ജനിച്ചകാലം മുതൽ ഇന്നുവരെ എനിക്കു സഹിക്കാനാകാത്ത ഒറ്റക്കാര്യമേ ഉള്ളു. വിശപ്പ് ! അച്ചനു സാമാന്യം നല്ല വരുമാനമുള്ള ബിസിനസ്സ് ഉണ്ടായിരുന്നതുകൊണ്ട് വിശപ്പ് അനുഭവിക്കേണ്ടത്ര പരാധീനത വീട്ടിൽ ഇല്ലായിരുന്നു എന്നുവേണം പറയാൻ. എന്നാൽ വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. വീട്ടിൽ എന്തെങ്കിലും തല്ലുകൊള്ളിത്തരം കാണിച്ച് പട്ടിണികിടക്കുമ്പോൾ. അതും ഒരു പരിധി കഴിയുമ്പോൾ ഞാൻ തന്നത്താൻ പറയും “ ഞാൻ പട്ടിണികിടന്നു മരിച്ചാൽ ഇവർക്കൊന്നും ഒരു കുഴപ്പവും ഇല്ല. അതുകൊണ്ട് അവരിപ്പം സുഖിക്കണ്ട” ഇതു മനസ്സിൽ പറഞ്ഞ് ആരും അറിയാതെ അടുക്കളയിൽ കയറി എനിക്കുള്ള വക ഞാൻ വയറിലേക്കു സ്റ്റോക്കു ചെയ്യും.അതുകൊണ്ടുതന്നെ വീട്ടുകാർ എനിക്കു നല്ലൊരു പേരുംതന്നിട്ടുണ്ട് “അരിപ്പൻ”. പിന്നെ വിശപ്പിന്റെ സുഖം അറിഞ്ഞത് ന്യൂട്ട് ഹാംസന്റെ (നൊബേൽ സമ്മാനജേതാവ്-ആറ്റിരത്തിതൊള്ളായിരത്തി ഇരുപത്) “വിശപ്പ്” ("Hunger"-Penguin books) വായിച്ചപ്പോഴാണ്. വായന പുരോഗമിക്കുന്തോറും വായനക്കാരന് വിശപ്പിന്റെ കാഠിന്യം അനുഭവിപ്പിക്കുന്ന ആ നോവൽ എഴുത്തുകാരൻ എന്നു നടിക്കുന്ന എല്ലാ സുഹൃത്തുക്കളും വായിച്ചിരിക്കണം. കഥാകാരന്റെ വിചാരവികാരങ്ങൾ അനുവാചകനിലേക്കു പകരാനാകുന്നില്ലെങ്കിൽ കൃതി വെറും ചവറാണെന്ന് ബോധ്യമാക്കിത്തരും ഈ പുസ്തകം.
പലപ്പോഴും നോമ്പുതുറ എന്ന വിശാലമായ തീറ്റമത്സരത്തിനു പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നോമ്പിന്റെ കാഠിന്യം മനസ്സിലാക്കുന്നത് ആദ്യമായി ദുബായിൽ വന്നപ്പോഴാണ്. വിസയും വിമാനടിക്കറ്റും ഒപ്പിച്ചുതന്ന സുഹൃത്ത് പ്രത്യേകം പറഞ്ഞിരുന്നു, നോമ്പുകാലമാണ്- പുറത്ത് ഭക്ഷണസാധനങ്ങൾ ഉപയോഗിക്കലോ പുകവലിയോ പാടില്ല. സൂക്ഷിച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും മാത്രമല്ല തല്ലും കൊള്ളും...! ഇതുരണ്ടും നമ്മുടെ ശരീര-സാമ്പത്തിക സ്ഥിതിക്കു പറ്റില്ല. അതുകൊണ്ട് സംയമനം പാലിക്കാൻ തീരുമാനിച്ചു.
ആദ്യമായി ജോലികിട്ടുന്നത് ഒരു പാക്കിസ്ഥാനിയുടെ കമ്പനിയിലാണ്. കൂട്ടുകാർ പറഞ്ഞു “പച്ചയാണ്-തലക്കകത്ത് ആളുതാമസമില്ലാത്ത വർഗ്ഗമാണ്- സൂക്ഷിക്കണം. അവന്മാരോട് തർക്കിക്കാൻ പോകരുത്, വെട്ടൊന്ന് തുണ്ടം രണ്ട് പാർട്ടികളാണ് “.
ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു. എങ്കിലും ആദ്യ ഒന്നുരണ്ടു ദിവസങ്ങൾകൊണ്ടു മനസ്സിലായി- പച്ച കുഴപ്പമില്ല. എന്നാലും വൈകുന്നേരം വരെയുള്ള ഈ പട്ടിണി, അതു സഹിക്കാനാകുന്നില്ല. പിന്നെ സിഗററ്റുവലി, അതാണെങ്കിൽ ഒട്ടും പറ്റുന്നില്ല. ആകെ ഒരു ഞെരിപിരി സഞ്ചാരം.
ജോലിയുടെ മൂന്നാം ദിവസം; ഉച്ചക്കു മൂന്നര മണിയാകും, വയറിനകത്ത് ആളിക്കത്തൽ. തലേദിവസം രാത്രി വല്ലതും തിന്നതാണ്. രാവിലെ ഒന്നും കഴിച്ചിട്ടില്ല. മൂന്നു ദിവസമായി ഇതാണു ഗതി. ഇതിനി ഒരുമാസം മുഴുവൻ സഹിക്കണമല്ലോ എന്നോർത്തപ്പോൾ ഇത്രയും കാലം സ്വപ്നം കണ്ട ദുബായ് എന്ന സ്വപ്നഭൂമി നരകാഗ്നിയായി. വയറിനക്കത്ത് ചില ആളനക്കങ്ങൾ. യൂറോപ്യൻ ക്ലോസറ്റിന്റെ ഫ്ലഷ് തുറക്കുമ്പോളുള്ള ശബ്ദം എനിക്കുമാത്രം കേൽക്കാനാവുന്ന ശബ്ദത്തിൽ വയറിനകത്തുനിന്നും വരുന്നു. തികട്ടിവന്ന ഏമ്പക്കത്തിനു ഒരു പുളിച്ച ഗന്ധം. കണ്ണുകൾക്ക് ഒരു ഭാരം. പച്ചകളൊക്കെ വെളുപ്പിനേ നാലുമണിക്കു മുൻപ് അണ്ഡകടാഹം മുഴുവൻ വയറ്റിനകത്തേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിട്ടാണ് പകൽ മുഴുവൻ ഞെളിഞ്ഞിരിക്കുന്നതെന്ന സത്യം എനിക്കന്ന് പരിചയമില്ല. മൂത്തപച്ചയെ എന്തെങ്കിലും പറഞ്ഞു പറ്റിച്ചു പുറത്തു കടന്നാൽ അടുത്തുള്ള മലയാളിയുടെ ബക്കാലയിൽ കയറി ഒരു ബന്നെങ്കിലും വാങ്ങിത്തിന്നാം. ലഘുവായി ഒരു ശമനം കിട്ടും, ബാക്കി പിന്നെ ആകാം. പ്രലോഭനം സഹിക്കാനാകാതായി. ആത്മാവിനുപുകകൊടുക്കണം അല്ലെങ്കിൽ അതടിച്ചുപോകും. കണ്ട്രോൾ നഷ്ടപ്പെടുമെന്നായപ്പോൾ പതിയെ എഴുന്നേറ്റു. പച്ചയെ ചെന്നു കണ്ടു. “എന്തു വേണം? -പച്ച.
എനിക്കൊന്നു ഫോൺ ചെയ്യണം-ഞാൻ
വിളിച്ചോളൂ.- പച്ച ടെലിഫോൺ നീക്കി വച്ചുതന്നു
അല്ല... എനിക്കു ഇൻഡ്യയിലേക്ക്, എന്റെ വീട്ടിലേക്കു വിളിക്കണം - ഞാൻ പരാധീനനായി.
എന്റെ പരവേശവും മുഖത്തെ കറുത്തപ്രസരിപ്പും കണ്ട പച്ച ഒരു യമണ്ടൻ ചോദ്യം
നീ വല്ലതും കഴിച്ചോ ?
ഇല്ല സർ, റംസാനല്ലേ, ഭക്ഷണം കഴിക്കാമോ എന്നറിയില്ല. - ഞാൻ വിനയകുനീതൻ.
പച്ച സാവധാനം കസേരയിൽനിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്കു വന്നു. എന്റെ തോളിലേക്കു കയ്യിട്ടു.
ആന്റണി, എനിക്കറിയാം നീ ക്രിസ്ത്യാനിയണെന്ന്. വിഷമിക്കണ്ട.
റംസാൻ നോമ്പ് മുസ്ലീമിനുള്ളതാണ്. എന്റെ വ്രതത്തിന്റെ പേരിൽ ദിവസം മുഴുവൻ നീ വിശന്നിരുന്നാൽ എന്റെ വ്രതത്തിനു ഗുണമില്ലാതാകും. മാത്രമല്ല അതെനിക്കു ഹറാമാണ്. വ്രതമെടുക്കുന്നത് അവനവന്റെ പൂർണ്ണമനസ്സോടെയാവണം. നീ പുറത്തുപോയി എന്തെങ്കിലും കിട്ടുമെങ്കിൽ കഴിച്ചുവരൂ.
എന്റെ സാപ്ത നാടികളും തളർന്നു.
അദ്ദേഹം തുടർന്നു - നാളെ നീ വരുമ്പോൾ ബ്രെഡ്ഡോ, കേക്കോ എന്തെങ്കിലും കരുതി വരണം. നിനക്കതിവിടെ ഇരുന്നു കഴിക്കാം. പുറത്തുപോയി കഴിക്കുന്നത് അപകടം വിളിച്ചുവരുത്തും .
വിശപ്പിന്റെ വില അറിയാവുന്ന ആ വലിയ മനുഷ്യനെ, ഇന്നും നന്ദിയോടെ ഞാനോർക്കുന്നു. അതിനുശേഷം ഞാൻ ഒരിക്കലും പാക്കിസ്ഥാനികളെ “പച്ച“ എന്നു വിളിച്ചിട്ടില്ല.
ഇന്നിപ്പോൾ ഈ നോമ്പ് കാലത്ത് ഞാൻ എന്റെ സ്വന്തം തീരുമാനപ്രകാരം നോമ്പുനോൽക്കുന്നു.
പരമകാരുണ്യവാനായ തമ്പുരാൻ എല്ലാ ജീവജാലങ്ങൾക്കും നല്ലതു വരുത്തട്ടെ.
Wednesday, August 26, 2009
Subscribe to:
Post Comments (Atom)
26 അഭിപ്രായ(ങ്ങള്):
ഉറുമ്പെ,
കൊള്ളാം...നല്ല പോസ്റ്റ്....
ഉറുമ്പിന്റെ നോമ്പ് ഓർമ്മ നന്നായി...
നന്നായിരിക്കുന്നു ഉറുമ്പേ...
അക്ഷരങ്ങള്‍ ഉള്ളില്‍ എവിടെയൊക്കെയോ സ്പര്‍ശിക്കുന്നു.
നല്ല പോസ്റ്റ്
നോമ്പ് ഓർമ്മ നന്നായി...
ചാണക്യൻ, ജിപ്പൂസ്, ജമാൽ, അരീക്കോടൻ, എല്ലാവർക്കും നന്ദി.
നന്നായിരിക്കുന്നു , വായിച്ചപ്പോള്‍ ഏതാണ്ട് ഇതുപോലെ പറഞ്ഞ ഇപ്പോള്‍ ദമാമില്‍ വര്‍ക്ക് ചെയുന്ന സുഹൃത്തിനെ ഓര്‍ത്തു പോയി
മുന്‍കൂര്‍ വിലയിരുത്തല്‍ ശരിയാവില്ലെന്നിപ്പോള് മനസ്സിലായില്ലേ?
nannayirikkunnu!!
അഭി,ജസീർ, നന്ദി.
എഴുത്തുകാരി, ഇങ്ങനല്ലേ നമ്മൾ ഓരോന്നും പഠിക്കുന്നത്.
എന്തായാലും എന്റെ മകനിതു പറ്റില്ല.
കലക്കി
Mukthar, നന്ദി
ഈ ഉറുമ്പു കടി ഏറ്റു. ശരിയാണ്, ആരേയും മുന്‍വിധിയോടെ നോക്കിക്കാണാന്‍ പാടില്ല. ‘പച്ച’ കളെല്ലാം തലയില്‍ ആള്താമസമില്ലാത്തവരാണെന്ന അഭിപ്രായം പറഞ്ഞ ആ സുഹൃത്തും ഇതു വായിച്ചിരുന്നെങ്കില്‍.
ഗീത, സുഹൃത്തിനെ തെറ്റുപറയാനാവില്ല. ഓരോരുത്തർ പരിചയപ്പെടുന്നവരെ മുന്‍നിർത്തിയാണല്ലോ പലപ്പോചും ഇത്തരം കാഴ്ചപ്പാടുകൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച് പഠാനികളായ പാക്കിസ്ഥാൻകാരെ മാത്രം പരിചയപ്പെടുന്നവർക്ക് അങ്ങിനൊരു തോന്നൽ സ്വാഭാവികമാണ്. എന്റെ ഒരു സുഹൃത്ത് (പാക്കിസ്ഥാൻകാരൻ) അവൻ ക്രിസ്ത്യാനി അണെന്നു പറഞ്ഞപ്പോൾ അതെനിക്കൊരു പുതിയ അറിവായിരുന്നു. ദുബായ് അങ്ങിനെ കാണാത്ത പലതിനെയും കാണിച്ചു തന്നു.
വന്നതിനും കമന്റിനും നന്ദി.
കണ്ടോ ഇതാ പറയുന്നത്, എല്ലാ ജാതിയിലും നല്ല മനുഷ്യര്‍ ഉണ്ട്. ഇത് ഇപ്പൊ വായിച്ചപ്പോള്‍ എനിക്കും ആ പാക്കിസ്ടാനിയോടു ഒരു ആദരവ് തോന്നുന്നു. അദ്ദേഹത്തിന്റെ നോമ്പിന്റെ പുണ്യമായി ഈ പോസ്റ്റ്!
രാധ,
മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമുള്ളതാണ് ജാതിയും മതങ്ങളും. അതില്ലാത്തവർ മതങ്ങളെ സർവ്വനാശത്തിനുപയോഗിക്കും. മനുഷ്യനെ മതിലുകൾകെട്ടി വേർതിരിക്കും. നന്ദി ഇവിടെ വന്നതിനും കമന്റിനും.
ആദ്യത്തെ ദുബായ് നോമ്പ് വിവരണം നന്നായിട്ടുണ്ട്
അനുഭവത്തേക്കാള്‍ വലിയ ഗുരുവില്ല.
നോമ്പാണല്ലേ, സോറി കേട്ടോ.. :) :)
ഉറുമ്പേ .. അങ്ങര് പറഞ്ഞതെത്ര ശരി ..
നല്ല മനുഷ്യന് ..
ഞാനും കുറച്ചു ദിവസം നോയമ്പ് നോക്കി ...
എന്ത് കാര്യം .. പ്രാര്‍ത്ഥന എന്ന സംഭവം ഇല്ലേയില്ല ..
ഏതു നേരോം ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത മാത്രം...
പിന്നെ തോന്നി ഞാന്‍ നോക്കുന്ന പോലെ നോക്കുന്നതിനേക്കാള്‍ ഭേദം നോക്കാതിരിക്കുന്നതാണെന്നു..
ചിറളയം, ബഷീർ വള്ളിക്കുന്ന്, പകൽകിനാവൻ, ശാരദ് നിലാവ്, എല്ലാവർക്കും നന്ദി.
ഒറ്റക്കണ്ണാ, പടം നന്നായിട്ടുണ്ട്.
ഇതുവായിക്കുമ്പോള്‍ ഓര്മ വരുന്നത് എന്റെ നാടായ മലപ്പുറം ജില്ലയിലെ സ്ഥിതിയാണ് .ഗള്‍ഫില്‍ ഒന്നും പോകേണ്ട , നോമ്പ് കാലത്ത് മലപ്പുറത്ത് വന്നാല്‍ മതി.ശെരിക്കും അനുഭവിക്കും.പച്ചവെള്ളം കിട്ടില്ല.ഒരു ഓര്‍മ്മ.നോമ്പ് കാലത്ത് അവിടെ ആരും ചായക്കട,കൂള്‍ ബാര്‍ തുടങ്ങിയവ ഒന്നും തുറക്കില്ല.മുസ്ലിംകളുടെ അല്ലെങ്കില്‍ പോലും.ഞങ്ങളുടെ നാട്ടില്‍ ഒരു ഹിന്ദു ചായക്കട തുറന്നു വെച്ചു.കുറച്ചു മത ഭ്രാന്തന്മാര് അടക്കണമെന്നും ആവശ്യപ്പെട്ടു.പക്ഷെ അദേഹത്തിന് ഇതില്‍ നിന്നുള്ള വരുമാനം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലതതിനാല് അടച്ചില്ല.പൂട്ടാന്‍ പറഞ്ഞ കാരണമോ ,"ഇത് തുറന്നിരുന്നാല്‍ കുണ്ടന്മാര്(ചെറുപ്പക്കാര്‍ എന്നെ അര്‍ത്ഥമുള്ളൂ :-)] ചായ കുടിക്കും.നോമ്പ് എടുക്കില്ല. "അപ്പോള്‍ ഒരു ചായക്കട കണ്ടാല്‍ തീരുന്ന മനോ നിയന്ത്രണം ഉള്ളവനെ എന്തിനു നോമ്പ് എടുപ്പിക്കണം എന്ന ചോദ്യം ബാക്കി.പക്ഷെ ക്രുരത അവിടല്ല.പറഞ്ഞാല്‍ അനുസരിക്കാത്ത കടക്കാരന്റെ കടയില്‍ നോമ്പ് കഴിഞ്ഞാലും കയറരുത് എന്ന് പള്ളി തീരുമാനിച്ചു.ഒടുവില്‍ ആ പാവത്തിന് നാട് വിടേണ്ടി വന്നു എന്നത് സത്യം..ഇത്തരം പോസ്റ്റ് കള്‍ യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ ആണ് വായിക്കേണ്ടത്.
ശ്രീരാജ്, ഞാൻ കുറെ നാൾ മലപ്പുറത്തുണ്ടായിരുന്നു. തിരൂരിൽ. അനിക്കു മനസ്സിലാക്കാനാകും. ഞാനും കണ്ടീട്ടുണ്ട് ഇതുപോലുള്ള സംഭവങ്ങൾ. സഹിഷ്ണുത എന്നതാണ് ഒരു മനുഷ്യനുവേണ്ട ഏറ്റവും നല്ല ഗുണം.
നന്ദി ഈ വരവിനും കമെന്റിനും
പോസ്റ്റ് നന്നായി മാഷേ. സ്കൂള്‍ ജീവിതത്തിലൊരിയ്ക്കല് മുസ്ലിം സുഹൃത്തുക്കളോടൊത്ത് ഒരു ദിവസം നോമ്പ് നോറ്റിട്ടുള്ളത് ഓര്‍മ്മ വന്നു.
പിന്നെ, ശ്രീരാജ് മാഷ് പറഞ്ഞത് അനുഭവത്തിലുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് നോമ്പ് കാലത്ത് ഒരാഴ്ച കോഴിക്കോട്-കൊടുവള്ളി ഭാഗത്ത് ഉണ്ടായിരുന്നു. അന്ന് ഭക്ഷണം കഴിയ്ക്കാന്‍ പെട്ട പാട്... ഒരു ചായക്കട പോലും ഉണ്ടാകില്ല, നേരം വെളുത്താല്‍.
ശ്രീ, എല്ലായിടത്തും ഇങ്ങനെ ഉണ്ടാകാം.
എല്ലാ ആചാരങ്ങളുടെയും പരമമായ ലക്ഷ്യം മനുഷ്യരെല്ലാപേരും ഒന്നായി ചിന്തിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം കമ്മ്യൂണൽ ഹാർമ്മണി എന്നുവേണമെങ്കിൽ വിളിക്കാം.
പക്ഷേ മനുഷ്യർ പലതട്ടുകളായി തിരിയണമെന്നും തമ്മിൽതല്ലി തലകീറണമെന്നും ആവശ്യപ്പെടുന്നത് മതംകൊണ്ട് ഉപജീവനം കഴിക്കുന്ന പുരോഹിതവർഗ്ഗമാണ്.
അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖത്തിൽ മതിമറന്നുറങ്ങുന്ന പുരോഹിതവർഗ്ഗത്തിന്റെ എല്ലാക്കാലത്തെയും ആവശ്യമാണ് മനുഷ്യർ ഏഴും എഴുപതുമായി പിരിഞ്ഞിരിക്കണമെന്നത്.
ഞാൻ നല്ല ക്രിസ്ത്യാനിയെയോ നല്ല മുസൽമാനെയോ നല്ല ഹിന്ദുവിനെയോ കാണാൻ ആഗ്രഹിക്കുന്നില്ല.
പകരം കുറെയേറെ നല്ല മനുഷ്യരെ കാണാനാണ് എനിക്കാഗ്രഹം.
:) നോമ്പിനു മറ്റുള്ളോരെ പട്ടിണി ഇടുന്നതിനെ ആരും ഇതു വരെ വിമര്ശിച്ചുകണ്ടില്ലില്ല ഇവിടെ. (പിടിച്ചകത്തിടുമായിരിക്കും :)
പച്ചയെ കുറിച്ചുള്ള അഭിപ്രായം മൊത്തം മാറ്റണ്ടാ ഉറുമ്പേ. :) ആ ബോസ്സ് അപൂര്‍വ്വം ആണ്.
Post a Comment