Wednesday, December 19, 2007

മെഡി:-എഞ്ചി‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.


മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.

തിരുവനന്തപുരം: 2008 അദ്ധ്യായനവര്‍ഷം മുതല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ കേരളാ വിദ്യാഭാസരംഗത്തെ സുപ്രധാനമായ ഈ തീരുമാനം കൈകൊണ്ടത്‌. ഇന്നു വൈകുന്നേരം വിളിച്ചുകൂട്ടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭാസമന്ത്രി മന്ത്രി മന്ത്രിസഭാതീരുമാനം വിശദീകരിക്കും. മേലില്‍ പ്രീഡിഗ്രി തലത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന മെരിറ്റ്‌ ലിസ്റ്റില്‍ നിന്നായിരിക്കും മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനം നടത്തുക എന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും അറിവായിട്ടുണ്ട്‌.

ഞെട്ടിയോ? ഇതൊരു സ്വപ്നമാണ്‌. ! ഉറുമ്പിന്റെ സ്വപ്നം.
1. എന്തിനുവേണ്ടിയാണ്‌ ഈ പ്രവേശനപരീക്ഷകള്‍?
2. ആര്‍ക്കാണ്‌ അതുകൊണ്ടുള്ള പ്രയോജനം?
3. നഷ്ടം ആര്‍ക്ക്‌?

ഒന്നാമത്തെ ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടില്ല. അറിവുള്ളവര്‍ക്ക്‌ ഉത്തരം പറയാം.

ചോദ്യം രണ്ട്‌: പ്രയോജനം എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ ക്ലാസ്സുകള്‍ നടത്തുന്നവര്‍ക്കു മാത്രം.
200 കോടിയിലേറെ വരുമാനമുള്ള ഈ കച്ചവടത്തില്‍ താല്‍പര്യമുള്ളവര്‍ ഏറെയാണ്‌. മേല്‍പ്പറഞ്ഞ കോച്ചിംഗ്‌ ക്ലാസ്സുകള്‍ നിറുത്തിയാല്‍, പ്രീഡിഗ്രി തലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരം ഒരല്‍പം കൂടുവാനേ സാധ്യതയുള്ളു. ബ്രോയിലര്‍ ചിക്കന്‍പോലെ തയ്യാറാക്കപ്പടുന്ന ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ആധിക്യം അവസാനിക്കും. സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ കടന്നുവരുന്നവരുടെ, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിക്കും. നാടന്‍ കോഴിക്കറിയുടെ രുചിപോലെ.

ചോദ്യം മൂന്ന്: എന്‍ട്രന്‍സ്‌ കോച്ചിഗ്‌ ക്ലാസ്സുകളിലൂടെ തല്ലിപ്പഴുപ്പിച്ചെടുക്കുന്ന ഒരുകൂട്ടം വിദ്യാര്‍ദ്ധികള്‍ അവരുടെ സ്വാഭാവിക കഴിവുകളിലൂടെയല്ല പരീക്ഷ ജയിക്കുന്നത്‌. അതൊകൊണ്ടുതന്നെ 75,000 മുതല്‍ ഒരു ലക്ഷം വരെ ഫീസ്‌ കൊടുക്കാന്‍ കഴിവില്ലാത്ത മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഈ കോഴ്സുകളിലേക്ക്‌ അഡ്മിഷന്‍ ലഭിക്കാതെ വരുന്നു. അതുമൂലം സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രൊഫഷാണന്‍ സമൂഹത്തെയാണ്‌ നമുക്കു കിട്ടാതെ പോകുന്നത്‌.!

അതോ ഇങ്ങിനെയൊക്കെ ചിന്തിക്കുന്ന ഉറുമ്പിനെന്തെങ്കിലും പ്രശ്നമുണ്ടോ? ഒരു സംശയം?

Saturday, December 15, 2007

ക്രിസ്തുമസ്


Friday, December 14, 2007

ബ്ലോഗും പ്രേം നസീറും പിന്നെ എം.കെ.ഹരികുമാറും"മലയാളികള്‍ കാഴ്ചകളില്‍ ഭ്രമിക്കുന്നവരാണ്‌." ജ്വലിക്കുന്ന സൂര്യനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനെക്കാളേറെ, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടത്തില്‍ ഭ്രമിച്ചുപോവുകയും അതേക്കുറിച്ച്‌ നെടുനീളന്‍ കവിതകളോ നോവലുകളോ, അക്കാദമിക് ഗ്രന്‌ഥങ്ങളോ രചിക്കും മലയാളി. ഈ തിളക്കം നൈമിഷികമല്ലേ എന്നു സംശയം കൂറിയാല്‍, അവനെ വ്യക്തിഹത്യ ചെയ്ത്‌ കാലത്തിന്‍റ്റെ ഇരുളറയിലടക്കാനും മറക്കില്ല. ഇക്കാരണം കൊണ്ടുതന്നെയാണ്‌ എക്കാലവും നമ്മുടെ രാജ്യത്തിന്റെ അഭിമാനസ്തംഭമാകേണ്ട "അഗ്നിചിറകുകള്‍" വായിക്കാതെ പോകുന്നതും, "നളിനി ജമീലയുടെ ആത്മകഥ" ബെസ്റ്റ് സെല്ലറാകുന്നതും.

ആയിരത്തോളം കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ ജഗതി ശ്രീകുമാറിനെ അംഗീകരിക്കാന്‍ മടിക്കുന്നതും, ഒരേ ഒരു ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രേംജിക്ക്‌ അവാര്‍ഡ് കൊടുക്കുന്നതും ഇതേ മനോഭാവം കൊണ്ടുതന്നെ. പ്രേംജി നല്ല നടനല്ല എന്നു കരുതുന്നില്ല. അനിതര സാധാരണമായ കഴിവുള്ളയാള്‍ക്കേ, പിറവിയിലെ ഈച്ചരവാര്യരെ അഭിനയിച്ചു നന്നാക്കാനാവൂ. എന്നാല്‍ "ഉദയാനാണു താരം" എന്ന ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ ജഗതിക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. ശ്രീനീവാസനെ നവരസങ്ങള്‍ പരിശീലിപ്പിക്കുന്ന ഒരൊറ്റ രംഗം മതി ആ അതുല്യ പ്രതിഭയുടെ മാറ്റുരക്കാന്‍. എന്നിട്ടും ജഗതി ഇന്നും നമുക്ക്‌ "സഹ" !.

ഈയൊരു കാഴ്ചപ്പാടില്‍ തന്നെയാണ്‌ ശ്രീ. എം.കെ.ഹരികുമാറിന്റെ "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്‍" എന്ന കുറിപ്പിനെയും കാണാന്‍. ഒരു നടന്‍ അവന്റെ കഴിവുതെളിയിക്കേണ്ടത്‌ നടന വൈഭവത്തിലൂടെ തന്നെയാകണം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഭരത്‌ ഗോപി, അടൂര്‍ ഭാസി, തിക്കുറിശ്ശി, കരമന, സത്യന്‍, പ്രേംജി, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഇടയില്‍ നിന്നും പ്രേം നസീറിനെ മാറ്റി നിറുത്തുന്നതെന്താണ്‌? അഭിനയത്തികവില്‍ ഇവരോടൊപ്പമോ അതിനു മുകളിലോ ശേഷിയുള്ളയാളണോ അദ്ദേഹം? അല്ലെങ്കില്‍ എന്തുകൊണ്ട്‌? ഈ ചോദ്യങ്ങള്‍ക്കെല്ലാം, ലളിതമായ ഒരുത്തരമുണ്ട്‌. ഇപ്പറഞ്ഞവരാരും ഒരു നടന്‍ എന്നതിനപ്പുറം വളര്‍ന്ന്‌ ഒരു പ്രസ്ഥാനമായി തീര്‍ന്നിട്ടില്ല. തമിഴില്‍ എം.ജി.ആര്‍., രജനീകാന്ത്, കന്നഡത്തില്‍ രാജ്‌കുമാര്‍, ഹിന്ദിയില്‍ ബച്ചന്‍, മലയാളത്തില്‍ പ്രേം നസീര്‍. അതേ, പ്രേം നസീര്‍ മാത്രം.

ഇനിയാണ്‌, മലയാളിയുടെ അക്കാദമിക് പൊങ്ങച്ചം തലപൊക്കുന്നത്‌. ഒരു ജീവിത കാലം മുഴുവന്‍ മലായാളിയുടെ നായക സങ്കല്‍പങ്ങളില്‍ നിറഞ്ഞു നിന്ന പ്രേം നസീര്‍ നടനേയല്ല!, വെറും ചവര്‍. ജഗതി ശ്രീകുമാറാണോ, മാള അരവിന്ദനാണോ, വലിയ നടന്‍? അഭിനയകലയുടെ സൂഷ്മ വിശകലനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ കുതിരവട്ടം പപ്പുവാണ്‌ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍. പാളിപ്പോയ, അതുമല്ലെങ്കില്‍ ജീവിതത്തോടൊട്ടിനില്ക്കാത്ത എത്ര കഥാപാത്രങ്ങളുണ്ട് പപ്പുവിന്റെതായി?

ശ്രീ എം. കെ. ഹരികുമാറിന്റെ കുറിപ്പില്‍ അദ്ദേഹം വളര സൂക്ഷിച്ചാണ്‌ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ എന്നു കാണാതെ പോകുന്നത്‌ വായനക്കാരന്റെ തെറ്റാണ്‌. അദ്ദേഹം പറയുന്നത്‌ എക്കാലത്തെയും "വലിയ" നടനെക്കുറിച്ചാണ്‌. "മികച്ച" നടനെക്കുറിച്ചല്ല. ആ അര്‍ഥത്തില്‍, പ്രേം നസീര്‍ എന്ന പ്രസ്ഥാനം തന്നെയാണ്‌ "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്‍"