Wednesday, November 10, 2010

ഏ കെ ആന്റണി വീണ്ടും കേരള മുഖ്യമന്ത്രി ആകുമോ?

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അഞ്ച് വർഷം ഐക്യജനാധിപത്യ മുന്നണി, അടുത്ത അഞ്ചു വർഷം ഇടതുമുന്നണി എന്ന രീതിയിലാണ് ഭരണം കൈയ്യാളുന്നത്. പ്രത്യേക സാഹചര്യങ്ങളോ അട്ടിമറികളോ ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായും കോൺഗ്രസ്സ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ മുന്നണി കേരളം ഭരിക്കുമെന്നു കരുതാം. കഴിഞ്ഞ ലോകസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ ഇരു പക്ഷവും നേടിയ വോട്ടുകൾ വച്ചുകൊണ്ട് ഇടതുപക്ഷത്തിന് വീണ്ടും കേരളം ഭരിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുണ്ട് എന്നത് കാണാതെയല്ല ഇതെഴുതുന്നത്. മാറി മാറി ഇടതും വലതും ഭരിക്കുന്ന രീതി മാത്രമാണിവിടെ കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ കണ്ടാൽ, അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി കേരളം ഭരിക്കാനാണ് സാധ്യത. അങ്ങിനെയാണെങ്കിൽ ആരാവും കേരള മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയലാർ രവി, കെ.കരുണാകരൻ, മുരളി(?) എന്നിങ്ങനെ കേരളാ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന നേതാക്കളുടെ ഒരു നീണ്ടനിര തന്നെയുണ്ട് കോൺഗ്രസ്സിൽ. ജി.കാർത്തികേയനും, കെ.വി.തോമസ്സും, മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങിയ മറ്റൊരു നിരയും കാത്തിരിപ്പുണ്ട്. ആരാവും മുഖ്യമന്ത്രി ?

കെ.പി.സി.സി. പ്രസിഡന്റ് പദം വീണ്ടും രമേശ് ചെന്നിത്തലെയെ ഏല്പ്പിച്ചു കൊടുത്തതു തന്നെ, ഡാ നീ അവിടെങ്ങാനും ഇരുന്നോ. ഇനി മറ്റേ കസേരയിലൊന്നും നോട്ടമിട്ടേക്കരുത് എന്നത് പറയാതെ പറയുകയായിരുന്നു കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ഒന്നടങ്കം. എങ്കിലും ഒരു അവസരം ഒത്തുവന്നാൽ മുഖ്യമന്ത്രി ആവില്ല എന്നൊന്നും പ്രഖ്യാപിക്കാൻ ചെന്നിത്തല തയ്യാറാവില്ല എന്നതാണ് സത്യം.
മുഖ്യമന്ത്രി താനായിരിക്കും എന്നത്  ഏതാണ്ട് ഉറപ്പിച്ചാണ് ഉമ്മൻ ചാണ്ടി നടക്കുന്നത്. ഏ.കെ ആന്റണി രാജിവച്ചു പോയപ്പോൾ മുഖ്യമന്ത്രി ആയതുകൊണ്ടും മറ്റൊരു മുഴുവൻ ടേം മുഖ്യമന്ത്രി ആകാനുള്ള സാധ്യതയും ഉമ്മൻ ചാണ്ടിക്കു തന്നെ.
അടുത്തത് വയലാർ രവിയാണ്. കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പല ഉന്നത സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ടെങ്കിലും മുഖ്യ മന്ത്രിയുടെ കസേര എല്ലാക്കാലത്തെയും അദ്ദേഹത്തിന്റെ സ്വപ്നമാണ്. കരുണാകരൻ - ആന്റണി- ഉമ്മൻ ചാണ്ടി സർക്കിളിൽ നിന്നും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നുണ്ടോ തനിക്ക് എന്ന പരിദേവനവും അദ്ദേഹത്തിനുണ്ട്.
കരുണാകരൻ - ഇനിയൊരൂഴം കൂടെ കേരള മുഖ്യമന്ത്രി ആകണമെന്ന സ്വപ്നം ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും മകൻ മുരളിയെ ഒരു നല്ല നിലയിലെത്തിക്കണമെന്ന ഒരച്ചന്റെ സ്വപ്നം സാക്ഷാല്ക്കരിക്കണമെങ്കിൽ ഒരങ്കം വെട്ടിയാണെങ്കിൽ പോലും മുഖ്യമന്ത്രിക്കസേര അദ്ദേഹത്തിനും ആഗ്രഹമില്ലാതല്ല.

ഇതുവരെ ചിത്രത്തിലില്ലാതെ മാറി നില്ക്കുന്ന സാത്വികനാണ് ശ്രീ. ഏ.കെ. ആന്റണി. കേന്ദ്രമന്ത്രി പദം അദ്ദേഹം ആസ്വദിക്കുന്നു എന്നു പറയാനാകുമോ എന്നു സംശയമാണ്. മാത്രവുമല്ല പ്രതിരോധ മന്ത്രിയായി അദ്ദേഹത്തിന്റെ പ്രകടനവും കോൺഗ്രസ്സ് വൃത്തങ്ങളിൽ അതൃപ്തി ഉളവാക്കുന്നില്ലേ എന്ന സംശയവും നിലനില്ക്കുന്നുണ്ട്. ഈ നിലയിൽ കേന്ദ്ര മന്ത്രി പദം ഉപേക്ഷിച്ച് ശ്രീ. ഏ.കെ. ആന്റണി കേരളത്തിലേക്ക് തിരികെ വന്നാൽ എന്താകും അദ്ദേഹത്തിന്റെ സ്ഥാനം ? കെ.പി.സി.സി. പ്രസിഡന്റ് ? ഹേയ് വീണ്ടും ആ പദത്തിലേക്ക് പോകാനാവില്ലാ അദ്ദേഹത്തിന്. കോൺഗ്രസ്സിന്റെ രീതി വച്ചുകൊണ്ട് ഇനി അദ്ദേഹത്തിനു പറ്റിയ പദവി പ്രധാനമന്ത്രി പദമാണ്. അതൊട്ട് സോണിയാ ഗാന്ധി സമ്മതിച്ചു കൊടുക്കുമോ ? ഇല്ല. :) പിന്നല്ലെങ്കിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് വിശ്രമജീവിതം നയിക്കാൻ ഏല്പ്പിച്ചു കൊടുക്കുന്ന കസേര ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറുടേതാണ് . അത്രക്കങ്ങു പ്രായമായോ ശ്രീ. ഏ.കെ ആന്റണിക്ക് ? ഇല്ല. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിനു പറ്റിയ കസേര കേരളാ മുഖ്യന്റേതു തന്നെയാണ്. 

ഇതിനിടയാണ് അടുത്ത കേരള മുഖ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും എന്ന ചെന്നിത്തലയുടെ പ്രസ്ഥാവനയും, അതു തീരുമാനിക്കേണ്ടത് ചെന്നിത്തല അല്ല എന്ന വയലാർ രവിയുടെ മറുപടിയും വരുന്നത്. ചെന്നിത്തല എന്തിനായിരിക്കാം അനവസരത്തിൽ അങ്ങനൊരു പ്രസ്ഥാവന ഇറക്കുന്നത് ? സ്വാഭാവികമായും കാലങ്ങളായി മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടിരിക്കുന്ന വയലാർ രവിയെ പ്രകോപിപ്പിക്കാനാണോ ? അല്ലെന്നു പറയുകയാവും ഉചിതം. ഇവിടെയാണ് ചെന്നിത്തല ആന്റണിക്കുവേണ്ടി കേരളത്തിലെ കോൺഗ്രസ്സിൽ ഒരു യുദ്ധത്തിനു കളമൊരുക്കുന്നത്. ഉമ്മൻ ചാണ്ടിയും വയലാർ രവിയും തന്നെയാണ് മുഖ്യ അങ്കം വെട്ടുകാർ. പോരു കോഴികൾ കൊത്തിപ്പറിക്കട്ടെ. അങ്കം മുറുകുമ്പോൾ സോണിയാ മാഡം ഇടപെടും. ഒത്തു തീർപ്പു സ്ഥാനാർഥിയായി പരമസത്വികൻ-അഴിമതിയുടെ കറപുരളാത്ത-അലുമിനിയം ഗ്ലാസ്സിൽ വെള്ളം കുടിക്കുന്ന-സർവ്വ സമ്മതനായ ശ്രീ. ഏ.കെ.ആന്റണി രംഗത്തു വരുന്നു. വിലപേശലിൽ ലീഡർ കരുണാകരനും എതിർപ്പുണ്ടാകാൻ സാധ്യതയില്ല. കാരണം മുരളി വിഷയത്തിൽ എല്ലാക്കാലത്തും ലീഡറുടെ പ്രിയ ശിഷ്യൻ ആന്റണി സഹായിച്ചിട്ടേയുള്ളൂ എന്ന ലീഡർക്കറിയാം. സാവകാശത്തിൽ ചെന്നിത്തലയെ മുട്ടുമടക്കിക്കാനും ആന്റണി വരുന്നതു തന്നെയാകും ലീഡർക്കു മെച്ചം. എല്ലാവരും തൃപ്തർ. :)

6 അഭിപ്രായ(ങ്ങള്‍):

അപ്പൂട്ടൻ said...

ആന്റണിയ്ക്ക്‌ ഒരിക്കൽക്കൂടി ബാത്‌റൂമിൽ പോകാനുള്ള യോഗം ഒത്തുവന്നാലോ.
അല്ല, കോൺഗ്രസ്‌ ആയതുകൊണ്ട്‌ ഒന്നും പറയാൻ പറ്റില്ല.

karimeen/കരിമീന്‍ said...

ആദര്‍ശത്തിന്റെ പേരില്‍ ഒരു രാജി ഉടന്‍ പ്രതീക്ഷിക്കാം...............ഉത്തരത്തിലിരിക്കുന്നത് എടുക്കുകേം ചെയ്യാം

ഉറുമ്പ്‌ /ANT said...

അപ്പൂട്ടാ, അന്റണിക്കും ബാത്ത് റൂമിൽ പോകാനറിയാമോ എന്ന് ഉടൻ അറിയാം :)

കരിമീൻ, എല്ലാക്കാലത്തും അന്തോണിച്ചന്റെ ആദർശനമ്പറുകൾ നല്ല വിലക്ക് വിറ്റുപോയിട്ടുണ്ട്. ഇനിയും കാണും അത്തരം അമ്പുകൾ ആവനാഴിയിൽ.

G.MANU said...
This comment has been removed by the author.
G.MANU said...

ആരു മുഖ്യമന്ത്രി ആയാലും കാസര്ഗോഡ് ഭ്രൂണത്തേക്കാള്‍ വലിപ്പമുള്ള തലകള്‍ വരും . ഹര്ത്താലും ബന്ദും വിശാലമായി ആഘോഷിക്കാന്‍ പത്തുവരി പാതകള്ക്കായി കോരന്മാര്‍ കുടിയിറക്കപ്പെടും , ശവപ്പെട്ടി ഇറക്കാനും നോക്കുകൂലിക്കായി തലക്കെട്ടുള്ള പ്രബുധ വിപ്ലവവീര്യങ്ങള്‍ ക്യൂ നില്കും ...കഥ ഇതു തുടരും

ശാശ്വത്‌ :: Saswath S Suryansh said...

അപ്പൂട്ടാ... ബാത്ത്റൂമില്‍ പോയതു ലീഡര്‍ ആണ്... ബാക്കി അന്തോണിച്ചായന്‍ ചെയ്തു കൊടുത്ത്...

Post a Comment