Saturday, May 30, 2009

പിണറായി വിജയൻ മാർ പൌവ്വത്തിലിന് എഴുതിയ കത്ത്.

അഭിവന്ദ്യ മാർ പൌവ്വത്തിൽ തിരുമേനിക്ക് കമ്മ്യുണിസ്റ്റ് മർക്സിസ്റ്റ് പാർട്ടി കേരള ഘടകം സിക്രട്ടറി പിണറായി വിജയൻ എഴുതുന്നത്‌.,
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിൽ ഞാൻ ഞങ്ങളുടെ പാർട്ടി ആസ്ഥാനത്ത്‌ നടത്തിയ പത്രസമ്മേളനത്തിൽ - മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്തീയ ജനവിഭാഗങ്ങൾക്കുണ്ടായ ആശങ്ക ഇല്ലാതാക്കുവാനാവശ്യമായ നടപടി സ്വീകരിക്കും-എന്നു പറഞ്ഞത് വ്യക്തമല്ലെന്നും അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട്‌ റവ: ഡോ: മാണി (തെറ്റിദ്ധരിക്കരുത്‌, തെക്കന്മാരുടെ മാണി അല്ല, അസ്സൽ മാണി സാറിന്റെ മാണി) പുതിയിടം വശം കൊടുത്തയച്ച കത്തു കിട്ടി. അഭിവന്ദ്യ തിരുമേനിക്ക്‌ അങ്ങിനൊരു സംശയം ഉണ്ടാകത്തക്കതരത്തിൽ എന്റെ പ്രസ്താവനയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അടിയനോടു മാപ്പാക്കണം. തിരുമേനിക്ക് അനിഷ്ടം തോന്നിയതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ കച്ചിയിൽ തൊടാതെ പോയതെന്ന് ഞങ്ങൾക്ക്‌ ഉത്തമബോദ്ധ്യം വന്നിട്ടുണ്ട്‌. ഇനി കൊന്നാലും തിരുമേനിയുടെ അനിഷ്ടം സമ്പാദിക്കുന്ന ഒരു പ്രവർത്തിയും എന്റെയോ എന്റെ പാർട്ടിയുടെയോ പക്ഷത്തുനിന്നും ഉണ്ടാകില്ലായെന്ന്‌ അടിയൻ ഇതിനാൽ ദൈവനാമത്തിൽ ഉറപ്പുതരുന്നു. അഖിലാണ്ഡമണ്ഡലം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ മനസ്സുമുഴുവൻ അങ്ങയുടെ വിരൽത്തുമ്പിലാണെന്ന്‌ അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ‌പ്പോലും തെളിയിക്കപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കാൻ താമസ്സിച്ചുപൊയതാണ് ഞങ്ങൾക്കു പറ്റിയ തെറ്റ്. അതു മനസ്സിലാക്കിക്കൊണ്ട്, അങ്ങയെ പ്രീതിപ്പെടുത്താനുള്ള പതിനേഴിന പരിപാടികൾ ഉടൻ പ്രഖ്യാപിക്കുന്നതും അടുത്ത ഒരു വർഷത്തിനിടയിൽ സമയ ബന്ധിതമായി നടപ്പാക്കുന്നതുമാണ്.
നടപ്പാക്കാനിദ്ദേശിക്കുന്ന അജണ്ട. (അങ്ങേക്കിഷ്ടമില്ലാത്തത്‌ വെട്ടാം.)
1. ഏകജാലം പരിപാടി കൊണ്ടുവന്ന മൈക്കുണൻ ബേബിയെ ഉടൻ‌തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും. (അല്ലെങ്കിലും അവന് മറ്റേ കസേരയിൽ ഒരു കണ്ണുണ്ട്‌ )
2. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും നിയമന-പ്രവേശന അവകാശം സുതാര്യമാക്കും. അതായത് അച്ചന്മാരുടെ ഇഷ്ടം‌പോലെ ചെയ്തോളാൻ നിയമം കൊണ്ടുവരും.
3. പാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ബിഷപ്പ്‌ഹൌസിന്റെ കീഴിൽ നിക്ഷിപ്തമാക്കും.
4. മുഴുവൻ പാഠപുസ്തകങ്ങളുടെയും അച്ചടി തിരുവനന്തപുരത്തെ സെന്റ്.ജോസഫ്‌ പ്രസ്സിനെ ഏൽ‌പ്പിക്കും.
5. കേരളത്തിലെ സകല ഗവ: സ്കൂളുകളുടെയും ഭരണം ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലാക്കും.
6. ദേവസ്വം ബോർഡ്‌, വക്കഫ്‌ ബോർഡ്‌ മുതലായവ പിരിച്ചുവിട്ട്, അവയുടെ ഭരണം ബിഷപ്പുമാരെ ഏൽ‌പ്പിക്കും.
7. ആഴ്ച്ചയിൽ എല്ലാ വെള്ളിയാഴ്ചയും അരമനയിൽ വന്നുകണ്ട്‌ അഭിവന്ദ്യ പിതാവിന്റെ കൈ മുത്തും (വേണേൽ ചെരിപ്പും)
8. വരുന്ന കർക്കിടകത്തിൽത്തന്നെ റോമിൽച്ചെന്ന് മാർപ്പാപ്പയെക്കണ്ട്‌ അനുഗ്രഹം വാങ്ങും.
9. പാർട്ടിയിൽ ഇനിമേലിൽ ഒരു നിരീശ്വരവാദിയേയും പൊറുപ്പിക്കില്ല. (അച്ചുതാനന്ദനെ ഉടൻ പുറത്താക്കും )
10. ശേഷിക്കുന്ന പാർട്ടിക്കാരെ മുഴുവൻ മാർഗ്ഗം കൂടിക്കും.
11. അഭയക്കേസ് ഉടൻ എഴുതിത്തള്ളും
12. കന്യാസ്ത്രീമഠം, ബിഷപ്പ്‌ഹൌസ് എന്നിവയുടെ ഏഴു കിലോമീറ്റർ ചുറ്റളവിൽ പോലീസ് പ്രവേശിക്കുന്നത്‌ വിലക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കും.
13. മേലിൽ കന്യാസ്ത്രീമഠങ്ങളിൽ നടക്കുന്ന എല്ലാ ദുരൂഹമരണങ്ങളും ആത്മഹത്യയായി എഴുതിത്തള്ളും.
14.ബിവറേജസ്‌ കോർപ്പറേഷൻ ബിഷപ്പ് ഹൌസിന്റെ കീഴിലാക്കും.
15. പുറമ്പോക്കു സ്ഥലങ്ങൾ മുഴുവൻ ബിഷപ്പ്‌ഹൌസിനെ ഏൽ‌പ്പിക്കും.
16.തിരുവമ്പാടിയിൽ നവീനമാത്രുകയിലിള്ള പള്ളി പണിയും.
17. ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സകല കോളെജുകളിലും സ്കൂളുകളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ തടയാൻ ഓരോ ക്ലാസ് മുറിക്കു പുറത്തും രണ്ട് എസ്.എഫ്.ഐക്കാരും, ഗേറ്റിൽ അഞ്ചു സി.ഐ.റ്റി.യു. ക്കാരും കാവൽ നിൽക്കും.

Wednesday, May 27, 2009

വിശാലന് അറം പറ്റി ?

“ മാനക്കേടുകൊണ്ട് അന്ന് കൊച്ചുണ്ണ്യേട്ടൻ ഒരു വറ്റ് ചോർ കഴിച്ചില്ല. രാത്രി ഉറക്കം
വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരുന്ന കൊച്ചുണ്ണ്യേട്ടനോട്‌ ഭാര്യ സമാധാനുപ്പിച്ചുകൊണ്ട്, കഴിഞ്ഞത്‌ കഴിഞ്ഞു, സാരല്യ. ഇനി അതോർത്ത് വിഷമിക്കണ്ട, നിങ്ങ വന്ന് കിടന്നേ” എന്നു പറഞ്ഞപ്പോൾ കണ്‌ട്രോൾ പോയ കൊച്ചുണ്ണ്യേട്ടൻ ആ പാവത്തിനു നേരെ ചാടിക്കൊണ്ടു പറഞ്ഞു. “മഞ്ച കുമാരന് അഡ്വാൻസ് കൊടുത്ത് ഓർഡർ ചെയ്ത മഞ്ചേല് നിന്റെ അപ്പൻ വന്ന് കിടക്ക്വോടീ പോത്തേ? “
(കുഞ്ഞാട് ഷൈജനും കുഞ്ഞുണ്ണ്യേട്ടനും-june 23-2007-കൊടകരപുരാണം)


മകരമാസത്തിലെ കുളിരിന്, എനിക്കിത്രക്കൊന്നും പറ്റാത്തതെന്തേ എന്ന ചോദ്യം ഒരു നൂറു നൂറ്റമ്പതുവട്ടം ചോദിപ്പിക്കുന്ന, അണ്ടകടാഹം മുഴുവൻ കരിച്ചു കളയുമെന്ന വാശിയിൽ നിന്നു കത്തുന്ന വെയിലിൽ നടന്നു തളർന്ന് വീട്ടിലേക്ക് കയറിവന്ന് ആപ്പൂ വലിച്ച കപിശ്രേഷ്ടന്റെ (കട: ദേവൻ) മട്ടിൽ ചാരുകസേരയിൽ കണ്ണടച്ചിരിക്കുന്നു വിശാലൻ.
പലരും പറഞ്ഞതാണ് ഈ കളി വേണ്ടെന്ന്‌. പക്ഷേ കേട്ടില്ല. പണ്ട് പെപ്സിക്കച്ചവടം തുടങ്ങിയതും, അതൊരറ്റം പറ്റിയപ്പോഴും ഇത്രക്കൊന്നും തോന്നിയിരുന്നില്ല. ഇതിപ്പോ കുടുംബമുടിക്കുന്ന പോക്കല്ല്യോ പോയത്‌. ഷെയറ്, സ്റ്റോക്ക് മാർക്കറ്റ്, ഡേ ട്രേഡിങ്ങ്, എന്നൊക്കെ പറഞ്ഞു തരുമ്പോൾ കുറുമാനും പറഞ്ഞില്ല ഇങ്ങനൊരു ചതിയുടെ കാര്യം. കുറുമാന്റെ കാര്യമോ പോട്ടെ, സാമ്പത്തിക അവലോകന വിദഗ്ദ്നാണെന്നു ഞെളിഞ്ഞു നടക്കുന്ന അഞ്ചൽക്കാരനെങ്കിലും പറഞ്ഞോ ? ഇല്ല. എന്തിനും ഏതിനും വ്യക്തവും വിശ്വാസയോഗ്യവുമായ തെളിവുകൾ സഹിതം ഉപദേശിക്കാറുള്ള ദേവേട്ടനെവിടെ ? അങ്ങോരിപ്പോൾ ഇരുപത്തിനാലുമണിക്കൂറും ഔട്ട് ഒഫ് റേയ്ഞ്ചാണ്.

ആദ്യമൊക്കെ ഇത്തിരി പച്ചപിടിക്കുമെന്നു തോന്നിയപ്പോഴാണ് നാട്ടിൽ ഭാര്യയുടെ പേരിലുള്ള നല്ല സുന്ദരൻ പറമ്പുകൂടെ തീറെഴുതി ഷെയറിൽ മുടക്കിയത്. ഇപ്പൊ ദാ പറമ്പുമില്ല, പട്ടയവുമില്ല. സകലതും പോയി. ഒരു സമാധാനത്തിന് കുറുമാനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ലങ്ങോർ ഡെന്മാർക്കിലാണ്.

ഏ.സി.ക്ക്‌ തണുപ്പ് പോരെ? വിയർക്കുന്നുണ്ട്‌. അതോ നെഞ്ചിടിപ്പു കൂടിയിട്ടു വിയർക്കുന്നതാണോ. സോന കുടിക്കാൻ വെള്ളം കൊണ്ടു വന്നപ്പോഴും വല്ലാത്ത ദാഹം തോന്നിയിട്ടും ചാരുകസേരയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. ഇവളാണ് എല്ലാത്തിനും കാരണക്കാരി. അന്നന്നുള്ള ഷെയർ വിലകൾ കൂട്ടിയും ഗുണിച്ചും ഹരിച്ചും കുറച്ചും ബെറ്റർ ഓപ്ഷൻ അഡ്വൈസ് ചെയ്യുന്നത് ഈ നിൽക്കുന്ന ബെറ്റർ ഹാൽഫ് അല്ലെ. എന്തിനവളെപ്പറയണം, പെൺ ബുദ്ധി പിൻ‌ബുദ്ധി എന്ന് അറിയാവുന്നതാണ്. എന്നിട്ടും ..!

ഒന്നും രണ്ടും റുപ്പ്യ അല്ല പോയിക്കിട്ടിയത്. രൂഫാ നാലേമുക്കാൽ ലക്ഷം.! നാലേമുക്കാൽ ലക്ഷത്തിന് മൂന്നേമൂന്ന് ദിവസംകൊണ്ട് നാലായിരത്തഞ്ഞൂറിന്റെ വിലപോലും ഇല്ലാതാവുമെന്ന് കൊടകര മുത്തപ്പൻ പോലും പറഞ്ഞില്ല. ശരീരം മുഴുവൻ തളരുന്നു. പിള്ളാരു രണ്ടായി. അതുങ്ങൾക്കും കൂടെ അനുഭവിക്കാനുള്ള ഭൂസ്വത്തുംകൂടെ വിറ്റിട്ടാണല്ലോ ഈ ഞാണിന്മേൽക്കളി കളിച്ചെതെന്നോർത്തപ്പോൾ വിശാലന്റെ നെഞ്ചം ഉരുകി. കുണ്ഠലിനി മുകളിലോട്ടുകയറി.

തല വലതോട്ടു ചായ്ച്ച് ചാരുകസേരയിൽ കണ്ണടച്ചു ഒന്നു മയങ്ങാൻ തുടങ്ങുമ്പോളാണ് നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത്. സോനയാണ്. ടീപ്പോയിൽ വാരിവലിച്ചിട്ടിരിക്കുന്ന പത്രങ്ങളുടെയെല്ലാം ടൈറ്റിൽ വാർത്ത കണ്ട്‌ കാര്യം മനസ്സിലാക്കിയിട്ടെന്നോണം സോന പറഞ്ഞു.

“പോട്ടെ മനുഷ്യാ, ഇനി അതൊന്നും ഓർത്തു വിഷമിക്കണ്ട. നിങ്ങൾ വന്ന് കാപ്പികുടിക്ക്.”
കേട്ടപാതി കേൾക്കാത്തപാതി കണ്‌ട്രോൾ പോയ വിശാലമനസ്കൻ ആ പാവത്തിനോട്,
“അലാമാരീലിരിക്കണ പേപ്പറുകളെല്ലാം നിന്റെ അപ്പൻ തിന്നു തീർക്ക്വോടീ പോത്തെ....“


** അത് കേട്ട് തളർന്നു പരവശയായിപ്പോയിട്ടാണ് സോന തൊട്ടടുത്ത ഇത്തിഹാദ് ഏയർവേയ്സിൽ നാട്ടിലേക്ക് പോയതെന്ന് ഉറുമ്പ് ഇതുവരെ വിശ്വസിച്ചിട്ടില്ല.**

Sunday, May 24, 2009

ഫോണ്ട്‌ മിസ്സിങ്ങ്-കോറൽ ഡ്രാ.

വീണ്ടും പ്രിന്റിങ്ങ്‌ ഷോപ്പ് അനുഭവത്തിലേക്ക്. ഇവിടെ കോറൽ ഡ്രാ ആണ്‌ വില്ലൻ. പലപ്പോഴും നമ്മൾ പ്രിന്റു ചെയ്യാൻ അയച്ച കോറൽ ഡ്രാ ഫയൽ, അല്ലെങ്കിൽ നമ്മൾ ജോലി ചെയ്യുന്ന പ്രിന്റു ഷോപ്പിൽ പ്രിന്റു ചെയ്യാൻ വന്ന ഫയൽ തുറക്കുമ്പോൾ കോറൽ വല്യപ്പൻ പറയും “ടേയ്, നീ വല്യ ഡിസൈനറൊക്കെത്തന്നെ, പക്ഷേ നിന്റെ പണ്ടാരടങ്ങിയ ഫയൽ തുറക്കണമെങ്കിൽ ആ ഫോണ്ട്‌, ഈ ഫോണ്ട്‌, പിന്നെ നിന്റെ മറ്റടുത്തെ ഫോണ്ട്‌; ഇതൊക്കെ വേണം. എന്റെ കൈയ്യിൽ ലതൊന്നും ഇല്ല. അതുകൊണ്ട്, ഞാൻ എനിക്കിഷ്ടമുള്ള ഫോണ്ട്‌ ഉപയോഗിച്ച് ഇതിനെ തുറക്കാൻ പോകുന്നു. തുറക്കണോ വേണ്ടയോ എന്ന്‌ ഇപ്പ പറയണം. “ ഇതൊരു പണി നമുക്കിട്ട് തരുന്നതാണ്. ഇനി അങ്ങിനെ തുറന്നാൽത്തന്നെ ഡിസൈൻ ആകപ്പാടെ മാറും. ഫോണ്ട്‌ മാത്രമല്ല, ലേ ഔട്ടും ! സാധാരണ ഗതിയിൽ “കൺ‌വെർട്ട് റ്റു കർവ്” ചെയ്താണ് ഫയൽ അയക്കുന്നതെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. പക്ഷേ ഒരു പ്രശ്നം, അക്ഷരത്തെറ്റോ അതുപോലുള്ള എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുക എന്നത്‌ പിന്നെ ദുരിതമാകും. പിന്നെ എന്തു ചെയ്യാം ? കോറലപ്പച്ചൻ ചോദിച്ച ഫോണ്ടുകൾ എല്ലാം ഡിസൈനിന്റെ കൂടെ കൊടുക്കണം. ഹാ.. എത്ര സുന്ദരമായ ഐഡിയ ! അതോടെ പ്രശ്നം തീരുമല്ലോ. എന്നാൽ അവിടെയാണ്‌ പ്രശ്നം തുടങ്ങുന്നത്‌. ഡിസൈനിൽ ഉപയോഗിച്ചിട്ടുള്ള ഫോണ്ടും തിരക്കി വിൻഡോസിന്റെ ഫോണ്ടു കടയിൽ പോയപ്പോൾ അവിടെ സാധനം ഉണ്ട്‌, പക്ഷേ നമ്മൾ പറഞ്ഞ പേരിൽ ഒരു ഐറ്റം ഇല്ല. ലവന്റെ പേര് ലവൻ എന്നല്ല, കുശൻ എന്നാണ്. ( Bernhard Fashion BT = BernFash) എന്റെ പരലോക മാതാവേ, ലിവന്റെയൊക്കെ പേര് എങ്ങനെ തപ്പിപ്പിടിക്കും ? ആകെ കലിപ്പായി. ഇനിയിപ്പോ എന്തുചെയ്യും? “what to do. what to do? " എന്നു വിശാലൻ സ്റ്റൈലിൽ ചോദിച്ചാൽ പോരല്ലോ, പ്രശ്നം പരിഹരിക്കണ്ടെ? പരിഹരിക്കാം. അതെങ്ങനെ ? അത് ദാ ഇങ്ങനെ.

1. ആദ്യമായി നിങ്ങൾ നിങ്ങളുടെ ഡിസൈൻ പൂർത്തിയാക്കുന്നു. ചിത്രം ഒന്ന്‌.


2. ഇനി ഫയൽ മെനുവിൽ “ Prepare for Service Bureau" യിൽ ഞെക്കണം. ചിത്രം രണ്ട്.


3. അടുത്തതായി “ Gather All files associated with this document " എന്ന റേഡിയോ ബട്ടൻ ഞെക്കി, നെക്സ്റ്റ് ഞെക്കുക. ചിത്രം മൂന്ന്‌.

4. ഇനിക്കാണുന്ന വിൻഡോയിൽ “copy fonts" എന്ന ചെക്ബോക്സിൽ പച്ച ടിക് മാർക്ക് ഉണ്ടോ എന്ന്‌ ഉറപ്പുവരുത്തി, വീണ്ടും നെക്സ്റ്റ്. (ഇല്ലെങ്കിൽ അവിടെയും കൊടുക്കണം ഒരു ഞെക്ക്‌.) ചിത്രം നാല്.

5. ഇപ്പോൾ ഒരു വാചകമടിപ്പെട്ടിയും അതിൽ ഒരു ചെക്ബോക്സും വന്നു. ചിത്രം അഞ്ച്‌. ഇവിടെ “Generate PDF File" എന്നു കാണാം. കൊട്‌ അവനും ഒരു ഞെക്ക്, പച്ച വര വീഴട്ടെ അവിടെയും. വീണ്ടും നെക്സ്റ്റ്‌.

6. ഇപ്പോൾ, നിങ്ങൾക്ക് നിങ്ങൾ ഇത്രയും നേരം മിനക്കെട്ടതിന്റെ സമ്പാദ്യം എവിടെ ശേഖരിക്കണം എന്നു തീരുമാനിക്കാം.നിങ്ങൾക്ക് നിങ്ങൾക്കിഷ്ടമുള്ള ഫോൾഡർ തിരഞ്ഞെടുക്കാം. അതുമല്ലെങ്കിൽ കോറലപ്പച്ചൻ കനിഞ്ഞ് തരുന്ന, നിങ്ങളുടെ ഫയലിന്റെ അതേ പേരിലുള്ള ഒരു ഫോൾഡറിൽ സൂക്ഷിക്കാം. കൊടുത്തോ ഒരു നെക്സ്റ്റു കൂടെ. ചിത്രം ആറ്‌.

7. ഇപ്പോൾ ഈക്കണ്ട പണിയെല്ലാം ചെയ്തതിനു കോറലപ്പച്ചൻ എന്തുതരും എന്നു പറയും. ഞെക്ക് ഫിനിഷ്. ഹമ്മോ തീർന്നു. തീർന്നാ? തീർന്നില്ലേ ? ചിത്രം ഏഴ്.

8. ഇനി നേരത്തെ നിങ്ങൾ പറഞ്ഞ (അല്ലെങ്കിൽ കോറലപ്പച്ചൻ പറഞ്ഞ) ഫോൾഡർ തുറന്നു നോക്കാം. ഇവിടെ നിങ്ങൾ ഡിസൈനിൽ ഉപയോഗിച്ചിട്ടുള്ള ഫോണ്ടുകളുടെ കോപ്പി, നിങ്ങളുടെ ഒറിജിനൽ ഡിസൈൻ, അതിന്റെ ഒരു പി.ഡി.എഫ്. കോപ്പി, ഏതെല്ലാം ഫോണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും, അവയുടെയെല്ലാം ശരിയായ പേരു വിവരം പറയുന്ന ഒരു നോട്ട്പാഡ് ഫയൽ, ഡിസൈനിന്റെ അപ്പനമ്മ,സ്ഥാവരജംഗമ വസ്തുക്കൾ, കോറലപ്പച്ചന്റെ തായ്‌വഴി, ഡിസൈൻ സൈസ്‌ എന്നു വേണ്ട, എല്ലാ വിവരങ്ങളും അടങ്ങിയ ഒരു നോട്ട്പാഡ്‌ ഫയൽ എന്നിവ കാണാം.
9. ഇനി മുതൽ ഡിസൈൻ പ്രിന്റു ചെയ്യാൻ അയക്കുമ്പോൾ ഫയൽ മാത്രമായി അയക്കണ്ട. മുകളിൽ‌പ്പറഞ്ഞ ഫോൾഡർ മുഴുവനായിട്ട് പോട്ടെ.
ന്നാപ്പിന്നെ പിള്ളാരെല്ലാരും കോറലപ്പച്ചനുമായിട്ട് അങ്കം തുടങ്ങിക്കോ..... കമന്റടി, പഞ്ചാരയടി, മറക്കണ്ട.

Wednesday, May 20, 2009

പിണറായി വിജയം ബാലെ.

രാഷ്ട്രീയം ഉറുമ്പിനു തീരെ താല്പര്യമുള്ള വിഷയമല്ല. എങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പും എൽ.ഡി.എഫിന്റെ പരാജയവും മറ്റു വാർത്തകളും പിന്നെ ഈനാം‌പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെയുള്ള ബ്ലോഗ് ചർച്ചകളും വായിച്ചപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി.

കേരളത്തിൽ എൽ.ഡി.എഫ്. പത്തു സീറ്റ് തികച്ചു പിടിക്കുമെന്ന്‌ സഖാവ്‌ പിണറായി വിജയന്റെ വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടാകാൻ ഇടയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനെട്ടു സീറ്റു കിട്ടിയതിനാൽ ഇത്തവണ ഇരുപതിൽ ഇരുപതും പിടിക്കാം എന്നു കണക്കു കൂട്ടാൻ പിണറായി അത്രക്കു തിരുമണ്ടനൊന്നുമല്ല. പതിനെട്ടു സീറ്റ് കിട്ടിയപ്പോൾ ശരിക്കും സഖാവ് ഒന്നു ഞെട്ടിയിട്ടുപോലും ഉണ്ടാകാം. പിന്നെന്താണ് പ്രശ്നം ?

സഖാവിനറിയാം ഇത്തവണ മുട്ടയിടുമെന്ന്. അപ്പോപ്പിന്നെ എന്തു പരീക്ഷണവും നടത്തുവാനുള്ള പറ്റിയ അവസരമാണ് ഈ തിരഞ്ഞെടുപ്പ്. കാളിയോ കൂളിയോ, ചാത്തനോ മറുതയോ, ആരുമാകട്ടെ, കൂട്ടുപിടിച്ച് ഒരു കടുത്ത പരീക്ഷണം നടത്തുവാനുള്ള ഒന്നാം‌കിട അവസരം. ഒരു പക്ഷേ ലീഡർ കരുണാകരൻ തിരികെ കോൺഗ്രസ്സിലേക്ക് പോയിരുന്നില്ലായെങ്കിൽ അദ്ദേഹവും ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്‌.)കൂടെ ഉണ്ടായിരുന്നേനെ. അപ്പോപ്പിന്നെ അച്യുതാനന്ദൻ ഉടക്കില്ലേ എന്ന ചോദ്യം സ്വഭാവികം. ആരുപറഞ്ഞു ഉടക്കുമെന്ന്‌ ? അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായ മുഖ്യമന്ത്രി പദം വിട്ടുള്ള ഒരു കളിക്കും അച്ചുമാമൻ തയ്യാറാകില്ലെന്നും പിണറായിക്കറിയാം.അതുവേറെ.

പിന്നെ സി.പി.ഐ.
കടിച്ചതും, പിടിച്ചതും, കൊതിച്ചതുമെല്ലാം തട്ടിപ്പറിച്ചിട്ടും വിട്ടുപോക്കാത്ത ഇക്കൂട്ടർ, ഇനി കൊന്നാലും പോകില്ല മൂന്നരത്തരം. എന്നാപ്പിന്നെ ഇരുന്നോട്ടെ. ഏതു പട്ടേലർക്കും ഒരു തൊമ്മി മസ്റ്റ്.

ഇനി അടുത്ത ചോദ്യം, ജനതദൾ പോയതിനെക്കുറിച്ചാവും. വീരു മുതലാളിയും മകനും ഇത്രനാളും കഞ്ഞികുടിച്ചു കഴിഞ്ഞത്‌ വല്യേട്ടന്റെ പാത്രത്തിലെ മിച്ചമാണെന്ന്‌ വീരുമുതലാളിക്കറിയാം. മകനതറിയില്ലെങ്കിലും!. അത് പിണാറായിക്കുമറിയാം. തോൽക്കുന്ന തിരഞ്ഞെടുപ്പിൽ പിണക്കി വിട്ടാൽ ജയിക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റിനു കടിപിടികൂടാൻ ലവന്മാരു കാണില്ലല്ലോ.

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് സി.പി.എം. പതിനാറ് + സി.പി.ഐ. നാല് എന്ന ഫോർമുലയിൽ അങ്ങു പോകും. ബാക്കിയെല്ലാം കരയിലിരുന്ന് കളികണ്ടാൽ മതി. എന്താ അങ്ങിനെ പോരെ ? ഇനി സി.പി.ഐക്കു വേണേൽ പൊന്നാനി തിരിച്ചു കൊടുക്കാം. നിന്നു തോറ്റോട്ടെ. കഷ്ടിച്ചു ജയിച്ചാൽ അതും മുതൽക്കൂട്ടു തന്നെ.

അവസാനത്തെ പ്രശ്നം മദനി-രാമൻ പിള്ള ബാന്ധവം ആണ്.
മദനിക്ക്‌ മുസ്ലീം ജനവിഭാഗത്തിന്റെയിടയിൽ എത്രമാത്രം സ്വാധീനം ഉണ്ട് എന്നു തിരിച്ചറിയാൻ ഇതിലും നല്ല അവസരമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ഈ ബന്ധം ഉണ്ടായതെങ്കിൽ മദനി പറയുമായിരുന്നു തന്റെ പ്രഭാവംകൊണ്ടാണ് പതിനെട്ടു കെട്ടിയതെന്ന്‌. ഇപ്പഴോ. ആ ക്ലെയിം ഇല്ല.ചാത്തൻ- മറുത-കാളി-കൂളി, പിന്നെ മദനി. നിന്നോട്ടെ കൂടെ.

രാമൻപിള്ള കുറെ നാളായി വീട്ടിലിരുപ്പാണ്. കൂടെ കുറെ ചുറുചുറുക്കുള്ള ചെറുപ്പക്കാരും ഉണ്ടെന്നു പറയുന്നു. ബി,ജെ.പി.യിലും അഭിപ്രായവ്യത്യാസമുള്ള ചെറുപ്പക്കാർ മുറുമുറുപ്പോടെ കഴിയുന്നുണ്ട്‌. ഈ പറച്ചിലൊക്കെ ശരിയാണെങ്കിൽ ബി.ജെ.പി.യിലെ ചുള്ളന്മാർ രാമൻപിള്ള വഴി അരിവാൾ-ചുറ്റിക-നക്ഷത്രത്തിൽ വോട്ടു കുത്തും. ഈ ചുള്ളന്മാരുടെ വിപ്ലവവീര്യം കണ്ണൂർകാരനായ പിണറായി സഖാവിനു നന്നായറിയാം. ഇനിയിപ്പൊ, ബന്ധം ശരിയാകുന്നെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ കാളി-കൂളി-മറുത പോകുമ്പോൾ ചാത്തനും പൊയ്ക്കോട്ടെ. ആർക്കു നഷ്ടം ?

മലയാളിയുടെ രാഷ്ട്രീയം അരച്ചുകലക്കി വിപ്ലവാദിലേഘ്യം വിൽക്കുന്ന പിണറായി വൈദ്യനോട് ആടലോടകത്തിന്റെ ഔഷധമൂല്യം പറഞ്ഞുകൊടുക്കണോ. നഷ്ടം വരുന്ന ഒരു കളിക്കും അദ്ദേഹം നിൽക്കില്ല.

ഇത്രയും മനസ്സിലാക്കാൻ പറ്റാതെ പോയ ഇടതുപക്ഷ വിശകലന വിദഗ്ദന്മാരെ പടിയടച്ചു പിണ്ഡം വയ്ക്കാലാണ് അടുത്ത നടപടി. ഇത്രയും സിമ്പിൾ ലോജിക്കലായ ഒരു കാര്യം മനസ്സിലാക്കാതെ പത്രങ്ങളായ പത്രങ്ങളിലൊക്കെ വിശകലനപണ്ഡാരമടങ്ങുന്നവൻമാരെ
മുക്കാലിൽ കെട്ടി അടിക്കണ്ടെ. ഹല്ല നിങ്ങളു പറ.

Tuesday, May 19, 2009

101 ഫോട്ടോഷോപ്പ്‌ ട്രിക്കുകൾ 5 നിമിഷത്തിൽ.

101 ഫോട്ടോഷോപ്പ്‌ ട്രിക്കുകൾ 5 നിമിഷത്തിൽ.

Monday, May 18, 2009

മലയാളത്തിൽ “ണ്ട“

കഴിഞ്ഞഎന്റ്റെ വീണ്ടും പി.ഡി.എഫ്. എന്ന പോസ്റ്റിനു സു/sunilന്റെ കമെന്റിൽ, മലയാളത്തിൽ “ണ്ട“ എന്ന
അക്ഷരത്തിനു അഡോബ്‌ ഉല്പന്നങ്ങളിൽ (ഫോട്ടോഷോപ്, ഇല്ലസ്റ്റ്രേറ്റർ, ഇൻഡിസൈൻ)വരുന്ന മാറ്റം ചൂണ്ടിക്കാട്ടിയിരുന്നു.
അദ്ദേഹം കരുതുന്നതുപോലെ, ഉറുമ്പ്, മലയാളം പത്രപ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്നില്ല.
എങ്കിലും, ബ്ലോഗിൽ വളരെയധികം ചർച്ചചെയ്യപ്പെട്ട ഈ വിഷയത്തിൻ, എനിക്ക്‌ ഇന്നുവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലായെങ്കിലും.
ഞാൽ അഡോബ് ഫോട്ടോഷോപ്പിലോ, മറ്റേതെങ്കിലും സോഫ്റ്റുവെയറിലോ മലയാളം ടൈപ്പ് ചെയ്തിരുന്നത്‌ വളരെക്കാലം മുൻപാണ്.
അതായത്‌ ഏറ്റവും കുറഞ്ഞത്‌ പത്തു വർഷങ്ങൾക്കു മുൻപ്‌.
win98+ PAGEMAKER 6.5 കോംബിനേഷനിൽ ഈ പ്രശ്നം ഉണ്ടായതായി ഓർമ്മയില്ല.
ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് win xp + CS3 Middle East Edition. കോംബിനേഷൻ ആണ്.

ഇനി, ...... പ്രശ്നത്തിലേക്ക്‌.

ML TT KARTHIKAക്കു മാത്രമായുള്ള പ്രശ്നമാണിതെന്നു കരുതുന്നില്ല.
പക്ഷേ, എനിക്ക് ഒരു പരിധി വരെ ഈ പ്രശ്നം ഇല്ല എന്നാണു കരുതുന്നത്‌.

ആദ്യമായി ഞാൻ ഉപയോഗിച്ചത് ML-TT KARTHIKA ഫോണ്ടിനുപകരം GIST-ML TT KARTHIKA ആണ്. GIST TT TYPING TOOL ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റ് കീബോർഡിൽ ടൈപ്പ് ചെയ്യാം. മറ്റു കീബോർഡുകൾ ഉപയോഗിക്കുന്നവർ ഈ വഴി പരീക്ഷിച്ചാൽ പ്രശ്നം പരിഹരിക്കം എന്നു തോന്നുന്നു.
അവരുടെ തന്നെ,GIST-TT REVATHI, GIST TT MOZHI.ect.... ഫോണ്ടുകളും ഉപയോഗിക്കാം.
അതുമല്ലെങ്കിൽ Akruthi Typing Tool ഉപയോഗിക്കാം.. ഇവിടെയും ആക്രുതി ഫോണ്ടുകൾ മാത്രം ഉപയോഗിച്ചാൽ കാര്യമായ പ്രശ്നങ്ങളില്ലാതെ ടൈപ്പ് ചെയ്യാം എന്നു കരുതുന്നു,
ഈ സോഫ്റ്റുവെറുകളെല്ലാം തന്നെ, കഴിഞ്ഞ വർഷം തിരുവനന്തപുരത്തു നടന്ന “മലയാളം, ഇന്ന്, ഇന്നലെ, നാളെ,“ എന്ന
പ്രദർശനം സിബുവിന്റെ അറിയിപ്പുപ്രകാരം കാണാൻ പോയപ്പോൾ സൌജന്യമായി ലഭിച്ചവയാണ്.


Sunday, May 17, 2009

നല്ല ആല്, നല്ല തണല്.

"ഇത്‌ നിശബ്ദമായ രണ്ടാം വിമോചന സമരം: മാര്‍ പവ്വത്തില്‍"
ആ പുറകിൽ കാണുന്നത് ഒരു ആലല്ലേ, നല്ല ആല്, നല്ല തണല്.

വീണ്ടും പി.ഡി.എഫ്

കഴിഞ്ഞ എന്റെ പോസ്റ്റിൽ, പി.ഡി.എഫ്. എങ്ങിനെ ഉണ്ടാക്കാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല.
എനി ടു പി.ഡി.എഫ് എങ്ങിനെ പ്രവർത്തിക്കുന്നു എന്നു വിവരിക്കാനാണ് ഈ പോസ്റ്റ്.

രണ്ടു ഭാഗങ്ങളാ‍യാണ് ഇതു പ്രവർത്തിക്കുന്നത്‌. പി.ഡി.എഫ്. നിർമ്മിക്കുന്ന സോഫ്റ്റുവെയറും, മറ്റൊരു പ്രിന്റർ ഡ്രൈവറും.
ഇതു രണ്ടും ഡൌൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. ഇതൊരു വിർചുവൽ പ്രിന്ററായിട്ടാണ് പ്രവർത്തിക്കുന്നത്.
പി.ഡി.എഫ്. നിർമ്മിക്കാനുദ്ദേശിക്കുന്ന ഫയൽ തുറന്ന്,(വേർഡോ, പവർപോയിന്റോ, എന്തായാലും.) പ്രിന്റു ഓപ്ഷൻ കൊടുക്കുക. പ്രിന്റ്‌ മെനുവിൽ, സെലെക്റ്റ് പ്രിന്റർ എന്ന മെനുവിൽ, പി.ഡ്,എഫ്. സെലക്റ്റു ചെയ്ത് പ്രിന്റു കെടുക്കാം.
ഇപ്പോൾ നിങ്ങൾക്ക് അഡോബ് അക്രോബാറ്റിൽ ഫയൽ തുറന്നു വരുന്നതു കാണാനാകും. ഇതിനോടൊപ്പം വരുന്ന പരസ്യം ഒഴിവാക്കാൻ, കണ്ടിന്യു വിത്ത് സ്പോൺസേർഡ് വെർഷൻ ക്ലിക്ക് ചെയ്യാം.
ഇനി ഈ പരസ്യം ഒരു ശല്യമാണെന്നു തോന്നുന്നെങ്കിൽ, സോഫ്റ്റുവെയർ പണം കൊടുത്തു വാങ്ങേണ്ടി വരും.

ബ്ലോഗു വായിക്കുന്നവർക്കും ഇതു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ ഞാൻ വിശാലന്റെയൊന്നും
ബ്ലോഗു വായിക്കാൻ ജോലി സമയം ഉപയോഗിക്കാറില്ല. പി.ഡി.എഫ്. ആക്കി വച്ച് പിന്നീടു വായിക്കാം.ഇനി നമുക്കെന്തിനാ ഓഫീസിലും വീട്ടിലും ഇന്റെർനെറ്റ് കണക്ഷൻ ? ഒന്നു പോരെ.
പിന്നെ വിശാലൻ ബ്ലോഗു ഡിലീറ്റ് ചെയ്താലെന്താ അല്ലെങ്കിലെന്താ, ഒരു പി.ഡി.എഫ്. കോപ്പി നമുക്കു സ്വന്തം...!
ഹാപ്പി ബ്ലോഗിങ്ങ്...!

Friday, May 15, 2009

പി.ഡി.എഫ്‌.

ഒരു ഡിജിറ്റൽ പ്രിന്റിംഗ്‌ യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ നേരിടേണ്ടി അനുഭവത്തിലേക്ക്‌. പലപ്പോഴും കസ്റ്റമ്മർ പ്രിന്റു ചെയ്യാൻ കൊണ്ടുവരുന്ന ഫയലുകൾ വൈഡ്ഫോർമാറ്റ്‌ പ്രിന്റിങ്ങിനു അനുയോജ്യമല്ലാത്തവയായിരിക്കും. ഉദാഹരണമായി, മൈക്രോസോഫ്റ്റ്‌ വേർഡിലോ, പവർ പോയിന്റിലോ ചെയ്ത ഫയലുകൾ. A4 സൈസിൽ ചെയ്തു വരുന്ന ഈ ഫയൽ പ്രിന്റു ചെയ്യേണ്ടി വരുന്നതോ പത്തോ ഇരുപതോ മീറ്ററിലും. ഇനി ഈ ഫയൽ ഫോട്ടൊഷോപ്പിലോ മറ്റേതെങ്കിലും ഇമേജ്‌ / വെക്ടർ എഡിറ്ററിൽ പുനർനിർമ്മിക്കമെന്നാൽത്തന്നെ അതിനു വേണ്ടിവരുന്ന സമയം വളരെ വലുതായിരിക്കും. മറ്റൊരു കാര്യം, ഡിസൈനിൽ കടുകിട വ്യത്യാസം വന്നാൽ, പവർപ്പോയിന്റു വിദ്വാൻ പിണങ്ങും. (കുറ്റം പറഞ്ഞതല്ല, ഈവക കസ്റ്റമ്മർ കരുതുന്നത്‌ അവരാണ്‌ ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർ എന്ന്‌.) മികച്ച ഡിസൈനർമാരും ഉണ്ടാകാം കൂട്ടത്തിൽ. വളരെയധികം ടെക്സ്റ്റ്‌ ഉള്ള ഡിസൈനുകൾ പുനർ നിർമ്മിക്കുകയെന്നതും സമയനഷ്ടം ഉണ്ടാക്കും. (ഒരു A4 സൈസ്‌ ടൈപ്പു ചെയ്യാൻ എനിക്കു അര മണിക്കൂറെങ്കിലും വേണം ! പിന്നെ ലേ ഔട്ടിംഗ്‌, മറ്റു പണികൾ, ഹമ്മോ എന്റെ പട്ടി ചെയ്യും.:( )
ഇത്തരം അവസരത്തിൽ ഒരു കുഞ്ഞു വിദ്യയിലൂടെ എത്രവേണേലും വലുതാക്കാവുന്ന തരത്തിൽ ഈ ഡിസൈൻ മാറ്റിയെടുക്കാം. പി.ഡി.എഫ്‌. ഉണ്ടാക്കാവുന്ന ഏതെങ്കിലും സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക. കസ്റ്റമർ തന്ന ഫയലിനെ പി.ഡി.എഫ്‌. ഫയലാക്കി മാറ്റുക. ഇനി, കിട്ടിയ പി.ഡി.എഫ്‌ ഫയലിനെ ഫോട്ടോഷോപ്പിൽ തുറക്കുക. ഇപ്പോൾ ഫോട്ടോഷോപ്പ്‌, ഫയലിന്റെ റെസല്യൂഷൻ, സൈസ്‌ എന്നിവ ചോദിക്കും. ആവശ്യമുള്ള സൈസും റെസല്യൂഷനും കൊടുത്ത്‌ ഫയൽ തുറക്കാം. ഇല്ലസ്ട്രേറ്ററിൽ തുറന്നാൽ അത്യാവശ്യം എഡിറ്റിങ്ങും ചെയ്യാം. ഞാൻ ഉപറ്റോഗിക്കുന്നത്‌ Any to pdf995 ആണ്‌. ഇതു സൗജന്യമായി ഡൗൺ ലോഡു ചെയ്ത്‌ ഉപയ്യോഗിക്കം. ചെറിയൊരു പരസ്യം വരുമെന്ന ഒറ്റ കുറവേ ഉള്ളൂ. ആ പരസ്യം വേണ്ടെങ്കിൽ സോഫ്റ്റ്വേർ കാശുകൊടുത്തു വാങ്ങണം.