
"മലയാളികള്‍ കാഴ്ചകളില്‍ ഭ്രമിക്കുന്നവരാണ്." ജ്വലിക്കുന്ന സൂര്യനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനെക്കാളേറെ, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടത്തില്‍ ഭ്രമിച്ചുപോവുകയും അതേക്കുറിച്ച് നെടുനീളന്‍ കവിതകളോ നോവലുകളോ, അക്കാദമിക് ഗ്രന്‌ഥങ്ങളോ രചിക്കും മലയാളി. ഈ തിളക്കം നൈമിഷികമല്ലേ എന്നു സംശയം കൂറിയാല്‍, അവനെ വ്യക്തിഹത്യ ചെയ്ത് കാലത്തിന്‍റ്റെ ഇരുളറയിലടക്കാനും മറക്കില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് എക്കാലവും നമ്മുടെ രാജ്യത്തിന്റെ അഭിമാനസ്തംഭമാകേണ്ട "അഗ്നിചിറകുകള്‍" വായിക്കാതെ പോകുന്നതും, "നളിനി ജമീലയുടെ ആത്മകഥ" ബെസ്റ്റ് സെല്ലറാകുന്നതും.
ആയിരത്തോളം കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ ജഗതി ശ്രീകുമാറിനെ അംഗീകരിക്കാന്‍ മടിക്കുന്നതും, ഒരേ ഒരു ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രേംജിക്ക് അവാര്‍ഡ് കൊടുക്കുന്നതും ഇതേ മനോഭാവം കൊണ്ടുതന്നെ. പ്രേംജി നല്ല നടനല്ല എന്നു കരുതുന്നില്ല. അനിതര സാധാരണമായ കഴിവുള്ളയാള്‍ക്കേ, പിറവിയിലെ ഈച്ചരവാര്യരെ അഭിനയിച്ചു നന്നാക്കാനാവൂ. എന്നാല്‍ "ഉദയാനാണു താരം" എന്ന ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ ജഗതിക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. ശ്രീനീവാസനെ നവരസങ്ങള്‍ പരിശീലിപ്പിക്കുന്ന ഒരൊറ്റ രംഗം മതി ആ അതുല്യ പ്രതിഭയുടെ മാറ്റുരക്കാന്‍. എന്നിട്ടും ജഗതി ഇന്നും നമുക്ക് "സഹ" !.
ഈയൊരു കാഴ്ചപ്പാടില്‍ തന്നെയാണ് ശ്രീ. എം.കെ.ഹരികുമാറിന്റെ "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്‍" എന്ന കുറിപ്പിനെയും കാണാന്‍. ഒരു നടന്‍ അവന്റെ കഴിവുതെളിയിക്കേണ്ടത് നടന വൈഭവത്തിലൂടെ തന്നെയാകണം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഭരത് ഗോപി, അടൂര്‍ ഭാസി, തിക്കുറിശ്ശി, കരമന, സത്യന്‍, പ്രേംജി, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഇടയില്‍ നിന്നും പ്രേം നസീറിനെ മാറ്റി നിറുത്തുന്നതെന്താണ്? അഭിനയത്തികവില്‍ ഇവരോടൊപ്പമോ അതിനു മുകളിലോ ശേഷിയുള്ളയാളണോ അദ്ദേഹം? അല്ലെങ്കില്‍ എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാം, ലളിതമായ ഒരുത്തരമുണ്ട്. ഇപ്പറഞ്ഞവരാരും ഒരു നടന്‍ എന്നതിനപ്പുറം വളര്‍ന്ന് ഒരു പ്രസ്ഥാനമായി തീര്‍ന്നിട്ടില്ല. തമിഴില്‍ എം.ജി.ആര്‍., രജനീകാന്ത്, കന്നഡത്തില്‍ രാജ്‌കുമാര്‍, ഹിന്ദിയില്‍ ബച്ചന്‍, മലയാളത്തില്‍ പ്രേം നസീര്‍. അതേ, പ്രേം നസീര്‍ മാത്രം.
ഇനിയാണ്, മലയാളിയുടെ അക്കാദമിക് പൊങ്ങച്ചം തലപൊക്കുന്നത്. ഒരു ജീവിത കാലം മുഴുവന്‍ മലായാളിയുടെ നായക സങ്കല്‍പങ്ങളില്‍ നിറഞ്ഞു നിന്ന പ്രേം നസീര്‍ നടനേയല്ല!, വെറും ചവര്‍. ജഗതി ശ്രീകുമാറാണോ, മാള അരവിന്ദനാണോ, വലിയ നടന്‍? അഭിനയകലയുടെ സൂഷ്മ വിശകലനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കുതിരവട്ടം പപ്പുവാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍. പാളിപ്പോയ, അതുമല്ലെങ്കില്‍ ജീവിതത്തോടൊട്ടിനില്ക്കാത്ത എത്ര കഥാപാത്രങ്ങളുണ്ട് പപ്പുവിന്റെതായി?
ശ്രീ എം. കെ. ഹരികുമാറിന്റെ കുറിപ്പില്‍ അദ്ദേഹം വളര സൂക്ഷിച്ചാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാതെ പോകുന്നത് വായനക്കാരന്റെ തെറ്റാണ്. അദ്ദേഹം പറയുന്നത് എക്കാലത്തെയും "വലിയ" നടനെക്കുറിച്ചാണ്. "മികച്ച" നടനെക്കുറിച്ചല്ല. ആ അര്‍ഥത്തില്‍, പ്രേം നസീര്‍ എന്ന പ്രസ്ഥാനം തന്നെയാണ് "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്‍"