Wednesday, August 26, 2009

ഒരു റമദാൻ നോമ്പിന്റെ ഓർമ്മക്ക്.

ജനിച്ചകാലം മുതൽ ഇന്നുവരെ എനിക്കു സഹിക്കാനാകാത്ത ഒറ്റക്കാര്യമേ ഉള്ളു. വിശപ്പ് ! അച്ചനു സാമാന്യം നല്ല വരുമാനമുള്ള ബിസിനസ്സ് ഉണ്ടായിരുന്നതുകൊണ്ട്‌ വിശപ്പ് അനുഭവിക്കേണ്ടത്ര പരാധീനത വീട്ടിൽ ഇല്ലായിരുന്നു എന്നുവേണം പറയാൻ. എന്നാൽ വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. വീട്ടിൽ എന്തെങ്കിലും തല്ലുകൊള്ളിത്തരം കാണിച്ച് പട്ടിണികിടക്കുമ്പോൾ. അതും ഒരു പരിധി കഴിയുമ്പോൾ ഞാൻ തന്നത്താൻ പറയും “ ഞാൻ പട്ടിണികിടന്നു മരിച്ചാൽ ഇവർക്കൊന്നും ഒരു കുഴപ്പവും ഇല്ല. അതുകൊണ്ട് അവരിപ്പം സുഖിക്കണ്ട” ഇതു മനസ്സിൽ പറഞ്ഞ് ആരും അറിയാതെ അടുക്കളയിൽ കയറി എനിക്കുള്ള വക ഞാൻ വയറിലേക്കു സ്റ്റോക്കു ചെയ്യും.അതുകൊണ്ടുതന്നെ വീട്ടുകാർ എനിക്കു നല്ലൊരു പേരുംതന്നിട്ടുണ്ട് “അരിപ്പൻ”. പിന്നെ വിശപ്പിന്റെ സുഖം അറിഞ്ഞത് ന്യൂട്ട് ഹാംസന്റെ (നൊബേൽ സമ്മാനജേതാവ്-ആറ്റിരത്തിതൊള്ളായിരത്തി ഇരുപത്) “വിശപ്പ്” ("Hunger"-Penguin books) വായിച്ചപ്പോഴാണ്. വായന പുരോഗമിക്കുന്തോറും വായനക്കാരന് വിശപ്പിന്റെ കാഠിന്യം അനുഭവിപ്പിക്കുന്ന ആ നോവൽ എഴുത്തുകാരൻ എന്നു നടിക്കുന്ന എല്ലാ സുഹൃത്തുക്കളും വായിച്ചിരിക്കണം. കഥാകാരന്റെ വിചാരവികാരങ്ങൾ അനുവാചകനിലേക്കു പകരാനാകുന്നില്ലെങ്കിൽ കൃതി വെറും ചവറാണെന്ന് ബോധ്യമാക്കിത്തരും ഈ പുസ്തകം.

പലപ്പോഴും നോമ്പുതുറ എന്ന വിശാലമായ തീറ്റമത്സരത്തിനു പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നോമ്പിന്റെ കാഠിന്യം മനസ്സിലാക്കുന്നത് ആദ്യമായി ദുബായിൽ വന്നപ്പോഴാണ്. വിസയും വിമാനടിക്കറ്റും ഒപ്പിച്ചുതന്ന സുഹൃത്ത് പ്രത്യേകം പറഞ്ഞിരുന്നു, നോമ്പുകാലമാണ്- പുറത്ത് ഭക്ഷണസാധനങ്ങൾ ഉപയോഗിക്കലോ പുകവലിയോ പാടില്ല. സൂക്ഷിച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും മാത്രമല്ല തല്ലും കൊള്ളും...! ഇതുരണ്ടും നമ്മുടെ ശരീര-സാമ്പത്തിക സ്ഥിതിക്കു പറ്റില്ല. അതുകൊണ്ട് സംയമനം പാലിക്കാൻ തീരുമാനിച്ചു.
ആദ്യമായി ജോലികിട്ടുന്നത് ഒരു പാക്കിസ്ഥാനിയുടെ കമ്പനിയിലാണ്. കൂട്ടുകാർ പറഞ്ഞു “പച്ചയാണ്-തലക്കകത്ത് ആളുതാമസമില്ലാത്ത വർഗ്ഗമാണ്- സൂക്ഷിക്കണം. അവന്മാരോട് തർക്കിക്കാൻ പോകരുത്, വെട്ടൊന്ന് തുണ്ടം രണ്ട് പാർട്ടികളാണ് “.
ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു. എങ്കിലും ആദ്യ ഒന്നുരണ്ടു ദിവസങ്ങൾ‌കൊണ്ടു മനസ്സിലായി- പച്ച കുഴപ്പമില്ല. എന്നാലും വൈകുന്നേരം വരെയുള്ള ഈ പട്ടിണി, അതു സഹിക്കാനാകുന്നില്ല. പിന്നെ സിഗററ്റുവലി, അതാണെങ്കിൽ ഒട്ടും പറ്റുന്നില്ല. ആകെ ഒരു ഞെരിപിരി സഞ്ചാരം.
ജോലിയുടെ മൂന്നാം ദിവസം; ഉച്ചക്കു മൂന്നര മണിയാകും, വയറിനകത്ത് ആളിക്കത്തൽ. തലേദിവസം രാത്രി വല്ലതും തിന്നതാണ്. രാവിലെ ഒന്നും കഴിച്ചിട്ടില്ല. മൂന്നു ദിവസമായി ഇതാണു ഗതി. ഇതിനി ഒരുമാസം മുഴുവൻ സഹിക്കണമല്ലോ എന്നോർത്തപ്പോൾ ഇത്രയും കാലം സ്വപ്നം കണ്ട ദുബായ് എന്ന സ്വപ്നഭൂമി നരകാഗ്നിയായി. വയറിനക്കത്ത് ചില ആളനക്കങ്ങൾ. യൂറോപ്യൻ ക്ലോസറ്റിന്റെ ഫ്ലഷ് തുറക്കുമ്പോളുള്ള ശബ്ദം എനിക്കുമാത്രം കേൽക്കാനാവുന്ന ശബ്ദത്തിൽ വയറിനകത്തുനിന്നും വരുന്നു. തികട്ടിവന്ന ഏമ്പക്കത്തിനു ഒരു പുളിച്ച ഗന്ധം. കണ്ണുകൾക്ക് ഒരു ഭാരം. പച്ചകളൊക്കെ വെളുപ്പിനേ നാലുമണിക്കു മുൻപ് അണ്ഡകടാഹം മുഴുവൻ വയറ്റിനകത്തേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിട്ടാണ് പകൽ മുഴുവൻ ഞെളിഞ്ഞിരിക്കുന്നതെന്ന സത്യം എനിക്കന്ന് പരിചയമില്ല. മൂത്തപച്ചയെ എന്തെങ്കിലും പറഞ്ഞു പറ്റിച്ചു പുറത്തു കടന്നാൽ അടുത്തുള്ള മലയാളിയുടെ ബക്കാലയിൽ കയറി ഒരു ബന്നെങ്കിലും വാങ്ങിത്തിന്നാം. ലഘുവായി ഒരു ശമനം കിട്ടും, ബാക്കി പിന്നെ ആകാം. പ്രലോഭനം സഹിക്കാനാകാതായി. ആത്മാവിനുപുകകൊടുക്കണം അല്ലെങ്കിൽ അതടിച്ചുപോകും. കണ്ട്രോൾ നഷ്ടപ്പെടുമെന്നായപ്പോൾ പതിയെ എഴുന്നേറ്റു. പച്ചയെ ചെന്നു കണ്ടു. “എന്തു വേണം? -പച്ച.
എനിക്കൊന്നു ഫോൺ ചെയ്യണം-ഞാൻ
വിളിച്ചോളൂ.- പച്ച ടെലിഫോൺ നീക്കി വച്ചുതന്നു
അല്ല... എനിക്കു ഇൻഡ്യയിലേക്ക്, എന്റെ വീട്ടിലേക്കു വിളിക്കണം - ഞാൻ പരാധീനനായി.
എന്റെ പരവേശവും മുഖത്തെ കറുത്തപ്രസരിപ്പും കണ്ട പച്ച ഒരു യമണ്ടൻ ചോദ്യം
നീ വല്ലതും കഴിച്ചോ ?
ഇല്ല സർ, റംസാനല്ലേ, ഭക്ഷണം കഴിക്കാമോ എന്നറിയില്ല. ‌- ഞാൻ വിനയകുനീതൻ.
പച്ച സാവധാനം കസേരയിൽനിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്കു വന്നു. എന്റെ തോളിലേക്കു കയ്യിട്ടു.
ആന്റണി, എനിക്കറിയാം നീ ക്രിസ്ത്യാനിയണെന്ന്. വിഷമിക്കണ്ട.
റംസാൻ നോമ്പ് മുസ്ലീമിനുള്ളതാണ്. എന്റെ വ്രതത്തിന്റെ പേരിൽ ദിവസം മുഴുവൻ നീ വിശന്നിരുന്നാൽ എന്റെ വ്രതത്തിനു ഗുണമില്ലാതാകും. മാത്രമല്ല അതെനിക്കു ഹറാമാണ്. വ്രതമെടുക്കുന്നത് അവനവന്റെ പൂർണ്ണമനസ്സോടെയാവണം. നീ പുറത്തുപോയി എന്തെങ്കിലും കിട്ടുമെങ്കിൽ കഴിച്ചുവരൂ.
എന്റെ സാപ്ത നാടികളും തളർന്നു.
അദ്ദേഹം തുടർന്നു - നാളെ നീ വരുമ്പോൾ ബ്രെഡ്ഡോ, കേക്കോ എന്തെങ്കിലും കരുതി വരണം. നിനക്കതിവിടെ ഇരുന്നു കഴിക്കാം. പുറത്തുപോയി കഴിക്കുന്നത് അപകടം വിളിച്ചുവരുത്തും .

വിശപ്പിന്റെ വില അറിയാവുന്ന ആ വലിയ മനുഷ്യനെ, ഇന്നും നന്ദിയോടെ ഞാനോർക്കുന്നു. അതിനുശേഷം ഞാൻ ഒരിക്കലും പാക്കിസ്ഥാനികളെ “പച്ച“ എന്നു വിളിച്ചിട്ടില്ല.

ഇന്നിപ്പോൾ ഈ നോമ്പ് കാലത്ത് ഞാൻ എന്റെ സ്വന്തം തീരുമാനപ്രകാരം നോമ്പുനോൽക്കുന്നു.
പരമകാരുണ്യവാനായ തമ്പുരാൻ എല്ലാ ജീവജാലങ്ങൾക്കും നല്ലതു വരുത്തട്ടെ.

Monday, August 24, 2009

കോഴിയോ മുട്ടയോ മൂത്തത് ?

ഉത്തരം കിട്ടാത്ത ഒരു കടം‌കഥയായിരുന്നു കോഴിയോ മുട്ടയോ മൂത്തത് എന്ന ചോദ്യം. എന്നാലിപ്പോൾ ചൈനാ‍ക്കാർ സഹായിച്ച് അതിനുത്തരമായി. മുട്ടതന്നെ. എങ്ങിനെയെന്നാല്ലേ ? ദാ ഇങ്ങനെ. ലോകത്തിലെ എന്തിനും അനുകരണങ്ങൾ സൃഷ്ടിക്കുന്ന ചൈനാക്കാർ ഇപ്പോഴിതാ ജൈവ ഉത്പ്ന്നങ്ങളിലും അവരുടെ കഴിവുതെളിയിക്കുന്നു. ഇനി മുട്ടതിന്നണമെന്നു തോന്നുവെങ്കിൽ ചന്തയിൽനിന്നും വാങ്ങാതെ വീട്ടിൽ വളർത്തിയ കോഴിയിട്ട മുട്ടമാത്രം തിന്നുക. അല്ലെങ്കിൽ ആയുസ്സെത്താതെ ചത്തുപോകും.
ചിത്രങ്ങളും വിവരവും ഇമെയിൽ വഴി കിട്ടിയത്.
Sunday, August 23, 2009

നമ്മിലേക്കു നോക്കുക.

നീരുറവ എന്ന ബ്ലോഗിലെ പഥികന്റെ പോസ്റ്റു വായിച്ചപ്പോൾ തോന്നിയ ചില ചിന്തകൾ കമെന്റായി ഇടാൻ തോന്നിയെങ്കിലും ഒരിത്തിരി നീളം കൂടിയതിനാൽ ഇവിടെ ഇടുന്നു.
വളരെ പ്രസക്തമായ ചില ചിന്തകൾ കാച്ചിക്കുറുക്കി, ഒട്ടും അധികപ്പറ്റില്ലാതെ അദ്ദേഹം പറഞ്ഞിരിക്കുന്നു.
എന്റെ ഭാഷ.
തമിഴന്റെ നാട്ടിൽ സ്ഥാപനങ്ങളുടെ പേരുകൾ തമിഴിൽ എഴുതിയിരിക്കുന്നതുകണ്ട് പുശ്ചമാണ് തോന്നിയിട്ടുള്ളത്‌. തമിഴൻ അവന്റെ ഭാഷയോടുകാണിക്കുന്ന ചില കടും‌പിടുത്തങ്ങൾ നിലക്കാത്ത ചിരിക്കുവകനൽകിയ അവസരങ്ങൾ അനവധി. ( ചിലന്തി മാപ്പിളൈ =സ്പൈഡർമാൻ, കുന്തംകുലുക്കി മാമനു കാതൽ വന്തിരുക്ക് = ഷേക്സ്പിയർ ഇൻ ലവ്, ഇവ ചില ഉദാഹരണങ്ങൾ. ) പക്ഷേ എനിക്കു തമിഴിൽ വിവരമില്ലാത്തതിനാലാണ് ആ പുശ്ചം എന്നു മനസ്സിലാക്കിയപ്പോൾ, തമിഴനോടുള്ള പുശ്ചം ഇല്ലാതായി.

അവനവന്റെ സംസ്കാരത്തോടും ഭാഷയോടും മലയാളി കാണിക്കുന്ന അവഗണന ലോകത്ത് മറ്റൊരിടത്തും കാണുമെന്നു തോന്നുന്നില്ല. ഷാർജയിൽ ഒരു സ്ഥാപനത്തിന്റെ സൈൻബോർഡിൽ ഇംഗ്ലീഷിനേക്കാളും വലിപ്പത്തിൽ അറബിയിൽ എഴുതിയില്ലെങ്കിൽ ബോർഡുവയ്ക്കാൻ ബലദിയ അനുമതി നൽകാറില്ല. അജ്മാനിലും അതുതന്നെ അവസ്ഥ. പക്ഷേ ദുബായിൽ ചില ഇളവുകളൊക്കെയുണ്ട്‌. ഇവിടെ കുവൈത്തിൽ ഇംഗ്ലീഷിൽ ഇല്ലെങ്കിലും അറബിയിൽ എഴുതിയിരിക്കണം. നമ്മുടെ നാട്ടിൽ അതൊന്നുമില്ല. എല്ലാം ഇംഗ്ലീഷിലായാൽ അത്രയും നല്ലത്‌. കഴിഞ്ഞതവണ നാട്ടിൽ‌പോയപ്പോൾ ഒരു മാറ്റം കണ്ടു. തിരുവനന്തപുരം കോർപ്പറേഷൻ ഒരുത്തരവിറക്കി. “എല്ലാ സ്ഥാപനങ്ങളുടെയും ബോർഡിൽ സ്ഥലപ്പേർ മലയാളത്തിൽ എഴുതിയിരിക്കണം.” കുറേ നടപ്പാക്കി. അത്രയും ആശ്വാസം.

എന്റെ വേഷം.
“മലയാളിയുടെ മുണ്ട്” എന്നപേരിൽ ലാറിബേക്കറിന്റെ ഒരു കാർട്ടൂൺ ആണ് ഓർമ്മവന്നത്‌. മഴയത്തു നനയാതിരിക്കാൻ തലവഴി, ബഹുമാനം പ്രകടിപ്പിക്കാൻ മടക്കിക്കുത്തഴിക്കുക, എതിരാളിയെ വിരട്ടാൻ മടക്കിക്കുത്തുക, പണമോ മറ്റു ചെറിയ സാധനങ്ങളോ സൂക്ഷിക്കാൻ മടിക്കുത്ത് , വെള്ളമടിച്ചു പാമ്പാകുമ്പോൾ തലയിൽ കെട്ടാൻ, അങ്ങിനെ പലപ്രയോഗങ്ങളും കാണിച്ചുതന്നു ബേക്കർ സായിപ്പ്. എന്തുകൊണ്ടോ മുണ്ട് ഉടുക്കാൻ ഇന്നും പഠിച്ചിട്ടില്ല.

എന്റെ ദേശം
അച്ചൻ പറഞ്ഞുതന്ന ഒരു ചൊല്ലാണ് ഓർമ്മ വന്നത്. എതോ മഹാൻ പറഞ്ഞതാണ് എന്നു പരിചയപ്പെടുത്തിയാണു പറഞ്ഞുതന്നത്. ഇനിയത് അച്ചന്റെ വക തന്നെയാണോ എന്നും അറിയില്ല. “ ഒരുത്തൻ മുപ്പതുവയസ്സിനകം ദൈവവിശ്വാസി ആകുന്നെങ്കിൽ അവന്റെ തലക്കു കേടാണ്, അവനെ ചികിത്സിക്കണം. ഒരുത്തന് മുപ്പതുവയസ്സിനു ശേഷവും ദൈവവിശ്വാസം തോന്നുന്നില്ലായെങ്കിൽ അവനെയും ചികിത്സിക്കണം അവനും തലക്കു കേടാണ്. “
ഇവിടെ പഥികൻ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിനു കിട്ടിയ സ്വാതന്ത്ര്യ ദിന ആശംസകളിൽ ഒന്നിൽ‌പോലും അഹിംസ വ്രതമാക്കിയ ഗാന്ധിജിയുടെ ചിത്രമില്ലായിരുന്നു എന്നാണ്. ഇന്റർനെറ്റിൽ വരുന്ന ആശംസാകാർഡുകളിൽ നല്ലപങ്കും ചെറുപ്പക്കാരുടെ സൃഷ്ടികളാണെന്നതിനാൽ ഈ അവഗണന മനപൂർവ്വമാകാൻ തരമില്ല. അവരുടെ പ്രായത്തിൽ അവർക്കിഷ്ടം ഭഗത്സിംഗിനെതന്നായിരിക്കും. അതൊരു തെറ്റല്ല. ഈയൊരു അളവുകോൽ വച്ചുകൊണ്ട് ഗാന്ധിജിയെ അവഗണിച്ചുമെന്നോ നാം തീവ്രവാദത്തിലേക്കു പോകുന്നുവെന്നോ കരുതാനാവില്ല.

എന്റെ സംസ്കാരം
കവലച്ചട്ടമ്പികളെയാണ് അമേരിക്ക ഓർമ്മിപ്പിക്കുന്നത്. തന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം കാരണം അരയിൽ കത്തിയുമായി നടക്കുന്ന കവലച്ചട്ടമ്പി. ട്രേഡ് സെന്റ്റർ ആക്രമണത്തിനു ശേഷം ഊണിലും ഉറക്കത്തിലും അമേരിക്കക്കാരനു ഭയമാണ്. എവിടെനിന്നും എങ്ങിനെ ആക്രമണം ഉണ്ടാകും എന്നറിയാത്ത, ശത്രു ആരാണെന്നുപോലുമറിയാത്തവന്റെ നിസ്സഹായതയാണ് അമേരിക്കക്കാരന്റെ ഗതികേട്. ഏറ്റവും സുരക്ഷിതമെന്നു കരുതി അഹങ്കരിച്ചിരുന്ന അവന്റെ ജീവിതത്തിലേക്കു വീണ ആ വീതുളിയുടെ പാടുമാറ്റാൻ പതിറ്റാണ്ടുകൾതന്നെ വേണ്ടിവരും. ഭയമാണ് ഇന്നത്തെ അമേരിക്കക്കാരന്റെ മുഖ്യഭാവം. അതിൽനിന്നു ഒളിച്ചോടാൻ അവൻ കാണിക്കുന്ന പരക്കം പാച്ചിലുകളെ കവലച്ചട്ടമ്പിയുടെ ധൈര്യപ്രകടനാമായി മാത്രമേ കാണാനാകൂ. കറുത്തവനെയോ വെളുത്തവനെയോ അപമാനിക്കലല്ല അവന്റെ ലക്ഷ്യം. സ്വന്തം ഉള്ളിൽ ഉറഞ്ഞുകൂടിയ ഭീതിയെ ശമിപ്പിക്കലാണ്.

Saturday, August 22, 2009

“നീരുറവ“യിലെ വൈറസ് വിളയാട്ടം.

ബ്ലോഗർമാരുടെ ശ്രദ്ധക്ക്. നീരുറവ എന്ന ബ്ലോഗ് വൈറസ് കച്ചവടം നടത്തുന്നതായി എന്റെ കമ്പ്യൂട്ടറിലെ അവാസ്റ്റ് പറയുന്നു. പ്രിയ ബ്ലോഗർ/ബ്ലോഗർമാർ ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

screen shots
Friday, August 21, 2009

നഗ്നനായ ബ്ലോഗർ.

പണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിപ്പിച്ചിരുന്ന ഇംഗ്ലണ്ടുകാരനായ പ്രൊഫസർ പറഞ്ഞ ഒരു വാചകം എടുത്തു പറയാം. “ മലയാളികൾ കാഴ്ചകളിൽ ഭ്രമിക്കുന്നവരാണ്. “ ഒന്നിനുവേണ്ടിയുമല്ലാതെ മണിക്കൂറുകളോളം പൊതുവഴിയിൽ കഴ്ചകണ്ടിരിക്കാൻ മലയാളിക്ക് ഒരു മടിയുമുണ്ടാകില്ലെന്നും പറഞ്ഞു പ്രൊഫസർ. (പേരോർക്കുന്നില്ല, തല്ലരുത്)

ഒരു കഥ പറയാം. ഷിഹാബുദ്ദീൻ പൊയ്ത്തും‌കടവിന്റെതാണെന്നാണ് ഓർമ്മ. നമ്മുടെ കണ്ണുകൾ നമ്മെത്തന്നെ വഞ്ചിക്കുകയും കാഴ്ച്ചകളിൽ ഭ്രമിക്കുകയും ചെയ്യുന്ന നമ്മളിലോരോരുത്തരെയും കുത്തിനോവിക്കും ഈ കഥ. പൊയ്ത്തുംകടവിന്റെ കഥ ഞാൻ പറയുമ്പോൾ അദ്ദേഹം എന്നെ തല്ലിയാൽ, ആ തല്ല് എനിക്ക് അത്യാവശം കിട്ടേണ്ടതാണെന്നു പറയാം. കഥ മുഴുവനായി പറഞ്ഞാൽ തല്ല് ഉറപ്പാണെന്നതിനാൽ ചുരുക്കി സാരാംശം മാത്രം പറയാം. “കഥ“യുടെ (കലാകൌമുദി പ്രസിദ്ദീകരണം) നല്ല കാലത്ത് വായിച്ചതാണ്. എന്നാൽ ഇപ്പോ “കഥ“ക്കു നല്ലകാലമല്ലേ എന്ന ചോദ്യം പ്രസക്തം. അതിനുത്തരം ദാ ഇങ്ങനെ പറയാം.-പണ്ട് സ്കൂളിൽ പഠിക്കുന്നകാലത്ത് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധിപാർക്കിനു ചുറ്റും പഴയപുസ്തകങ്ങൾ വിൽക്കുന്നവരുടെ കൈയ്യിൽനിന്നും കൊള്ളവിലക്കു വാങ്ങുകയും അപ്പോൾത്തന്നെ മറ്റാരും കാണാതെ ഇടുപ്പിൽ താഴ്ത്തി മുങ്ങുന്ന, സ്കൂളിൽ ടീച്ചർ കാണാതെ ആമ്പിള്ളാരുടെ ഇടയിൽ സർക്കുലറടിക്കുകയും ചെയ്യുന്ന കൊച്ചുപുസ്തകത്തിന്റെ നിലവാരമേ ഇന്നു “കഥ“ക്കുള്ളു. ആ കഥകൾ വായിച്ചു വിശകലനം ചെയ്ത് ഒന്നരപ്പുറം ആസ്വാദനം എഴുതുന്ന മഹാന്മാരെ നമിക്കണം. കിഴക്കേക്കോട്ടയിലെ കച്ചവടക്കാർ ആവശ്യം കഴിഞ്ഞ കൊച്ചുപുസ്തകത്തിനു പകുതിവില തരും. പക്ഷേ “കഥ”ക്ക് ആ വിലപോലും കിട്ടില്ല.

ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയിലേക്ക്-
പൊതുവഴിയിൽ ഒരുപെൺകുട്ടി മരിച്ചു കിടക്കുന്നു. ചുമ്മാ കിടക്കുകയല്ല. പരിപൂർണ്ണ നഗ്നയായിട്ട് കിടക്കുന്നു. ചുറ്റും കൂടിനിൽക്കുന്നു ജനം. എല്ലാ കണ്ണുകളും അവളുടെ ശരീരത്തിൽത്തന്നെ. ജീവനില്ലെങ്കിലും ആ നഗ്നസൌന്ദരത്തിൽത്തന്നെയാണ് കണ്ണുകൾ. ഹാ കഷ്ടം എന്നു പറയുന്നവരിൽ ഒരാൾപോലും പെൺകുട്ടിയെ തിരിച്ചറിയുന്നില്ല. ഇതിനിടയിൽ പ്രായം ചെന്ന ഒരാൾ ചുമലിലിട്ടിരുന്ന തോർത്തുകെണ്ട് അവളെ കഴുത്തറ്റം മൂടുന്നു. അപ്പോഴാണ് കൂടിനിന്നവരിൽ ഒരുവൽ “ഇതെന്റെ പെങ്ങളല്ലെ“ എന്നു തിരിച്ചറിയുന്നത്‌. ഇതു നമ്മുടെ ലങ്ങേരുടെ മോളല്ലെ എന്നു മറ്റൊരാൾ.
കാഴ്ചകളിൽ ഭ്രമിക്കുന്ന നമ്മുടെ അന്ധമായ ഭോഗതൃഷ്ണകളെ പൊളിച്ചുകാണിക്കുകയാണ് കഥാകാരൻ. അപകടത്തിൽ‌പ്പെട്ടു മരണമടഞ്ഞവരുടെ ചിത്രം മൊബൈൽകാമറയിൽ പകർത്താൻ ശ്രമിക്കുന്ന ഞാനടക്കമുള്ളവരുടെ സ്വയംരതിയെ നിഷ്പ്രയാസം തുറന്നുകാട്ടുന്നു. ഞാനിവിടെ പറഞ്ഞതുപോലെയല്ല, ഇത്രക്കും സ്വയംനിന്ദതോന്നിയ മറ്റൊരുകഥ വായിച്ചിട്ടില്ല ഇന്നേവരെ. അത്രക്ക് ഭംഗിയായി കഥപറയാൻ കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്.

ഇപ്പോൾ ഈ കഥ പറയാൻ ഒരു കാരണമുണ്ട്. കഴിഞ്ഞ രണ്ടുകൊല്ലം ബ്ലോഗിൽ നിന്നതുകൊണ്ട് കണ്ട ചിലകാര്യങ്ങളെ ചൂണ്ടിക്കാട്ടുകയാണിവിടെ. എന്താണ് ബ്ലോഗ്? ആദ്യകാലങ്ങളിൽ ബ്ലോഗിനെ ഒരു ഇന്റ്റർനെറ്റ് ഡയറിക്കുറിപ്പായി കണക്കാക്കിയിരുന്നു. പിന്നതു മാറി അവനവനു സ്വന്തമായുള്ള പ്രസിദ്ധീകരണശാലകളായി മാറി. എനിക്കു പറയാനുള്ളതെന്തും പറയാനും അതു മറ്റുള്ളവർ വായിക്കണമോ, അതോ എന്റെ വീട്ടിലുള്ളവരോ സുഹൃത്തുക്കളോ മാത്രം വായിച്ചാൽ മതിയോ, ഇനി അതിൽ ആരൊക്കെ അഭിപ്രായം പറയണം, അത് ആർക്കും പറയാമോ, അതല്ല, എന്റെ പുറംചൊറിഞ്ഞു തരുന്നവർമാത്രം മതിയോ എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗിനുണ്ട്. എന്റെ ബ്ലോഗുപരിചയം വളരെ പരിമിതമാണ്. എന്നാൽ കണ്ടതു ചിലതു പറയാതെ വയ്യ എന്നായി. ചൊറിച്ചിൽ അടക്കാനാവുന്നില്ല എന്നു പറയാം.

ബ്ലോഗിൽ ആദ്യമായി വരുന്നത് വിശാല മനസ്കന്റെ ബ്ലോഗു വായിച്ചിട്ടാണ്. പിന്നെ കാണുന്നത് മലയാളം എന്ന ഭാഷയെ മെരുക്കാൻ ആദ്യകാലശ്രമം നടത്തിയ (തർക്കമുള്ളവർ പറഞ്ഞുതന്നാൽ നന്ന്) ഹുസൈൻ സാറിന്റെ(രചന) പേര് ചിലർ ചന്തപ്പെണ്ണുങ്ങളെപ്പോലെ തർക്കവിഷയമാക്കുന്നതാണ്. കമ്പ്യൂട്ടർ എന്നതിന് കം‌പ്‌യൂട്‌ടർ എന്നെഴുതണോ അതോ കമ്പൂട്ടർ എന്ന് എഴുതണോ എന്ന തർക്കമായിരുന്നു. പക്ഷേ ആ തർക്കങ്ങൾ പലപ്പോഴും ഇന്നു നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മലയാളത്തിന്റെ വളർച്ചക്കേ ഉപകരിച്ചുള്ളു. വേണ്ടത്ര അംഗീകാരം പലർക്കും നൽകപ്പെട്ടില്ല എന്ന പരാതി നിലനിൽക്കത്തന്നെ മലയാളം വളർന്നുകൊണ്ടിരുന്നു. അത്തരം സംവാദങ്ങളെ പൂർണ്ണമനസ്സാലെ സ്വാഗതം ചെയ്യുന്നു.
പിന്നെ കണ്ട തർക്കങ്ങളെല്ലാം വ്യക്തിഹത്യകളായിരുന്നു. ഇഞ്ചിപ്പെണ്ണ് അമരക്കാരിയായി അമേരിക്കൻ ലോബി തർക്കം., ചിത്രകാരൻ-പൊന്നമ്പലം വിവാദം, ചാറ്റ്‌-ഫോൺ വിവാദവുമായി കുറുമാൻ, മഹാത്മാഗാന്ധി വിവാദവുമായി കൈപ്പള്ളി-കേരളാഫാർമർ, ബ്ലോഗിലെ വെട്ടുക്കിളികൾ വിവാദവുമായി ഹരികുമാർ, ഒളിഞ്ഞിരിക്കുന്നവരുടെ അടിവസ്ത്രത്തിന്റെ കറ എങ്ങിനെ വന്നു എന്നുനോക്കാൻ മരമാക്രി, ബ്ലോഗർമാർ പരസ്പരം കാ‍ണുന്നത് വിലക്കണമെന്നു ബെർളിതോമസ്, അവസാനം എന്നെ അവന്മാർ ചവിട്ടിപ്പുറത്താക്കി എന്നു നിലവിളിച്ചുകൊണ്ട് കാപ്പിലാൻ. എനിക്കറിയാന്മേലാണ്ട് ചോദിക്കുകയാണ്..... ഇതിനുമ്മാത്രം എന്തിന്റെ കേടാ നിങ്ങൾക്ക്‌.

ഇവിടെയാണ് ആദ്യം പറഞ്ഞ സായിപ്പിന്റെ വാചകങ്ങളുടെ പ്രസക്തി. നമുക്കു കാഴ്ച്ചകൾ വേണം. ഒരുപണിയുംചെയ്യാതെ ചൊറികുത്തിയിരിക്കുമ്പോൾ കാണാൻ കാഴ്ച്ചകൾ വേണം. ഹരികുമാർ പറഞ്ഞതെത്ര ശരി. “ബ്ലോഗിൽ വെട്ടുക്കിളികളാണ് കൂടുതൽ”. ഒരു വിവാദം ഉണ്ടാകാൻ കാത്തിരിക്കുന്നു മലയാളംബ്ലോഗർമാർ. സംഘടിത ആക്രമണത്തിന്റെ നാറാണക്കല്ലുകൾ. ഇനി വിവാദങ്ങൾ ഉണ്ടാക്കി ഹിറ്റുകൂട്ടുന്നവർ. ആ നിലക്കു നോക്കിയാൽ ബ്ലോഗിലെ ഏറ്റവും നല്ല മാർക്കറ്റിംഗ് മാനേജർ ബെർളി തോമസ്സാണ്. ഏറ്റവും നല്ല സമയത്ത്‌ എന്തു വിൽക്കണം എന്നു ഇത്രയും നന്നായി അറിയാവുന്നവർ ഇല്ലതന്നെ. ബ്ലോഗിലെ ഹിറ്റുകൂട്ടാൻ എന്ത്‌ എപ്പോൾ ചെയ്യണം എന്നു അദ്ദേഹത്തിനു നന്നായറിയാം. ബെർളി ഒന്നു തുമ്മിയാൽ മതി, പിന്നത്തെക്കാര്യം മറ്റുള്ളവർ ഏറ്റെടുത്തുകൊള്ളും. പിന്നെ പോസ്റ്റായി, പോസ്റ്റിനു മറുപടി പോസ്റ്റായി........... എത്ര ഈസിയായി നിങ്ങളുടെ ചിലവിൽ അദ്ദേഹം ഹിറ്റുകൂട്ടുന്നതു നോക്കു, . പക്ഷേ ബെർളിയുടെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു ലക്ഷ്യമെങ്കിലുമുണ്ട്‌. അതുപോലുമില്ലാതെ ബഹളം വയ്ക്കുന്നവരാണ് ഉണ്ണാക്കന്മാർ.

ഇന്റർനെറ്റിൽ സൌജന്യമായി ലഭിക്കുന്ന ഈ സൌകര്യം സ്വന്തം കുടുംബസ്വത്താണെന്നു കരുതുന്നവർ. എനിക്കിഷ്ടമുള്ളത് ഞാൻ എഴുതുമ്പോൾ അതിൽ മറ്റൊരാൾക്കിഷ്ടമുള്ള അഭിപ്രായം പറയാൻ അനുവദിക്കേണ്ടതല്ലെ? നല്ല സൌഹൃദങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിടത്ത്, വർഷങ്ങളായി നിലനിന്ന സൌഹൃദങ്ങളെ നിഴലിനോട് യുദ്ധം ചെയ്തു നശിപ്പിക്കുന്നവർ. മലയാളം ബ്ലോഗിങ് വളരുകയാണോ? മറ്റുള്ളവരുടെ സ്വകാര്യങ്ങളിൽ നിങ്ങൾക്കെന്തു കാര്യം? ഒരാൾ സ്വയം വെളിവാക്കാൻ ഉദ്ദേശിക്കാത്ത രഹസ്യങ്ങളെ ചൂഴ്ന്നുപോകുന്നതും അയാളുടെ അടിവസ്ത്രത്തിന് മഞ്ഞനിറമാണെന്നു വിളിച്ചുകൂവുന്നതും ഒരു മാനസികരോഗിയുടെ ലക്ഷണമല്ലേ?. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്നു തന്നെയാണ് അഭിപ്രായം. എന്നാൽ എന്റെ വിശ്വാസങ്ങൾമാത്രമാണ് ശരി എന്നുകരുതുന്നതും എന്റെ വിശ്വാസം തെറ്റാണെന്നുപറയുന്നവന്റെ തന്തക്കുവിളിക്കുന്നതും വിദ്യാഭ്യാസമുള്ള ഒരു ജനതക്കു ചേരില്ല. കൂപമണ്ഡൂകങ്ങളാണവർ. എനിക്കു മുള്ളണം, പക്ഷേ നാലുപേർ ചേരുന്നിടത്തേ മുള്ളൂ എന്ന് നിർബന്ധം പിടിക്കുന്നതെന്തിന്?
മറ്റുള്ളവർക്കു പ്രയോജനപ്രദമായി, മലയാളഭാഷയുടെ വളർച്ചക്കായി ഉപയോഗിക്കപ്പെടേണ്ട വിലപ്പെട്ടസമയം മുണ്ടുപൊക്കിക്കാണിച്ചും അന്യന്റെ സ്വകാര്യരഹസ്യങ്ങളിൽ കടന്നുകയറിയും തീർക്കാതെ...........താനൊക്കെ എന്നാ നന്നാകുന്നെ?

കാപ്പിലാൻ, വിവാദം അവസാനിപ്പിച്ചമട്ടാണ്. അടുത്ത കോള് എവിടെയാണാവോ ?

Sunday, August 2, 2009

ഇതെന്താ സാധനം ?ചിത്രം ഒന്ന്. എറർ മെസ്സേജ്.


ചിത്രം രണ്ടും മൂന്നും റീസ്റ്റാർട്ടിനു ശേഷം വരുന്ന മെസ്സേജ്.