നീരുറവ എന്ന ബ്ലോഗിലെ പഥികന്റെ പോസ്റ്റു വായിച്ചപ്പോൾ തോന്നിയ ചില ചിന്തകൾ കമെന്റായി ഇടാൻ തോന്നിയെങ്കിലും ഒരിത്തിരി നീളം കൂടിയതിനാൽ ഇവിടെ ഇടുന്നു.
വളരെ പ്രസക്തമായ ചില ചിന്തകൾ കാച്ചിക്കുറുക്കി, ഒട്ടും അധികപ്പറ്റില്ലാതെ അദ്ദേഹം പറഞ്ഞിരിക്കുന്നു.
എന്റെ ഭാഷ.
തമിഴന്റെ നാട്ടിൽ സ്ഥാപനങ്ങളുടെ പേരുകൾ തമിഴിൽ എഴുതിയിരിക്കുന്നതുകണ്ട് പുശ്ചമാണ് തോന്നിയിട്ടുള്ളത്. തമിഴൻ അവന്റെ ഭാഷയോടുകാണിക്കുന്ന ചില കടുംപിടുത്തങ്ങൾ നിലക്കാത്ത ചിരിക്കുവകനൽകിയ അവസരങ്ങൾ അനവധി. ( ചിലന്തി മാപ്പിളൈ =സ്പൈഡർമാൻ, കുന്തംകുലുക്കി മാമനു കാതൽ വന്തിരുക്ക് = ഷേക്സ്പിയർ ഇൻ ലവ്, ഇവ ചില ഉദാഹരണങ്ങൾ. ) പക്ഷേ എനിക്കു തമിഴിൽ വിവരമില്ലാത്തതിനാലാണ് ആ പുശ്ചം എന്നു മനസ്സിലാക്കിയപ്പോൾ, തമിഴനോടുള്ള പുശ്ചം ഇല്ലാതായി.
അവനവന്റെ സംസ്കാരത്തോടും ഭാഷയോടും മലയാളി കാണിക്കുന്ന അവഗണന ലോകത്ത് മറ്റൊരിടത്തും കാണുമെന്നു തോന്നുന്നില്ല. ഷാർജയിൽ ഒരു സ്ഥാപനത്തിന്റെ സൈൻബോർഡിൽ ഇംഗ്ലീഷിനേക്കാളും വലിപ്പത്തിൽ അറബിയിൽ എഴുതിയില്ലെങ്കിൽ ബോർഡുവയ്ക്കാൻ ബലദിയ അനുമതി നൽകാറില്ല. അജ്മാനിലും അതുതന്നെ അവസ്ഥ. പക്ഷേ ദുബായിൽ ചില ഇളവുകളൊക്കെയുണ്ട്. ഇവിടെ കുവൈത്തിൽ ഇംഗ്ലീഷിൽ ഇല്ലെങ്കിലും അറബിയിൽ എഴുതിയിരിക്കണം. നമ്മുടെ നാട്ടിൽ അതൊന്നുമില്ല. എല്ലാം ഇംഗ്ലീഷിലായാൽ അത്രയും നല്ലത്. കഴിഞ്ഞതവണ നാട്ടിൽപോയപ്പോൾ ഒരു മാറ്റം കണ്ടു. തിരുവനന്തപുരം കോർപ്പറേഷൻ ഒരുത്തരവിറക്കി. “എല്ലാ സ്ഥാപനങ്ങളുടെയും ബോർഡിൽ സ്ഥലപ്പേർ മലയാളത്തിൽ എഴുതിയിരിക്കണം.” കുറേ നടപ്പാക്കി. അത്രയും ആശ്വാസം.
എന്റെ വേഷം.
“മലയാളിയുടെ മുണ്ട്” എന്നപേരിൽ ലാറിബേക്കറിന്റെ ഒരു കാർട്ടൂൺ ആണ് ഓർമ്മവന്നത്. മഴയത്തു നനയാതിരിക്കാൻ തലവഴി, ബഹുമാനം പ്രകടിപ്പിക്കാൻ മടക്കിക്കുത്തഴിക്കുക, എതിരാളിയെ വിരട്ടാൻ മടക്കിക്കുത്തുക, പണമോ മറ്റു ചെറിയ സാധനങ്ങളോ സൂക്ഷിക്കാൻ മടിക്കുത്ത് , വെള്ളമടിച്ചു പാമ്പാകുമ്പോൾ തലയിൽ കെട്ടാൻ, അങ്ങിനെ പലപ്രയോഗങ്ങളും കാണിച്ചുതന്നു ബേക്കർ സായിപ്പ്. എന്തുകൊണ്ടോ മുണ്ട് ഉടുക്കാൻ ഇന്നും പഠിച്ചിട്ടില്ല.
എന്റെ ദേശം
അച്ചൻ പറഞ്ഞുതന്ന ഒരു ചൊല്ലാണ് ഓർമ്മ വന്നത്. എതോ മഹാൻ പറഞ്ഞതാണ് എന്നു പരിചയപ്പെടുത്തിയാണു പറഞ്ഞുതന്നത്. ഇനിയത് അച്ചന്റെ വക തന്നെയാണോ എന്നും അറിയില്ല. “ ഒരുത്തൻ മുപ്പതുവയസ്സിനകം ദൈവവിശ്വാസി ആകുന്നെങ്കിൽ അവന്റെ തലക്കു കേടാണ്, അവനെ ചികിത്സിക്കണം. ഒരുത്തന് മുപ്പതുവയസ്സിനു ശേഷവും ദൈവവിശ്വാസം തോന്നുന്നില്ലായെങ്കിൽ അവനെയും ചികിത്സിക്കണം അവനും തലക്കു കേടാണ്. “
ഇവിടെ പഥികൻ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിനു കിട്ടിയ സ്വാതന്ത്ര്യ ദിന ആശംസകളിൽ ഒന്നിൽപോലും അഹിംസ വ്രതമാക്കിയ ഗാന്ധിജിയുടെ ചിത്രമില്ലായിരുന്നു എന്നാണ്. ഇന്റർനെറ്റിൽ വരുന്ന ആശംസാകാർഡുകളിൽ നല്ലപങ്കും ചെറുപ്പക്കാരുടെ സൃഷ്ടികളാണെന്നതിനാൽ ഈ അവഗണന മനപൂർവ്വമാകാൻ തരമില്ല. അവരുടെ പ്രായത്തിൽ അവർക്കിഷ്ടം ഭഗത്സിംഗിനെതന്നായിരിക്കും. അതൊരു തെറ്റല്ല. ഈയൊരു അളവുകോൽ വച്ചുകൊണ്ട് ഗാന്ധിജിയെ അവഗണിച്ചുമെന്നോ നാം തീവ്രവാദത്തിലേക്കു പോകുന്നുവെന്നോ കരുതാനാവില്ല.
എന്റെ സംസ്കാരം
കവലച്ചട്ടമ്പികളെയാണ് അമേരിക്ക ഓർമ്മിപ്പിക്കുന്നത്. തന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം കാരണം അരയിൽ കത്തിയുമായി നടക്കുന്ന കവലച്ചട്ടമ്പി. ട്രേഡ് സെന്റ്റർ ആക്രമണത്തിനു ശേഷം ഊണിലും ഉറക്കത്തിലും അമേരിക്കക്കാരനു ഭയമാണ്. എവിടെനിന്നും എങ്ങിനെ ആക്രമണം ഉണ്ടാകും എന്നറിയാത്ത, ശത്രു ആരാണെന്നുപോലുമറിയാത്തവന്റെ നിസ്സഹായതയാണ് അമേരിക്കക്കാരന്റെ ഗതികേട്. ഏറ്റവും സുരക്ഷിതമെന്നു കരുതി അഹങ്കരിച്ചിരുന്ന അവന്റെ ജീവിതത്തിലേക്കു വീണ ആ വീതുളിയുടെ പാടുമാറ്റാൻ പതിറ്റാണ്ടുകൾതന്നെ വേണ്ടിവരും. ഭയമാണ് ഇന്നത്തെ അമേരിക്കക്കാരന്റെ മുഖ്യഭാവം. അതിൽനിന്നു ഒളിച്ചോടാൻ അവൻ കാണിക്കുന്ന പരക്കം പാച്ചിലുകളെ കവലച്ചട്ടമ്പിയുടെ ധൈര്യപ്രകടനാമായി മാത്രമേ കാണാനാകൂ. കറുത്തവനെയോ വെളുത്തവനെയോ അപമാനിക്കലല്ല അവന്റെ ലക്ഷ്യം. സ്വന്തം ഉള്ളിൽ ഉറഞ്ഞുകൂടിയ ഭീതിയെ ശമിപ്പിക്കലാണ്.
Sunday, August 23, 2009
Subscribe to:
Post Comments (Atom)
6 അഭിപ്രായ(ങ്ങള്):
ട്രേഡ് സെന്റ്റർ ആക്രമണത്തിനു ശേഷം ഊണിലും ഉറക്കത്തിലും അമേരിക്കക്കാരനു ഭയമാണ്. എവിടെനിന്നും എങ്ങിനെ ആക്രമണം ഉണ്ടാകും എന്നറിയാത്ത, ശത്രു ആരാണെന്നുപോലുമറിയാത്തവന്റെ നിസ്സഹായതയാണ് അമേരിക്കക്കാരന്റെ ഗതികേട്.........
Very true!! :)
ഉറുമ്പെ,
നല്ല പോസ്റ്റ്...ചിന്തകൾ അഭിനന്ദനീയം....
മാണിക്യം, ആദ്യമായാണല്ലോ ഇവിടെ. പോസ്റ്റുകൾ കണ്ടിരുന്നു. പക്ഷേ ഇവിടെയൊക്കെ വന്നു നോക്കുന്നതായറിയുന്നതിപ്പോഴാണ്. നന്ദി.
ചാണക്യൻ, നന്ദി.
Let me to read the other post also
അരീക്കോടൻ മാഷേ ഈ വരവിനു നന്ദി
അമേരിക്കക്കാരന്റെ ആ പേടിയും കരുതലും കൊണ്ടുതന്നെയല്ലേ, ആ പതിനൊന്നിനുശേഷം, പിന്നീടൊന്നും അവിടെ സംഭവിക്കാത്തതും.
Post a Comment