Monday, February 18, 2008

ബ്ലെസ്സി.

തളര്‍ന്നിരിക്കുവാനല്ലാതെ മറ്റൊന്നിനുമായില്ല അവള്‍ക്ക്‌. എന്താണ്‌ തനിക്കു പറ്റിയതെന്നോ, എവിടെയാണ്‌ പിഴക്കുന്നതെന്നോ തിരിച്ചറിയാനാവാത്തവിധം ഒരു നിസ്സഹായത അവളിലേക്ക്‌ പടര്‍ന്നു കയറി. ബ്ലെസ്സി സാവധാനം കൊന്തയിലേക്ക്‌ പിടിമുറുക്കി. മൃതശരീരത്തിന്റേതിനു സമാനമായ തണുപ്പ്‌ കൈവിരലുകളിലേക്ക്‌ അരിച്ചുകയറുന്നു. കണ്ണുകളില്‍ ഭാരം തൂങ്ങുന്നു. അവള്‍ ഒരിക്കല്‍കൂടി അതോര്‍ക്കാന്‍ ശ്രമിച്ചു.
" നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി,
കര്‍ത്താവ്‌ അങ്ങയോടു കൂടെ,
സ്ത്രീകളില്‍ അങ്ങ്‌ .......

ഇല്ല തനിക്കതിനാവുന്നില്ല. ഏതാണ്‌ ആ വാക്ക്‌., ഓര്‍ക്കാന്‍ കഴിയുന്നില്ല. പെയ്തിറങ്ങിയ മഴ, നിലംതൊടുന്നതിനു മുന്‍പേ നിലച്ചുപോയതുപോലെ തോന്നി. ബ്ലെസ്സി വീണ്ടും കൊന്തയിലേക്ക്‌ നോക്കി. റോമില്‍ നിന്നും മരിയ സിസ്റ്റര്‍ കൊണ്ടുവന്നുതന്ന ആ കൊന്ത, തീരെ ഗുണംകെട്ട നിര്‍ജ്ജീവ വസ്തുവായി തോന്നി അവള്‍ക്ക്‌. തന്റെ ഓരോ നിമിഷങ്ങള്‍ക്കും അഭയവും, ആത്മധൈര്യവും പകര്‍ന്നു തരുന്ന, പുലിക്കണ്‍ മുത്തുകള്‍കോര്‍ത്ത ആ കൊന്ത ഇനിയൊരിക്കലും തനിക്ക്‌ ആശ്വാസം പകര്‍ന്നു തരാനാവാത്തവിധം ഉപയോഗ്യശൂന്യമായിപ്പോയത്‌ ഒരു ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു.

ബ്ലെസ്സി ഓര്‍ക്കാന്‍ ശ്രമിച്ചു. ഒരു പക്ഷെ, ആ ഒരു വാക്ക്‌ ഓര്‍ത്തെടുക്കാനായാല്‍ മറ്റ്‌ എല്ലാം തനിക്കാവുമെന്ന്‌ അവള്‍ക്ക്‌ തോന്നി. ഓര്‍മ്മവച്ച നാളിന്നേവരെ, ദിവസവും പലവുരു ആവര്‍ത്തിച്ചുരുവിടാറുള്ള, കന്യകാ മറിയത്തോടുള്ള ആ പ്രാര്‍ഥന മറന്നുപോകാന്‍ മാത്രം എന്താണ്‌ തന്നില്‍ സംഭവിക്കുന്നതെന്നു തിരിച്ചറിയാനാകാതെ അവള്‍ തരിച്ചിരുന്നു. ഉരുകിയൊലിച്ച ഒരു മെഴുകുതിരി അവളുടെ ഹൃദയത്തില്‍ ഉറഞ്ഞു ചേര്‍ന്നു.
ഒരു വാക്ക്‌, ഒരേ ഒരു വാക്ക്‌,
അതു തന്നില്‍നിന്നും ചോര്‍ത്തിക്കളയുന്നതെന്തെക്കെയാണ്‌?
തന്റെ നിലനില്‍പ്പ്‌?
അസ്തിത്വം?
ആത്മധൈര്യം?
പകരം മറ്റൊരു വാക്ക്‌ ഉപയോഗിക്കാനാവില്ലേ?
ആ ഒരു വാക്കിനു മാത്രം പ്രകടിപ്പിക്കാനാവുന്ന ദിവ്യമായ വികാരം എന്താണ്‌?
ഒരു വാക്ക്‌ തന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതെങ്ങിനെ?
ആ ഒരു വാക്കില്ലാതെ തനിക്കു ജീവിക്കാനാവില്ലേ?
ഒരുപാടൊരുപാട്‌ ചോദ്യങ്ങള്‍ അവളിലേക്ക്‌ നുഴഞ്ഞുകയറി വന്നു. അതവളെ നിശിതമായി അലട്ടി.
ഒരുവേള, കന്യകാമറിയത്തോട്‌ പ്രാര്‍ഥിക്കതെ, യേശുവിനോട്‌ നേരിട്ട്‌ ഇടപെടുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയും, അതൊരു നീചമായ കടന്നുകയറ്റമാണെന്നു തോന്നവെ ഉപക്ഷിക്കുകയും ചെയ്തു. ബൈബിള്‍ എടുത്തു വായിച്ചു നോക്കി. പിന്നെ അമ്പത്തിമൂന്നുമണിജപം ബൈബിളില്‍ ഉണ്ടാകില്ലായെന്ന തിരിച്ചറിവില്‍ പരാജിതയായി.

മൊബെയില്‍ ഫോണ്‍ ബെല്ലടിച്ചു. ഓഫീസില്‍ നിന്നും മാര്‍ഗ്രറ്റ്‌ ആണ്‌. ബ്ലെസ്സി വാച്ചിലേക്ക്‌ നോക്കി. പത്തര ആകുന്നു. കനേഡിയന്‍ പ്രോജക്ടിന്റെ ഫൈനലൈസേഷന്‍ ഇന്നാണ്‌. താന്‍ തന്നെ ഉണ്ടാകണം. പക്ഷേ പോകാന്‍ തോന്നിയില്ല. ബ്ലെസ്സി ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തു. തലവേദന തോന്നുന്നു. ഫ്ലാസ്‌കില്‍ നിന്നും കാപ്പി ഒഴിച്ചു കുടിച്ചു. റൂംമേറ്റ്‌സ്‌ ശാന്തിയും ഇസബെല്ലയും അവധിക്കു നാട്ടില്‍ പോയിരിക്കുന്നു. ഒരു പക്ഷെ ഇസബെല്ല ഉണ്ടായിരുന്നെങ്കില്‍ തന്റേത്‌ വളരെ നിസ്സാരവും ചിരിച്ചുതള്ളാവുന്നതുമായ ഒരു വിഷയമായി മാറിയേനെ. വല്ലാത്ത ക്ഷീണം തോന്നി. ബ്ലെസ്സി മെത്തയിലേക്കു ചാഞ്ഞു.

ശരീരത്തിന്റെ ഭാരം വല്ലാതെ കുറയുന്നതായവള്‍ക്കു തോന്നി.
അതൊരു തുമ്പിയുടെ ചിറകിനോളം ഭാരമില്ലാത്തതായിതീരുകയും അവള്‍ മെല്ലെ മേല്‍പ്പോട്ടുയരുകയും ചെയ്തു. ഒരു അപ്പൂപ്പന്‍ താടിപോലെ പറന്നുയര്‍ന്നു. ഭൂമി വളരെ അകലേക്ക്‌ നീങ്ങുകയും മേഘശകലങ്ങള്‍ അവളില്‍ മൃദുചുംബനമേല്‍പ്പിക്കുന്നതും അവള്‍ തിരിച്ചറിഞ്ഞു. മഞ്ഞിന്‍ കണങ്ങളുടെ നനുത്ത കുളിര്‌ അവളുടെ ശരീരത്തെ തഴുകി. തണുപ്പ്‌ ഹൃദയത്തിലേക്ക്‌ അരിച്ചിറങ്ങവേ ആകാശത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലത്തോടെ മിശിഹാ അവള്‍ക്ക്‌ നേരെ കൈ നീട്ടുകയും, അവളെ മാടി വിളിക്കുകയും ചെയ്തു. മാലാഖമാര്‍ അവനുചുറ്റും പാറി നടക്കുന്നതവള്‍ കണ്ടു. ദിവ്യമായ ഒരു സുഗന്ധം അവിടാകെ പരന്നൊഴുകി. അവള്‍ അവളുടെ കാവല്‍മാലാഖയെ തിരഞ്ഞു. താഴെ തന്റെ ജനാലയില്‍ തൂവലുകള്‍ കൊഴിഞ്ഞു കണ്ണുനീര്‍വാര്‍ത്തിരിക്കുന്ന തന്റെ കാവല്‍മാലാഖയെ കണ്ട്‌ അവളില്‍ ഭയം ജ്വലിച്ചു.
ആകാശനീലിമയുടെ നിറത്തിലുള്ള തന്റെ വസ്ത്രങ്ങള്‍ മഞ്ഞുകണങ്ങള്‍ തട്ടി നനയവെ അവളുടെ വലതുകരം ആരോ പിടിച്ചതും, ദൃഢമായ ആ കരങ്ങള്‍ തന്റെ അരക്കെട്ടിനെ ചുറ്റിവരിയുന്നതും അവളറിഞ്ഞു . പരുപരുത്ത ആ കരങ്ങള്‍ അവളെ പൊതിയുമ്പോഴും മാലാഖമാരുടെ പ്രേമഗാനങ്ങള്‍ അവളുടെ കാതുകളെ പുളകംകൊള്ളിച്ചു. അവള്‍ ചുറ്റും നോക്കി. മാലാഖമാര്‍ മറഞ്ഞിരുന്നു. താന്‍ ഒറ്റക്കാണെന്നതും ബലിഷ്ടനായ ഒരു പുരുഷന്റെ കരങ്ങള്‍ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്നതും അവളെ ഭയപ്പെടുത്തിയില്ല. അവന്റെ താടിരോമങ്ങള്‍ അവളുടെ മുഖത്തേക്ക്‌ പാറിവീണു. ഇളം പച്ച നിറമാര്‍ന്ന അവന്റെ കണ്ണുകള്‍ അവളെ സാന്ത്വനിപ്പിച്ചു. അവന്‍ തന്റെ ഹൃദയം കൈയ്യടക്കിയിരിക്കുന്നതും, ലോകം തന്റെ കാല്‍ക്കീഴിലാണെന്നറിയികയും ചെയ്തതോടെ അപാരമായ ആനന്ദം അവളില്‍ നിറഞ്ഞു. അതവളെ ഉന്മത്തയാക്കി. അവള്‍ അവളുടെ കാവല്‍ മാലാഖയെ മറന്നിരുന്നു.
അകലെ സ്വര്‍ഗ്ഗവാതില്‍ തുറന്നിരിക്കുന്നതും മാലാഖമാര്‍ സ്വാഗതഗാനങ്ങളാലപിക്കുന്നതും അവള്‍ കണ്ടു. ദിവ്യമായ പ്രകാശം അവരെ പൊതിഞ്ഞു. മാലാഖമാര്‍ അവരെ സ്വാഗതം ചെയ്യവേ, അവളുടെ കാവല്‍മാലാഖ മുന്‍പിലേക്കു വരികയും അവരുടെ വഴി വിലക്കുകയും ചെയ്തു. വെള്ളാരംകല്ലുകളുടെ നിറമാര്‍ന്ന അതിന്റെ കണ്ണുകള്‍ കുറുകി മുറുകുകയും, മുഖം കോപത്താല്‍ ചുവക്കുകയും ചെയ്തു. അത്യന്തം നികൃഷ്ടമായ എന്തോ കണ്ടതുപോലെ അതവളെ പിടിച്ചു തള്ളി. മാലാഖമാര്‍, പുലിക്കണ്‍മുത്തുകളായി മാറി അവള്‍ക്കുചുറ്റും പാറി നടന്നു. മിശിഹായുടെ കൈകളില്‍നിന്ന്‌ അവള്‍ വഴുതി വീണു. അവന്റെ വാരിയെല്ലുകള്‍ക്കിടയില്‍നിന്നും ചോര ചീറ്റിത്തെറിക്കുന്നതവള്‍ കണ്ടു. ഒരു തുള്ളി രക്തം അവളുടെ നെറ്റിയിലേക്കു വീണ്‌ താഴേക്ക്‌ ഒലിച്ചിറങ്ങി. അവളുടെ മൂക്കിന്‍ തുമ്പില്‍നിന്നും ഇറ്റുവീണ ചോര കഴുത്തില്‍ചാര്‍ത്തിയിരുന്ന ക്രൂശിതരൂപത്തില്‍ വീണ്‌ പരന്നിറങ്ങി. ഒഴുകിയിറങ്ങിയ ചോര അവളുടെ ഉടലാകെ നനക്കവേ അവള്‍ ഞെട്ടിയുണര്‍ന്നു. അവളാകെ വിയര്‍പ്പില്‍ കുളിച്ചിരുന്നു. കന്യകാമറിയത്തിന്റെ മുന്‍പില്‍ കത്തിച്ച മെഴുകുതിരി കെട്ടുപോയിരുന്നു. ബ്ലെസ്സിക്കു തൊണ്ട വരണ്ടു. അവളെഴുന്നേറ്റ്‌ കുപ്പിയിലിരുന്ന വെള്ളം വായിലേക്കു കമഴ്‌തി.

ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്ത്‌ കട്ടിലിലേക്കിട്ടു. സമയം മൂന്നര കഴിഞ്ഞിരിക്കുന്നു. ഒന്നു കുളിച്ചാല്‍ ആശ്വാസം കിട്ടിയേക്കാമെന്നു തോന്നി അവള്‍ക്ക്‌. തണുത്ത വെള്ളം ശരീരത്തിലേക്കു വീണപ്പോള്‍ വല്ലത്തൊരാശ്വാസം തോന്നി. ഫോണ്‍ ബെല്ലടിക്കുന്നു. കുറേ നേരം ചിലച്ചതിനുശേഷം അതു ചത്തുമലച്ചു. കുളികഴിഞ്ഞ്‌ തലമാത്രം തുടച്ച്‌ ഈറനോടെ അവള്‍ കന്യകാമറിയത്തിന്റെ മുന്നിലേക്ക്‌ മുട്ടുകുത്തി. കന്യകാമറിയത്തിന്റെ മുഖത്തേക്കു നോക്കവേ ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ടവളെപ്പോലെ അവള്‍ മുഖം കുനിച്ചു. കണ്ണുനീര്‍ പൊട്ടിയൊലിച്ചു. തുടരാനാവാതെ അവള്‍ കട്ടിലിലേക്കു വീണു.
മൊബെയില്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഫിറോസാണ്‌.
" ഹെയ്‌, ബ്ലെസ്സി താനിതെവിടാണ്‌?" അവന്റെ ശബ്ദത്തില്‍ പരിഭ്രമം.
"റൂമില്‍"
"ഞാനൊരുപാടു തവണ വിളിച്ചിരുന്നു. എന്താ ഓഫീസില്‍ വരാത്തത്‌?
"ങും"
"എന്താ എന്തു പറ്റി തനിക്ക്‌? സുഖമില്ലേ"
" ഇല്ല, ചെറിയൊരു തലവേദന" അവള്‍ കള്ളം പറഞ്ഞു.
"താനൊന്നു പുറത്തേക്കിറങ്ങ്‌. നല്ലൊരു കാപ്പി കുടിച്ചാല്‍ തീരാവുന്നതേയുള്ളു ഈ തലവേദന."
"ഞാനില്ല ഫിറോസ്‌, നന്ദി."
" അതു പറ്റില്ല. ഞാന്‍ 5.30ന്‌ കോഫിഹൗസില്‍ കാണും. താന്‍ വാ. കുറെ നേരം ബീച്ചിലും ഇരിക്കാം"

"വേണ്ട, പിന്നൊരിക്കലാകാം. എന്തായാലും ഇന്നു വേണ്ട."

ഫോണ്‍ കട്ട്‌ ചെയ്ത്‌ ബെഡ്ഡിലേക്കിടവേ അവള്‍ക്കു തോന്നി ഫിറോസിന്റെ കൂടെ പോകാമായിരുന്നെന്ന്‌. അവന്റെ സാമീപ്യം ഒരാശ്വാസമാണ്‌. യേശുക്രിസ്തുവിന്റേതുപോലെ സ്വര്‍ണനിറമാര്‍ന്ന്, നീട്ടിവളര്‍ത്തിയതാണവന്റെ തലമുടി. നീണ്ട നാസികയും, തിളങ്ങുന്ന കണ്ണുകളും കാണുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്‌ മിശിഹാ ഒരു പത്താനായിരിക്കാമെന്ന്‌. ഒരിക്കലവനോടതു പറയുകയും ചെയ്തു. ഉച്ചത്തിലൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

നല്ല വിശപ്പുണ്ട്‌. പക്ഷേ ഒന്നും കഴിക്കണമെന്നു തോന്നിയില്ല. കടുപ്പത്തിലുണ്ടാക്കിയ കാപ്പി കാപ്പിലേക്കൊഴിച്ച്‌ സോഫയിലേക്കിരുന്നു. മൊബെയില്‍ കൈയ്യിലെടുത്തപ്പോഴാണ്‌ തോന്നിയത്‌ ഒരു പക്ഷേ ഫിറോസിനോട്‌ ചോദിച്ചാലറിയാമായിരുന്നു തനിക്കു നഷ്ടമായ വാക്ക്‌. "പൊട്ട നസ്രാണിച്ചി........." എന്നു കളിയാക്കലായിരിക്കും ഫലം. വേണ്ട. കാപ്പി മൊത്തിക്കുടിക്കവെ ഫോണ്‍ ചിലച്ചു.
"ഫിറോസാണ്‌, താനിതെവിടാ"
"റൂമില്‍"
"ങാ എന്നാ വാതില്‍ തുറക്ക്‌,
ഞാനിവിടെത്തന്നെയുണ്ട്‌."
"എവിടെ" ഒരു പകപ്പോടെ ചോദിച്ചു
"ഇവിടെ, നിന്റെ പടിവാതുക്കല്‍"

മൃദുവായൊരു ചിരി അവളുടെ ചുണ്ടുകളില്‍ പടര്‍ന്നു. തനിക്കറിയാമായിരുന്നു അവന്‍ വരുമെന്ന്. മുടി മുന്നിലേക്ക്‌ വാരിയിട്ട്‌ അവള്‍ വാതില്‍ തുറന്നു. അയഞ്ഞ വസ്ത്രത്തില്‍ അവനെക്കാണാന്‍ മിശിഹയെപ്പോലെ തോന്നിച്ചു.
" എന്റെ അനുഗ്രഹിക്കപ്പെട്ടവളെ, ഞാനിതാ എത്തി. ഇന്നു സായാഹ്നം നമ്മളൊരുമിച്ച്‌ ബീച്ചില്‍"
കൈകള്‍ രണ്ടും വിശാലമായി വിരിച്ച്‌ മുന്‍പോട്ടു കുനിഞ്ഞ്‌ അവന്‍ പറഞ്ഞു

അതിരില്ലാത്ത ആനന്ദംകൊണ്ടവള്‍ ഉന്മത്തയായി.
അവള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു
"അനുഗ്രഹിക്കപ്പെട്ടവള്‍"
"അനുഗ്രഹിക്കപ്പെട്ടവള്‍"
"അനുഗ്രഹിക്കപ്പെട്ടവള്‍"
ബ്ലെസ്സിയുടെ തൊണ്ടയിടറി. അവള്‍ മുട്ടിലിരുന്നു. അവന്റെ കാലുകള്‍ കെട്ടിപ്പിടിച്ചു. കണ്ണുനീര്‍ത്തുള്ളികള്‍ അവന്റെ പാദം നനച്ചു.
"അനുഗ്രഹിക്കപ്പെട്ടവള്‍" ഒരിക്കല്‍കൂടിപ്പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞു.
ഫിറോസ്‌ അവളെ ഇരുകൈകള്‍കൊണ്ടും പിടിച്ചുയര്‍ത്തി.
എന്താണ്‌ സംഭവിച്ചതെന്ന്‌ അവന്‌ മനസ്സിലാകും മുന്‍പ്‌ അവള്‍ അവനോടു പറഞ്ഞു
"ഫിറോസ്‌ ഇപ്പോള്‍ പൊയ്ക്കൊള്ളു,എനിക്കൊന്നു പ്രാര്‍ഥിക്കണം.

16 അഭിപ്രായ(ങ്ങള്‍):

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...
This comment has been removed by the author.
പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വളരെ ശക്തമായ ഈ 'ഉറുമ്പുകടി'ക്ക്‌ നന്ദി. മനോഹരമായും, മനശ്‌ശാസ്ത്രപരമായും, വിദഗ്ദ്ധമായും കഥ ലളിതമായി പറഞ്ഞിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു... ഉറുമ്പേ. ഇനിയും ഇത്തരം കടികളേല്‍ക്കാന്‍ ഇഷ്ടമാണ്‌. മുടങ്ങാതെ കടിച്ചുകൊണ്ടേയിരിക്കുക.

ശ്രീ said...

നല്ലൊരു കഥ.
:)

ഇത്തിരിവെട്ടം said...

:)

വല്യമ്മായി said...

കഥ ഇഷ്ടമായി.

Anonymous said...

നല്ല കഥ ഉറുമ്പേ.. വിവരണത്തില്‍ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറെക്കൂടി ഫീല്‍ ചെയ്യുമായിരുന്നു എന്ന് തോന്നുന്നു. :)

ശല്യക്കാരന്‍ said...

ഉറൂബ്ബേട്ടാ

എവിടെയോ കണ്ടു മറന്ന കഥപാത്രങ്ങള്‍, ശക്ത്മായ് അവതരണം

നന്ദി

വേണു venu said...

Nice.:)

സിമി said...

ഉറുമ്പേ, വളരെ നന്നായി!

G.manu said...

വളരെ നല്ല കഥ മാഷേ

**വച്ചിലേക്കു നോക്കി***

ഇവിടെ ഒരു അക്ഷരത്തെറ്റുണ്ട്..തിരുത്തുമല്ലോ

ഉറുമ്പ്‌ /ANT said...

പി. ശിവപ്രസാദ്‌, ശ്രീ, ഇത്തിരി, വല്യമ്മായി, GuptaN, ശല്യക്കാരന്‍, വേണു , സിമി എല്ലാവര്‍ക്കും നന്ദി. മനു, തിരുത്തിയിട്ടുണ്ട്‌. നന്ദി.

അങ്കിള്‍ said...

ഉറുമ്പേ,

“അവന്‍ തന്റെ ഹൃദയം കൈയ്യടക്കിയിരിക്കുന്നതും, ലോകം തന്റെ കാല്‍ക്കീഴിലാണെന്നറിയികയും ചെയ്തതോടെ അപാരമായ ആനന്ദം അവളില്‍ നിറഞ്ഞു.“
അപ്പോള്‍
“അകലെ സ്വര്‍ഗ്ഗവാതില്‍ തുറന്നിരിക്കുന്നതും മാലാഖമാര്‍ സ്വാഗതഗാനങ്ങളാലപിക്കുന്നതും അവള്‍ കണ്ടു“

മാലാഖമാര്‍ക്ക്‌ സന്തോഷമായെങ്കിലും എന്താ ഈ കാവല്‍ മാലാഖ മാത്രം ബ്ലസ്സിക്കെതിരായിപ്പോയി. സന്തോഷത്തിന്റെ മൂര്‍ദ്ധന്യനിമിഷത്തില്‍ ഓര്‍മ്മിക്കാന്‍ മറന്നു പോയതു കൊണ്ടാണോ.

കഥ നന്നായിട്ടുണ്ട്‌.

ഉറുമ്പ്‌ /ANT said...

കാവല്‍മാലാഖ എന്ന സങ്കല്‍പം, അവനവന്റെ തന്നെ വ്യക്തിത്വത്തിന്റെ മറ്റൊരു ഭാവമാണ്‌. പ്രാര്‍ഥന പൂര്‍ത്തിയാക്കാന്‍ കഴിയാതെപോകുന്ന ബ്ലെസ്സിയുടെ, മറ്റൊരു ഭാവമാണിവിടെ അവളുടെ കാവല്‍മാലാഖ. നന്ദി അങ്കിളേ.

ഡാലി said...

കഥയിഷ്ടമായി. ബ്ലെസി എന്ന പേര് കൊടുത്തത് നന്നായി.

ഉറുമ്പ്‌ /ANT said...

നന്ദി ഡാലി.

ലേഖാവിജയ് said...

നല്ല കഥ..

Post a Comment