Wednesday, February 27, 2008

നാടകം.

[അര്‍ധരാത്രി. പൂന്തോട്ടത്തില്‍ ക്രിസ്തുവും യൂദാസും. പശ്ചാത്തലത്തില്‍ ചന്ദ്രണ്റ്റെ മങ്ങിയ പ്രകാശം]
ക്രിസ്തു: [താഴ്ന്ന ശബ്ദത്തില്‍] നീ കേള്‍ക്കുന്നുണ്ടോ യൂദാസ്‌?

യൂദാസ്‌: ഉവ്വ്‌ ഗുരോ

ക്രിസ്തു: നിനക്കേ അതിനു കഴിയൂ. നിനക്കു മാത്രം. പ്രവാചന്‍മാര്‍ കല്‍പ്പിച്ചതുപോലെ സംഭവിച്ചേ മതിയാകൂ. ലോകജനതയുടെ മോചനത്തിനായി, സഹനത്തിണ്റ്റെയും ക്ഷമയുടെയും ഈ സമരത്തിണ്റ്റെ വിജയത്തിനായി, അതു സംഭവിക്കണം. നിനക്കല്ലാതെ മറ്റാര്‍ക്കുമാവില്ല അതു നിറവേറ്റാന്‍.

യൂദാസ്‌: പക്ഷേ പ്രഭോ ഞാന്‍... ?

ക്രിസ്തു: അതെ യൂദാസ്‌, നീ തന്നെ. മറ്റാര്‍ക്കുമതിനാവില്ല. അദ്ധ്വാനിക്കാതെ, വിയര്‍പ്പൊഴുക്കതെ, അപ്പത്തിനും വീഞ്ഞിനും മാത്രമായിവന്നമറ്റാര്‍ക്കാണതിനാവുക. യൂദാസ്‌, നീ ഓര്‍ക്കുന്നുണ്ടോ, അഞ്ചപ്പംകൊണ്ട്‌ ഒരു പുരുഷാരത്തിണ്റ്റെ മുഴുവന്‍ വിശപ്പടക്കിക്കൊള്ളാന്‍ ഞാനാവശ്യപ്പെട്ടപ്പോള്‍ അവരിലൊരാള്‍ പോലും എന്നെ വിശ്വസിക്കുന്നുണ്ടായിരുന്നില്ല. അവര്‍ക്കറിയാമായിരുന്നു അവരിലൊരാല്‍ക്കുപോലും അഞ്ചിലേറെ അപ്പം വേണ്ടിവരുമെന്ന്‌. ഒടുവില്‍ എല്ലാവരും ഭക്ഷിച്ച്‌ മിച്ചം വരുവോളം. നീ അറിയുന്നിണ്ടോ, ഒരിക്കലെങ്കിലും എന്നെ വിട്ടുപോകാന്‌ ആഗ്രഹിക്കാത്ത ആരുമില്ലായിരുന്നു, നമ്മുടെ കൂടെ.

യൂദാസ്‌: പ്രഭോ, ഞാനും ? ക്രിസ്തു: എനിക്കറിയാം യൂദാസ്‌, സാങ്കല്‍പ്പിക സ്വര്‍ഗ്ഗരാജ്യം സ്വപ്നം കണ്ടവരാണവര്‍. അവര്‍ക്കുവേണ്ടി എനിക്കു സൃഷ്ടിക്കേണ്ടിയിരുന്നത്‌ മൂഢന്‍മാരുടെ സ്വര്‍ഗരാജ്യത്തെയായിരുന്നു. അവര്‍ ഒരിക്കലും നിസ്വാര്‍ഥ സേവകരായിരുന്നില്ല. പ്രതിഭലേശ്ചയില്ലാത്ത ഒരു വിപ്ളവത്തിനും അവര്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആവര്‍ത്തിക്കുന്നു, സാങ്കല്‍പ്പിക സ്വര്‍ഗ്ഗരാജ്യം സ്വപ്നം കണ്ടവരാണവര്‍.

യൂദാസ്‌: എങ്കില്‍ ഗുരോ, അങ്ങ്‌ അവര്‍ക്കു വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗരാജ്യം?

ക്രിസ്തു: ഉണ്ട്‌ യൂദാസ്‌, തീര്‍ച്ചയായും ഉണ്ട്‌.പക്ഷേ അത്‌ ആകാശങ്ങള്‍ക്കപ്പുറമോ, സ്വപ്നത്തിലോ അല്ല; ഇവിടെ, എനിക്കു ചുറ്റും, നിനക്കു ചുറ്റും. സര്‍വ്വരും ഒന്നായി വാഴുന്ന ലോകം. അതാണ്‌ സ്വര്‍ഗ്ഗരാജ്യം. നീ വാളിലൂടെ കണ്ടെത്താന്‍ ശ്രമിച്ചതും, ഞാന്‍ ആത്മാവിലൂടെ വാഗ്ദാനം ചെയ്‌തതുമായ അതേ സ്വര്‍ഗ്ഗരാജ്യം. പക്ഷേ നിണ്റ്റെ മാര്‍ഗ്ഗം രക്തരൂക്ഷിതമായിരുന്നു. എണ്റ്റേതോ, ശാന്തിയുടെയും.

യൂദാസ്‌: അങ്ങയ്ടെ ശബ്ദം ഒരു പരാചിതണ്റ്റേതാണ്‌. അതെന്നെ മടുപ്പിക്കുന്നു.

ക്രിസ്തു: നിന്നെ മാത്രമല്ല യൂദാസ്‌, എന്നെയും.

യൂദാസ്‌: ഗുരോ.... !

ക്രിസ്തു: യൂദാസ്‌ എണ്റ്റെ സഹോദരാ, നീയെന്നെ ഗുരോ എന്നു വിളിക്കരുത്‌, ഇമ്മാനുവേല്‍. 13-ആം വയസ്സില്‍ ഞാന്‍ നിന്നെ വിട്ടുപിരിയുന്നതുവരെ നീയെന്നെ അങ്ങിനെതന്നെയാണല്ലോ വിളിച്ചിരുന്നതും. ഒരിക്കല്‍കൂടി അതുകേള്‍ക്കാന്‍ എണ്റ്റെ കാതുകള്‍ കൊതിക്കുന്നു യൂദാസ്‌. പരജയപ്പെട്ട ഒരുവനെ ഗുരോ എന്നു വിളിക്കുന്നതും വ്യര്‍ഥം.

യൂദാസ്‌: ഗുരോ....

ക്രിസ്തു: ഇമ്മാനുവേല്‍ എന്നു വിളിക്കൂ യൂദാസ്‌.

യൂദാസ്‌: പക്ഷേ നീ പരാജയപ്പെട്ടു എന്നു കരുതുന്നതെന്ത്‌?

ക്രിസ്തു: അതേ യൂദാസ്‌, വാളെടുക്കുന്നവനോട്‌ വാള്‌ തന്നെയാണു മറുപടി പറയേണ്ടതെന്ന്‌ എനിക്കുപ്പോള്‍ തോന്നുന്നു.

യൂദാസ്‌: [ സൌമ്യവും ദൃഡവുമായ ശബ്ദത്തില്‍] വാളെടുത്തിട്ടുണ്ടോ നീ എപ്പോഴെങ്കിലും?

ക്രിസ്തു: [ആശ്ചര്യത്തോടെ] യൂദാസ്‌... !

യൂദാസ്‌: [ക്രൂദ്ധനായി] മറുപടി പറയ്‌. ചോര ചിന്തിയിട്ടുണ്ടോ എന്നെങ്കിലും?

ക്രിസ്തു: എണ്റ്റെ മാര്‍ഗം അതായിരുന്നില്ല.

യൂദാസ്‌: പക്ഷേ എണ്റ്റെ മാര്‍ഗം അതായിരുന്നു. വിളഞ്ഞു പഴുത്ത മുന്തിരിക്കൂമ്പാരങ്ങള്‍ക്കു മുകളില്‍ ഞാന്‍ വിശന്നു കിടന്നു. ഏറ്റവും പഴക്കമേറിയ പതഞ്ഞുപൊങ്ങുന്ന വീഞ്ഞിനു മുന്‍പില്‍ ഉപവാസമിരുന്നിട്ടുണ്ട്‌ ഞാന്‍. എണ്റ്റെ യുദ്ധം ദൈവത്തോടും സാത്താനോടുമായിരുന്നില്ല, അനീതിയോടായിരുന്നു. പട്ടിണിക്കാരണ്റ്റെ മുന്നില്‍ തത്വചിന്തയോതാനാവില്ല എനിക്ക്‌. വിശപ്പ്‌, വിശപ്പ്‌ മാത്രമായിരുന്നു എണ്റ്റെ തത്വശാസ്ത്രം. വിശക്കുന്നവനു മനസ്സില്ലാകത്ത ഒന്നും എനിക്കും മനസ്സിലാകുമായിരുന്നില്ല. പക്ഷേ നീ, നീയെണ്റ്റെ പ്രതീക്ഷകളെ തകര്‍ത്തുകളഞ്ഞു. വിയര്‍പ്പൊഴുക്കാതെ, ചോര ചിന്താതെ സ്വര്‍ഗ്ഗരാജ്യം നീ അവര്‍ക്കു വാഗ്ദാനം ചെയ്തു. വാചകമടിക്കാരും സുഖിമാന്‍മാരുമയ കുറെ തെമ്മാടികളെ നിനക്കു കൂട്ടും കിട്ടി. നിണ്റ്റെയും അവരുടെയും വാക്ധോരണികളില്‍ മയങ്ങിയ ജനം നിണ്റ്റെ കൂടെ വന്നു. പിന്നെ എണ്റ്റെ ഒളിപ്പോരാളികളും. സ്വപ്നം കണ്ട ലക്ഷ്യം ഒന്നായതുകൊണ്ടുമാത്രം ഞാനും. എന്നിട്ടിപ്പോള്‍ നീ പറയുന്നു, വാളാണു ശരിയെന്ന്‌. ലജ്ജയില്ലെ നിനക്കിതു പറയാന്‍? അരനാഴിക മുന്‍പ്‌ നീ പകുത്തു നല്‍കിയ അപ്പവും വീഞ്ഞും ഭുജിച്ച്‌ പിരിഞ്ഞു പോയ ആ വിഡ്ഡിപ്പരിഷകളോട്‌ എന്തുകൊണ്ടു നീയിതു പറഞ്ഞില്ല?

ക്രിസ്തു: [ തളര്‍ച്ചയോടെ] യൂദാസ്‌...... എണ്റ്റെ സഹോദരാ...

യൂദാസ്‌: നാവടക്ക്‌. ഒരല്‍പം മുന്‍പ്‌ നീ പറഞ്ഞില്ലേ നിണ്റ്റെ ശിഷ്യന്‍മാരിലൊരാള്‍ നിന്നെ ഒറ്റുകൊടുക്കുമെന്ന്‌?

ക്രിസ്തു: അതുപക്ഷെ നിന്നെക്കരുതിയല്ല.

യൂദാസ്‌: എനിക്കറിയാം. അങ്ങിനെ വേണ്ടിയിരുന്നെങ്കില്‍ത്തന്നെ ഞാനതു ചെയ്യില്ല. എണ്റ്റെ ഈ രണ്ടു വിരലുകള്‍കൊണ്ടു നിണ്റ്റെ ജീവനെടുക്കുമായിരുന്നു ഞാന്‍. നിണ്റ്റെ ദുഷിച്ച രക്തംകൊണ്ട്‌ പങ്കിലാമാകുവാന്‍ എണ്റ്റെ വാളിനുപോലും അവസരം കൊടുക്കില്ലായിരുന്നു ഞാന്‍.

ക്രിസ്തു: എണ്റ്റെ സഹോദരാ, നീ എന്നെ അവിശ്വസിക്കുന്നുവോ യൂദാസ്‌?

യൂദാസ്‌: എന്തു തോന്നുന്നു നിനക്ക്‌ ?

ക്രിസ്തു: സൂര്യന്‍ കിഴക്ക്‌ ഒരിക്കലും ഉദിക്കുന്നില്ലെങ്കില്‍. റോമിണ്റ്റെ പട്ടാളം എന്നെന്നേക്കുമായി ആയുധങ്ങള്‍ ഉപേക്ഷിക്കുന്നൂവെങ്കില്‍. ഒന്നിനെയും നശിപ്പിക്കാതെ അഗ്നി കെട്ടടങ്ങുന്നുവെങ്കില്‍.

യൂദാസ്‌: കുഴിമടിയന്‍മാരെ വശത്താക്കിയ അതേ വാചാലത..... !

ക്രിസ്തു: യൂദാസ്‌, എണ്റ്റെ പ്രിയ സഹോദരാ, എണ്റ്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. എണ്റ്റെ വിധി എന്നേ എഴുതപ്പെട്ടതാണ്‌. അതു നടപ്പിലാക്കാപ്പെടുവാന്‍ ഇനി നാഴികകള്‍ മാത്രം. പക്ഷെ എണ്റ്റെ സഹോദരാ, എനിക്കു പശ്ചാത്താപം തോന്നുന്നു.

യൂദാസ്‌: എന്തിന്‌, എന്തിനുവേണ്ടി നീ പശ്ചാത്തപിക്കണം?

ക്രിസ്തു: പൂര്‍ത്തീകരിക്കപ്പെടാതെ പോയ എണ്റ്റെ സ്വപ്നങ്ങളെ ഓര്‍ത്ത്‌, അനാധരാക്കപ്പെട്ട എണ്റ്റെ ജനത്തെ ഓര്‍ത്ത്‌,, അവര്‍ക്ക്‌ നല്‍കപ്പെട്ട വാഗ്ദാനങ്ങളെ ഓര്‍ത്ത്‌.

യൂദാസ്‌: നീ സ്വയം ക്രൂശിലേക്ക്‌ നടക്കുന്നു.

ക്രിസ്തു: മരണം അനിവാര്യതയാണ്‌ യൂദാസ്‌, എന്നേ പ്രവചിക്കപ്പെട്ടതും.

യൂദാസ്‌: ആരുടെ മരണം?

ക്രിസ്തു: ദൈവപുത്രണ്റ്റെ മരണം. ലോകപാപങ്ങള്‍ കഴുകിക്കളയാനായി അയക്കപ്പെട്ട ദൈവപുത്രണ്റ്റെ മരണം.

യൂദാസ്‌: എങ്കില്‍ നീ വഗ്ദാനം ചെയ്ത സ്വര്‍ഗരാജ്യം?

ക്രിസ്തു: സ്വര്‍ഗത്തിലേക്കുള്ള വഴി ഇരുണ്ടതും ഇടുങ്ങിയതുമാണ്‌.

യൂദാസ്‌: നീ ദൈവപുത്രനെങ്കില്‍, എന്തുകൊണ്ടു നിനക്കു രക്ഷപെട്ടുകൂട?

ക്രിസ്തു: അതൊരു നിയോഗമാണ്‌.

യൂദാസ്‌: നിനക്ക്‌ അത്ഭുതം പ്രവര്‍ത്തിക്കാനാവുമോ?

ക്രിസ്തു: എന്നു മറ്റുള്ളവര്‍ പറയുന്നു.

യൂദാസ്‌: മരിച്ച ലാസറിനെ നീ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു ജനം പറയുന്നു.

ക്രിസ്തു: കരുണാമയനായ സൃഷ്ടാവിണ്റ്റെ ഹിതം.

യൂദാസ്‌: നീ നിണ്റ്റെ ജനത്തെ സ്നേഹിക്കുന്നുവെങ്കില്‍, അവരോടു കരുണയുള്ളവനാണെങ്കില്‍, അവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗ്ഗരാജ്യം നേടിക്കൊടുക്കുവാന്‍ നീ ബാധ്യസ്തനാണ്‌.

ക്രിസ്തു: ദയാപരനായ ദൈവം അനുവദിക്കുവോളം ഞാന്‍ ശ്രമിച്ചിരുന്നു.

യൂദാസ്‌: ഇല്ല. നീ ശ്രമിച്ചിട്ടേയില്ല. നീ അവര്‍ക്ക്‌ വാഗ്ദാനങ്ങള്‍ നള്‍കുകമാത്രമേ ചെയ്തിട്ടുള്ളു. ഏറെ പ്രഘോശിച്ച ആ ലക്ഷ്യം നിറവേറ്റാന്‍ ഒരു ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ നിനക്കായിട്ടില്ല. ഒടുവില്‍ ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടുന്നു. കഴുത്തൊടിഞ്ഞ ഒരടിമയെപ്പോലെ മരണം കാത്തുകിടക്കുന്നു. സുന്ദരമായ ആ സ്വപ്നസാക്ഷാത്കാരത്തിനായുള്ള നിസ്സരമായ സാധ്യതകളെപ്പോലും തള്ളിക്കളഞ്ഞുകൊണ്ട്‌. യുദ്ധം ആരംഭിക്കുന്നതിനുമുന്‍പ്‌ ശത്രുവിണ്റ്റെ വാളിനു കഴുത്തു നീട്ടുന്ന പടനായകനാണു നീ. ലജ്ജാകരമായ അന്ത്യം.

ക്രിസ്തു: യൂദാസ്‌, പ്രിയമിത്രമേ, എണ്റ്റെ സഹോദരാ, നമ്മുടെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു.

യൂദാസ്‌: [ശാന്തനായി] പ്രഭോ, യുദ്ധത്തില്‍ ആദ്യം ചിന്തപ്പെടേണ്ട രക്തം പടയാളിയുടെതാണ്‌, രാജാവിണ്റ്റേതല്ല.

ക്രിസ്തു: എനിക്കു നിന്നെ മനസ്സിലാകുന്നില്ല യൂദാസ്‌

യൂദാസ്‌: [ വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ടുവന്ന്‌] പ്രഭോ, അവര്‍ക്കു വേണ്ടത്‌ രക്തമാണെങ്കില്‍, എണ്റ്റേത്‌, എണ്റ്റെ രക്തം കൊണ്ട്‌ ആ കുരിശു കഴുകപ്പെടട്ടെ. വിടുവായക്കാരനും മുന്‍കോപിയുമായ യൂദാസ്‌ ക്രൂശില്‍ മരിക്കട്ടെ.

ക്രിസ്തു: എണ്റ്റെ സഹോദരാ....

യൂദാസ്‌: അങ്ങയുടെ ശിഷ്യരില്‍ യൂദസ്‌ വെറും തൃണം. അവണ്റ്റെ രക്തത്തിന്‌ റോമിലെ വേശ്യയുടെ കണ്ണീരിനോളം പോലും വിലയില്ല. എണ്റ്റെ രക്തം ചിന്തപ്പെടട്ടെ. അത്യുന്നതനായ ദൈവപുത്രന്‍ അവണ്റ്റെ ലക്ഷ്യം നിറവേറ്റപ്പെടുവാനായി അവണ്റ്റെ ജനത്തിനു നടുവില്‍ വസിക്കട്ടെ. അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗരാജ്യം അവനിലൂടെ അവര്‍ക്കു ലഭിക്കട്ടെ. അങ്ങ്‌ അവര്‍ക്കിടയില്‍ ഉണ്ടാകണം. ഉണ്ടായേ മതിയാകൂ.

ക്രിസ്തു: പക്ഷെ യൂദാസ്‌ അവര്‍ക്കുവേണ്ടത്‌ യൂദാസിണ്റ്റെ രക്തമല്ല. എണ്റ്റെ രക്തമാണ്‌. അതാകട്ടെ, ചിന്തപ്പെടാനുള്ളതും.

യൂദാസ്‌:: വിഡ്ഡീത്തം. ഒരു പെണ്ണാടിണ്റ്റെ നാവില്‍നിന്നും മാത്രം വരുന്ന ബാലിശമായ വാക്കുകള്‍. കുലത്തൊഴില്‍പോലും നേരെ ചെയ്യാനറിയാത്ത ആശാരിച്ചെറുക്കണ്റ്റെ പുലമ്പല്‍.

ക്രിസ്തു: യൂദാസ്‌...... !

യൂദാസ്‌: ഗുരോ, അങ്ങയെ ജനങ്ങള്‍ക്കു വേണം. അവിടുത്തെ ചിന്തകളും വാചാലതയും അവര്‍ക്കു വേണം. അങ്ങ്‌ അവര്‍ക്ക്‌ വഴിയും വെളിച്ചവും സത്യവും ആകേണ്ടവന്‍. റോമന്‍ പടയാളികള്‍ക്കുവേണ്ടത്‌ അങ്ങയുടെ ശരീരം മാത്രമാണ്‌. ശരീരം മാത്രം. എന്നാല്‍ യൂദാസിണ്റ്റെ ശരീരം അങ്ങയുടെതിനെക്കള്‍ എത്രയോ ദൃഡ്ഡവും വേഗമേറിയതും. അങ്ങ്‌ ദൈവപുത്രനാണെങ്കില്‍, ലാസറിനു പുനരുദ്ധാനം നല്‍കിയത്‌ അങ്ങാണെങ്കില്‍, അന്ധനായവന്‌ കാഴ്ച നല്‍കിയ ദിവ്യന്‍ അങ്ങാണെങ്കില്‍, യൂദാസിണ്റ്റെ ആത്മാവും ദൈവപുത്രണ്റ്റെ ശരീരവും ക്രൂശിലേറട്ടെ. എണ്റ്റെയീ ഉറച്ച പേശികളിലൂടെ ദൈവപുത്രന്‍ ജീവിച്ചിരിക്കട്ടെ. ലോകജനതക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗരാജ്യം വന്നുചേരുവാനായി യൂദാസിണ്റ്റെ ശരീരവും അങ്ങയുടെ ആത്മാവും ഒന്നുചേരട്ടെ.

ക്രിസ്തു: യൂദാസ്‌, നീ സ്വയം ഇല്ലാതാകാന്‍ കൊതിക്കുന്നു.

യൂദാസ്‌: ചപലത കളയൂ. എണ്റ്റെ ചിന്തകള്‍കും പ്രവര്‍ത്തികള്‍ക്കും ഉദാത്തമായ ലക്ഷ്യങ്ങളുണ്ട്‌. അവ സ്വയം സാധൂകരിക്കപ്പെട്ടവയും ആണ്‌.

ക്രിസ്തു: എങ്കിലും എണ്റ്റെ പ്രിയപ്പെട്ടവനേ, ദൈവഹിതം...... ?

യൂദാസ്‌: ദൈവഹിതം....അതെ, ദൈവഹിതം തന്നെ. അതു പക്ഷെ നീ കരുതുന്നതുപോലെയല്ല. പരമകാരുണ്യവാനായ ദൈവം നമുക്ക്‌ ലക്ഷ്യം മാത്രമേ കാണിച്ചുതരുന്നുള്ളു. മാര്‍ഗം കണ്ടെത്തേണ്ടതും അതു നടപ്പിലാക്കേണ്ടതും നാം തന്നെയാണ്‌.

ക്രിസ്തു: പക്ഷേ യൂദാസ്‌, സ്വയം രക്ഷപെടുന്നതിലേക്ക്‌, ഞാന്‍ എണ്റ്റെ സഹോദരനെ ബലികൊടുക്കുകയോ? അതും താല്‍ക്കാലികമായ രക്ഷ്പെടലിലേക്ക്‌? നിന്ദ്യരായ വേശ്യകള്‍പോലും ഇത്തരമൊരു നീചപ്രവൃത്തി ചെയ്യില്ല.

യൂദാസ്‌: ഇമ്മാനുവേല്‍, ഇതു ദൈവഹിതമാണ്‌. ഇതു മാത്രമാണു ദൈവഹിതം. അവണ്റ്റെ ജനത രക്ഷിക്കപ്പെടേണ്ടതിലേക്ക്‌, ലോകത്തിണ്റ്റെ പാപങ്ങള്‍ നീക്കപ്പെടേണ്ടതിന്‌, അവണ്റ്റെ ഇശ്ച നടപ്പാക്കപ്പെടേണ്ടതിന്‌, ഇതു നിര്‍വ്വഹിക്കപ്പെടണം. യൂദാസിണ്റ്റെ കലുഷിതമായ, രക്തശ്‌ചവി ചേറ്‍ന്ന ആത്മാവ്‌ ലോകത്തിനാവശ്യമില്ല. ദൈവപുത്രനായ നിന്നെയാണാവശ്യം. നിന്നെ മാത്രം. ചപലചിന്തകള്‍ക്ക്‌ വിട നല്‍കൂ. പ്രവൃത്തി; അതു മാത്രമാണഭികാമ്യം.

ക്രിസ്തു: [മുട്ടിലിരുന്ന്‌ ആകാശത്തേക്ക്‌ കൈകള്‍ വിരിച്ച്‌] ആകാശത്തിണ്റ്റെയും ഭൂമിയുടെയും അധിപനായ എണ്റ്റെ പിതാവേ, സമസ്ത്‌ ജീവജാലങ്ങളുടെയും സൃഷ്ടാവായ തമ്പുരാനേ, ഞാന്‍ വെറും കളിമണ്ണ്‌. അങ്ങയുടെ ഇശ്ച നടപ്പിലാക്കപ്പെടുവാനായി അയക്കപ്പെട്ടവന്‍. എണ്റ്റെ ആത്മാവും ശരീരവും അങ്ങേക്കു സ്വന്തം. അങ്ങയുടെ ഇശ്ച ഇതാണെങ്കില്‍ അതിനുമുന്‍പില്‍ ഈ പുത്രന്‍ ശിരസ്സുനമിക്കുന്നു.

[എഴുന്നേറ്റ്‌ മരച്ചുവട്ടിള്‍ചെന്നിരുന്നു പ്രാര്‍ഥിക്കുന്നു. പുറത്ത്‌ പടയാളികളുടെ ആരവം]

യൂദാസ്‌: പ്രഭോ, വേഗമാകട്ടെ, അവരതാ വന്നെത്തിയിരിക്കുന്നു. ആ ആരവം നീ കേള്‍ക്കുന്നില്ലേ വേഗം, സമയം നമ്മെ കാത്തുനില്‍ക്കുന്നില്ല.

[മുട്ടിലിരുന്ന്‌ ആകാശത്തേക്ക്‌ കൈകളുയേത്തി പ്രാര്‍ഥിക്കുന്നു. ഇടിമിന്നലും കാറ്റും. ക്രിസ്തുവിണ്റ്റെയും യൂദാസിണ്റ്റെയും ആത്മാവുകള്‍ പരസ്പരം മാറുന്നു. ] [പടയാളികളോടെപ്പം പുരോഹിതന്‍ കടന്നുവരുന്നു, അവര് യൂദാസിനെ കാണുന്നു. ]

ഒന്നാം പടയാളി: ഹേയ്‌, ആരാണു നീ ? കൊടുങ്കാറ്റും പേമാരിയും പെയ്യുന്ന ഈ രാത്രിയില്‍ നീയിവിടെ എന്താണ്‌ ചെയ്യുന്നത്‌? യാഹുദന്‍മാരുടെ രാജാവെന്നു സ്വയം പുകഴ്ത്തിനടക്കുന്ന ആശാരിച്ചെറുക്കന്നായ നസ്റേക്കരനെ കണ്ടിട്ടുണ്ടോ നീ ?

യൂദാസ്‌: നിങ്ങളന്വേഷിക്കുന്നവന്‍ ഞാന്‍ തന്നെ.

പുരോഹിതന്‍: എന്ത്‌, നസ്റേത്തിലെ മരപ്പണിക്കാരനായ ജോസഫിണ്റ്റെ പുത്രന്‍ യേശു നീ തന്നെയാണോ?

യൂദാസ്‌: അത്യുന്നതങ്ങളിലിരിക്കുന്നവനും, സര്‍വ്വതിണ്റ്റെയും സൃഷ്ടാവും രക്ഷകനുമായ ദൈവമാണ്‌ എണ്റ്റെ പിതാവ്‌.

രണ്ടാം പടയാളി: ഇവന്‍ നസ്രേക്കാരനായ യേശു അല്ല. ചുങ്കക്കാരെയും കച്ചവടക്കാരെയും ചാട്ടവാറിനടിച്ചോടിച്ച യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇതവനല്ല. ഇവന്‍ യേശു അല്ല.

മൂന്നാം പടയാളി: [ യൂദാസിണ്റ്റെ മുഖം പിടിച്ച്‌ നോക്കിക്കൊണ്ട്‌] ഇവന്‍ യേശു അല്ല, പക്ഷേ, ഇവനെ എനിക്കറിയാം. ( യൂദാസിനോട്‌) നീ യൂദാസ്‌കറിയാത്തോവല്ലേ ? (മറ്റുള്ളവരോട്‌) ഇവന്‍ യൂദാസ്‌ തന്നെ. സ്വന്തം പിതാവിണ്റ്റെ ധാന്യക്കലവറ കൊള്ളയടിച്ച്‌ അടിമകള്‍ക്കും വേശ്യകള്‍ക്കും വിതരണം ചെയ്തവന്‍. ഇവണ്റ്റെ കൈകളില്‍ വാളിണ്റ്റെ തഴമ്പുണ്ടാകും. അരയില്‍ കഠാരയും.

ഒന്നാം പടയാളി: അതെ അതെ, ഇവന്‍ യൂദാസ്‌ തന്നെ. പക്ഷേ ഇവനെ ഞാന്‍ ആ നസ്റേക്കാരനൊപ്പം കണ്ടിട്ടുണ്ട്‌.

പുരോഹിതന്‍: ഇവന്‍ ആ നസ്റേക്കരണ്റ്റെ ശിഷ്യന്‍ യൂദാസ്‌ ആണെങ്കില്‍ ആ ആശാരിച്ചെറുക്കന്‍ എവിടെയുണ്ടെന്ന്‌ ഇവനറിയാം. ഇവനതു പറയുന്നില്ലെങ്കില്‍ ഇവണ്റ്റെ നാക്കു പിഴുതെടുക്കൂ.

യൂദാസ്‌: കണ്ണുള്ളവരോ കാണുന്നില്ല, കാതുള്ളവരോ കേള്‍ക്കുന്നുമില്ല. ആ മനുഷ്യന്‍ ഞാന്‍ തന്നെ.

രണ്ടാം പടയാളി: [ മരത്തിനു ചുവട്ടില്‍ പ്രാര്‍ഥിക്കുന്ന യേശുവിനെ കാണുന്നു] അതാ അവന്‍. അവന്‍ തന്നെ യേശു.

പുരോഹിതന്‍: യെഹോവയുടെ നിയമങ്ങളെ ധിക്കരിക്കുകയും, അടിമകളെയും തെമ്മാടികളെയും കൂട്ടുചേര്‍ത്ത്‌ കലാപമുണ്ടാക്കുക്കയും ചെയ്ത ഇവനെ പിടിച്ചു കെട്ടൂ.

[ഭടന്‍മാര് യേശുവിനെ പിടിച്ചുകെട്ടൂന്നു, അവജ്ങ്ങയോടെ കുതറുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്യുന്ന യേശു] [പുരോഹിതന്‍ പണക്കിഴി യൂദാസിനു നേരെ എറിയുന്നു. അപ്രതീക്ഷിതമായി വന്ന പൊതി യൂദാസ്‌ പിടിക്കുന്നു ]

പുരോഹിതന്‍: ഇതാ ഇതു നിനക്കള്ളതാണ്‌. പീലാത്തോസ്‌ നീതിമാനാണ്‌. ഈ നസ്റേക്കരനെക്കുറിച്ച്‌ അടയാളം തരുന്നവനുള്ളതാണ്‌ ഈ മുപ്പത്‌ വെള്ളിപ്പണം. ഇതിനവകാശി നീ തന്നെ.

[പൊട്ടിക്കരഞ്ഞുകൊണ്ട്‌ യൂദാസ്‌ ഓടിമറയുന്നു. ]

പുരോഹിതന്‍: [ക്രിസ്തുവിനോട്‌] നസ്റേക്കാരനായ യേശു നീ തന്നെയാണോ?

ക്രിസ്തു: നിങ്ങള്‍ക്കാവശ്യമുള്ളതു ലഭിച്ചുകഴിഞ്ഞു.

പുരോഹിതന്‍: അടിമകള്‍ക്കും വേശ്യകള്‍ക്കും സ്വര്‍‍ഗരാജ്യം വാഗ്ദാനം ചെയ്ത നസ്റേക്കാരനായ നീ യെഹൂദന്‍മാരുടെ രാജാവാണോ?

ക്രിസ്തു: എന്നു നിങ്ങള്‍ പറയുന്നു.

ഒന്നാം പടയാളി : തറ്‍ക്കുത്തരം പറയുന്നോടാ ധിക്കാരീ ( അടിക്കുന്നു )

രണ്ടാം പടയാളി : യാഹുദന്‍മാരുടെ രാജാവ്‌. ഹ..ഹ..ഹ.. (പരിഹസിക്കുന്നു. )

പടയാളികള്‍ ഒത്തുചേര്‍ന്ന്‌ :
യഹുദന്‍മാരുടെ രാജാവ്‌.
മരപ്പണിക്കാരന്‍ രാജാവ്‌
വേശ്യകളുടെ രക്ഷകന്‍
ദുര്‍മന്ത്രവാദി
മരിച്ചവര്‍ക്ക്‌ ജീവന്‍ നല്‍കുന്നവന്‍.

[ മുഖത്തു തുപ്പുന്നു, അടിക്കുന്നു]
[ക്രിസ്തുവിനെയുംകൊണ്ട്‌ എല്ലവരും പോകുന്നു]

[വെളിച്ചം ഇല്ലാതായി വീണ്ടും വരുന്നു. സന്ധ്യാ നേരം സൂചിപ്പിക്കുന്ന ചുവന്ന പ്രകാശം പശ്ചാത്തലത്തില്‍ ]
[ ഓടിക്കിതച്ചു വരുന്ന യൂദാസ്‌. ഭ്രാന്തമായ വേഷം. പാറിപ്പറന്ന തലമുടി. ]യൂദാസ്‌ : എണ്റ്റെ സഹോദരാ, എണ്റ്റെ പ്രിപ്പെട്ടവനേ, നീ എവിടെയാണു യൂദാസ്‌. അവരവനെ കൊന്നു. സര്‍വ്വരക്ഷകനായ ദൈവമേ, ലോകപിതാവായ സര്‍വേശ്വരാ, നിണ്റ്റെ കണ്ണൂകള്‍ മൂടപ്പെട്ടുവോ?, ലോകപാപങ്ങള്‍ നീക്കുവാനായി അയക്കപ്പെട്ട എന്നെ നീ ഇവിടെ വിട്ട്‌ യൂദാസിനു ക്രൂശുമരണമോ? ഉത്തമരില്‍ ഉത്തമനായ, വിശ്വസ്തരില്‍ വിശസ്തനായ എണ്റ്റെ പ്രിയ സഹോദരാ നിന്നെ ക്രൂശുമരണത്തിലേക്ക്‌ തള്ളിവിട്ട ഞാന്‍ എത്ര പാപിയാണ്‌. നീ എണ്റ്റെ ഹൃദയം തകര്‍ത്തുകളഞ്ഞല്ലോ യൂദാസ്‌. ദൈവമേ, ഞാന്‍ എന്തു നീചനാണ്‌, റോമിലെ വേശ്യപുത്രന്‍മാര്‍പോലും ചെയ്യാനറയ്ക്കുന്ന നീചപ്രവര്‍ത്തിയാണല്ലോ സഹോദരാ ഞാന്‍ നിന്നോട്‌ ചെയ്തത്‌. [പണസഞ്ചി ഉയര്‍ത്തി] ഇതാ മുപ്പതു വെള്ളിപണം. യൂദാസിനെ മരണത്തിലേക്കു വലിച്ചെറിഞ്ഞു കൊടുത്തതിനുകിട്ടിയ പ്രതിഫലം. രക്തത്തെ രക്തത്താലും, വെള്ളത്തെ വെള്ളത്താലും ഒറ്റിക്കൊടുത്തതിനുള്ള ശമ്പളം. ഓ യൂദാസ്‌ എണ്റ്റെ വിശ്വസ്തനായ സഹോദരാ, ഇതിണ്റ്റെ എഴുപതിരട്ടി വാഗ്ദാനം ചെയ്യപ്പെട്ടാല്‍പോലും നീ എന്നോടിങ്ങനെ ചെയ്യുമായിരുന്നില്ല. വീഞ്ഞും സുഗന്ധദ്രവ്യങ്ങളും റോമിലെ മുഴുവന്‍ കന്യകമാരും നിന്നെ പ്രലോഭിപ്പിച്ചിരുന്നില്ല. നിണ്റ്റെ പിതാവിണ്റ്റെ കലവറയിലെ മുഴുവന്‍ സ്വത്തും അടിമകള്‍ക്കു വാരിയെറിഞ്ഞുകൊടുക്കുമ്പോഴും യൂദാസ്‌, അവയിലൊന്നുപോലും നീതിയുക്തമായ നിണ്റ്റെ ഹൃദയത്തെ സ്വാധീനിച്ചില്ല. മഹാത്മാവേ, നീതിമാനായ നിണ്റ്റെ വില വെറും മുപ്പത്‌ വെള്ളിക്കാശ്‌.

[മുട്ടിലിരുന്ന്‌ കൈകള്‌ ആകാശത്തേക്ക്‌ വിരിച്ച്‌]

ദയാപരനായ പിതാവേ, ഞാന്‍ ദൈവപുത്രനാണെങ്കില്‍, ലോകപാപങ്ങള്‍ നീക്കപ്പെടുവാനായി എണ്റ്റെ ജീവിതവും മരണവും നീ വിധിച്ചുവെങ്കില്‍, എണ്റ്റെ സഹോദരനായ യൂദാസിനെ മുപ്പതു വെള്ളീക്കാശിനുവേണ്ടി ഒറ്റിക്കൊടുക്കപ്പെട്ട ഈ പൂങ്കാവനത്തിലെ വൃക്ഷലതാദികള്‍ മുഴുവന്‍ വളര്‍ച്ച മുരടിച്ചു നശിച്ചുപോകട്ടെ. പ്രേതാത്മാക്കള്‍പോലും ഇവിടേക്കു കടന്നുവരാന്‍ ഭയക്കട്ടെ. [എഴുന്നേല്‍ക്കുന്നു. പണസഞ്ചി വലിച്ചുകീറി പണം വാരിയെറിയുന്നു. ] ഇതാ എണ്റ്റെ സഹോദരനെ വിറ്റുകിട്ടിയ പണം. ഇതു വീഴുന്ന പ്രദേശം മുഴുവന്‍ എന്നെന്നേക്കുമായി കരിഞ്ഞുപോകട്ടെ. ആകാശത്തിലെ അഗ്നി മുഴുവന്‍ ഇവിടേക്കു പതിക്കട്ടെ. ഇവിടത്തെ മണല്‍ത്തരികള്‍പോലും വന്ധ്യരായിത്തീരട്ടെ.

[ അരയില്‍ കെട്ടിയിരിക്കുന്ന കയര്‍ അഴിക്കുന്നു. ]

യൂദാസ്‌, എണ്റ്റെ പ്രിയപ്പെട്ടവനേ, എണ്റ്റെ സഹോദരാ, ഞാന്‍ യേശുക്രിസ്തു. ലോകത്തിണ്റ്റെ പാപങ്ങള്‍ നീക്കുവാനായി ജന്‍മംകൊണ്ട ദൈവപുത്രന്‍. നീ പറഞ്ഞിട്ടുള്ളതുപോലെ, കുലത്തൊഴില്‍പോലും നേരെ ചെയ്യാനറിയാത്ത ആശാരിച്ചെറുക്കന്‍. നസ്രേക്കാരനായ ജോസഫിണ്റ്റെ പുത്രന്‍. പ്രവാചകന്‍മാരുടെ പ്രവചനം ശരിയാകണമെങ്കില്‍ ഞാന്‍ മരിക്കണം. ഇന്ന്‌ ഇപ്പോള്‍തന്നെ. ഇതാ എനിക്കുള്ള മരണക്കയര്‍. ഇതില്‍ എണ്റ്റെ ജീവന്‍ ഒടുങ്ങണം. നീതിമാനായ എണ്റ്റെ സ്നേഹിതാ, സ്വര്‍ഗം നിനക്കുമേല്‍ നന്‍മ ചൊരിയട്ടെ. ലോകം നിന്നെയോര്‍ത്ത്‌ ദുഖിക്കട്ടെ. വിട, വിട, വിട.

കര്‍ട്ടന്‍

17 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

പ്രിയ സുഹൃത്തുക്കളെ, ഈ നാടകത്തിനൊരു പേര്‌ നിര്‍ദ്ദേശിക്കാന്‍ ദയവുണ്ടാകണം. ഓരോ കുട്ട കമണ്റ്റും ഇട്ടോളൂ..

അങ്കിള്‍ said...

ഉറുമ്പേ ഞാനില്ല ഒരു പേര് നിര്‍ദ്ദേശിക്കാന്‍.

ചിതല്‍ said...

ഒരു തെക്കന്‍ വീരഗാഥ എന്നാക്കിയാലോ,,,,

:)
ഇഷ്ട്മായി.. നല്ല അവതരണം..

എവിടെയെങ്കിലും ഇതിന്റെ ആവിഷ്കാരം കാണാന്‍ മോഹം..

സിമി said...

ഉറുമ്പേ, ഒരുപാട് നന്നായി. ‘യൂദാസിന്റെ ഒന്നാം തിരുമുറിവ്‘ എന്നാക്കിയാലോ?

Jesus Christ Superstar എന്ന ബ്രോഡ്‌വേ നാടകത്തിന്റെ ഇതിവൃത്തം ഓര്‍മ്മവന്നു. അതും ഒന്ന് വായിച്ചുനോക്കു.

ഉറുമ്പ്‌ /ANT said...

അങ്കിള്‍ നന്ദി. ചിതലേ, ഇനി ആ തല്ലും കൊള്ളേണ്ടി വരുമോ.. സിമി, ലിങ്കിനു നന്ദി

കാപ്പിലാന്‍ said...

http://kappilan-entesamrajyam.blogspot.com/2008/02/blog-post_05.html


നല്ല കഥ ..ഇത് അവതരിപ്പിക്ക് .." യുദാസ് പാവമായിരുന്നൂ "

കൂടെ മുകളില്‍ കാണിച്ചിരിക്കുന്ന ലിങ്കും കൂടി കാണുക

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

Kichu & Chinnu | കിച്ചു & ചിന്നു said...

കൊള്ളാം

ജഗ്ഗുദാദ said...

ഉറുമ്പേ.. എന്താ പറയുക..വളരേ വളരേ ഇഷ്ടപ്പെട്ടു . കഥയും അവതരണവും ഒക്കെയും..ഞാന്‍ ഒരു പേരു നിര്‍ദ്ദേശിക്കാം.. രക്ഷകന്‍ എന്ന് തന്നെ ആയിക്കോട്ടെ..

ഉറുമ്പ്‌ /ANT said...

നന്ദി ജഗ്ഗു

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

പാവത്താൻ said...

താമസിച്ചാണു കണ്ടത്‌. വളരെ നന്നായിട്ടുണ്ട്‌. ഗംഭീരം.

അരുണ്‍ ചുള്ളിക്കല്‍ said...

കൊള്ളാം കേട്ടൊ. action=edit&post=515ഇവിടെ ലിങ്ക് കണ്‍ട് വന്നതാണു. നന്നായിരിക്കുന്നു. ഇതു സ്റ്റേജ് ചെയ്യണം.

ഉറുമ്പ്‌ /ANT said...

പാവത്താൻ, അരുൺ, നന്ദി.

Manoj മനോജ് said...

:)

വിപ്ലവകാരിയുടെ അന്ത്യം

ഗാന്ധിയുടെ സമരമാര്‍ഗ്ഗം ഓര്‍മ്മ വന്നത് സ്വാഭാവികമായിരിക്കാം :)

Post a Comment