Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Wednesday, May 18, 2011

ആന്റണിയുടെ തലയുരുളുമോ ?



വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിരിക്കുന്നു. മൂന്നു ദശാബ്ദത്തിലേറെ പ.ബംഗാൾ ഭരിച്ച ഇടതു പക്ഷം പടിയിറങ്ങുന്നു.. കേരളത്തിലും തമിഴ്നാട്ടിലും ഭരണ മാറ്റം സംഭവിക്കുന്നു. ഇൻഡ്യയുടെ രാഷ്ട്രീയ സമവാക്യങ്ങളിലും സാരമായ മാറ്റങ്ങൾ വരുത്താൻ പോന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സിന്റെ സഖ്യകക്ഷിയാണ് പ.ബംഗാൾ ഭരണത്തിലേറുന്നതെങ്കിൽ തമിഴ് നാട്ടിൽ രണ്ടാം യൂ.പി.ഏ സർക്കാരിന്റെ കടുത്ത വിമർശകയായ കുമാരി ജയലളിതയാണ് ഭരണത്തിലേറുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ യുടെ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്നു എന്നതു മാത്രമാണ് ജയലളിതയുടെ എതിർപ്പിന് കാരണം. കരുണാനിധിയെ പുറംതള്ളിയാൽ പിൻ തുണക്കാൻ തയ്യാറാണെന്ന് ജയലളിത തിരഞെടുപ്പിനു മുൻപു തന്നെ വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സോണിയാഗാന്ധിയുടെ ചായസല്ക്കാരം എന്തുകൊണ്ടും ജയലളിത കാത്തിരുന്നതു തന്നെയാണ്. മാറ്റം സംഭവിക്കുന്നത് തമിഴ്നാട്ടിലല്ല, കേന്ദ്രത്തിലാണ്. ഡി.എം.കെ ആയാലും ഏ.ഐ.ഏ. ഡി.എം.കെ ആയാലും ഭൂരിപക്ഷം ലഭിച്ചാൽ കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന അല്ലെങ്കിൽ ഭരിക്കാൻ സാധ്യതയുള്ള പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കും. അതിനവർക്ക് ബി.ജെ.പി എന്നോ കോൺഗ്രസ്സ് എന്നോ മൂന്നാം മുന്നണിയെന്നോ വ്യത്യാസമില്ല. കരുണാനിധിയായാലും ജയലളിതയായാലും സ്വകാര്യ സ്വത്തുസമ്പാദനത്തിന്റെ കാര്യത്തിൽ ഒന്നു തന്നെ. സ്ഥാപിതമായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ അധികാരം ഉണ്ടാകണം. മമതാ ബാനർജിയുടെ കാര്യത്തിൽ കാര്യങ്ങൾ കുറെക്കൂടെ വ്യക്തമാണ്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ള തൃണമൂലിനൊപ്പം നില്ക്കുകയെന്നത് വളരെക്കാലമായി അധികാരത്തിൽ നിന്നും വിട്ടു നിന്ന പശ്ചിമ ബംഗാളിലെ കോൺഗ്രസ്സിന് മമത കനിഞ്ഞു നല്കുന്ന അപ്പക്കഷ്ണങ്ങൾ ധാരാളം. ഒപ്പം കേന്ദ്രത്തിലെ കസേര സോണിയ-ജയലളിത-മമത എന്നിങ്ങനെ ത്രിമൂർത്തികളുടെ ബലത്തിൽ ഉറപ്പിക്കുകയും ചെയ്യാം.
                           മമതാബാനർജി ഒഴിഞ്ഞു നല്കുന്ന റെയിൽ മന്ത്രാലയം, ഡി.എം.കെ യുമായുള്ള സഖ്യം പിരിയുന്നതു  വഴി ഒഴിവു വരുന്ന ടെലികോം അടക്കമുള്ള മന്ത്രിക്കസേരകൾ എന്നിവ നികത്താനായി  ഉടൻ ഒരു മന്ത്രിസഭാ പുനഃസംഘടന കേന്ദ്രഗവണ്മെന്റിൽ ഉണ്ടാകും. കരുണാനിധിയെയും കുടുംബത്തെയും ആജീവനാന്തം അഴിയെണ്ണിക്കാനുള്ള വക ലഭിക്കുമെന്നറിയാവുന്ന ജയലളിത  ടെലികോം മന്ത്രാലയം ചോദിച്ചു വാങ്ങുമെന്നത് ഉറപ്പാണ്. ഒപ്പം അംബാനി-ടാറ്റാമാർ പൂണ്ടുവിളയാടുന്ന ടെലികോം മേഖല സ്വന്തം മണിപെഴ്സിന്റെ കനവും കൂട്ടും. അങ്കവും കാണാം താളിയും ഉടക്കാം.
        മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകും എന്നത് വ്യക്തമായ സംഗതിയാണെങ്കിലും ഈ കുറിപ്പിന്റെ തലക്കെട്ടിൽ സംശയിക്കുന്നതുപോലെ ആദർശ ശുദ്ധിയുടെ ആൾരൂപമായ ശ്രീമാൻ ഏ.കെ ആന്റണിയുടെ തലയുരുളുന്നതെന്തിനാണ് ? അങ്ങനെ ഒരു സംശയത്തിന് എന്താണ് പ്രസക്തി ? ശ്രീമാൻ ആന്റണിക്ക് നല്കിയ പ്രതിരോധമന്ത്രാലത്തിൽ ആർക്കാണു താല്പര്യം ?
         ശ്രീ.ഏ.കെ.ആന്റണി ഈയിടെ ഒരു പണിപറ്റിച്ചു. അമേരിക്കയിലേക്ക് വൻ തോതിൽ പണമൊഴുക്കും അമേരിക്കൻ ജനതക്ക് തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്ന,  ഇക്കഴിഞ്ഞ നവംബറിൽ അമേരിക്കൻ പ്രസിഡന്റ് ഒബാമ നേരിട്ട് ഇൻഡ്യയിലേക്ക് വന്ന് പറഞ്ഞുറപ്പിച്ച 10 ബില്യൻ ഡോളർ വരുന്ന യുദ്ധവിമാനക്കച്ചവടം വേണ്ടെന്നു വച്ചു.   ബൂയിങ്ങിന്റെ എഫ് / ഏ -18 സൂപ്പർ ഹോർണെറ്റ്, ലോൿ ഹീഡിന്റെ എഫ്-16 സൂപ്പർ വൈപ്പർ എന്നിങ്ങനെ 126 വിമാനങ്ങൾ വാങ്ങാനായിരുന്നു ഇൻഡ്യ കണ്ട ഏറ്റവും വലിയ ആയുധ ഇടപാട് കരാർ. റഷ്യയുടെ മിഗ് 30, സ്വീഡന്റെ ഗ്രിപ്പെൻ എന്നിവയും ഗുണനിലവാരം കുറഞ്ഞത് കാരണം വേണ്ടെന്നു വച്ചവയിൽ പെടും. യൂറോപ്യൻ വിമാനമായ യൂറോഫൈറ്റർ ടൈഫൂൺ, ഫ്രഞ്ച് നിർമ്മിത റാഫേൽ എന്നിവയാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഗുണനിലവാര പരിശോധനയിൽ കഴിവുതെളിയിച്ച വിമാനങ്ങൾ. കാശ്മീർ പോലുള്ള മേഖലകളിൽ പ്രവർത്തന മികവു പുലത്തിയില്ല എന്നതാണ് അമേരിക്കൻ-റഷ്യൻ-സ്വീഡിഷ് വിമാനങ്ങൾ ഒഴിവാക്കപ്പെടാൻ കാരണം.  ഏ .കെ. ആന്റണിയെ സംബന്ധിച്ചിടത്തോളം ഇത്രയും ഭീമമായ ആയുധ ഇടപാടിൽ അമേരിക്കയെ സഹായിച്ചു എന്ന പേരിൽ പഴികേൾക്കാൻ വയ്യ. മാത്രവുമല്ല ഗുണനിലവാരം പുലർത്താത്ത വിമാനങ്ങൾ വാങ്ങുക വഴി ആന്റണി അഴിമതി കാട്ടി എന്നാരോപിക്കപ്പെട്ടാൻ കസേര തെറിക്കാനും സാധ്യതയുണ്ടെന്നു കാണുന്നു ആന്റണി. എന്നാൽ കാര്യങ്ങൾ ആന്റണിയുടെ പ്രതീക്ഷകൾക്കപ്പുറത്തേക്കാണ് നീങ്ങുന്നത്. ഇടപാടിൽ ഇൻഡ്യയെക്കൊണ്ട് അനുകൂല നിലപാടെടുപ്പിക്കാൻ കഴിയാത്തതിന്റെപേരിൽ ഇൻഡ്യയിലെ അമേരിക്കൻ അംബാസിഡർ  ടിം റോമറുടെ കസേര തെറിച്ചു കഴിഞ്ഞു. ഇൻഡ്യക്ക് അമേരിക്കയുമായുള്ള സഹവർത്തിത്വമല്ല പകരം ചില വിമാനങ്ങളിലാണ് താല്പര്യമെന്ന് അമേരിക്കൻ നയതന്ത്രഞ്ജൻ ആഷ് ലി ടെല്ലിസ് അഭിപ്രായപ്പെടുന്നു.  ആന്റണി സോഷ്യലിസ്റ്റ് താല്പര്യങ്ങൾക്കാണ് മുൻ ഗണന നല്കുന്നതെന്ന് രാജിവച്ച ഐ പി എൽ മന്ത്രി  ശശി തരൂരും പറയുന്നു. ആന്റണിയെ സംബന്ധിച്ചിടത്തോളം ഈ ഒരു ആയുധ ഇടപാടിലൂടെയല്ലാതെയും അമേരിക്കയുമായുള്ള സഹകരണത്തിനു സാധ്യതകളുണ്ട്. എന്നാൽ ഇസ്രായേലിന്റെ സുരക്ഷയും കച്ചവടവും ഒഴിച്ച് മറ്റൊരു പരിഗണയും ഒരു കാര്യത്തിലും കാണിക്കാത്ത അമേരിക്കക്ക് ഏ.കെ. ആന്റണി കണ്ണിലെ കരടായി മാറും.
        ഈ അവസരത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വരികയും കേന്ദ്രം ഭരിക്കുന്ന യൂ.പി.ഏ യിൽ അഴിച്ചു പണി ഉണ്ടാകുന്നത്. സ്വാഭാവികമായും മന്ത്രിസഭയിലും അഴിച്ചു പണി അനിവാര്യം. ആയുധ ഇടപാടിന്റെ പേരിൽ ആന്റണിയുടെ കൈയ്യിൽ നിന്നും പ്രതിരോധമന്ത്രാലയം പിടിച്ചു വാങ്ങിയാൽ സോണിയക്കും മന്മോഹൻ സിംഗിനും പഴികേൾക്കേണ്ടി വരും. സ്വാഭാവികമായ ഒരഴിച്ചു പണിയിൽ റെയിൽ വേ മന്ത്രാലയം ആന്റണിയെ ഏല്പ്പിച്ചാൽ സംഗതികൾ കുറെക്കൂടെ സ്വീകാര്യമാകും.  റെയിൽ വേ നല്കുന്നതു വഴി കേരളത്തിൽ കൂടെ തെക്കുവടക്കിനു മിനിറ്റൊന്നിനു മൂന്നു വച്ച് ട്രെയിൻ ഓടിക്കാനുള്ള അവസരം നല്കുകയാണ് എന്ന് സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾക്ക് വീമ്പിളക്കുകയും ചെയ്യാം. കാക്കയുടെ വിശപ്പും മാറും പോത്തിന്റെ കടിയും.
    അമേരിക്കൻ വിധേയത്വം മൂത്ത് ഗാന്ധി സ്മൃതിയിൽ പട്ടിക്ക് മൂത്രമൊഴിക്കാൻ പോലും അവസരമൊരുക്കിയ മന്മോഹൻ സിംഗ് ഇക്കാര്യത്തിൽ എന്തു നടപടി എടുക്കുമെന്ന് സമീപ ഭാവിയിൽ നമുക്ക് കാത്തിരുന്നു കാണാം.