Friday, August 21, 2009

നഗ്നനായ ബ്ലോഗർ.

പണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിപ്പിച്ചിരുന്ന ഇംഗ്ലണ്ടുകാരനായ പ്രൊഫസർ പറഞ്ഞ ഒരു വാചകം എടുത്തു പറയാം. “ മലയാളികൾ കാഴ്ചകളിൽ ഭ്രമിക്കുന്നവരാണ്. “ ഒന്നിനുവേണ്ടിയുമല്ലാതെ മണിക്കൂറുകളോളം പൊതുവഴിയിൽ കഴ്ചകണ്ടിരിക്കാൻ മലയാളിക്ക് ഒരു മടിയുമുണ്ടാകില്ലെന്നും പറഞ്ഞു പ്രൊഫസർ. (പേരോർക്കുന്നില്ല, തല്ലരുത്)

ഒരു കഥ പറയാം. ഷിഹാബുദ്ദീൻ പൊയ്ത്തും‌കടവിന്റെതാണെന്നാണ് ഓർമ്മ. നമ്മുടെ കണ്ണുകൾ നമ്മെത്തന്നെ വഞ്ചിക്കുകയും കാഴ്ച്ചകളിൽ ഭ്രമിക്കുകയും ചെയ്യുന്ന നമ്മളിലോരോരുത്തരെയും കുത്തിനോവിക്കും ഈ കഥ. പൊയ്ത്തുംകടവിന്റെ കഥ ഞാൻ പറയുമ്പോൾ അദ്ദേഹം എന്നെ തല്ലിയാൽ, ആ തല്ല് എനിക്ക് അത്യാവശം കിട്ടേണ്ടതാണെന്നു പറയാം. കഥ മുഴുവനായി പറഞ്ഞാൽ തല്ല് ഉറപ്പാണെന്നതിനാൽ ചുരുക്കി സാരാംശം മാത്രം പറയാം. “കഥ“യുടെ (കലാകൌമുദി പ്രസിദ്ദീകരണം) നല്ല കാലത്ത് വായിച്ചതാണ്. എന്നാൽ ഇപ്പോ “കഥ“ക്കു നല്ലകാലമല്ലേ എന്ന ചോദ്യം പ്രസക്തം. അതിനുത്തരം ദാ ഇങ്ങനെ പറയാം.-പണ്ട് സ്കൂളിൽ പഠിക്കുന്നകാലത്ത് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധിപാർക്കിനു ചുറ്റും പഴയപുസ്തകങ്ങൾ വിൽക്കുന്നവരുടെ കൈയ്യിൽനിന്നും കൊള്ളവിലക്കു വാങ്ങുകയും അപ്പോൾത്തന്നെ മറ്റാരും കാണാതെ ഇടുപ്പിൽ താഴ്ത്തി മുങ്ങുന്ന, സ്കൂളിൽ ടീച്ചർ കാണാതെ ആമ്പിള്ളാരുടെ ഇടയിൽ സർക്കുലറടിക്കുകയും ചെയ്യുന്ന കൊച്ചുപുസ്തകത്തിന്റെ നിലവാരമേ ഇന്നു “കഥ“ക്കുള്ളു. ആ കഥകൾ വായിച്ചു വിശകലനം ചെയ്ത് ഒന്നരപ്പുറം ആസ്വാദനം എഴുതുന്ന മഹാന്മാരെ നമിക്കണം. കിഴക്കേക്കോട്ടയിലെ കച്ചവടക്കാർ ആവശ്യം കഴിഞ്ഞ കൊച്ചുപുസ്തകത്തിനു പകുതിവില തരും. പക്ഷേ “കഥ”ക്ക് ആ വിലപോലും കിട്ടില്ല.

ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയിലേക്ക്-
പൊതുവഴിയിൽ ഒരുപെൺകുട്ടി മരിച്ചു കിടക്കുന്നു. ചുമ്മാ കിടക്കുകയല്ല. പരിപൂർണ്ണ നഗ്നയായിട്ട് കിടക്കുന്നു. ചുറ്റും കൂടിനിൽക്കുന്നു ജനം. എല്ലാ കണ്ണുകളും അവളുടെ ശരീരത്തിൽത്തന്നെ. ജീവനില്ലെങ്കിലും ആ നഗ്നസൌന്ദരത്തിൽത്തന്നെയാണ് കണ്ണുകൾ. ഹാ കഷ്ടം എന്നു പറയുന്നവരിൽ ഒരാൾപോലും പെൺകുട്ടിയെ തിരിച്ചറിയുന്നില്ല. ഇതിനിടയിൽ പ്രായം ചെന്ന ഒരാൾ ചുമലിലിട്ടിരുന്ന തോർത്തുകെണ്ട് അവളെ കഴുത്തറ്റം മൂടുന്നു. അപ്പോഴാണ് കൂടിനിന്നവരിൽ ഒരുവൽ “ഇതെന്റെ പെങ്ങളല്ലെ“ എന്നു തിരിച്ചറിയുന്നത്‌. ഇതു നമ്മുടെ ലങ്ങേരുടെ മോളല്ലെ എന്നു മറ്റൊരാൾ.
കാഴ്ചകളിൽ ഭ്രമിക്കുന്ന നമ്മുടെ അന്ധമായ ഭോഗതൃഷ്ണകളെ പൊളിച്ചുകാണിക്കുകയാണ് കഥാകാരൻ. അപകടത്തിൽ‌പ്പെട്ടു മരണമടഞ്ഞവരുടെ ചിത്രം മൊബൈൽകാമറയിൽ പകർത്താൻ ശ്രമിക്കുന്ന ഞാനടക്കമുള്ളവരുടെ സ്വയംരതിയെ നിഷ്പ്രയാസം തുറന്നുകാട്ടുന്നു. ഞാനിവിടെ പറഞ്ഞതുപോലെയല്ല, ഇത്രക്കും സ്വയംനിന്ദതോന്നിയ മറ്റൊരുകഥ വായിച്ചിട്ടില്ല ഇന്നേവരെ. അത്രക്ക് ഭംഗിയായി കഥപറയാൻ കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്.

ഇപ്പോൾ ഈ കഥ പറയാൻ ഒരു കാരണമുണ്ട്. കഴിഞ്ഞ രണ്ടുകൊല്ലം ബ്ലോഗിൽ നിന്നതുകൊണ്ട് കണ്ട ചിലകാര്യങ്ങളെ ചൂണ്ടിക്കാട്ടുകയാണിവിടെ. എന്താണ് ബ്ലോഗ്? ആദ്യകാലങ്ങളിൽ ബ്ലോഗിനെ ഒരു ഇന്റ്റർനെറ്റ് ഡയറിക്കുറിപ്പായി കണക്കാക്കിയിരുന്നു. പിന്നതു മാറി അവനവനു സ്വന്തമായുള്ള പ്രസിദ്ധീകരണശാലകളായി മാറി. എനിക്കു പറയാനുള്ളതെന്തും പറയാനും അതു മറ്റുള്ളവർ വായിക്കണമോ, അതോ എന്റെ വീട്ടിലുള്ളവരോ സുഹൃത്തുക്കളോ മാത്രം വായിച്ചാൽ മതിയോ, ഇനി അതിൽ ആരൊക്കെ അഭിപ്രായം പറയണം, അത് ആർക്കും പറയാമോ, അതല്ല, എന്റെ പുറംചൊറിഞ്ഞു തരുന്നവർമാത്രം മതിയോ എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗിനുണ്ട്. എന്റെ ബ്ലോഗുപരിചയം വളരെ പരിമിതമാണ്. എന്നാൽ കണ്ടതു ചിലതു പറയാതെ വയ്യ എന്നായി. ചൊറിച്ചിൽ അടക്കാനാവുന്നില്ല എന്നു പറയാം.

ബ്ലോഗിൽ ആദ്യമായി വരുന്നത് വിശാല മനസ്കന്റെ ബ്ലോഗു വായിച്ചിട്ടാണ്. പിന്നെ കാണുന്നത് മലയാളം എന്ന ഭാഷയെ മെരുക്കാൻ ആദ്യകാലശ്രമം നടത്തിയ (തർക്കമുള്ളവർ പറഞ്ഞുതന്നാൽ നന്ന്) ഹുസൈൻ സാറിന്റെ(രചന) പേര് ചിലർ ചന്തപ്പെണ്ണുങ്ങളെപ്പോലെ തർക്കവിഷയമാക്കുന്നതാണ്. കമ്പ്യൂട്ടർ എന്നതിന് കം‌പ്‌യൂട്‌ടർ എന്നെഴുതണോ അതോ കമ്പൂട്ടർ എന്ന് എഴുതണോ എന്ന തർക്കമായിരുന്നു. പക്ഷേ ആ തർക്കങ്ങൾ പലപ്പോഴും ഇന്നു നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മലയാളത്തിന്റെ വളർച്ചക്കേ ഉപകരിച്ചുള്ളു. വേണ്ടത്ര അംഗീകാരം പലർക്കും നൽകപ്പെട്ടില്ല എന്ന പരാതി നിലനിൽക്കത്തന്നെ മലയാളം വളർന്നുകൊണ്ടിരുന്നു. അത്തരം സംവാദങ്ങളെ പൂർണ്ണമനസ്സാലെ സ്വാഗതം ചെയ്യുന്നു.
പിന്നെ കണ്ട തർക്കങ്ങളെല്ലാം വ്യക്തിഹത്യകളായിരുന്നു. ഇഞ്ചിപ്പെണ്ണ് അമരക്കാരിയായി അമേരിക്കൻ ലോബി തർക്കം., ചിത്രകാരൻ-പൊന്നമ്പലം വിവാദം, ചാറ്റ്‌-ഫോൺ വിവാദവുമായി കുറുമാൻ, മഹാത്മാഗാന്ധി വിവാദവുമായി കൈപ്പള്ളി-കേരളാഫാർമർ, ബ്ലോഗിലെ വെട്ടുക്കിളികൾ വിവാദവുമായി ഹരികുമാർ, ഒളിഞ്ഞിരിക്കുന്നവരുടെ അടിവസ്ത്രത്തിന്റെ കറ എങ്ങിനെ വന്നു എന്നുനോക്കാൻ മരമാക്രി, ബ്ലോഗർമാർ പരസ്പരം കാ‍ണുന്നത് വിലക്കണമെന്നു ബെർളിതോമസ്, അവസാനം എന്നെ അവന്മാർ ചവിട്ടിപ്പുറത്താക്കി എന്നു നിലവിളിച്ചുകൊണ്ട് കാപ്പിലാൻ. എനിക്കറിയാന്മേലാണ്ട് ചോദിക്കുകയാണ്..... ഇതിനുമ്മാത്രം എന്തിന്റെ കേടാ നിങ്ങൾക്ക്‌.

ഇവിടെയാണ് ആദ്യം പറഞ്ഞ സായിപ്പിന്റെ വാചകങ്ങളുടെ പ്രസക്തി. നമുക്കു കാഴ്ച്ചകൾ വേണം. ഒരുപണിയുംചെയ്യാതെ ചൊറികുത്തിയിരിക്കുമ്പോൾ കാണാൻ കാഴ്ച്ചകൾ വേണം. ഹരികുമാർ പറഞ്ഞതെത്ര ശരി. “ബ്ലോഗിൽ വെട്ടുക്കിളികളാണ് കൂടുതൽ”. ഒരു വിവാദം ഉണ്ടാകാൻ കാത്തിരിക്കുന്നു മലയാളംബ്ലോഗർമാർ. സംഘടിത ആക്രമണത്തിന്റെ നാറാണക്കല്ലുകൾ. ഇനി വിവാദങ്ങൾ ഉണ്ടാക്കി ഹിറ്റുകൂട്ടുന്നവർ. ആ നിലക്കു നോക്കിയാൽ ബ്ലോഗിലെ ഏറ്റവും നല്ല മാർക്കറ്റിംഗ് മാനേജർ ബെർളി തോമസ്സാണ്. ഏറ്റവും നല്ല സമയത്ത്‌ എന്തു വിൽക്കണം എന്നു ഇത്രയും നന്നായി അറിയാവുന്നവർ ഇല്ലതന്നെ. ബ്ലോഗിലെ ഹിറ്റുകൂട്ടാൻ എന്ത്‌ എപ്പോൾ ചെയ്യണം എന്നു അദ്ദേഹത്തിനു നന്നായറിയാം. ബെർളി ഒന്നു തുമ്മിയാൽ മതി, പിന്നത്തെക്കാര്യം മറ്റുള്ളവർ ഏറ്റെടുത്തുകൊള്ളും. പിന്നെ പോസ്റ്റായി, പോസ്റ്റിനു മറുപടി പോസ്റ്റായി........... എത്ര ഈസിയായി നിങ്ങളുടെ ചിലവിൽ അദ്ദേഹം ഹിറ്റുകൂട്ടുന്നതു നോക്കു, . പക്ഷേ ബെർളിയുടെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു ലക്ഷ്യമെങ്കിലുമുണ്ട്‌. അതുപോലുമില്ലാതെ ബഹളം വയ്ക്കുന്നവരാണ് ഉണ്ണാക്കന്മാർ.

ഇന്റർനെറ്റിൽ സൌജന്യമായി ലഭിക്കുന്ന ഈ സൌകര്യം സ്വന്തം കുടുംബസ്വത്താണെന്നു കരുതുന്നവർ. എനിക്കിഷ്ടമുള്ളത് ഞാൻ എഴുതുമ്പോൾ അതിൽ മറ്റൊരാൾക്കിഷ്ടമുള്ള അഭിപ്രായം പറയാൻ അനുവദിക്കേണ്ടതല്ലെ? നല്ല സൌഹൃദങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിടത്ത്, വർഷങ്ങളായി നിലനിന്ന സൌഹൃദങ്ങളെ നിഴലിനോട് യുദ്ധം ചെയ്തു നശിപ്പിക്കുന്നവർ. മലയാളം ബ്ലോഗിങ് വളരുകയാണോ? മറ്റുള്ളവരുടെ സ്വകാര്യങ്ങളിൽ നിങ്ങൾക്കെന്തു കാര്യം? ഒരാൾ സ്വയം വെളിവാക്കാൻ ഉദ്ദേശിക്കാത്ത രഹസ്യങ്ങളെ ചൂഴ്ന്നുപോകുന്നതും അയാളുടെ അടിവസ്ത്രത്തിന് മഞ്ഞനിറമാണെന്നു വിളിച്ചുകൂവുന്നതും ഒരു മാനസികരോഗിയുടെ ലക്ഷണമല്ലേ?. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്നു തന്നെയാണ് അഭിപ്രായം. എന്നാൽ എന്റെ വിശ്വാസങ്ങൾമാത്രമാണ് ശരി എന്നുകരുതുന്നതും എന്റെ വിശ്വാസം തെറ്റാണെന്നുപറയുന്നവന്റെ തന്തക്കുവിളിക്കുന്നതും വിദ്യാഭ്യാസമുള്ള ഒരു ജനതക്കു ചേരില്ല. കൂപമണ്ഡൂകങ്ങളാണവർ. എനിക്കു മുള്ളണം, പക്ഷേ നാലുപേർ ചേരുന്നിടത്തേ മുള്ളൂ എന്ന് നിർബന്ധം പിടിക്കുന്നതെന്തിന്?
മറ്റുള്ളവർക്കു പ്രയോജനപ്രദമായി, മലയാളഭാഷയുടെ വളർച്ചക്കായി ഉപയോഗിക്കപ്പെടേണ്ട വിലപ്പെട്ടസമയം മുണ്ടുപൊക്കിക്കാണിച്ചും അന്യന്റെ സ്വകാര്യരഹസ്യങ്ങളിൽ കടന്നുകയറിയും തീർക്കാതെ...........താനൊക്കെ എന്നാ നന്നാകുന്നെ?

കാപ്പിലാൻ, വിവാദം അവസാനിപ്പിച്ചമട്ടാണ്. അടുത്ത കോള് എവിടെയാണാവോ ?

20 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

ആദ്യം പറഞ്ഞ കഥ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെതാണെന്നത്‌ ഓർമ്മയിൽനിന്നും പറഞ്ഞതാണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം.

ചാണക്യന്‍ said...

കൊള്ളാം..ഈ ഉറുമ്പു കടി ഇഷ്ടായി....:):)

ചാര്‍ളി (ഓ..ചുമ്മാ ) said...

:) :)

Anonymous said...

ഉറുമ്പേ അടി തല്യ്ക്കുതന്നെ!! ഈ ബൂലോകത്ത് കുറേ ഏറെ അല്പന്മാരുണ്ട് ..... അവര്‍ക്കുള്ള സമര്‍പ്പണമാകട്ടെ ഈ പോസ്റ്റ് ( അങ്ങനെ അല്ലെ ഉറുമ്പേ!!! ) തല്ലല്ലെ ഞാന്‍ പോയി......

അനില്‍@ബ്ലോഗ് // anil said...

ഉറുമ്പേ....
:)

കണ്ണനുണ്ണി said...

വന്ന സമയം കൊണ്ടും...പറഞ്ഞ രീതി കൊണ്ടും എല്ലാം.. വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌..
നന്നായി മാഷെ..

ഹാരിസ് said...

:)

ഉറുമ്പ്‌ /ANT said...

അരുൺ കായംകുളം എക്സ്പ്രസ്സിന്റെ ഡീസൻ എഞ്ചിൻ മാറ്റി ഇലക്റ്റ്രിക്‌ ആക്കിയോ, നല്ല സ്പീഡും ഒഴുക്കും. നന്ദി വന്നതിന്‌.

ചാണക്യൻ, എങ്ങിനെ കടിക്കാതിരിക്കും ?

ചാർളി, നന്ദി.
അനോണി ജീവി, സമർപ്പിക്കാൻ പോയാൽ അതും ഒരു തണലാക്കും ഇവർ.

അനിൽ​‍്ബ്ലോഗ്‌, നന്ദി വന്നതിന്‌
കണ്ണനുണ്ണി, എങ്ങിനെ പറയാതിരിക്കും, ക്ഷമക്കും ഒരതിരില്ലേ, നന്ദി കമന്റിന്‌
ഹാരിസ്‌, നന്ദി.

Rakesh R (വേദവ്യാസൻ) said...

:) ഹി ഹി

ഉറുമ്പ്‌ /ANT said...

വേദവ്യാസരേ നന്ദി.

OAB/ഒഎബി said...

മലയാളം ബ്ലോഗിങ് വളരുകയാണോ? മറ്റുള്ളവരുടെ സ്വകാര്യങ്ങളിൽ നിങ്ങൾക്കെന്തു കാര്യം? ഒരാൾ സ്വയം വെളിവാക്കാൻ ഉദ്ദേശിക്കാത്ത രഹസ്യങ്ങളെ ചൂഴ്ന്നുപോകുന്നതും അയാളുടെ അടിവസ്ത്രത്തിന് മഞ്ഞനിറമാണെന്നു വിളിച്ചുകൂവുന്നതും ഒരു മാനസികരോഗിയുടെ ലക്ഷണമല്ലേ?.

നല്ല ചോദ്യം.

Anil cheleri kumaran said...

good

ഉറുമ്പ്‌ /ANT said...

കുമാരൻ, നന്ദി.
OAB പലപ്പോഴും മാനസികരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടുള്ളതായി ചില പോസ്റ്റുകൾ നോക്കിയാൽ മനസ്സിലാകും.നന്ദി കമന്റിന്‌

ബോണ്‍സ് said...

എന്റെ ഒരു രസത്തിനു ബ്ലോഗ്ഗിലേക്ക്‌ വന്നപ്പോള്‍ തന്നെ കണ്ടത് വിവാദങ്ങള്‍ ആണ്. ആദ്യ അനോണി കമന്റ്‌ ഒരു മുനരിയിപ്പയിരുന്നു...വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ ബ്ലോഗിങ്ങ് രംഗത്ത് വേണ്ട..പഠിപ്പുള്ളവരെ കുറിച്ചുള്ള ജനങ്ങളുടെ മതിപ്പു പോകും എന്നൊക്കെ...അന്ന് ഞാന്‍ എന്നെ ആരോ കളിയാക്കിയതാണെന്ന് കരുതി അതും വച്ചൊരു പോസ്റ്റ്‌ ഇട്ടു...ഇപ്പോള്‍ അതാണ്‌ ഓര്‍മ വന്നത്... വളരെ കുറച്ചു പെരോഴിച്ചു ബാക്കി എല്ലാവരും വിവാദങ്ങള്‍ക്ക് വേണ്ടി മാത്രം നടക്കുന്ന കുറെ വിവരമുള്ളവരുടെ കൂട്ടം...മലയാളം ബ്ലോഗിങ്ങ് ഇതാണ് എന്ന് തിരിച്ചറിയുന്നു...

കണ്ണനുണ്ണി said...

ബൊന്സ്, അങ്ങനെ മുന്‍‌വിധി പാടില്ല മാഷെ...
എന്നും വിവാദങ്ങള്‍ ഉണ്ടാക്കുനതും പടര്‍ത്തുന്നതും ഒരു ന്യുനപക്ഷം ആള്‍ക്കാരാണ്..
കൂടുതല്‍ പേരും സമാധാനവും, സൌഹൃദവും കാത്തു സൂക്ഷിക്കുന്നവരാണ്...
മൂല്യങ്ങളെ ബഹുമാനിക്കുന്നവര്‍.... ശരിയല്ലേ?

ഉറുമ്പ്‌ /ANT said...

ബോൺസ്‌, കണ്ണനുണ്ണി പറഞ്ഞതിനോട്‌ യോജിക്കുന്നു. ഒരു ന്യൂനപക്ഷത്തിന്റെ വകയാണു വിവാദങ്ങൾ. പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, വളരെ നല്ല കണ്ടന്റ്‌ എഴുതാൻ കഴിയുന്ന പലരും ഈ വിവാദങ്ങളിൽനിന്നും അകന്നു നിൽക്കുന്നവരാണ്‌. ഗതികേടിന്‌ മുകളിൽപറഞ്ഞ കഥയിലേപ്പോലെ വിവാദങ്ങളുടെ ഈ മിഥ്യാരതിയിൽ വളരെ നല്ല പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നൂ.

വികടശിരോമണി said...

നഗ്നനായ ബ്ലോഗർ ആരാന്നറീല്ല.നഗ്നൻ എന്ന പേരിൽ ഒരു ബ്ലോഗറെ കണ്ടിരുന്നു.മൂപ്പരല്ലല്ലോ:)
എന്തായാലും കലക്കൻ കടിയായി,ഉറുമ്പേ.
സംഭംവം പൊയ്ത്തുംകടവിന്റെ തന്നെ.പേരുഞാനും ഓർക്കുന്നില്ല.
സംവാദം,പ്രതിവാദം,വിവാദം-ഇങ്ങനെ പലതരം പരിപാടി നടക്കുന്നു.ഇതൊക്കെയല്ലേ ലൈവ് ആയ ഒരു ഇടത്തിന്റെ ലക്ഷണം?ഞാൻ അങ്ങനെ കാണാനാണു ശ്രമിക്കാറ്.
ചിലപ്പോൾ ആകെ മടുത്തുപോയിട്ടുണ്ടെന്നു സമ്മതിക്കുന്നു.

രഞ്ജിത് വിശ്വം I ranji said...

ബൂലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകളെകുറിച്ച്‌ പ്രതികരിച്ചത് നന്നായി. ബ്ലോഗുകളെ പരസ്പരം അധിക്ഷേപിക്കുന്നതിനും പരിഹസിക്കുന്നതിനും ഉപയോഗിക്കുന്നത്‌ നിരുത്സാഹപ്പെടുത്തേണ്ടത്‌ തന്നെയാണ്. സഭ്യതയുടെ എല്ലാ അതിര്‍വ്വരമ്പുകളേയും ലംഘിച്ചുനടക്കുന്ന ഈ ഗ്വാ ഗ്വാ വിളികള്‍ തികച്ചും അപലപനീയം തന്നെയാണ്. ബഹുമാന്യ ബ്ലൊഗര്‍മാരില്‍ നിന്നും അല്‍പം കൂടി ഉയര്‍ന്നചിന്തയും വാക്കും ബൂലോകം പ്രതീക്ഷിക്കുന്നുണ്ട്‌. ബ്ലോഗ്ഗ്‌ ഹാക്ക്‌ ചെയ്യുക, കമന്റായും പോസ്റ്റായും കേട്ടാലറയ്ക്കുന്ന തെറി പോസ്റ്റ്‌ ചെയ്യുക.തുടങ്ങിയ കലാപരിപാടികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ അധികം താമസിയാതെ ഒരു "ബൂലോക അടി"യും നമുക്കു പ്രതീക്ഷിക്കാം. ദൈനംദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാധ്യമം എന്ന നിലയില്‍ നിലവില്‍ ബൂലോകത്തുള്ളവര്‍ക്കും ബൂലോകത്തേക്ക്‌ വരാനൊരുങ്ങുന്നവര്‍ക്കും മാതൃകയാകേണ്ടവരാണ് എന്ന ബോധം നമ്മുടെ ചിന്തയിലും പ്രവര്‍ത്തിയിലും എപ്പൊഴും ഉണ്ടായിരിക്കണം.

ഉറുമ്പ്‌ /ANT said...

വികടശിരോമണി, ആരാണു നഗ്നൻ എന്നു വിളിച്ചുകൂവാൻ തൽക്കാലം പറ്റില്ല. വേണേൽ തുപ്പിക്കാണിക്കാം. സംവാദങ്ങൾ നല്ലതിനുതന്നെ. പക്ഷേ അത്‌ ഉൽപാദനക്ഷമമാകണം. അല്ലാതെ ചക്കളത്തിപോരുകളല്ല വേണ്ടത്‌. നല്ല ചില മാതൃകകൾ കാട്ടാനാവണം നമുക്ക്‌.

കമന്റിന്‌ പെരുത്തു നന്ദി.

ഉറുമ്പ്‌ /ANT said...

രഞ്ചിത്‌ വിശ്വം, വിശദമായ കമന്റിനു നന്ദി.

Post a Comment