാരോഗ്യസൌഖ്യത്തിനായി രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു. രാജൻ കുടി നിർത്തിയോ. ഇല്ല. പക്ഷേ രണ്ട് ദിവന്സത്തിലൊരിക്കലാക്കി മാറ്റി. വരുമാനം തികയുന്നില്ല. വിദേശമദ്യം മാത്രമേ കിട്ടിന്നുള്ളു. അതിനു മുടിഞ്ഞ വിലയും. അതുകൊണ്ടാണ് കുടി രണ്ടു ദിവസത്തിലൊരിക്കലാക്കി ചുരുക്കിയത്. രമണിയും സന്തോഷിച്ചു. സാവധാനം രാജന്റെ കുടി തന്നെ ഇല്ലാതാവുമെന്ന് രമണി സ്വപ്നം കണ്ടു.
രമണി ശ്രീ.എ.കെ. ആന്റ്ണിയുടെ ആരാധികയായി മാറി.
പക്ഷേ കാര്യങ്ങൾ മാറിമറിയാൻ അധിക കാലമെടുത്തില്ല. രാജന്റെ കുടി ഒന്നിടവിട്ടുള്ള ദിവസങ്ങളിൽനിന്നും സാവധാനം പഴയതുപോലെ ദിനം‌പ്രതി എന്നായി മാറി. രമണിക്കു ചിലവിനു കെടുത്തുകൊണ്ടിരുന്ന അമ്പതു രൂപ വിദേശമദ്യഷാപ്പിൽത്തന്നെ തീർന്നു. കഷ്ടിച്ചു മിച്ചം പിടിച്ച ഇരുപതുരൂപ മാത്രമായി രമണിക്ക്. അത് ചിലവിനു തികയാതായി. ദാരിദ്ര്യം കുടികയറി രാജനും രമണിക്കുമിടയിൽ.
മദ്യനിരോധനം വരുന്നതുവരെ രാജന്റെ മണ്ടമറിയാൻ പ്രാകിയിരുന്ന രമണി പ്രാക്കു ഷിഫ്റ്റുചെയ്തു. രാജന്റെ തലയിൽനിന്നും ശ്രീ. എ.കെ ആന്റണിയുടെ തലയിലേക്ക്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ദൂരെ ഏതോ നാട്ടിൽ സംഭവിച്ചതുമല്ല. നിങ്ങളുടെയും എന്റെയും അയൽ‌പക്കത്ത് സംഭവിച്ചത്‌. അന്യന്റെ അമ്മയുടെ ഭ്രാന്തല്ല. സ്വന്തം സഹോദരിയുടെ വഴിപിഴച്ചപോക്കിന്റെ കാരണം.
അന്റ്ണി എന്ന ഭരണാധിപന് എന്തു നഷ്ടപ്പെട്ടു. ഒന്നും തന്നെയില്ല. എനിക്കെന്തു നഷ്ടപ്പെട്ടു. അതിനു കണക്കില്ല. സമൂഹം കൂട്ടായി ചർച്ചചെയ്യേണ്ട ഒരു വിഷയമാണിത്. ബ്ലോഗിൽ കുത്തിക്കുറിക്കുന്ന എല്ലാ സുഹ്രുത്തുക്കളുടെയും ശ്രദ്ധപതിക്കേണ്ട വിഷയം.

Thursday, June 18, 2009

സഹായിക്കൂ. വിന്‍ഡോസ് വിസ്ത.

ഞാൻ ഒരു ലപ്ടോപ്പ് വാങ്ങി. വിൻഡോസ് വിസ്ത പ്രിമിയം ആണ് ലോഡ്‌ ചെയ്തിരിക്കുന്നത്‌. ഒരു പ്രശ്നം. റീജിയണൽ ലംഗ്വജ് സെറ്റിങ്സിൽ സപ്ലിപെന്റൽ ലാംഗ്വജ് സപ്പോർട്ട് കാണുന്നില്ല. മൊഴി കീമാൻ /വരമൊഴി ഇൻസ്റ്റാൾ ചെയ്തിട്ടും മലയാളം ടൈപ്പുചെയ്യാൻ സാധിക്കുന്നില്ല. അറിവുള്ളവർ സഹായിക്കൂ....

Monday, June 15, 2009

സതയുടെ ലോകം

സത എന്ന ബ്ലോഗർക്കു വായിക്കനാണീ പോസ്റ്റ്.
സതയുടെ ബ്ലോഗു വായിക്കുവർക്ക് മനസ്സിലാക്കാവുന്നത് അദ്ദേഹം ഒരു കറകളഞ്ഞ R.S.S/B.J.P. അനുഭാവിയാണെന്നതാണ്.
അങ്ങനെ മറ്റുള്ളവർ കരുതുന്നതിൽ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാറിന്റെ ഏക സനാതന ലോകം സത സ്വപ്നം കാണുന്നു. ലോകം മുഴുവൻ ഒന്നായിത്തീരണമെന്നും,അവിടെ മനുഷ്യരെല്ലാം ഒരുപോലെ ചിന്തിക്കണമെന്നും, എല്ലാ മനുഷ്യരും രാവിലെ എഴുന്നേറ്റ്‌ കുളിച്ച് സൂര്യഭഗവാനെ തൊഴുത് ജോലിക്കുപോകുന്നതിനു മുൻപ് കാളമൂത്രം നെറ്റിയിൽ ചാർത്തണമെന്നും അദ്ദേഹം സ്വപ്നം കാണുന്നതിൽ തെറ്റില്ലതന്നെ. പക്ഷേ ഒറ്റ പ്രശ്നം അതെവിടെ നടപ്പാക്കണം എന്നതാണ്. ജനിച്ചുവളർന്ന നാട്ടിൽ പറ്റിയില്ലെങ്കിൽ മറുനാട്ടിലെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതു മഹത്തായ കാര്യം തന്നെ. ഇൻഡ്യയെന്ന മഹാരാജ്യത്ത്‌ നടപ്പാക്കാൻ പറ്റിയില്ലെങ്കിൽ ദുബായിലോ, സൌദിയിലോ നടപ്പാക്കിയാലും മതി.അവിടാകുമ്പോൾ ഭേദപ്പെട്ട ശമ്പളം കിട്ടുന്ന തൊഴിലും ചെയ്യാം സനാതന ലോകം സ്രിഷ്ടിക്കുകയും ചെയ്യാം. അവിടെ ഒരേ ഒരു മതം മാത്രമേ ഉള്ളു. ഇസ്ലാം മതം..! മറ്റൊരു മതവും ഇല്ലാതിരുന്നിട്ടും ലവന്മാരെന്തിനാ അച്ചായന്മാർക്കു പള്ളികളും ഹിന്ദുക്കൾക്ക് അമ്പലവും കെട്ടാൻ അനുവാദം കൊടുത്തത്‌. ? ആർക്കറിയാം ?

സംഘ്പരിവാറിന്റെ ഏകസനാതനലോകം എന്ന സ്വപ്നത്തെക്കുറിച്ച് സത എഴുതിയത്‌ വായിച്ചപ്പോളാണ്, ഇതുതന്നെയല്ലേ ജർമ്മൻ‌കാരൻ ഹിറ്റ്ലറും പറഞ്ഞത്‌ എന്നു തോന്നിയത്‌. ഛെ, അയാൾ അത്ര ശരിയല്ലാത്തവനായിരുന്നു എന്നു തോന്നിയോ? എന്നാൽ ക്രിസ്തു പറഞ്ഞതും ഇതുതന്നെയല്ലേ? മുഹമ്മദ് പറഞ്ഞതും ഇതുതന്നെയല്ലേ. എന്തിനേറെ, വിഖ്യാതനായ പാട്ടുകാരൻ ജോൺ ലെന്നൻ “ഇമാജിൻ “ എന്ന പാട്ടിലൂടെ ആഹ്വാനം ചെയ്യുന്നതും ഇതുതന്നെ. ലോകം മുഴുവൻ തൊഴിലാളി-മുതലാളി, സമ്പന്നൻ-ദരിദ്രൻ എന്ന വ്യത്യാസമില്ലാതെ ഒന്നുപോലെ ജീവിക്കണമെന്ന് കാൾമാർക്സും പറയുന്നു. അങ്ങിനെ മനുഷ്യനെ വേർതിരിക്കുന്ന ഏതു തരം തത്വത്തെയും തള്ളിക്കളയണം. യുക്തിക്കുനിരക്കാത്ത എന്തിനെയും തള്ളിക്കളയണം. സത സ്വപ്നം കാണുന്നതും ഇതു തന്നെയാണ്. ലോകം മുഴുവൻ ഒരുപോലെ ചിന്തിക്കണം-രാമനെപ്പോലെ, ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കണം-കാവി മാത്രം. അതിൽ തെറ്റുണ്ടോ. ഇല്ല. പക്ഷേ, അതിനു തിരഞ്ഞെടുക്കുന്ന രീതി എന്താകണം? ക്രിസ്തു പറഞ്ഞതുപോലെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഒരു കരണത്തടിക്കുന്നവന് മറുകരണവും കാട്ടിക്കൊടുക്കുക. ഇത്രയും അലൌകീകമായ ഒരു തത്വചിന്ത മറ്റൊരാളും പറഞ്ഞതായി അറിയില്ല. എന്നാൽ‌പ്പിന്നെ ലോകം മുഴുവൻ ക്രിസ്ത്യാനികളായാൽ പ്രശ്നം തീർന്നു. ആരും ആരെയും തല്ലില്ല. അഥവാ തല്ലിയാൽത്തന്നെ തിരിച്ചുതല്ലില്ല, തല്ലുകൊണ്ടവൻ.! ലോകത്തിനു മുഴുവൻ സമാധാനം നൽകുവാനായി ക്രൂശിൽ മരിച്ച, ചുങ്കക്കാരെ യഹോവയുടെ ആലയത്തിൽ നിന്നു ചാട്ടവാറിനടിച്ചു പുറത്താക്കിയ യേശുക്രിസ്തുവിന്റെ പേരിൽ ബ്ലേഡു കമ്പനികൾ നടത്തുന്നു. അയൽക്കാരന്റെ മുണ്ടുപറിക്കുന്നു. ഇനി രാമന്റെ വഴി എന്താണ് ? പ്രജാപതിയായ പുരുഷൻ ഉത്തമനായിരിക്കണമെന്നും, സ്വന്തം ഭാര്യയുടെ കാര്യത്തിലാണെങ്കിൽ‌പോലും ഒരു ആരോപണം ഉണ്ടായാൽ ആരോപണം ഇല്ലാതാക്കാൻ വേണ്ടതുചെയ്യാനുള്ള കടമ ഉത്തമനായ പ്രജാപതിക്ക് ഉണ്ടായിരിക്കണമെന്നും രാമൻ സ്വജീവിതത്തിലൂടെ കാണിച്ചുതരുന്നു. എന്നാൽ ഇവിടെ രാമന്റെ പേരിൽ അന്യസ്ത്രീയുടെ അടിവസ്ത്രം കീറുന്നു. കുഞ്ഞുങ്ങളെ കാലിൽതൂക്കി തറയിലടിക്കുന്നു.
ഒരു കാതലായ പ്രശ്നം ഉണ്ട്. രാമനും ക്രിസ്തുവും മിത്തുകളാണെന്നതുതന്നെ. മിത്തുകളെ പലപ്പോഴും വ്യാഖ്യാനിക്കുന്നത്‌ കാലികമായി അവനവന്റെ ഇഷ്ടത്തിനനുസരിച്ചാണ്. അപ്പോപ്പിന്നെ മിത്തുകളെ വിടാം. ജീവിച്ചിരുന്നവരെ ആധാരമാക്കാം. “ ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്.” എന്ന്‌ ശ്രീനാരായണഗുരു പറഞ്ഞപ്പോൾ, “ ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഹിന്ദുവിന്‌ “ എന്നാക്കി മാറ്റി നമ്മൾ. വിഗ്രഹങ്ങളെ എല്ലാം മാറ്റിവച്ച് കണ്ണാടിയെ പ്രതിഷ്ടിച്ച് അവനവന്റെ ഉള്ളിൽത്തന്നെയാണ് ദൈവം കുടികൊള്ളുന്നതെന്ന് ഗുരു പറഞ്ഞപ്പോൾ അതെന്താണെന്നു മനസ്സിലാക്കാൻപോലും നമുക്കായില്ല.

ഏക സനാതന ലോകം കെട്ടിപ്പടുക്കൻ ഇറങ്ങിത്തിരിച്ച സതയുടെ കൂട്ടുകാരും തിരഞ്ഞെടുത്തത്‌ ഒരു സവർണ്ണ ദൈവത്തെയാണെന്നത്
ഇവിടെ സൂചിപ്പിച്ചോട്ടെ. രാമനെയാണ്, ക്രിഷ്ണനെയല്ല. ശിവനെയുമല്ല. രാമക്ഷേത്രം നിർമ്മിക്കാൻ കല്ലുകളുമായി ഇവർ വണ്ടികയറിയ അതേ സമയത്തുതന്നെയാണ്, വലപ്പാട് ശ്രീരാമാ പോളീടെക്നിക് ഹോസ്റ്റലിനു പുറകിൽ സാമൂഹ്യവിരുദ്ധർക്കു താവളമായി ആരാലും പരിപാലിക്കപ്പെടാതെ ഒരു ശിവക്ഷേത്രം നിലകൊള്ളുന്നതും. ഇപ്പോഴും അതുതന്നെ അവസ്ഥ. ക്ഷേത്രക്കുളത്തിൽ പുലയർക്കു കുളിക്കാൻ പാടില്ലെന്നു ബോർഡെഴുതി വച്ചിരിക്കുന്നു ത്രിക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ. സ്വന്തം അമ്മയുടെ ഭ്രാന്തിനു മരുന്നന്വോഷിക്കാതെ അയൽകാരന്റെ കാലിലെ മന്തിനു പരിഹാരം കണ്ടുപിടിക്കുന്നു കേരളത്തിലെ പരിവാരങ്ങൾ

സർക്കാരിന്റെ കണക്കനുസരിച്ച് ഒരു പൌരൻ എഞ്ചിനിയറോ ഡോക്റ്ററോ ആയിത്തീരാൻ ഏകദേശം അറുപതുലക്ഷം രൂപ സർക്കാരിനു ചിലവാകും. അങ്ങിനെ സർക്കാരിന്റെ ലക്ഷങ്ങൾ ചിലവാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിദേശത്തുപോയി നാലാംവേദക്കാരനുവേണ്ടി ജോലി ചെയ്യുന്നത്‌ ദേശവിരുദ്ദമാണ്. കറകളഞ്ഞ ദേശാഭിമാനിയായതുകൊണ്ടാണ് വിദേശത്തുപോകാതെ സത നാട്ടിൽത്തന്നെ ജോലിചെയ്ത്‌ രാജ്യത്തെ സേവിക്കുന്നത്‌.