Monday, October 5, 2009
ജ്യോനവന്റെ വഴി.
ജ്യോനവൻ സഞ്ചരിച്ചിരുന്ന കാർ.
കുവൈത്തിൽ വന്നനാൾ മുതൽ ആഗ്രഹിക്കുന്നതാണ്, കുവൈത്തിൽ എത്ര ബ്ലോഗർമാരുണ്ടെന്നറിയണം. അവർക്കൊരു കൂട്ടായ്മ ഉണ്ടാകണം. ദുബൈ, തിരുവനന്തപുരം മീറ്റുകളിൽ പങ്കെടുത്തതുപോലെ ഇവിടെ കുവൈറ്റിലും ബ്ലോഗു മീറ്റിൽ പങ്കെടുക്കണം.
ഒട്ടൊക്കെ പരിശ്രമത്തിന്റെ ഫലമായാണ് വി.കെ. ബാല, സുനിൽ ചെറിയാൻ പ്രദീപ് കുളക്കട എന്നിവരുടെ നമ്പർ കിട്ടുന്നതും പരസ്പരം കാണാതെ തന്നെയാണെങ്കിലും ദിനവും ഫോണിലൂടെ ഒരു നല്ല ബന്ധം സ്ഥാപിക്കാൻ കഴിയുന്നതും. ഒരു കുവൈറ്റ് മീറ്റ് എന്ന സങ്കൽപ്പത്തെക്കുറിച്ചു പറഞ്ഞപ്പോൾ സുനിലിനും പ്രദീപിനും പൂർണ്ണ സമ്മതം. സന്തോഷവും. ബാല നാട്ടിലാണ്. നോമ്പു കഴിഞ്ഞേ വരൂ. എങ്കിൽപിന്നെ ബാല വന്നിട്ട് തീരുമാനിക്കാം എന്നായി. ഇതിനിടയിൽ എത്രപേർ ഉണ്ടാകും എന്നറിയാനായി എന്റെ ബ്ലോഗിൽ ഒരു പോസ്റ്റിട്ടു. സുനിൽ കുവൈറ്റ് ടൈംസ് പത്രത്തിൽ വാർത്തയും കൊടുത്തു. തീരെ നിരാശാജനകം എന്നല്ലാതെന്തു പറയാൻ ?. എന്റെ ഒരു പിഴവുകൊണ്ട് പോസ്റ്റ് “ചിന്തയുടെ പുതിയ അഗ്രിഗേറ്ററിൽ വന്നതുമില്ല. തെറ്റു തിരുത്തി പുതിയ പേരിൽ വീണ്ടും പോസ്റ്റിട്ടു. കമെന്റായി വന്നത് അരീക്കോടൻ മാഷിന്റെ “ആശംസകൾ” മാത്രം. അദ്ദേഹം കുവൈറ്റിലുമല്ല. പിന്നെന്തു ചെയ്യും.? എന്തായാലും ഉള്ളതു നാലുപേർ. ബാല, സുനിൽ ചെറിയാൻ, പ്രദീപ് കുളക്കട, പിന്നെ ഞാനും. നാലുപേർക്കും സാൽമിയ ബീച്ചിൽ വളഞ്ഞിരിക്കാം എന്ന ധാരണയായി.ഇനി തിയതിയും സമയവും നിശ്ചയിച്ചാൽ മതി.
ഇതിനിടയിലാണ് സ്ഥിരം ഞാൻ ഓൺലൈനിൽ കണ്ടുമുട്ടാറുള്ള എന്റെ പഴയ കോളേജ് മേറ്റ് പകൽകിനാവൽ ഇക്കഴിഞ്ഞ ഒന്നാം തിയതി ഓൺലൈനിൽ വരുന്നതും “പൊട്ടക്കല“ത്തിന്റെയും ബൂലോക കവിതയുടെയും ലിങ്കുകൾ തരുന്നതും. കുവൈറ്റിലെ രണ്ടു നമ്പറുകൾ തന്നിട്ട് വിവരങ്ങൾ അന്വേഷിച്ച് അറിയിക്കാൻ പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. ജ്യോനവൻ എന്ന കുവൈത്ത് ബ്ലോഗർ അപകടത്തിൽപ്പെട്ടിരിക്കുന്നതും, കൂടെ ഉണ്ടായിരുന്നവർ മരണപ്പെട്ടുവെന്നും ജ്യോനവൻ ബോധം നഷ്ടപ്പെട്ട് ഐ.സി.യു. വിലാണെന്നും അറിഞ്ഞു. വിവരങ്ങൾ പകൽക്കിനാവനോടു പറഞ്ഞു.
വല്ലപ്പോഴും കുഞ്ഞുകിളിയുടെ ശബ്ദത്തിൽ ചിലച്ചിരുന്ന എന്റെ മൊബൈൽ നിർത്താതെ കരഞ്ഞു. കാനഡയിൽ നിന്നും മാണിക്യം, ദുബൈയിൽ നിന്നും പകൽകിനാവൻ, കുഴൂർ വിത്സൺ, സിമി, ബഹറിനിൽ നിന്നും സജി അച്ചായൻ, നാട്ടിൽ നിന്നും ഹരീഷ് തൊടുപുഴ, വികടശിരോമണി എന്നിങ്ങനെ ആരെക്കെയോ...... എറണാകുളത്തു നിന്നും സറീന വിളിക്കുന്നത് ഒരു നിലവിളിയോടെയാണ്. സറീനയോടു പറഞ്ഞിരുന്നു ജ്യോനവൻ “ ഇനി മിണ്ടാതിരുന്നോളാമെന്ന് “. ഒരു അറം പറ്റലിന്റെ തീഷ്ണഗന്ധമില്ലേ ആ വാക്കുകളിൽ എന്ന് സറീന. ഒന്നും സംഭവിക്കുകയില്ലാ എന്ന് ആശ്വാസ വാകുകൾ പറയാനായില്ല എനിക്ക്. അപ്പോഴേക്കും അറിഞ്ഞിരുന്നു ജ്യോനവന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചിരിക്കുന്നൂവെന്ന്. ഉറക്കമിളച്ചിരുന്ന ആ രാവിൽ എന്റെ മനസ്സെന്നോടു പറഞ്ഞു “ ഉറുമ്പേ, ഇതൊരു നിയോഗമാണ്; ലോകം മുഴുവനുമുള്ള മലയാളം ബ്ലോഗർമാർക്കുവേണ്ടി നീ ചെയ്തു തീർക്കേണ്ട ദൌത്യം. “ പ്രദീപ്. ബാല, സുനിൽ എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. സുനിൽ വണ്ടിയുമായി എത്താമെന്നറിയിച്ചു. പ്രദീപും വന്നു. ആശുപതിയിലേക്ക്.
പിന്നെ സംഭവിച്ചതു ചരിത്രമാണ്. കുവൈത്തിലെ ബ്ലോഗർമാരുടെ എണ്ണമറിയാൻ ശ്രമിച്ച് പരാജയപ്പെട്ട എന്റെ ഫോണിലേക്ക് നിരന്തരം വിളികൾ. എല്ലാ വിളികളും പറയുന്നത് ഒരേ കാര്യം. “ ഞാൻ ........., കുവൈത്ത് ബ്ലോഗറാണ്. “
മുകളിൽ കർത്താവിന്റെ വലതുഭാഗത്തിരുന്ന് ജ്യോനവൻ, ചുണ്ടിൽ ഒളിപ്പിച്ച നനുത്ത പുഞ്ചിരിയോടെ എന്നോടു പറയുന്നു,
“ എന്നാലും ഉറുമ്പ് ഒരു മണ്ടനായിപ്പോയല്ലോ, ആരും വന്നു കയറാത്ത ഒരു ബ്ലോഗിൽ പോസ്റ്റിട്ടാൽ ആളുകൂടുമോ ചേട്ടാ..? ദാ ഇപ്പോഴെങ്ങിനെയുണ്ട് ? ഉറുമ്പല്ലേ എന്നു ചോദിച്ച് എത്രയാ ഫോൺ വിളികൾ? “
അവനോട് എനിക്കൊന്നേ പറയാനുള്ളു.
പ്രിയപ്പെട്ട ജ്യോ, ഇതു ശരിയായ വഴിയല്ല. മരണംകൊണ്ട് നീ കാട്ടിയ ഈ വഴി ഞാൻ വെറുക്കുന്നു. ഞാനാഗ്രഹിച്ചത് നീ കൂടെ പങ്കെടുക്കുന്ന ബ്ലോഗ് മീറ്റാണ്.
ചുണ്ടിലെ ചിരി വിടർത്തി വീണ്ടു ജ്യോ പറയുന്നു,
“ ഉറുമ്പേ, ഇതു നമ്മുടെ ബ്ലോഗു മീറ്റല്ല. എന്റെ സ്വന്തം. എന്റെ കാർമ്മികത്വത്തിൽ നടത്തുന്ന, എന്റെ സ്വന്തം ബ്ലോഗ് മീറ്റ്.”
“ എന്നെ ഓർക്കതെ ആരും വരില്ല. പോകുകയുമില്ല ! “
ജ്യോനവൻ വീണ്ടുമൊരു ആശ്ചര്യചിഹ്നമാകുന്നു.
Subscribe to:
Post Comments (Atom)
26 അഭിപ്രായ(ങ്ങള്‍):
മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നാളെയോടെ എല്ലാ പേപ്പറുകളും ശരിയാകുമെന്നു കരുതുന്നു.
ജ്യോനവൻ ആലപിച്ച കവിതകൾ
എല്ലാം ഒരു നിമിത്തമാണ്..
ഞാന്‍ അവന്റെ അമ്മാവനെ വിളിച്ചിരുന്നു..തിരക്കിലാണെന്ന് തോനുന്നു...ഇപ്പോള്‍ നിങ്ങളുടെ ഈ പോസ്റ്റ് കണ്ടു...
എവിടേക്കാണ് കൊണ്ടു വരുന്നത്,എപ്പോൾ എത്തും തുടങ്ങിയ കാര്യങ്ങളും ദയവായി അറിയിക്കണേ...
ജ്യോനവന്റെ അപകട റിപ്പോർട്ട് കിട്ടി.
ഇനി നാളെ ടിക്കറ്റ് എടുക്കണം. മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ ആണ് ശ്രമിക്കുന്നത്.ബുധനാഴ്ച എത്തുമെന്നു പ്രതീക്ഷിക്കുന്നു. ക്രത്യമായ വിവരം നാളെ ഉച്ചയോടെ അറിയാനാകും.
ഒ.കെ.അറിയുന്ന മുറയ്ക്ക് കാര്യങ്ങൾ അറിയിക്കൂ.താങ്കൾ ചെയ്യുന്നത് വലിയ കാര്യമാണ്.അവൻ എന്നിലൊക്കെ എത്ര വലിയ സാനിദ്ധ്യമായിരുന്നു എന്നു ഞാൻ തന്നെ തിരിച്ചറിയുന്നത് സത്യത്തിൽ ഇപ്പോഴാണ്.
NO MORE NEWS TONIGHT........GOOD NIGHT
ആദരാഞ്ജലികള്‍
നേരിട്ടറിയില്ലെങ്കിലും പൊട്ടക്കലം എന്ന ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ അവിടെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു ഞാന്‍. ഈ വാര്‍ത്ത തികച്ചും വേദനാജനകം തന്നെ. ജ്യോനവന്‍ മാഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
വിവരങ്ങൾ അതത് സമയം തന്നെ അറിയിക്കുന്നതിനു നന്ദി...
ഞാന്‍ ഇവിടെയുണ്ട് ...
ജ്യോനവന്റെ സഹോദരൻ നെൽസനും അങ്കിളും ജ്യോനവന്റെ ഓഫീസിൽ. ടിക്കറ്റ് ബുക്കിംഗ് സംബന്ധമായ ജോലികൾക്ക്.
ജ്യോനവന്റെ യാത്ര സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. എംബസ്സിയിലെ ചില ചെറിയ കാര്യങ്ങൾ മാത്രം. നാളെ രാവിലെ ഒൻപത് മണിക്ക് ജ്യോനവനെ കാണാനുള്ള അവസരം ലഭിച്ചേക്കും.
നാളെ രാതി പത്തുമണിക്കുള്ള എമിരേറ്റ്സ് ഏയർ ലൈൻസ് വിമാനത്തിൽ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നു കരുതുന്നു.
എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേരുമെന്നും അവനെ അർഹമായ പരിഗണനയോടെ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു.
മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള നവീനിന്റെ ബന്ധു റ്റിജോയുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. ഫോൺ. 09447637765
തീർച്ചയായും ആരെങ്കിലും ഒക്കെ എത്തുമെന്ന് പ്രതീക്ഷിക്കാം ഉറുമ്പേ
ഞാന്‍ മനപ്പൂര്‍വ്വം ഒരു ദിവസം മുഴുവന്‍ ഈ പോസ്റ്റ് വായിക്കാതെയിരുന്നു.. എന്നിട്ടും ഈ രാത്രിയില്‍ വരുന്നു.. വായിക്കുന്നു,, എനിക്കറിയാം കരയാതെ പോകാന്‍ കഴിയില്ലെന്ന്..
ഡാ.......
കുവൈത്ത് ബ്ളോഗേര്‍സ് കൂട്ടായ്മക്കായി ഒറ്റപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. പ്രിയ ഉറുമ്പ്, താങ്കള്‍ ചെയ്യുന്നത് വല്യ കാര്യമാണ്. എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാലും ഇങ്ങനെ ഒരു സാഹചര്യത്തിലായതില്‍ തീര്‍ത്തും ദു:ഖമുണ്ട്.. നമ്മുടെ പ്രിയ ജോനവന് വേണ്ടി നമ്മുക്ക് എന്തെങ്കിലും ചെയ്യണം..
ജ്യോനവന്റെ മൃതദേഹം സബാ ഹോസ്പിറ്റലിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു.
പ്രദീപ് കുളക്കട, ചിന്തകൻ,ഫാറൂക്ക് (വിചാരം) എന്നിവർ ആശുപതിയിൽ ഉണ്ട്.
ഫോക്കസിന്റെ പ്രവർത്തകരും എത്തിയിട്ടുണ്ട്.
ഇന്നു വൈകുന്നേരം നാലുമണിയോടെ എംബസ്സി ഉദ്യോഗസ്ഥർ വന്നുകഴിഞ്ഞാൽ ബോഡി പാക്ക് ചെയ്യും.
ഇനി നാട്ടിലേക്ക്.
ജ്യോനവൻ വരുന്നു ആ പച്ചപ്പിലേക്ക്.
ജ്യോനവന്റെ ബോഡിയുമായി സഹോദരൻ നെൽസൺ, ഭാസ്കർ അങ്കിൾ എന്നിവർ നാട്ടിലേക്ക്. ചെക് ഇൻ കഴിഞ്ഞു. വിമാനം ഉടൻ പുറപ്പെടും. ഇപ്പോൾ സമയം 9.38 പി.എം.
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://urumbukadikal.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment