2007 ജൂൺ 29 നാൺ ഞാൻ ആദ്യമായി എന്റെ സ്വന്തം ബ്ലോഗു തുടങ്ങുന്നതും അതിൽ ഒരു പോസ്റ്റ് ഇടുന്നതും. അതിനു ഏതാനും മാസങ്ങൾക്കുമുൻപ് ഓർക്കൂട്ടിൽ ഒരു സുഹ്രുത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ലോഗിലേക്കുള്ള ലിങ്കുവഴിയാണ് ഇങ്ങനൊരു സംഭവം ഉണ്ടെന്നുതന്നെ അറിയുന്നത്. അതുവഴി പിന്നെ ഒരു യാത്രയായിരുന്നു. മലയാളം യൂണികോഡിന്റെ വികസത്തിൽ സ്തുത്യർഹമായ പങ്കുവഹിച്ച പലരുടെയും ബ്ലോഗുകൾ (ആരുടെയും പേരെടുത്തുപറയുന്നില്ല.) കണ്ടു. ആരുടെയെങ്കിലും ബ്ലോഗിൽ കമെന്റിടുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്.എനിക്കു ബൂലോകം പരിചയപ്പെടാൻ കാരണമായ ആ സുഹ്രുത്തിനും, പിന്നെ എന്റെ ബ്ലോഗുവായനക്കു പ്രചോദനമായ വിശാലനും നന്ദി.വിശാലന്റെ ബ്ലോഗുവഴി മറ്റുപലരുടെയും ബ്ലോഗു കണ്ടു. പിന്നെ ചിന്ത എന്ന അഗ്രിഗേറ്റർ പരിചയപ്പെട്ടു. അങ്ങിനെ പലരുടെയും ബ്ലോഗുകൾ വായിച്ചതിനു ശേഷമാണ്, രണ്ടു വർഷം മുൻപ് ഇതേ ദിവസം ഉറുമ്പ് എന്നപേരിൽ ബ്ലോഗു തുടങ്ങുന്നത്.
വായനാസുഖം തരുന്ന ഒട്ടേറെ രചനകൾ ഉണ്ടായിരുന്നതിനാൽ, അതു മുഴുവൻ കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടു മനസ്സിലാക്കി, മുഴുവൻ ബ്ലോഗും വായിച്ച്, അതിൽനിന്നും എനിക്കിഷ്ടപ്പെട്ടതു തിരഞ്ഞെടുത്തു മറ്റുള്ളവർക്കു പങ്കുവയ്ക്കുക എന്ന ഉദ്ദേശമായിരുന്നു “ഉറുമ്പുകടികൾ” എന്ന ബ്ലോഗ് തുടങ്ങാൻ കാരണം. പക്ഷേ ദിവസവും പോസ്റ്റുചെയ്യപ്പെടുന്ന എല്ലാ ബ്ലോഗും വായിച്ച് ഒരു തിരഞ്ഞെടുപ്പു നടത്തുക എന്നത്, എന്നെപ്പോലെ ദിവസം പന്ത്രണ്ട് മണിക്കൂറിലേറെ പണിയെടുക്കുന്ന ഒരാൾക്ക് കഴിയുന്നതല്ല എന്നുവന്നപ്പോൾ, തിരഞ്ഞെടുപ്പു നിർത്തിയെങ്കിലും എനിക്കു പറയാനുള്ളതു പറയാനായി ബ്ലോഗു നിലനിർത്തി.
ഇതിനിടയിൽ ഒരുപാടു അങ്കങ്ങൾ കണ്ടു. സദുദ്ദേശപരമായി ഉപയോഗിക്കാനായി “ബ്ലോഗർ.കോം” തരുന്ന സൌജന്യമായ സേവനത്തെ മറ്റൊരുവന്റെ വ്യക്തിഹത്യക്കു മാത്രമായി ഉപയോഗിക്കുന്നതും കണ്ടു. പല കൂട്ടായ്മകളും രൂപംകൊള്ളുന്നത് കണ്ടു. എനിക്കെന്തോ അത്തരം കൂട്ടയ്മകളിൽ പങ്കുചേരാൻ തോന്നിയില്ല. ഒരു സ്വതന്ത്ര മാധ്യമം എന്ന നിലയിൽ നിന്നും,അതിലൊരു കൂട്ടായ്മ മറ്റൊരു ചേരിതിരിവിനു കാരണമാകും എന്ന തോന്നൽകൊണ്ടുതന്നെ. അതുകൊണ്ടുണ്ടാകാവുന്ന പക്ഷപാതം എനിക്കുണ്ടാകരുതെന്നും വിശ്വസിച്ചു.അതു നന്നായെന്നു പിന്നെ മനസ്സിലായി. ഈ മാധ്യമം മലയാളത്തിന്റെ മുഴുവൻ പിത്രുത്വം ഏറ്റെടുക്കാൻ കെൽപ്പുള്ളതാണെന്നും, താങ്കളുടെ രചനകൾ ലോകോത്തരങ്ങളാണെന്നും, പ്രിന്റു മീഡിയ തങ്ങളെ മന:പൂർവ്വം അവഗണിക്കുകയാണെന്നുമുള്ള രോധനങ്ങളും, പ്രിന്റു മീഡിയയോടുള്ള പുശ്ചവും എല്ലാം കണ്ടു. ഇതിൽ ഒരാൾ പറഞ്ഞത്,മരം നശിപ്പിച്ചാണ് പേപ്പർ ഉണ്ടാക്കുന്നതെന്നും ആ പേപ്പറിൽ പ്രിന്റു ചെയ്യുന്ന ഒന്നിനെയും തനിക്കു മതിക്കാനാവില്ലെന്നുമാണ്. മനം മടുപ്പിക്കുന്ന തരത്തിലുള്ള സംഘം ചേർന്ന ആക്രമണങ്ങളും, മറ്റുള്ളവരുടെ സ്വകാര്യതയെ തുരന്നെടുത്ത്, ഭീഷണിപ്പെടുത്തലും കണ്ടു. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നു പരാതിപറഞ്ഞവർ തന്നെ തങ്ങളുടെ കിച്ചൻ ക്യാബിനറ്റിനപ്പുറമുള്ളവരുടെ രചനകളെ കണ്ടില്ലെന്നു നടിച്ചു. മറ്റുള്ളവർ എന്റെ ബ്ലോഗിൽ കമെന്റിടണമെന്നും, അതു ഞാനർഹിക്കുന്നു എന്നഹങ്കരിക്കുകയും,അതേ സമയം ആ കമെന്റിട്ട ബ്ലോഗറുടെ ബ്ലോഗിൽ പോയി ഒന്നു നോക്കാനോ, അതിലൊരു കമെന്റിടുവാനോ തയ്യാറാകാത്ത ഒരു വരേണ്യവർഗ്ഗം ബ്ലോഗിൽ ഉടലെടുത്തു. എന്തിനാ അങ്ങനെ കമെന്റിടുന്നത് എന്നു ചോദിച്ചാൽ, ഒരു സിമ്പിളായ ഉത്തരം, എന്റെ ബ്ലോഗ് മറ്റുള്ളവർ വായിക്കണമെന്നും അതിൽ നാലു തെറിയാണെങ്കിലും കമെന്റായി വരണം എന്ന എന്റെ ആഗ്രഹം തന്നെ. ആ ആഗ്രഹം ബ്ലോഗു ചെയ്യുന്ന എല്ലാവർക്കുമുണ്ടാകും എന്നതാണ് എന്റെ വിശ്വാസം.
കുറ്റം പറയൽ മാത്രമായോ ?
ബ്ലോഗിന്റെ അനുഗ്രഹമായി പലതും കിട്ടി. കേരളഫാർമർ, അങ്കിൾ, എന്നിങ്ങനെ ആത്മാർഥതയുള്ള ചില മുതിർന്നവരെ നേരിട്ടു പരിചയപ്പെടാനുള്ള അവസരം. ഇത്രയും ഒരു മനുഷ്യനു ലളിതമായി മറ്റുള്ളവരോടു പ്രതികരിക്കുവാനാകുമോ എന്ന് അതിശയം തോന്നിപ്പികുന്ന വിശാലമനസ്കൻ എന്ന വലിയ മനുഷ്യനെ പരിചയപ്പെടാനുള്ള അവസരം. എന്തും ഏതും കാര്യകാരണസഹിതം വിശദീകരിച്ചുതരുന്ന ദേവേട്ടനെ പരിചയപ്പെട്ടത്, കൊടുങ്കാടിളകി വന്നാലും കുലുങ്ങാതിരിക്കൻ കഴിയും എന്ന കാണിച്ചുതന്ന കുറുമാനെ നേരിൽകാണാനായത്, അങ്ങിനെ പലതും.
പിന്നെ ഏറ്റവും മികച്ചതായി കിട്ടിയത്, ചില രചനകളാണ്. അതും സൌജന്യമായി. ഡാലി, ദേവൻ, നെടുമങ്ങാടൻ,കുറുമാൻ, വിശാലമനസ്കൻ, ബ്രിഡ്ജുവിഹാരം മനു, അരവിന്ദൻ, മേരി ലില്ലി, എന്നിങ്ങനെ എണ്ണം പറഞ്ഞ എഴുത്തുകാർ, ബെർളി തോമസ് എന്ന മഹാസംഭവം, ഹരി എന്ന സിനിമാക്കാരൻ, ഐടി അഡ്മിൻ എന്നുവേണ്ട, പുസ്തകങ്ങളുടെ ലോകത്തിൽനിന്നും വിട്ടുനിൽക്കേണ്ടി വരുന്ന മലയാളിക്കു വിരുന്നു തരുന്ന ഒരുപാടുപേർ. എല്ലാപേരെയും പേരെടുത്തു പറയാൻ ഇന്നു മുഴുവൻ ടൈപ്പുചെയ്യേണ്ടിവരുമെന്നതിനാൽ ലിസ്റ്റു പൂർത്തിയാക്കുന്നില്ല.
ഈ ബൂലോകത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയ എല്ലാ സുഹ്രുത്തുകൾക്കും നന്ദിപറയേണ്ടി വരുമ്പോൾ എന്റെ മനസ്സിലെന്തോ ഒരു വിങ്ങൽ. പ്രത്യേകിച്ച്, ഈ കാലയളവിൽത്തന്നെയാണ് എനിക്കെന്റെ കുഞ്ഞു പിറന്നതും അത് ബൂലോകം മുഴുവനറിയിക്കുമ്പോഴും,നിങ്ങളുടെ ആശംസകൾ വായിച്ചപ്പോഴും മനസ്സുനിറഞ്ഞിരുന്നു. എന്റെ മകൻ ആദിത്തിന് രണ്ടു വയസ്സു തികയാറായി. എന്റെ ബ്ലോഗിനു രണ്ടു വയസ്സു തികഞ്ഞു.
ഈ കുടുംബത്തിൽ ഞാനും ഒരംഗമാണെന്ന തിരിച്ചറിവിൽ അഭിമാനിച്ചുകൊണ്ട്.
ഉറുമ്പ്.