Wednesday, May 27, 2009

വിശാലന് അറം പറ്റി ?

“ മാനക്കേടുകൊണ്ട് അന്ന് കൊച്ചുണ്ണ്യേട്ടൻ ഒരു വറ്റ് ചോർ കഴിച്ചില്ല. രാത്രി ഉറക്കം
വരാതെ ഉമ്മറത്ത് കാജാബീഡി വലിച്ചിരുന്ന കൊച്ചുണ്ണ്യേട്ടനോട്‌ ഭാര്യ സമാധാനുപ്പിച്ചുകൊണ്ട്, കഴിഞ്ഞത്‌ കഴിഞ്ഞു, സാരല്യ. ഇനി അതോർത്ത് വിഷമിക്കണ്ട, നിങ്ങ വന്ന് കിടന്നേ” എന്നു പറഞ്ഞപ്പോൾ കണ്‌ട്രോൾ പോയ കൊച്ചുണ്ണ്യേട്ടൻ ആ പാവത്തിനു നേരെ ചാടിക്കൊണ്ടു പറഞ്ഞു. “മഞ്ച കുമാരന് അഡ്വാൻസ് കൊടുത്ത് ഓർഡർ ചെയ്ത മഞ്ചേല് നിന്റെ അപ്പൻ വന്ന് കിടക്ക്വോടീ പോത്തേ? “
(കുഞ്ഞാട് ഷൈജനും കുഞ്ഞുണ്ണ്യേട്ടനും-june 23-2007-കൊടകരപുരാണം)


മകരമാസത്തിലെ കുളിരിന്, എനിക്കിത്രക്കൊന്നും പറ്റാത്തതെന്തേ എന്ന ചോദ്യം ഒരു നൂറു നൂറ്റമ്പതുവട്ടം ചോദിപ്പിക്കുന്ന, അണ്ടകടാഹം മുഴുവൻ കരിച്ചു കളയുമെന്ന വാശിയിൽ നിന്നു കത്തുന്ന വെയിലിൽ നടന്നു തളർന്ന് വീട്ടിലേക്ക് കയറിവന്ന് ആപ്പൂ വലിച്ച കപിശ്രേഷ്ടന്റെ (കട: ദേവൻ) മട്ടിൽ ചാരുകസേരയിൽ കണ്ണടച്ചിരിക്കുന്നു വിശാലൻ.
പലരും പറഞ്ഞതാണ് ഈ കളി വേണ്ടെന്ന്‌. പക്ഷേ കേട്ടില്ല. പണ്ട് പെപ്സിക്കച്ചവടം തുടങ്ങിയതും, അതൊരറ്റം പറ്റിയപ്പോഴും ഇത്രക്കൊന്നും തോന്നിയിരുന്നില്ല. ഇതിപ്പോ കുടുംബമുടിക്കുന്ന പോക്കല്ല്യോ പോയത്‌. ഷെയറ്, സ്റ്റോക്ക് മാർക്കറ്റ്, ഡേ ട്രേഡിങ്ങ്, എന്നൊക്കെ പറഞ്ഞു തരുമ്പോൾ കുറുമാനും പറഞ്ഞില്ല ഇങ്ങനൊരു ചതിയുടെ കാര്യം. കുറുമാന്റെ കാര്യമോ പോട്ടെ, സാമ്പത്തിക അവലോകന വിദഗ്ദ്നാണെന്നു ഞെളിഞ്ഞു നടക്കുന്ന അഞ്ചൽക്കാരനെങ്കിലും പറഞ്ഞോ ? ഇല്ല. എന്തിനും ഏതിനും വ്യക്തവും വിശ്വാസയോഗ്യവുമായ തെളിവുകൾ സഹിതം ഉപദേശിക്കാറുള്ള ദേവേട്ടനെവിടെ ? അങ്ങോരിപ്പോൾ ഇരുപത്തിനാലുമണിക്കൂറും ഔട്ട് ഒഫ് റേയ്ഞ്ചാണ്.

ആദ്യമൊക്കെ ഇത്തിരി പച്ചപിടിക്കുമെന്നു തോന്നിയപ്പോഴാണ് നാട്ടിൽ ഭാര്യയുടെ പേരിലുള്ള നല്ല സുന്ദരൻ പറമ്പുകൂടെ തീറെഴുതി ഷെയറിൽ മുടക്കിയത്. ഇപ്പൊ ദാ പറമ്പുമില്ല, പട്ടയവുമില്ല. സകലതും പോയി. ഒരു സമാധാനത്തിന് കുറുമാനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ലങ്ങോർ ഡെന്മാർക്കിലാണ്.

ഏ.സി.ക്ക്‌ തണുപ്പ് പോരെ? വിയർക്കുന്നുണ്ട്‌. അതോ നെഞ്ചിടിപ്പു കൂടിയിട്ടു വിയർക്കുന്നതാണോ. സോന കുടിക്കാൻ വെള്ളം കൊണ്ടു വന്നപ്പോഴും വല്ലാത്ത ദാഹം തോന്നിയിട്ടും ചാരുകസേരയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. ഇവളാണ് എല്ലാത്തിനും കാരണക്കാരി. അന്നന്നുള്ള ഷെയർ വിലകൾ കൂട്ടിയും ഗുണിച്ചും ഹരിച്ചും കുറച്ചും ബെറ്റർ ഓപ്ഷൻ അഡ്വൈസ് ചെയ്യുന്നത് ഈ നിൽക്കുന്ന ബെറ്റർ ഹാൽഫ് അല്ലെ. എന്തിനവളെപ്പറയണം, പെൺ ബുദ്ധി പിൻ‌ബുദ്ധി എന്ന് അറിയാവുന്നതാണ്. എന്നിട്ടും ..!

ഒന്നും രണ്ടും റുപ്പ്യ അല്ല പോയിക്കിട്ടിയത്. രൂഫാ നാലേമുക്കാൽ ലക്ഷം.! നാലേമുക്കാൽ ലക്ഷത്തിന് മൂന്നേമൂന്ന് ദിവസംകൊണ്ട് നാലായിരത്തഞ്ഞൂറിന്റെ വിലപോലും ഇല്ലാതാവുമെന്ന് കൊടകര മുത്തപ്പൻ പോലും പറഞ്ഞില്ല. ശരീരം മുഴുവൻ തളരുന്നു. പിള്ളാരു രണ്ടായി. അതുങ്ങൾക്കും കൂടെ അനുഭവിക്കാനുള്ള ഭൂസ്വത്തുംകൂടെ വിറ്റിട്ടാണല്ലോ ഈ ഞാണിന്മേൽക്കളി കളിച്ചെതെന്നോർത്തപ്പോൾ വിശാലന്റെ നെഞ്ചം ഉരുകി. കുണ്ഠലിനി മുകളിലോട്ടുകയറി.

തല വലതോട്ടു ചായ്ച്ച് ചാരുകസേരയിൽ കണ്ണടച്ചു ഒന്നു മയങ്ങാൻ തുടങ്ങുമ്പോളാണ് നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത്. സോനയാണ്. ടീപ്പോയിൽ വാരിവലിച്ചിട്ടിരിക്കുന്ന പത്രങ്ങളുടെയെല്ലാം ടൈറ്റിൽ വാർത്ത കണ്ട്‌ കാര്യം മനസ്സിലാക്കിയിട്ടെന്നോണം സോന പറഞ്ഞു.

“പോട്ടെ മനുഷ്യാ, ഇനി അതൊന്നും ഓർത്തു വിഷമിക്കണ്ട. നിങ്ങൾ വന്ന് കാപ്പികുടിക്ക്.”
കേട്ടപാതി കേൾക്കാത്തപാതി കണ്‌ട്രോൾ പോയ വിശാലമനസ്കൻ ആ പാവത്തിനോട്,
“അലാമാരീലിരിക്കണ പേപ്പറുകളെല്ലാം നിന്റെ അപ്പൻ തിന്നു തീർക്ക്വോടീ പോത്തെ....“


** അത് കേട്ട് തളർന്നു പരവശയായിപ്പോയിട്ടാണ് സോന തൊട്ടടുത്ത ഇത്തിഹാദ് ഏയർവേയ്സിൽ നാട്ടിലേക്ക് പോയതെന്ന് ഉറുമ്പ് ഇതുവരെ വിശ്വസിച്ചിട്ടില്ല.**

11 അഭിപ്രായ(ങ്ങള്‍):

അരുണ്‍ കരിമുട്ടം said...

കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തി തുടങ്ങിയോ?
:)

സുദേവ് said...

എന്താണിത് ? വാട്ട് ഈസ്‌ ദിസ്‌ ? വിശാലനിട്ടും കൊട്ട് !!!!!!!

Aluvavala said...

ഉറുമ്പ് ആനയുടെ പുറത്ത് കുഴിരാശികളിക്കുന്നു.....! കൊള്ളാം....!

വശംവദൻ said...

ഇതൊരു തമാശായായി വായിക്കാൻ കഴിയുന്നില്ല. താങ്കളും ശ്രീ വിശാലമനസ്കനും തമ്മിലുള്ള അടുപ്പം എന്തായിരുന്നാലും ഒരുപാട് പേർ വളരെ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അധിക്ഷേപിക്കലാണിത്. ദയവായി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യണം.

Aluvavala said...

വശം‌വദ! അങ്ങനെ പറയരുത്....! വിശാലനെ ഒരുപാടുപേര്‍ ഇഷ്ടപ്പെടുന്നെന്നു കരുതി അദ്ദേഹത്തെപറ്റി
എഴുതുന്നത് ഡിലീറ്റ് ചെയ്യാന്‍ പറയുന്നത് ശരിയല്ല..! എല്ലാവര്‍ക്കും പറയാനുള്ളത് അവര്‍ പറയട്ടെ..!

സസ്നേഹം,
ആലുവവാല.

ആർപീയാർ | RPR said...

ഇത്രയും വേണമായിരുന്നോ ???

ഉസ്മാനിക്ക said...

ന്റെ റബ്ബേ !!!!...

ന്തുട്ട് ബെടക്കാണ് ജ്ജീ പറഞ്ഞേക്കണേ ... ഒരു തങ്കം പോലത്തെ പയ്യനെക്കുറിച്ച് ഇങ്ങനേക്കെ പറയാമാ????

ദെന്തായാലും മോശമായി പോയി കേട്ടോ...

ഹന്‍ല്ലലത്ത് Hanllalath said...

??????!!!!!!!

എന്താ ഇത്..?

സണ്ണിക്കുട്ടന്‍ /Sunnikuttan said...

വിശാല്‍ജിയെ ആശ്വസിപ്പിക്കാന്‍ സ്വന്തം ഭാര്യയെങ്കിലുമുണ്ടായിരുന്നു. ഞാന്‍ ഭാര്യ അറിയതെയാണ് കുറെകാശ് കളഞ്ഞിട്ടിരിക്കുന്നത്.

പിന്നെ പണ്ട് അഞ്ചല്‍ക്കാരന്‍, ശശിയുടെ ധനകാര്യം ബ്ലോഗില്‍ ഒരു കമന്റിട്ടിരുന്നു, അതായത്, സെന്‍സെക്സ് 5000 വരെ താഴുമെന്നും അന്ന് അതിന്റെ കാരണങ്ങള്‍ ഒരു പോസ്റ്റായിട്ട് ഇടാമെന്നും. ഉറുമ്പെ, അഞ്ചല്‍കാരനെ കാണുന്നെങ്കില്‍ പറയണേ, 5000 വരുമ്പോള്‍ അതിന്റെ കാരണം ഏത് അനലിസ്റ്റിനും പറയാം. വരുന്നതിനു മുന്‍പ് അദ്ദേഹം ആ പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുന്നവരെങ്കിലും ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍‌വെസ്റ്റ് ചെയ്യാതിരിക്കുമായിരുന്നു.

ഉറുമ്പെ, പണിയില്ലാതെ ഞാനിപ്പ വീട്ടിലുണ്ട്, സാമ്പത്തിക മാന്ദ്യം, സാമ്പത്തിക മാന്ദ്യം

Areekkodan | അരീക്കോടന്‍ said...

ഉറുമ്പേ...ആനയെ തോണ്ടണ്ട,കടിച്ചാല്‍ മതിട്ടോ..

ഉറുമ്പ്‌ /ANT said...

പ്രിയ സുഹൃത്തുക്കളെ, ആരെയും ഉപദ്രവിക്കാനായി എഴുതിയതല്ല ഈ പോസ്റ്റ്‌. ഇതിൽ എഴുതിയിരിക്കുന്നതെല്ലാം സാങ്കൽപ്പികമാണെങ്കിലും കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണ്‌. അഞ്ചൽക്കാരൻ, കുറുമാൻ, ദേവേട്ടൻ മുതലായ ബൂലോകത്തെ കാരണവന്മാരെ ഒരാളെയും ആക്ഷേപിക്കാൻ ഉറുമ്പിനാഗ്രഹമില്ല. പ്രത്യേകിച്ച്‌ മിസ്‌&മിസ്റ്റർ വിശാലനെ. ഇവരിലാർക്കും പരാതിയില്ലാത്തിടത്തോളം ഇതിവിടെ കിടക്കട്ടെ.
അരുൺ, സുദേവ്‌, ആലുവവാല, വശംവദൻ, ആർ.പി.ആർ., ഉസ്മാനിക്ക, സണ്ണിക്കുട്ടൻ, അരീക്കോടൻ,hAnLLaLaTh എല്ലാവർക്കും നന്ദി.

Post a Comment