Wednesday, September 8, 2010

സ്റ്റോണിങ്ങ് ഒഫ് സുറയ്യ-സിനിമ.

വേട്ടയാടൽ ഒരു കലയാണ്. വ്യക്തമായ തയ്യാറെടുപ്പുകൾ വേണ്ടുന്ന മാനസികവും ശാരീരികവുമായ മുന്നൊരുക്കം വേണ്ടുന്ന കല. അതൊരു പക്ഷേ ഒരു ദിവസത്തിന്റെ, മാസത്തിന്റെ അല്ലെങ്കിൽ വർഷങ്ങളുടെ തന്നെ ശ്രദ്ധാപൂർവമായ തയ്യാറെടുപ്പുകൾ വേണ്ടി വരുന്ന കല. ഒരു വിരലിന്റെ അല്ലെങ്കിൽ നോട്ടത്തിന്റെ പിഴവുമൂലം എല്ലാം തകർന്നടിഞ്ഞേക്കാം. അതുകൊണ്ടുതന്നെ വേട്ടക്കാരന്റെ ശ്രദ്ധാപൂർവ്വമായ ഓരോ ചുവടുവയ്പ്പും മുന്നിശ്ചയപ്രകാരമാവും. പലപ്പോഴും അധികാര-ഭരണവർഗ്ഗമാവും വേട്ടയാടൽ എന്ന ഈ രസികൻ വിനോദത്തിന്റെ പ്രായോജകർ.
                        എന്നാൽ മറുവശത്ത് ഇരക്ക് , ഈ രസികൻ വിനോദം നിലനില്പിന്റെ, ഒരുപക്ഷേ ജീവൻ തന്നെ സംരക്ഷിക്കാനുള്ള സമരവും. ഏറ്റവും ഭീതിതമാകുന്നത്, ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുന്നുള്ള നിമിഷത്തിലും തന്റെ മേൽ ചാടിവീഴുന്ന വേട്ടനായുടെ ഒരു ചലനം പോലും ഇരക്ക് മുൻകൂട്ടി കാണാനാവില്ല എന്നതു തന്നെ. എല്ലാ കെട്ടുകളും മുറുകിക്കഴിയുമ്പോൾ മാത്രമേ ഇര അറിയുന്നുള്ളു തന്റെ നിസ്സഹായവസ്ഥയുടെ, ആഴമെന്താണെന്ന്. *വേട്ടയാടൽ* ഏകപക്ഷീയമായ കളിയാണ്.  കീഴടങ്ങുക അല്ലെങ്കിൽ മരിക്കുക എന്നതു മാത്രമാവും ഇരയ്ക്ക് ചെയ്യാനാവുന്നത്.
അത്തരമൊരു ഇരയുടെ കഥ പറയുകയാണ്  സൈറസ് നൌറസ്തേ സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ സ്റ്റോണിങ്ങ് ഒഫ് സുറയ്യ (Stoning of SurayaM) എന്ന സിനിമ.
                       ഫ്രെഡിയൂൺ സഹേബ്ജം എന്ന ഫ്രഞ്ച്-ഇറാനിയൻ പത്രപ്രവർത്തകൻ എഴുതിയ ഇതേപേരിലുള്ള സംഭവ  കഥയുടെ ചലചിത്രാവിഷ്കാരമാണ്  സ്റ്റോണിങ്ങ് ഒഫ് സുറയ്യ.   യാത്രക്കിടെ വാഹനം കേടായി ഇറാനിലെ ഒരു കുഗ്രാമത്തിൽ എത്തിപ്പെടുകയും അവിടെ വച്ച് യാദൃശ്ചികമായി കാണാനിടയായ സാറ എന്ന സ്ത്രീ പറഞ്ഞകഥ പുറം ലോകത്തെത്തിക്കുകയുമാണ് സഹേബ്ജാം.
                    മൂന്നു കുട്ടികളുടെ അമ്മയായ സുറയ്യയുടെ ഭർത്താവ് അലി മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നു. അന്നാട്ടിലെ നിയമപ്രകാരം(ശരിയത്ത് ?) വിവാഹിതനായ പുരുഷന് മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ മുൻഭാര്യയുടെ സമ്മതമുണ്ടാവണം. അതല്ലെങ്കിൽ ഭാര്യ ദുർന്നടപ്പുകാരിയാണെന്ന് തെളിയിക്കാനാവണം.  അലി സുറയ്യയുടെ സമ്മതം അഭ്യർഥിക്കാനായി സുഹ്രൃത്തായ മതപുരോഹിതനെ അയക്കുന്നുവെങ്കിലും സുറയ്യ അതിനു തയ്യാറാവുന്നില്ല. പിന്നെ അലിയ്ക്ക് ഒരേ ഒരു മാർഗ്ഗമേയുള്ളൂ, അവൾ പരപുരുഷ ബന്ധമുള്ളവളാണെന്നു സ്ഥാപിക്കുക. .
                   എല്ലാ കാലത്തും നിയമവും അധികാരവും വേട്ടക്കാരനോടൊപ്പമാണ്. അലിയും സുഹ്രൃത്തായ മതപുരോഹിതനും തയ്യാറാക്കുന്ന തിരക്കഥക്കൊപ്പം നീങ്ങുകയാണ് നിയമവും സമൂഹവും. തെളിവുകളും സാക്ഷികളും എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് കാണുക. നിങ്ങളുടെ സ്വത്തിനോ ജീവനോ ഒരു നഷ്ടവും ഉണ്ടാകില്ലായെന്നുറപ്പാക്കിയാൽ ഏതു കൊടിയ തെറ്റിനെയും ചൂഷണത്തെയും നിങ്ങൾ കണ്ടില്ലെന്നു നടിച്ചേക്കും. നാളെ അതേ തെറ്റ് നിങ്ങളുടെ നേരെ ആവർത്തിക്കപ്പെടുന്നതുവരെ നിങ്ങൾ നിസ്സംഗനായി എല്ലാം കണ്ടു നില്ക്കും. നിങ്ങളുടെ വലതു ചെവി മുറിഞ്ഞു താഴെ വീഴുമ്പോൾ മാത്രമേ അത്രയും നാൾ നിങ്ങൾ കൊണ്ടു നടന്ന ഇരുതല വാളിന്റെ മൂർച്ച നിങ്ങളറിയൂ.

                    ഒരു കഥ അതിന്റെ ഏറ്റവും മോശമായ ഭാഷയിൽ മാത്രം പറയാനറിയാവുന്ന ഞാൻ അതിനു മുതിരുന്നില്ല. സിനിമാ ചരിത്രത്തിലെ ഏറ്റവും മഹത്തായ സിനിമയൊന്നുമല്ല സ്റ്റോണിങ്ങ് ഒഫ് സുറയ്യ. പക്ഷേ നിങ്ങളീ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾക്കൊരു നല്ല സിനിമാ നഷ്ടമായി എന്നു നിസ്സംശയം പറയാനാവും.നിങ്ങളുടെ മനസാക്ഷിയെ വിടാതെ പിൻ തുടരുന്ന ചിലതുണ്ടാവും സ്റ്റോണിങ്ങ് ഒഫ് സുറയ്യ യിൽ.  ഈ സിനിമ കണ്ടിരിക്കുമ്പോൾ പാഷൻ ഒഫ് ക്രൈസ് എന്ന സിനിമ ഓർത്തതെന്തുകൊണ്ടാണ് ? സുറയ്യ എന്ന സാധുവായ നിരപരാധിയെ കല്ലെറിഞ്ഞു കൊല്ലുമ്പോൾ ഞാൻ ക്രിസ്തുവിനെ ഓർത്തു. ആ വലിയ മനുഷ്യന്റെ ക്രൂശുമരണത്തെ ഓർത്തു. പിന്നീടാണ് അറിയുന്നത് രണ്ടു സിനിമകളും നിർമ്മിച്ചിരിക്കുന്നത് ഒരേ ആൾ തന്നെയാണെന്നത്. !

സിനിമയുടെ രാഷ്ട്രീയം : ശീതയുദ്ധ കാലത്ത് ഹോളിവുഡ് സിനിമകളിൽ വില്ലൻ എപ്പോഴും റഷ്യക്കാരനും രക്ഷകൻ അമേരിക്കക്കാരനുമായിരുന്നു. ഇപ്പോൾ ശീതയുദ്ധമില്ല. തിന്മയുടെ അച്ചുതണ്ട് ഇറാനിലാണ്. അറബ്-മുസ്ളീം വംശജരുടെ കഥകൾക്കാവും മാർക്കറ്റ് വാല്യൂ കൂടുതൽ.



സുറയ്യയെ കല്ലെറിഞ്ഞു കൊല്ലുന്ന അവസാന ഭാഗങ്ങളിൽ ഗ്രാഫിക്സിന്റെ ആധിക്യമില്ലേ എന്ന ആശങ്ക പങ്കുവയ്ക്കുന്നു

4 അഭിപ്രായ(ങ്ങള്‍):

വീ.കെ.ബാല said...

സിനിമയുടെ രാഷ്ട്രീയം ഹോളി വുഡ്ഡിൽ മാത്രമല്ല കോളിവുഡ്ഡിലും ബോളിവുഡ്ഡിലും, മോളിവുഡ്ഡിലും ഇതൊക്കെതന്നെയല്ലെ. തമിഴൻ കോമഡിക്കായി പഞ്ചാബിയേയും,മലയാളിയേയും ഉപയോഗിക്കുമ്പോൾ, നമ്മൾ തിരിച്ചും ഉപയോഗിക്കുന്നു നോർത്ത് ഇൻഡ്യൻ വില്ലൻ റോളിൽ പാക്കിസ്ഥാനി (മുസ്ലീം) യേയും ഉപയോഗിക്കുന്നു. ഇപ്പോൾ വളരെ അധികം ചർച്ചചെയ്യപ്പെട്ട ഒരു സമാന സംഭവം ഇറാനിൽ ലൈവാണ്. ശിക്ഷ നടപ്പാക്കിയില്ല എന്നാണ് തോന്നുന്നത്. സിനിമ കണ്ടില്ല (ലിങ്ക് ഉണ്ടോ ?? ഹ ഹ ഹ ) ഉറുമ്പ് നീതിപുലർത്തി ആശംസകൾ.

ബാര്‍കോഡകന്‍ said...

സ്റ്റോണിങ്ങ് ഒഫ് സുറയ്യ, The ഇലെ .രണ്ടും ഒരു ബാത്രൂം ബ്രേക്ക്‌ പോലും എടുക്കാതെ കണ്ട രണ്ടു ചിത്രങ്ങള്‍ ..
ഉറുമ്ബില്‍ നിന്നും കുറചു കൂടെ നല്ല ഒരു റിവ്യൂ പ്രതീക്ഷിച്ചു... നിരാശ മാത്രം ബാക്കി

THE ISLE -- കിം കിടുക് ഇന്റെ ഒരു കിടിലന്‍ ചിത്രം ..ഒരു കാലത്ത് സിനിമ എന്നാല്‍ മലയാളം , തമിള്‍ ഹിന്ദി ഭാഷകളില്‍ മാതം ഒതുങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് , അത് വിട്ട് കൊറിയന്‍ ഇര്രാനിയന്‍ ചിത്രങ്ങലേക്ക് എന്റെ ശ്രദ്ധ തിരിച്ചുവിട്ട ഒരു ചിത്രം ആണ് THE ISLE .
കാല്‍പനിക മായ ഒരു അവസാനം ആണ് ഇതിന്റെ ....ഒരു പ്രതീകാത്മക കലാപനികത ...ചിത്രത്തെ കുറിച്ച് ഒരുപാട് ഉണ്ട് എഴുതാന്‍ എല്ലാം ഉറുമ്പിനു വിടുന്നു ..

Jain Andrews said...

കല്ലെറിഞ്ഞു കൊല്ലുന്നതും ഇന്ത്യയിലെ മാനം കാക്കല്‍ കൊലപാതകങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം?
സിനിമ ഞാന്‍ കണ്ടിരുന്നു.
ഗ്രാഫിക്സ്, സെന്റിമെന്റ്സ് തുടങ്ങിയവയുടെ അതിപ്രസരം ഇതിനെ പാഷന്‍ ഓഫ്‌ ക്രൈസ്റ്റ്മായി സാമ്യപെടുത്തുന്നത് ഒരു പരിധി വരെ രണ്ടിലും പൊതുവായി വരുന്ന വേട്ടയാടല്‍ എന്ന കല തന്നെയല്ലേ.
അതിലെ രാഷ്ട്രീയത്തോട് അത്ര യോജിക്കുന്നില്ല. സിനിമയുടെ നിര്‍മ്മാതാക്ളില്‍ ഒരാള്‍ പാഷന്‍ ഓഫ് ക്രൈസ്റിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണെന്നുല്ലത് സത്യമാണ്. ഇതിന്‍റെ സംവിധായകന്‍ ഒരു ഇറാനിയന്‍ വംശജനാണ്. റിവ്യു നന്നായിട്ടുണ്ട്.

ഉറുമ്പ്‌ /ANT said...

ബാല, ബാർകോഡകൻ, ജയിൻ എല്ലാപേർക്കും നന്ദി :)

Post a Comment