നാലു പെണ്ണുങ്ങള്.
അടുത്തകാലത്തെ മലയാള സിനിമകളുടെ പ്രധാന പരസ്യ വാചകമാണ് "സ്ത്രീഹൃദയങ്ങള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ" എന്ന വരികള്‍. ഈ വാചകം കൊണ്ട് പരസ്യ ദാദാവ് കാണുന്നത് സ്ത്രീകളെ തിയറ്ററിലെത്തിക്കുക എന്നതാണെന്നു പറയുന്നത് നിസ്സാരവല്‍ക്കരണമായി മാറും. ഒരു സ്ത്രീ എന്നാല്‍ അമ്മ, സഹോദരി,മകള്‍ എന്നിവയാണ്.ഒരു സ്ത്രീ സിനിമ കാണാന്‍ പോകുന്നു എന്നാല്‍, ഭര്‍ത്താവ്, സഹോദരന്, അച്ചന്,മക്കള്‍ എന്നിവരടങ്ങുന്ന ഒരു ചെറിയ സമൂഹം മുഴുവനായി തിയറ്ററിലേക്കെത്തുന്നു എന്നാണ്. നിര്‍ഭാഗ്യമെന്നുപറയട്ടെ, മേല്‍പ്പറഞ്ഞ പരസ്യവാചകത്തോടെ പുറത്തിറങ്ങുന്ന മലയാളസിനിമകള്‍ പലതും കുടുംബം ഒന്നായി കാണാന്‍ പറ്റാത്ത തരത്തില്‍ അശ്ലീലത്തിന്റെ അതിപ്രസരം നിറഞ്ഞവയാണ്. മാറുമറക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത നമ്മുടെ സ്ത്രീകള്‍, അതു മറയ്ക്കാതിരിക്കാനുള്ള അവകാശസമരത്തിലാണിപ്പോള്‍. സ്ത്രീയെ ഒരു കച്ചവടച്ചരക്കാക്കുന്നതില്‍ മലയാള സിനിമയിലെ വസ്ത്രാലങ്കാരം അത്രമേല്‍ വിജയിച്ചിരിക്കുന്നു.
ഏന്നാല്‍ മേല്‍പ്പറഞ്ഞ പരസ്യവാചകത്തോടെ പുറത്തിറക്കാന്‍ പറ്റിയ ഒരു ചലചിത്രമാണ് ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത "നാലു പെണ്ണുങ്ങള്." സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം എന്നീ അര്‍ഥരഹിത മുദ്രാവാക്യങ്ങളുടെ തേരിലേറി നടക്കുന്ന നമ്മുടെ സ്ത്രീകള്‍ നിശ്ചയമായും കണ്ടിരിക്കേണ്ടതാണ് "നാലു പെണ്ണുങ്ങള്." ഒരു പക്ഷേ അത്യാവശ്യം ഉണ്ടായിരിക്കേണ്ട അഭിമാനബോധം., സ്വത്വം എന്നിവ ഉണ്ടാകാനെങ്കിലും. തകഴിയുടെ നാലു ചെറുകഥകളാണ് ഈ സിനിമക്കാധാരമകുന്നത്. ആവശ്യമില്ലെന്നു തോന്നിയിട്ടോ, ആതുമല്ലെങ്കില്‍ തന്റെ സിനിമയുടെ പ്രേക്ഷകരെക്കുറിച്ചുള്ള അഭിമാനബോധമോകൊണ്ടാവാം, അടൂര്‍ മേല്‍പ്പറഞ്ഞ പരസ്യവാചത്തിന്റെ കൂട്ടുപിടിക്കുന്നില്ല. ഭാഗ്യം, തെറ്റിധരിക്കതെ കഴിഞ്ഞു.
കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ അടൂര്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിരിക്കുന്നുവെന്നതും, പ്രസ്തുത ലക്ഷ്യത്തില്‍ അദ്ദേഹം അസാമാന്യമായ വിജയം കണ്ടെത്തിയിരിക്കുന്നൂവന്നതും ശ്ലാഘനീയം തന്നെ.
സ്ത്രീ അവളുടെ സ്വത്വവും അഭിമാനബോധവും ഉയര്‍ത്തിപ്പിടിക്കേണ്ടത് കിടപ്പുമുറിയിലെ തലവേദനകളിലൂടെയോ, മഹിളാസമാജത്തിലെ അംഗത്വത്തിലൂടെയോ അല്ല, അവളുടെ തന്നെ ചിന്തകളുടെയും, ആഗ്രഹങ്ങളുടെയും സ്തൈര്യത്തിലൂടെയും, സ്വയം ഒരമ്മ, മകള്‍, സഹോദരി, ഭാര്യ എന്നിങ്ങനെ, മറ്റാര്‍ക്കും പകരം വയ്കാനാവാത്ത അവകാശങ്ങളുടെ സ്ഥിരീകരണത്തിലൂടെയുമാണെന്നും "നാലു പെണ്ണുങ്ങള്." നമുക്കു കാണിച്ചുതരുന്നു.
നാലു കഥയും ചേര്‍ത്ത് ഒന്നാക്കി, തകഴിയുടെ പാത്രസൃഷ്ടിയെ അവിയലാക്കതെ ഓരോ കഥയും വെവ്വേറെ പറഞ്ഞ് സിനിമ എന്ന മാധ്യമത്തോടും ഒപ്പം തകഴിയോടും നീതി പുലര്‍ത്തുന്നു സംവിധായകന്. തകഴി നമ്മോടു പറഞ്ഞ കഥ ദൃശ്യ ബിംബങ്ങളാക്കി അവതരിപ്പിക്കുന്നതിലൂടെ അടൂര്‍ നമുക്കു "കഥ കാണിച്ചുതരികയാണ്" കലര്‍പ്പുകളില്ലതെ.
1. കടവരാന്തയിലെ അന്തിയുറക്കം.
സ്ത്രീ, അവളുടെ നഷ്ടപ്പെട്ട, അല്ലെങ്കില്‍ സഷ്ടപ്പെടുത്തിയ അവകാശങ്ങള്‍ക്കുവേണ്ടിയാണ് ഇന്നു സമരം ചെയ്യുന്നത്. അതുമല്ലെങ്കില്‍, ഇല്ലത്ത അവകാശങ്ങളുടെ മിഥ്യാലോകത്താണ് ഇന്നത്തെ വനിത.
ഈ കഥയിലെ നായിക കുഞ്ഞുപെണ്ണ് ഒരു സാധാരണ സ്ത്രീയാണ്. ഉറങ്ങാന്‍ വീടില്ലത്ത, അച്ച്നാരെന്നറിയാത്ത, വെറും സാധാരണ സ്ത്രീ. വിവാഹഭ്യര്‍ധന നടത്തുന്ന യോഗ്യനായ പുരുഷനോട് "ച്ഛീ" എന്നാട്ടുന്നു അവള്. പുരുഷന് അവള്‍ക്ക് ഒരു പരിധി വരെ, തണലാണ്. അവളുടെ സ്വത്വം തിരിച്ചറിയാന്‍ പ്രാപ്തയാകുന്ന വിളക്കുമരം. ആ തണലില്‍, ഇത്തിരിവെട്ടത്തില്‍, അവള്, അവളെതന്നെ തിരിച്ചറിയുന്നു. അന്നുവരെ സ്വന്തം കാലിലെ പെരുവിരല്‍ നോക്കി നടന്ന അവള്, ആകാശത്തെ, ഭൂമിയെയും, അഭിമാനത്തോടെ നോക്കിക്കാണുന്നു. ഒരല്‍പ്പം അഹങ്കാരത്തോടെയും. "ഏന്നിക്കെരാളുണ്ട്" എന്നു പറയുന്ന കുഞ്ഞുപെണ്ണിന്റെ അഭിമാനബോധം, ആണ്‍തുണയുള്ളവള്‍ എന്ന സങ്കല്പത്തിന്റെ ശക്തിയാണ്.
സൗന്ദര്യം നഷ്ടപ്പെട്ടു പോകുമെന്നും, അതു നഷ്ടപ്പെട്ടാല്‍ സ്വന്തം ഭര്ത്താവുപോലും തന്നെ ഉപേക്ഷിച്ചുപോയി, മറ്റൊരുവളുമായി അന്തിയുറങ്ങിക്കളയും എന്ന മിഥ്യാധാരണയില്‍ സ്വന്തം കുഞ്ഞിനു മുലകൊടുക്കാന്‍ വിസമ്മതിക്കുന്ന ഇന്നത്തെ സ്ത്രീ ജനങ്ങള്‍ക്കുള്ള മറുപടിയാണ് കുഞ്ഞുപെണ്ണ്. "വെയിലത്തു പണിയെടുത്താല്‍ കറുത്തുപോകില്ലേ" എന്ന ചോദ്യത്തിന്, "കറുത്തോട്ടെ" എന്നു നിസ്സരമായി പറയുന്നു അവള്. വിദ്യാഭ്യാസത്തിനു ചിലവിനുള്ള വരുമാനത്തെക്കുറിച്ചു " Dont You Feel Shame " എന്നു സായിപ്പിനെക്കൊണ്ടുചോദിപ്പിക്കുന്നില്ല അവള്.കുഞ്ഞുപെണ്ണ് ഭര്‍ത്താവിനൊപ്പം ജോലി ചെയ്ത് ഒരുമിച്ചു കണ്ട കിനാവുകളിലേക്കു സ്വരൂക്കൂട്ടിവയ്ക്കുന്നു. അതില്‍ അഭിമാനം കൊള്ളുന്നു.
തങ്ങള്‍ വിവാഹിതരാണ് എന്ന അവകാശം(ഒരുമിച്ച് അന്തിയുറങ്ങാനുള്ള അവകാശം) സ്ഥാപിച്ചെടുക്കുവാന്‍ മുന്‍ കൈയ്യെടുക്കുന്നതും അവള് തന്നെ.താന്‍ ഒരു വേശ്യയല്ല എന്നു സ്ഥപിച്ചെടുക്കേണ്ട ഗതികേട്, ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍പോലും, അവളുടെ ബാധ്യതയാകുന്നു എന്നത് സ്ത്രീക്ക്, കെട്ടുകള്‍ പൊട്ടിച്ചെറിയാനുള്ള ആദ്യത്തെ പച്ചക്കൊടിയാണ്.
2. കന്യക.
സ്ത്രീ ഏറ്റവും നീചമായി അവഹേളിക്കപ്പെടുന്നത് ഭര്‍ത്താവിന് അവളുടെ ശരീരത്തില്‍ താല്പര്യമില്ല എന്നു തോന്നുന്നിടത്താണ്.ഈ കഥയില്‍ അങ്ങിനൊരു ഭര്‍താവിനെ നിരാകരിക്കുന്നതിലൂടെ "കല്യാണം നടന്നിട്ടില്ല" എന്നു പറയുന്നതിലൂടെ സ്ത്രീ അവളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ഭര്‍ത്താവിന് തന്റെ ശരീരത്തില്‍ താല്‍പര്യവില്ല എന്നത് സ്വന്തം അമ്മയോടുപോലും തുറന്നു പറയാനാവാത്ത സത്യം തന്നെയാണ്.
"He is not capable " എന്നു പറയുന്ന ഇന്നത്തെ സ്ത്രീയല്ല നായിക.
മദ്യപിക്കാത്ത, മുറുക്കാത്ത, എന്തിനേറെ, ഒരു ബീഡി പോലും വലിക്കത്ത, ഉത്തമനും, യോഗ്യനുമായ കച്ചവടം നടത്താനും, ഉണ്ണാനും മാത്രമറിയാവുന്നവരായി മക്കളെ വളര്‍ത്തുന്ന മാതപിതാക്കള്‍ക്ക് ഒരു മുന്നറിയ്പ്പുകൂടെയാണ് ഈ കഥ.
3. ചിന്നുവമ്മ
തുറന്നു പറഞ്ഞ ഒരു വാക്ക്, സ്വാതന്ത്ര്യത്തോടെ ഒരു നോട്ടം, ഇത്രമാത്രം മതി പുരുഷന്, സ്ത്രീ വളരെ അനായായാസം വഴങ്ങുന്ന ഒരു ഭോഗവസ്തുവായി കാണാന്‍. പലപ്പോഴും അവന് ഒരു സഹായിയുടെയോ, ഉപദേശകന്റെയോ റോളിലാവും പ്രത്യക്ഷപ്പെടുക. തിരശ്ശീലക്കു പിന്നില്‍ അയാള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കഥപാത്രങ്ങളെയും തിരക്കഥയുടെ പൂര്‍ണരൂപവും മനസ്സിലായി വരുമ്പോഴേക്കും സ്ത്രീ പലപ്പോഴും ഒഴിവാക്കാനാവാത്ത തരം നിസ്സഹായതയില്‍ പെട്ടുപോകും. സിന്ധുവെന്ന ചിന്നുവമ്മയുടെ ബാല്യകാല സുഹൃത്തായി വരുന്ന നാറാപിള്ളയും ഇതേ തിരക്കഥയുമായായിത്തന്നെയാണ് വരുന്നത്.കുട്ടികളില്ലാത്ത ചിന്നുവമ്മയുടെ ദുഃഖത്തെതന്നെയണ് നാറാപിള്ള ആയുധമാക്കുന്നത്. അന്നാലിവിടെ ആത്മാഭിമാനം മറ്റ് എന്തിനെക്കാളും വലുതെന്ന പ്രഖ്യാപിക്കുന്നു ചിന്നുവമ്മ സ്ത്രീ സ്വത്വത്തിന്റെ, അഭിമാനബോധത്തിന്റെ മൂര്‍ത്തരൂപമായി മാറുന്നു.
മഞ്ച്ജു പിള്ള എന്ന നടിയുടെ ഏറ്റവും നല്ല കഥാപാത്രമാണ് ചിന്നുവമ്മ. അതിശയകരമായ മെയ്വഴക്കത്തോടെയാണ് ഈ നടി കഥാപാത്രത്തോട് നീതിപുലര്‍ത്തുന്നത്.
സ്ഥിരം സ്ത്രീലമ്പടന്റെ ഇമേജ് വിട്ടുപോകിന്നില്ല മുകേഷിന്റെ നാറാപിള്ള. അനുഗൃഹീതനായ ആ നടന് എന്നാണാവോ ശാപമോക്ഷം കിട്ടുന്നത്? അടൂരിന്റെ സിനിമയില്‍ നിന്നും അദ്ദേഹം ഒരുപാട് പ്രതീക്ഷിച്ചിട്ടുണ്ടാകും. പതിവുപോലെ അടുത്ത പടത്തിലെ ഒരു പ്രധാന വേഷത്തിനായി പരീക്ഷിച്ചു നോക്കിയതാവാം അടൂര്‍ മുകേഷിനെ.
4. നിത്യകന്യക.
കാമാക്ഷിയുടെയും സുഭദ്രയുടെയും വ്യക്തിത്വങ്ങളിലേക്കുള്ള നടപ്പാതയാണ് ഇക്കഥ. ഭര്‍ത്താവിന്റെ സ്പര്‍ശനത്തിന്റെ ഓര്‍മ്മകള്‍ സുഭദ്രക്കു ഭക്ഷണം വേണ്ടാതാക്കുന്നതെങ്കില്‍, കാമാക്ഷി, എരിഞ്ഞു തീരുന്ന മണ്ണെണ്ണ വിളക്കാണ്. ഒരിടവേള ചഞ്ചലപ്പെട്ടുപോകുന്നുവെന്ന സ്ത്രീസഹജമായ ദൗര്‍ബല്യത്തെ നിശ്ചയദാര്‍ഡ്യത്തോടെ എതിരിടുന്നു കാമാക്ഷി. തനിക്കാലോചിച്ചുവന്ന കല്യാണം വരന് അനുജത്തിയെ മതിയെന്ന ഏകപക്ഷീയമായ തിരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെടുന്നു. "ആയാള്‍ ഒരു പോഴനാണ്" എന്ന അഭിപ്രായത്തോടെ കാമക്ഷി അവളുടെ നഷ്ടങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.സ്ത്രീ മനസ്സിനെ എത്രമാത്രം തനിക്കുമനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു കഥാകാരന് നമുക്കു കാണിച്ചു തരുന്നു ഇതിലൂടെ.
അടൂരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമാണ് "നാലു പെണ്ണുങ്ങള്."
തികഞ്ഞ കരുതലോടെയാണ് ഐസക് തോമസ് കോട്ടുകാപ്പള്ളി ഇതിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. നന്ദിതാദാസ്, ഗീതു മോഹന്‍ ദാസ്, പത്മപ്രിയ, മഞ്ചുപിള്ള എന്നിവര്‍ നന്നായി. കെ.പി.എ.സി. ലളിത പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.