Saturday, June 20, 2009

എ.കെ. ആന്റണി-അഭിനവ തുക്ലക്-ഒന്ന്.

കേരളത്തിലെ ഏറ്റവും സംശുദ്ധനായ രഷ്ട്രീയക്കാരനായാണ് ശ്രീ. എ.കെ. ആന്റണി വാഴ്ത്തപ്പെടുന്നത്‌. അദ്ദേഹം എത്രമാത്രം സംശുദ്ധനാണെന്നോ, അദ്ദേഹത്തെക്കാൾ സംശുദ്ധനായ രാഷ്ട്രീയക്കാർ ഉണ്ടോ എന്നോ വിശകലനം ചെയ്യുകയല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില ഭരണ പരിഷ്കാരങ്ങളെ വിശകലനം ചെയ്യുകയാണിവിടെ.
ഒരു ഭരണാധികാരി നടപ്പിലാക്കുന്ന ചില പരിഷ്കാരങ്ങൾ സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും. അതുപോലൊന്നാണ് ശ്രീ. ആന്റെണി നടപ്പാക്കിയ ചാരായ നിരോധനം. വളരെ പ്രശംസ പിടിച്ചുപറ്റിയ ഒരു പരിഷ്കാരമാണത്‌. ഇലക്ഷനോടനുബന്ധിച്ച് കാട്ടിക്കൂട്ടിയ ഒരു രാഷ്ട്രീയ നാടകം എന്ന് അതിനെ വിലയുരുത്തിയവരും ധാരാളം. പക്ഷേ, ആ പരിഷ്കാരം ഒന്നുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ പാർട്ടിക്ക് പ്രത്യേക ഗുണമുണ്ടായില്ല. അഥവാ ഗുണമുണ്ടായെങ്കിൽ ഒരു പ്രതികൂലസാഹചര്യത്തിൽ ഇലക്‌ഷൻ ജയിക്കുവാനുള്ളത്ര ഗുണമുണ്ടായില്ല. ആന്റണിക്ക് വ്യക്തിപരമായി തന്റെ ജനകീയ ഇമേജ് മെച്ചപ്പെടുത്തുവാനായെങ്കിലും അതിനടുത്തുവന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അന്നേവരെ ഇല്ലാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ് രാഷ്ട്രീയമായി ആന്റണിയുടെ പാർട്ടിക്ക് പ്രയോജനം ചെയ്തില്ല എന്നു പറഞ്ഞത്‌.
ഇനി മറ്റൊരു കോണിലൂടെ നോക്കിയാൽ, അദ്ദേഹം ചാരായം നിരോധിക്കുമ്പോൾ പറഞ്ഞത്, മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമത്തിൽ കുറച്ചുകൊണ്ടു വന്ന് കേരളത്തിൽ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് ചാരായനിരോധനമെന്നാണ്. അതിനായി ഇൻഡ്യൻ നിർമ്മിത വിദേശമദ്യത്തിന്റെ മേലുള്ള നികുതി ഇരുന്നൂറ് ശതമാനംകണ്ട് വർദ്ധിപ്പിക്കുകയും ചെയ്തു. നൂറ്റി ഇരുപത് രൂപ ദിവസക്കൂലി വാങ്ങുന്ന സാധാരണ തൊഴിലാളി, താങ്ങാനാവാത്ത വിലകൊടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ മദ്യം ഉപേക്ഷിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അടിസ്ഥാനവർഗ്ഗ തൊഴിലാളികളെക്കുറിച്ചുള്ള ആ ധാരണ തെറ്റിയോ ? ഇനി ഇൻഡ്യൻ നിർമ്മിത വിദേശമദ്യം മാത്രം ഉപയോഗിക്കുന്നവരാകട്ടെ മദ്യവില വാനോളം ഉയരുമ്പോൾ മദ്യപാനം നിർത്തുമോ?
ഈ രണ്ടു കാര്യങ്ങളിലും അദ്ദേഹത്തിനു തെറ്റുപറ്റി എന്നാണ് പിൻ‌കാല ചരിത്രം വ്യക്തമാക്കുന്നത്. മദ്യപാനം ശീലമാക്കിയ ഒരുവൻ മരണഭയം ഒഴികെയുള്ള മറ്റൊരു സാഹചര്യത്തിലും ആ ശീലം ഉപേക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം. ‌- വൈകുന്നേരങ്ങളിൽ മാത്രം രണ്ടു പെഗ്ഗടിച്ച് വീട്ടിൽ പോകുന്ന പാന്റ്സിട്ട മദ്യപാനിയുടെ കാര്യമല്ല പറയുന്നത്. രാവിലെ മുതൽ വൈകിട്ടുവരെ ചുമടെടുത്തും, കടലിൽ പോയും, കൈക്കോട്ടെടുത്തും നൂറോ നൂറ്റമ്പതോ രൂപ ദിവസക്കൂലി വാങ്ങുന്നവരെക്കുറിച്ചാണ്. - അത്തരം മദ്യപാനിയുടെ മദ്യപാനം അവന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുള്ളതാണ്. ചെയ്യുന്ന തൊഴിലിന്റെ കാഠിന്യത്തെ പ്രതിരോധിക്കാനുള്ള അവന്റെ ആശ്വാസമാണ്. ഒരു കള്ള്-ചാരായം കുടിയനു മാത്രം മനസ്സിലാകുന്ന മനശാസ്ത്രം. വയറുനിറയെ കുടിച്ച്‌ വഴിയേപോകുന്ന തല്ലിനെ ചെകിടുകൊണ്ടുതടയുന്നവരെയും ഒഴിവാക്കാം.

എന്റെ അനുഭവത്തിൽ നിന്നുള്ള ഒരുദാഹരണം ഇവിടെ സൂചിപ്പിക്കാം.
ട്രേഡ് യൂണിയൻ തൊഴിലാളി ആണു മില്ലു-രായൻ എന്നു വിളിക്കുന്ന രാജൻ. രാജന്റെ ഭാര്യ രമണി. കുഞ്ഞുങ്ങൾ രണ്ട്.
രാജൻ മദ്യപാനിയാണ്. ദിവസവും ജോലി കഴിഞ്ഞാൽ നേരെ ഷാപ്പിലേക്ക്‌. കിട്ടിയ നൂറ്റീ ഇരുപതു രൂപാ ശമ്പളത്തിൽ നാല്പതു രൂപ ചാരയത്തിന്, പത്തുരൂപ അനുസാരികളും വണ്ടിക്കൂലിയും. അമ്പതുരൂപ രമണിക്ക്‌. ബാക്കി ഇരുപത് നാളെ ചായ, ബീഡി, സിഗററ്റ്‌ മുതലായ അനാമത്തു ചിലവുകൾക്ക്. ഇതാണ് രാജന്റെ ബഡ്ജറ്റ് പ്ലാനിംഗ്.
രമണിക്കു കുട്ടികളുടെ അച്ചനോട് സ്നേഹമൊക്കെയുണ്ടെങ്കിലും ജോലി ചെയ്തു കിട്ടുന്ന നൂറ്റി ഇരുപതിൽ, എഴുപതും കുടിച്ചു കളയുന്നതിൽ അമർഷം. പണ്ടാരക്കാലന്റെ മണ്ടമറിയാൻ നാട്ടുകാരു കേൾക്കെയും രാജൻ കേൾക്കാതെയും പ്രാകുന്നു.
അപ്പോഴാണ് ശ്രീ. എകെ.ആന്റണി കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവരുന്നതും, വിദേശമദ്യവില കൂട്ടുന്നതും. ചാരായനിരോധനം നടപ്പിലാക്കിയ അന്നുതന്നെ രമണി ആന്റണിക്കുവേണ്ടി പ്രാർഥിച്ചു. അദ്ദേഹത്തിന്റെ ആയുരാരോഗ്യസൌഖ്യത്തിനായി രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു. രാജൻ കുടി നിർത്തിയോ. ഇല്ല. പക്ഷേ രണ്ട് ദിവന്സത്തിലൊരിക്കലാക്കി മാറ്റി. വരുമാനം തികയുന്നില്ല. വിദേശമദ്യം മാത്രമേ കിട്ടിന്നുള്ളു. അതിനു മുടിഞ്ഞ വിലയും. അതുകൊണ്ടാണ് കുടി രണ്ടു ദിവസത്തിലൊരിക്കലാക്കി ചുരുക്കിയത്. രമണിയും സന്തോഷിച്ചു. സാവധാനം രാജന്റെ കുടി തന്നെ ഇല്ലാതാവുമെന്ന് രമണി സ്വപ്നം കണ്ടു.
രമണി ശ്രീ.എ.കെ. ആന്റ്ണിയുടെ ആരാധികയായി മാറി.
പക്ഷേ കാര്യങ്ങൾ മാറിമറിയാൻ അധിക കാലമെടുത്തില്ല. രാജന്റെ കുടി ഒന്നിടവിട്ടുള്ള ദിവസങ്ങളിൽനിന്നും സാവധാനം പഴയതുപോലെ ദിനം‌പ്രതി എന്നായി മാറി. രമണിക്കു ചിലവിനു കെടുത്തുകൊണ്ടിരുന്ന അമ്പതു രൂപ വിദേശമദ്യഷാപ്പിൽത്തന്നെ തീർന്നു. കഷ്ടിച്ചു മിച്ചം പിടിച്ച ഇരുപതുരൂപ മാത്രമായി രമണിക്ക്. അത് ചിലവിനു തികയാതായി. ദാരിദ്ര്യം കുടികയറി രാജനും രമണിക്കുമിടയിൽ.
മദ്യനിരോധനം വരുന്നതുവരെ രാജന്റെ മണ്ടമറിയാൻ പ്രാകിയിരുന്ന രമണി പ്രാക്കു ഷിഫ്റ്റുചെയ്തു. രാജന്റെ തലയിൽനിന്നും ശ്രീ. എ.കെ ആന്റണിയുടെ തലയിലേക്ക്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ദൂരെ ഏതോ നാട്ടിൽ സംഭവിച്ചതുമല്ല. നിങ്ങളുടെയും എന്റെയും അയൽ‌പക്കത്ത് സംഭവിച്ചത്‌. അന്യന്റെ അമ്മയുടെ ഭ്രാന്തല്ല. സ്വന്തം സഹോദരിയുടെ വഴിപിഴച്ചപോക്കിന്റെ കാരണം.
അന്റ്ണി എന്ന ഭരണാധിപന് എന്തു നഷ്ടപ്പെട്ടു. ഒന്നും തന്നെയില്ല. എനിക്കെന്തു നഷ്ടപ്പെട്ടു. അതിനു കണക്കില്ല. സമൂഹം കൂട്ടായി ചർച്ചചെയ്യേണ്ട ഒരു വിഷയമാണിത്. ബ്ലോഗിൽ കുത്തിക്കുറിക്കുന്ന എല്ലാ സുഹ്രുത്തുക്കളുടെയും ശ്രദ്ധപതിക്കേണ്ട വിഷയം.

15 അഭിപ്രായ(ങ്ങള്‍):

Anonymous said...

വിയോജിപ്പ്,

ഞാന്‍ കേരള രാഷ്ട്രീയത്തില്‍ ഇഷ്ടപ്പെടുന്ന രണ്ടു മൂന്നു വ്യക്തികളില്‍ ഏറ്റവും മുന്നില്‍ കാണുന്ന വ്യക്തി അന്തോനിച്ചായനാണ്..

ഉറുമ്പ്‌ /ANT said...

സതയുടെ ഒരുപാടു തെറ്റിധാരണകളിൽ ഒന്നു മാത്രമായേ അതിനെ എനിക്കു കാണാനാവുന്നുള്ളു. എന്തു കാരണത്താലാണ് സത അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നുപറഞ്ഞിട്ടില്ല.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഉറുമ്പേ താങ്കളോടു യോജിക്കുന്നു. ഏതുനല്ലകാര്യമാണ്‌ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലമായി ആന്റണി ഈ നാടിനായി ചെയ്തുകൂട്ടിയത്‌? അന്‍പത്‌ വര്‍ഷത്തിനു മുന്‍പ്‌ കുറേ പിള്ളാരെ കൂട്ടുപിടിച്ച്‌ ചെയ്ത ഒരണ സമരമോ? അതോ കുത്തക മദ്യ രാജാക്കന്മാരെയും വ്യാജ സ്പിരിറ്റ്‌ ലോബിയേയും, കോടികള്‍ വാറ്റുന്ന കര്‍ണാടകയിലെ ഡിസ്റ്റിലറി മുതലാളിമാരേയും സഹായിക്കാനായി ചെയ്ത ചാരായ നിരോധനമോ? ആന്റണി സ്ത്രീകളുടെ വോട്ടു തട്ടാമെന്ന പ്രതീക്ഷയില്‍(അല്ലെങ്കില്‍ എവിടെപ്പോയി ആദര്‍ശവാന്റെ ഘട്ടം ഘട്ടമായ മധ്യനിരോധനം?) ചെയ്ത ആവിഢിത്തം ഇപ്പോള്‍ ഈ നാടിനെ ബിവറേജസ്‌ കോര്‍പ്രഷനുമുന്നിലെ നീണ്ട ക്യൂവിലെത്തിച്ചിരിക്കുന്നു. ആന്റണിയെന്ന നിര്‍ഗ്ഗുണനെക്കൊണ്ട്‌ ഉണ്ടായിട്ടില്ല ഒരു പ്രയോജനവും നാട്ടാര്‍ക്കും അങ്ങേരുടെ വീട്ടുകാര്‍ക്കും. Dis: ഇത്‌ എന്റെ മാത്രം അഭിപ്രായമാകാം, ചിലപ്പോള്‍ മറ്റ്‌ അനേകരുടേതും!

Anonymous said...

ആന്റണി മുഖ്യമന്ത്രി എന്ന നിലയില്‍ മോശം പ്രകടനം കാഴ്ച വച്ച ആളാണ്‌. അതില്‍ എന്റെ അഭിപ്രായത്തില്‍ മിടുക്കന്‍ കരുണാകരന്‍ തന്നെ ആയിരുന്നു. ചാരായ നിരോധനം എന്നത് പ്രായോഗികം അല്ല എന്നതും സത്യം. എന്നാലും ആ പരീക്ഷണത്തെ നല്ല ഒരു തലത്തില്‍ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അദ്ദേഹത്തിന്റെ പല നിലപാടുകളും സാമുദായ-മത സമ്മര്‍ദങ്ങള്‍ക്ക് അതീതമായിരുന്നു എന്നതാണ് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കാന്‍ കാരണം. കോണ്‍ഗ്രസില്‍ അങ്ങനെ ഒരു വ്യതിത്വം നിലനില്‍ക്കുക അത്ഭുതം എന്നെ ഞാന്‍ പറയൂ.. അതിലൊക്കെ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.
ഒഴുക്ക് എങ്ങോട്ടാണോ അങ്ങോട്ടു മാത്രം നീന്തുക എന്ന തന്ത്രം മാത്രം പയറ്റുന്ന കോണ്‍ഗ്രസ്‌, ആന്തോനിയെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചത്!! പുള്ളി ഇവിടെ ഇല്ലേല്‍ പിന്നെ മുല്ലാക്കമാര്‍ക്കും അച്ചായന്മാര്‍ക്കും എന്തുവേണേല്‍ ആകാമല്ലോ? വെള്ളാപ്പള്ളിയും പണിക്കരും ഒക്കെ ഓരോ സ്കൂള്‍ കൊടുത്താല്‍ മിണ്ടാതിരുന്നോളും..! പണിക്കര്‍ക്ക് ഒരു സ്കൂള്‍ കൂടി കൊടുക്കാന്‍ ഉണ്ടെന്നു തോന്നുന്നു!! അയാള്‍ കുറെ ബഹളം വക്കുന്നുണ്ട്!!

ഷാനവാസ്‌ ഇലിപ്പക്കുളം said...

സതയുടെ "അദ്ദേഹത്തിന്റെ പല നിലപാടുകളും സാമുദായ-മത സമ്മര്‍ദങ്ങള്‍ക്ക് അതീതമായിരുന്നു" എന്ന അഭിപ്രായത്തോട്‌ വിയോജിക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയോട്‌ സമരസപ്പെട്ടുപോകുന്ന ഒരു മനസ്സ്‌ അദ്ദേഹത്തിനുണ്ടെന്നത്‌ കേരളീയ സമൂഹം പല സന്ദര്‍ഭങ്ങളിലും മനസ്സിലാക്കിയിട്ടുണ്ട്‌. ഒന്നുരണ്ട്‌ ഉദാഹരണങ്ങള്‍ :ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്‍ഡ്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷങ്ങള്‍ക്ക്‌ കീഴ്പെട്ടുവേണം കഴിയാന്‍ എന്നു പറഞ്ഞതും, രണ്ടാം മാറാട്‌ കലാപത്തിന്‌ വിത്തുകള്‍ പാകിയ ആദ്യകലാപത്തെ ഫലപ്രദമായി നേരിടാഞ്ഞതും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ വരുത്തിയ വീഴ്ചയും.

ചാണക്യന്‍ said...

ആന്റണിയുടെ ഏറ്റവും വല്യ വിഡ്ഡിത്തമാണ് ചാ‍രായ നിരോധനം....

jagadees said...

ശരിയാണ്.
ചാരയം നിരോധിച്ചതു വഴി മദ്യ ദുരന്തം കൂടിടതേയുള്ളു. കൂടാതെ തൊഴിലില്ലായ്മ കുറഞ്ഞു. കാരണം ഇപ്പോള്‍ ചാരായ ഉത്പാദനം മാഫിയ വഴിയാണ്. അവര്‍ക്ക് അത് സംരക്ഷിക്കാന്‍ ഗുണ്ടകളുടെ ആവശ്യം ഉണ്ട്. എന്റെ നാട്ടില്‍ തന്നെ ഒരുപാട് ചെറുപ്പക്കാര്‍ ഈ മാഫിയക്ക് വേണ്ടി കൂലിത്തല്ലുകാരായി. അവര്‍ തല്ലിക്കൊല്ലുന്ന സാധാരണക്കാരുടേയും എണ്ണം കൂടിയിട്ടുണ്ട്. ചിലപ്പോള്‍ അവരെ തന്നെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നു. നല്ലത് ജനസംഖ്യ കുറയട്ടേ.

ഉദ്യോഗസ്ഥന്‍ മാര്‍ക്കും പോലീസുകാര്‍ക്കും ഇപ്പോള്‍ വരുമാനം കൂടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശമ്പളത്തേക്കാള്‍ അവര്‍ക്ക് താല്‍പ്പര്യം ഈ മാഫിയയുടെ ശമ്പളക്കാരാകാനാണ്.

എല്ലാം കണ്ട് നമ്മുടെ മാധ്യമ കഴുതകള്‍ ആന്റണിയെ പരിശുദ്ധനായ ദിവ്യനായി വാഴ്ത്തുന്നു.

ഇനി ആര്‍ക്കെങ്കിലും ഈ ചാരായ നിരോധനം എടുത്തുകളയാന്‍ കഴിയുമോ. സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ വെറുതേ വിടില്ല. ആന്റണി അല്ലാതെ വേറെ ആര്‍ക്കും ചാരായ നിരോധനം എടുത്തുകളയാന്‍ കഴിയില്ല. ആ പരിശുദ്ധാത്മാവ് കനിഞ്ഞ് ഈ അപ്രായോഗികമായതും ആളുകളെ കൂടുതല്‍ സാമൂഹ്യ ദ്രോഹികളാക്കുന്നതുമായ ഈ നിരോധനം എടുത്തുകളയുകയും, മദ്യപാനത്തെ മഹത്വ വത്കരിക്കുന്ന സിനിമാ/സീരിയല്‍ /മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും വേണം.

ഉറുമ്പ്‌ /ANT said...

സത, താങ്കളുടെ അന്തോണിച്ചനോടുള്ള ഭക്തിക്കുത്തരം ഷാനവാസ് പറഞ്ഞു കഴിഞ്ഞു. പിന്നെ അദ്ദേഹത്തെ ഇവിടുന്നു കെട്ടുകെട്ടിച്ചതൊന്നുമല്ല. പലപ്പോഴുമെന്നാപോലെ “കളിയിൽ തോക്കുമെന്നായപ്പോൾ അദ്ദേഹം സ്വന്തം കച്ചിയുമെടുത്തു പോയതാണ്. അദ്ദേഹത്തിന്റെ പൊളിറ്റിക്കൾ ഹിസ്റ്ററി ഒന്നു പരിശോധിച്ചാൽ മനസ്സിലാകും, ഒന്നുകിൽ കേരള മുഖ്യൻ, അല്ലെങ്കിൽ കേന്ദ്രമന്ത്രി, അതൂമല്ലെങ്കിൽം കെപിസിസി പ്രസിഡന്റ്. ഇതൊന്നുമല്ലെങ്കിൽ ഹൈകാമ്മന്റ് നിരീക്ഷകൻ. ഇതൊന്നുമില്ലാതെ അദ്ദേഹത്തിനു നിൽക്കാനാവില്ല, അധികാരം രക്തത്തിലലിഞ്ഞ് ചേർന്നിരിക്കുന്നു അദ്ദേഹത്തിന്.

ഉറുമ്പ്‌ /ANT said...

ഷാനവാസ്, ഞാൻ പറയാത്ത്തതു പലതും താങ്കൾ പറഞ്ഞു. നന്ദി
ചാണക്യൻ തംസ് അപ്പ്.

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ജഗദീഷ്, അദ്ദേഹത്തിനുപോലുമാവില്ല ചാരായനിരോധനം എടുത്തുകളയാൻ.
തലക്കുമീതേ തൂങ്ങുന്ന ഡെമോക്ലീസിന്റെ വാളാണത്‌. പിന്നെ കേരളത്തെ മദ്യത്തിൽ മുക്കി സർക്കാർ നേടുന്നതു കോടികളാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം യുവാക്കളെ മദ്യത്തിൽ മുക്കുകതന്നെ.

വീ.കെ.ബാല said...

എനിക്ക് വയ്യ ന്റെ തള്ളെ, ഈ സതയുടെ ഓരോ കമന്റുകള്, പുലികള് തന്നെ... :)ഷാനവാസ് -കണ്ടതൊക്കെ സതയുടെ+ ആണ്, അതാണ് ദോ ആ കണ്ണട വച്ചാലുള്ള കുഴപ്പം, പക്ഷേ ഈ അച്ചായൻ ചില നല്ലകാര്യങ്ങൾ ഒക്കെ ചയ്തിട്ടുണ്ട് കേട്ടോ അത് കണ്ടില്ല എന്ന് പറയരുത്.... ദെ ഇവിടെ ഞാൻ കുറിച്ചു,

K.V Manikantan said...

ചാരായം നിരോധിച്ച് ആദ്യത്തെ മാസം ഗവ്. ആശുപത്രികളില്‍ കത്തിക്കുത്ത് അടിപിടി പരിക്ക് ഒക്കെ കുറഞ്ഞിരുന്നത്രേ. പിന്നെ ലോക്കല്‍ അടികള്‍ കുറഞ്ഞു. ഷാപ്പിലിരുന്ന് അയല്‍ക്കാരും നാട്ടുകാരും തമ്മിലുള്ള ചൊറിച്ചില്‍ കുറഞ്ഞു. പക്ഷേ, കിം ഫലം? 3 ഫ്ലോറുള്ള ബില്‍ഡിംഗ് പണിഞ്ഞാല്‍ ഇപ്പോള്‍ ബാര്‍ ലൈസന്‍സ് കിട്ടും. പഴയ ചാരായഷാപ്പിന്റെ സെറ്റപ്പിലുള്ള ബാറുകള്‍ നിറയേ ആയി. വെട്ടിരിമ്പു സാധനം വിലകുറവിനും കിട്ടും.

ജഗദീശ്,
ഗുണ്ടകള്‍ ഇന്നു കാണുന്നതു പോലെ സാര്‍വ്വത്രികമായതിനു കാരണം ചാരായം നിരോധിച്ചതാണ്. പക്ഷേ നിങ്ങള്‍ വിചാരിക്കുന്നപോലെ അല്ല. അന്നു ഈ ഗുണ്ടകളായിരുന്നു ചാരായ മുതലാളിമാരുടെ ഗുണ്ടകള്‍ അവരായിരുന്നു വാറ്റിവില്‍ക്കുന്നവരെ പിടിക്കാന്‍ നടക്കാറ്. അവന്മാര്‍ക്ക് ചാരായം നിരോധിച്ചപ്പോള്‍ തൊഴിലില്ലാതായി. ആ‍കെ അറിയുന്ന തൊഴില്‍ ചെയ്തു ജീവിക്കണ്ടേ? അങ്ങനെയാണു അവര്‍ ഏതു കൊട്ടേഷനും എടുത്തു തുടങ്ങിയത്.

K.V Manikantan said...

ഉറുമ്പേ,
ഏ. കെ ആന്റണി ചാരായ നിരോധനം നടപ്പിലാക്കി. ഘട്ടം ഘട്ടമായി അതു തുടരാനുള്ള ആര്‍ജ്ജവം ആര്‍ക്കുണ്ടായിരുന്നു? അതോ താങ്കള്‍ പറയുന്നതു പ്രകാരം ആന്റണി തന്നെ ചെയ്യണം എങ്കില്‍ അങ്ങേരെ തുടര്‍ച്ചയായി 15 കൊല്ലം ഭരണം ഏല്‍പ്പിക്കണം.

ചുള്ളിക്കാട് പറഞ്ഞപോലെ, അവര്‍ 20-25 വയസ്സില്‍ എടുത്ത നിലപാട് ഇപ്പോള്‍ എടുക്കാത്തതെന്തെന്ന് അവരോടല്ല ചോദിക്കേണ്ടത് ഇന്നത്തെ ചെറുപ്പക്കാരോടാണ്.

ച. നിരോധത്തിനുശേഷം വന്ന ഒരുവനും നിരോധനം പിന്‍ വലിക്കാന്‍ ധൈര്യം ഉണ്ടാകാഞ്ഞതെന്തേ?

ഓടോ: പോയി ഒരു ഗ്ലാസ് പട്ട അടിക്കട്ടെ. :)

ഉറുമ്പ്‌ /ANT said...

സങ്കുചിതൻ,
ചാരായനിരോധനം എടുത്തുകളയാൻ കഴിയില്ല. എൽ.ഡി.എഫിനും. യൂ.ഡി.എഫിനും. കാരണം ചാരായമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന പൊതുജനത്തിന്റെ ധാരണയാണ്. അല്ലെങ്കിൽ പൊതുജനത്തെ അങ്ങിനെ തെറ്റിധരിപ്പിച്ചിരിക്കുന്നു. പൊതുജനത്തിന് നല്ലതെന്നു തോന്നുന്ന ഒന്നും കൊടുത്തുകഴിഞ്ഞാൽ തിരിച്ചെടുക്കാനാവില്ല. ഉദാ: സംവരണം, ബോണസ്. പിന്നെ നമ്മുടെ ഭരണാധികാരികളുടെ വോട്ട്‌ബാങ്കുഭയം, അതാണ് പ്രധാനകാരണം. ഒന്നു സങ്കൽ‌പ്പിച്ചുനോക്കൂ ചാരായനിരോധനം പിൻ‌വലിച്ചതിനുശേഷമുള്ള കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം. പള്ളീലച്ചന്മാർ, മാണി, കുഞ്ഞൂഞ്ഞ്, പണിക്കർ, വെള്ളാപ്പള്ളി, കുഞ്ഞാലിക്കുട്ടി, എന്നുവേണ്ട എല്ലാ അണ്ടാടകോടന്മാരും സർക്കാരിനെതിരെ സമരത്തിനിറങ്ങും. കൊതിച്ചുകൊതിച്ചിരിക്കുന്ന രണ്ടാം വിമോചനസമരത്തിന്റെ കാരണം അതാകും.

Post a Comment