Saturday, November 6, 2010

വന്മരങ്ങൾ വീഴുമ്പോൾ- കഥകൾ: ദേവൻ.


2007 ആദ്യകാലത്താണ് ബ്ളോഗ് എന്താണെന്നറിയുന്നത്. ഓർക്കൂട്ടിൽ ഒരു സുഹൃത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ളോഗ് ലിങ്ക്‍ വഴി. പിന്നെ കുറേകാലം കഴിഞ്ഞാണ് സ്വന്തമായി ബ്ളോഗ് തുടങ്ങുന്നത്. എഴുതാൻ എന്തെങ്കിലും ഉണ്ടായിട്ടല്ല, വായിച്ച് ഇഷ്ടപ്പെട്ട പോസ്റ്റുകൾ വീണ്ടും വായിക്കാനായി കൂട്ടിവയ്ക്കാനിരിടമെന്നതായിരുന്നു സ്വന്തമായി ബ്ളോഗ് തുടങ്ങാൻ കാരണം. പിന്നാലെ ഒരുപാട് പോസ്റ്റുകൾ വായിച്ചു. ഇഷ്ടപ്പെട്ടത് പി.ഡി.എഫ് ആക്കി സൂക്ഷിച്ചു. കാലത്തെ അതിജീവിക്കുന്ന രചനകൾ ബ്ളോഗിൽ വിരളമാണെന്ന ധാരണ അന്നും ഇന്നും മാറിയിട്ടില്ല. നല്ല കഥാകാരന്മാരോ കഥാകാരികളോ ഉണ്ട്. പക്ഷേ, അവർ എഴുത്തിനെ ഗൌരവമുള്ളതായി കാണുന്നില്ല എന്നത് അവർ അവരോട് തന്നെ ചെയ്യുന്ന പാതകമാണ്. ഒരു കഥയോ കവിതയോ കൂടുതൽ വായനക്കാർ നല്ലെതെന്നു പറഞ്ഞാൽ അതോടെ എഴുത്തു നിർത്തി നിരൂപണത്തിലേക്ക് തിരിയുന്നവരും വിരളമല്ല. സ്വന്തം തട്ടകമെന്താണെന്ന് തിരിച്ചറിയാനാക്കാത്താതാണവരുടെ പ്രശ്നമെന്നേ തോന്നിയുള്ളു. പലപ്പോഴും "വലിയ എഴുത്തുകാരൻ" ആയി എന്ന അഹം ഭാവവും ആകാമെന്നു തോന്നി. ഇത്തരം മിഥ്യാധാരണകളിലൊന്നും കുടുങ്ങിപ്പോകാതെ, തനിക്കു ചെയ്യാനാവുന്നത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാരും ധാരാളം.

അക്കാലത്ത് മനസ്സിലിടം പിടിച്ച ചില കഥകൾ കൂട്ടി വച്ചതിൽ നിന്നും ചിലതെടുത്ത് വായിക്കുമ്പോൾ, "ഇതു ഞാൻ മുൻപ് വായിച്ചതാ" എന്ന തോന്നലോടെ മാറ്റിവയ്ക്കാൻ തോന്നാത്ത, വീണ്ടും വായന ആവശ്യപ്പെടുന്ന ചില കഥകളാണ് ദേവന്റേത്. ഹൃദയത്തിൽ നിന്നും ഉറവപൊട്ടി, ഒഴുകിപ്പരന്ന്, ഒരു പുഴയായ് ആർത്തലക്കുന്ന അമർത്തിപ്പിടിച്ച നിലവിളികളാണ് ദേവന്റെ കഥകൾ.പലപ്പോഴും ദേവന്റെ കഥകളെ ബ്ലോഗ് വായനക്കാർ ശരിയായ ഗൌരവത്തോടെ വായിച്ചിട്ടില്ല എന്നു തോന്നി. തമാശക്കഥകളെന്ന അലംഭാവത്തോടെ വായിച്ചു മാറ്റി വച്ചു. ഉള്ളിൽ പുകഞ്ഞു കത്തുന്ന ഉമിത്തീയായിയുമായി പുറത്തു വരുന്ന ആ കഥകളെ വെറും കൊച്ചുവർത്തമാനങ്ങളായി കണ്ടു. കമെന്റുകൾ പറയുന്നതതാണ്. ആ കഥകൾ വീണ്ടും വായിക്കപ്പെടണമെന്നും വായനക്കാർ ബ്ളോഗിലെ കുടുംബക്കൂട്ടങ്ങളായി മാത്രം ഒതുങ്ങരുതെന്നും തോന്നിയതുകൊണ്ടണ്, ദേവന്റെ കഥകളെ പിഡീഫ് ആക്കി പുനഃപ്രസിദ്ധീകരിക്കണം എന്ന തോന്നലിനു പിന്നിലുള്ള പ്രചോദനം.

വളരെയൊന്നും പരിചയക്കാരില്ലാതെ, ആരാണെന്ന് അറിയിക്കതെ ഒരിക്കൽ മാത്രം കണ്ടു പരിചയമുള്ള ദേവന്റെ ഈ മെയിൽ തപ്പിയെടുത്ത് ഒരപേക്ഷ കൊടുത്തു. "ഓ അതൊന്നും അത്ര വായിക്കപ്പെടാനുള്ള കഥകളല്ല" എന്ന അഭിപ്രായമാണ് ദേവേട്ടൻ എന്നു പലരും സ്നേഹപൂർവ്വം വിളിക്കുന്ന കഥാകാരന്റെ പ്രതികരണം..! ആവർത്തിച്ചുള്ള അഭ്യർഥനക്കവസാനം ഇഷ്ടമുള്ളതു ചെയ്തോളൂ എന്നൊരു വാക്കു കിട്ടി. പിന്നെ അതെങ്ങനെ ആകണമെന്നായി ചിന്ത. ഞാൻ പുസ്തകങ്ങൾ കൂട്ടി വയ്ക്കുന്ന പിഡീഫ് ലൈബ്രറി എന്ന സംരഭത്തിലൂടെ വായനക്കാരിലെത്തിക്കാം എന്ന ആത്മവിശ്വാസത്തോടെ ആദ്യ പണികൾ തുടങ്ങി. കഥകളുടെ തിരഞ്ഞെടുക്കലും എഡിറ്റിങ്ങും വലിയ കടമ്പയായിരുന്നു. അക്ഷരത്തെറ്റുകൾ വളരെയൊന്നുമില്ലാത്തത് അനുഗ്രഹമായി. കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ചു തരാമോ എന്ന ചാറ്റ് മെസ്സേജിന് ബ്ളോഗിലെ ഏറ്റവും പ്രസിദ്ധനായ കാർട്ടൂണിസ്റ്റ് 120 കിഗ്രാൻ എന്നു സ്വയം വിളിക്കുന്ന സജ്ജീവിന്റെ പ്രതികരണം വല്ലാത്ത ഒരനുഭവമാണ്.ഞാൻ മാത്രമല്ല ദേവന്റെ കഥകളെ വീണ്ടും വീണ്ടും വായിക്കാനിഷ്ടപ്പെടുന്നതെന്ന അറിവ് അത്ഭുതപ്പെടുത്തി. ജോലിത്തിരക്കിനിടയിലും അദ്ദേഹം ചില ചിത്രങ്ങൾ വരച്ചു തന്നു. കവർ പേജ് ചെയ്യാൻ ആരാ എന്ന ചിന്തക്ക് ഞാൻ തന്നെ എന്നതായിരുന്നു എന്റെ മനസ്സിൽ. പക്ഷേ ഈ കഥകൾക്ക് മാന്യമായ സ്ഥാനം നല്കുന്ന ഒരു കവർ പേജ് ഞാൻ ചെയ്താൽ ശരിയാവുമോ എന്ന ചിന്തയും അലട്ടി. സജ്ജീവ് തന്നെ നന്ദകുമാറിന്റെ പേരും സൂചിപ്പിച്ചു. പിന്നെ നന്ദകുമാറിനെ ഓടിച്ചിട്ടു പിടിക്കുക എന്നതായി ജോലി. നന്ദൻ തിരക്കുള്ളയാളാണ്, വല്ലപ്പോഴും ബസ്സിൽ വന്നാലായി..!. അങ്ങനെ ഒരു വരവിൽ കക്ഷിയെ വലയിട്ടു പിടിച്ച് അപേക്ഷ കൊടുത്തു. പൂർണ്ണ സമ്മത പക്ഷേ സമയം വേണം. തിരക്ക് മനസ്സിലാക്കാവുന്നതേയുള്ളു. വേണ്ടത്ര സമയം എടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ എന്നാൽ കാത്തിരിക്കൂ എന്നായി. കാത്തിരുന്നു. പകരം മനോഹരമായ പുസ്തകക്കവർ ഈ മെയിലിൽ വന്നു ..! ഇതിനിടക്ക് എന്റെ ഒരു അഭിപ്രായത്തിന്റെ തലമണ്ടക്കിട്ട് ഒരു കൊട്ടും തന്നു നന്ദൻ. :)..

ഒടുവിൽ, ദേവന്റെ കഥകൾക്ക് അതർഹിക്കുന്ന ഒരുപുറം ചട്ടയും, അകത്ത് ദേവന്റെ കഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന കാരിക്കേച്ചറുകളുമായി നിങ്ങൾക്ക് സമർപ്പിക്കുന്നു.

കഴിയുന്നത്ര വായനക്കാരിലേക്ക് ഈ പുസ്തകം അയച്ചുകൊടുക്കാൻ എല്ലാ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു. പുസ്തകം ഇവിടെനിന്നും ഡൌൺ ലോഡ് ചെയ്യാം

4 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

വളരെ നല്ലൊരു ഉദ്യമം മാഷേ.

ഇപ്പഴേ ഡൌണ്‍ലോഡുന്നു.

അപ്പു said...

അഭിനന്ദനങ്ങൾ! വളരെ നല്ലൊരു സംരംഭമാണിത്... നന്ദി.

Rare Rose said...

ബ്ലോഗ്ഗേര്‍സ് ഒത്തുപിടിച്ചൊരു നല്ല സംരംഭം.ഞാനും സന്തോഷപൂര്‍വ്വം ഡൌണ്‍ലോഡി.:)

kaithamullu : കൈതമുള്ള് said...

ഉറുമ്പേ,

ഉറുമ്പ് ഇപ്പഴാ ശരിക്കും ഉറുമ്പായത്!

;-0)

ഉദ്യമത്തില്‍ പങ്കേടുത്ത എല്ലാര്‍ക്കും അഭിനന്ദന്‍സ്!!

Post a Comment