Saturday, April 10, 2010

THE ISLE

എന്താണ് പ്രണയം? ഇന്നിതേവരെ എന്റെ അറിവില്‍ പ്രണയത്തെ വസ്തുനിഷ്ഠമായി പഠിക്കുകയും അതേക്കുറിച്ചെഴുതുകയും ചെയ്തത് ഏറിക് ഫ്രോം ആണ്.പ്രണയത്തിന്റെ ഊടുവഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചത് അന്നുവരെ കാണാത്ത കാഴ്ചകളിലൂടെയാണ്.അതുകൊണ്ട്തന്നെയാണ് “ആര്‍ട്ട് ഒഫ് ലൌവിങ്ങ് “ എന്ന പുസ്തകം അലമാരയില്‍നിന്നൊഴിഞ്ഞുപോകുമ്പോഴും നമ്മുടെ മനസ്സില്‍ ചില വരകളും കുറികളും പോറലുകളും നിലനിര്‍ത്തുന്നതും.ഒരു മരുക്കാറ്റുപോലെ നിന്റെ പ്രണയിനി സകലതും തൂത്തെറിഞ്ഞു കടന്നുപോകുമ്പോഴും നിന്റെ വ്യഥകളുടെ കാഠിന്യത്തെ മറന്ന്, അവളുടെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കാനും അതല്ലാതെ അവള്‍ക്ക് മറ്റൊരു വഴിയില്ലായിരുന്നല്ലോ എന്നാശ്വസിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നു എറിക് ഫ്രോം.എന്നാല്‍ അദ്ദേഹം പറയാതെ പോയ പ്രണയമുണ്ടോ?  ഒരു പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കാണാനാകാതെപോയ പ്രണയവഴികള്‍? അതേ, ചിലതു പറയാതെ തന്നെയാണ് അദ്ദേഹം പോയതെന്നു പറയുന്നു The Isle എന്ന സിനിമ.  നിങ്ങളിനിയും ഈ ചിത്രം കണ്ടിട്ടില്ലായെങ്കില്‍ ഒരു സിനിമാ ആസ്വാദകനെന്ന നിലയില്‍ നിങ്ങള്‍‌ക്കതൊരു നഷ്ടമാണ്.

പ്രണയവും രതിയും പരസ്പരപൂരകമായ ഒരു യുദ്ധതന്ത്രമാണിവിടെ. ഇഷ്ടപ്പെടുന്നവനെ വരുതിയിലാക്കാനുള്ള യുദ്ധത്തില്‍ എടുത്തുപയോഗിക്കാവുന്ന എറ്റവും മികച്ച ആയുധങ്ങള്‍.പ്രണയയും രതിയും ആയുധങ്ങളാവുമോ എന്ന ചോദ്യം പ്രസക്തം. ജീവിതം സുന്ദരമായ ചില കാഴ്ചകള്‍ മാത്രമല്ലെന്നും യുദ്ധവും പിടിച്ചെടുക്കലും കീഴടങ്ങലും എല്ലാം ചേര്‍ന്നതു തന്നെയാണെന്ന് പറയുന്നു സംവിധായകന്‍ കി ഡുക് കിം.

മൃഗങ്ങളോടും പക്ഷികളോടും കാണിക്കുന്ന ക്രൂരതയെ സ്ക്രീനില്‍ കാണിക്കുക വഴി, പരക്കെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ സംവിധായകന്,അതൊക്കെ സ്പെഷ്യല്‍ ഇഫക്റ്റുകളുടെ സഹായത്താല്‍ കാണിക്കുന്നതല്ലേ എന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് സംവിധായകന്‍ പറയുന്നത്, അതൊക്കെ പച്ചയായ ജീവിതമെന്നു തന്നെയാണ്. രതിപോലും ഒട്ടും കലര്‍പ്പില്ലാതെ കാണിക്കുന്നതും താന്‍ ചെയ്യുന്നതൊന്നും വെറും ഗിമിക്കുകളല്ലെന്നും ജീവിതം പരുക്കനായ ചില സത്യങ്ങളുടെ ആകെത്തുകയാണെന്നുമുള്ള വിളിച്ച് കൂവല്‍ തന്നെ.

താന്‍ സ്നേഹിക്കുന്ന പുരുഷന്‍ തന്നെ മാത്രം സ്നേഹിക്കണമെന്ന ആഗ്രഹം ചില സ്ത്രീകള്‍ക്കുണ്ടാകാം. അവന്റെ അമ്മ, സഹോദരി, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിങ്ങനെ അവനെ ചുറ്റിപ്പറ്റിനില്‍ക്കുന്ന സമൂഹം മുഴുവന്‍ തന്നിലേക്കൊഴുകേണ്ട സ്നേഹം പങ്കുവയ്ക്കുവാനായി കടന്നുവരുന്നവരാണെന്ന ചിന്ത.അവളതൊരിക്കലും അനുവദിച്ചുകൊടുക്കാറില്ല.പ്രായോഗികമായി വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഈ മനോഭാവം(Possessiveness) പുരുഷന് പലപ്പോഴും ജീവിതം നരകതുല്യമാക്കും.കുട്ടമണിയുടെ “വേരുവെട്ടി‍” പോസ്റ്റ് ഓര്‍ക്കുന്നു.ഈ ചിത്രത്തില്‍ പൊസ്സസ്സീവ്നെസ്സിന്റെ മൂര്‍ദ്ധന്യമായ അവസ്ഥയെയാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് (Distructive Possesiveness). തന്നെ സ്നേഹിക്കാത്തതൊന്നും നിലനില്‍ക്കണ്ടാ എന്ന അവസ്ഥ. തന്റെ പുരുഷന്റെ സ്നേഹം പങ്കുവയ്ക്കപ്പെടാവുന്ന എല്ലാ സാധ്യതകളേയും നശിപ്പിക്കുകയാണ് തന്ത്രം. അത് പക്ഷിയോ മൃഗമോ മത്സ്യമോ മനുഷ്യനോ എന്നില്ല, എന്തിനേയും ഏതിനെയും അവള്‍ തകര്‍ത്തെറിയും. ഒരു സ്ത്രീയുടെ ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള അവസ്ഥയും അതു തന്നെ. എങ്കില്‍ താന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ “ഞാന്‍ നിന്റെ പുരുഷനല്ല, എനിക്കിഷ്ടമുള്ളപ്പോള്‍ നിന്നെവിട്ടു പോകാനുള്ള അവകാശമെനിക്കുണ്ട്” എന്ന് പ്രഖ്യാപിക്കുന്നതോടെ അവള്‍ സ്വയം കീഴടങ്ങി മരണത്തിലേക്കു നടക്കുന്നു. ഇവിടെ അവകാശം സ്ഥാപിക്കലല്ല, പകരം സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം മാത്രമാണുള്ളത്. മറ്റൊന്നിനും പകരം വയ്ക്കാനാവില്ലെന്നവള്‍ വിശ്വസിക്കുന്ന സ്നേഹം. 
സിനിമയുടെ ചില ഘട്ടങ്ങളില്‍ രതിയെ വളരെ വിദഗ്ദമായി ഉപയോഗിക്കുന്നുണ്ട് സംവിധായകന്‍. ഒരവസരത്തില്‍ അവള്‍ക്കത് അവന്റെ വേദന മറക്കാനുള്ള മരുന്നാണെങ്കില്‍, മറ്റൊരവസരത്തില്‍ അത് സ്വയം സമര്‍പ്പണമാവുന്നു.കീഴടങ്ങലിന്റേതായ അവാച്യമായ അനുഭൂതിയും അവളനുഭവിക്കുന്നു. രതി പുരുഷന്റെ ആശയടക്കലല്ല, പകരം സ്ത്രീയുടെ പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആയുധമാകുന്നു.

ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തില്‍ നടീ നടന്മാര്‍, സംവിധായകന്‍,സംഗീതസംവിധായകന്‍,ഛായാഗ്രാഹകന്‍ എന്നിങ്ങനെ ആരും സിനിമയുടെ സംവേദനത്തെ മുറിപ്പെടുത്തുന്നില്ലായെന്നതാണ്. കഥാപാത്രങ്ങള്‍ പ്രകൃതിയെപ്പോലെ, കാറ്റുപോലെ, മഞ്ഞുപോലെ, കായല്‍ പോലെ, ചങ്ങാടങ്ങള്‍ പോലെ സിനിമയിലേക്കലിഞ്ഞു ചേരുന്നു.

9 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

രതി പുരുഷന്റെ ആശയടക്കലല്ല, പകരം സ്ത്രീയുടെ പുരുഷനുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആയുധമാകുന്നു.

വീ.കെ.ബാല said...

:)

ഭായി said...

വരട്ടെ കാണണം.
പോസ്റ്റിന് നന്ദി :-)

Anonymous said...

കാണണം, അതിന് ശേഷം അഭിപ്രായം വിശദമായി എഴുതാം, നല്ല റിവ്യൂ!

ശ്രീ said...

നന്നായി മാഷേ

mazhamekhangal said...

nalla review...

സന്തോഷ്‌ പല്ലശ്ശന said...

EE PARICHAYAPPEDUTHALINU NANDI

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

വിജയകുമാർ ബ്ലാത്തൂർ said...

നല്ല വായനാനുഭവം-http://cinemajalakam.blogspot.com/

Post a Comment